Current Date

Search
Close this search box.
Search
Close this search box.

മതപരിവര്‍ത്തനങ്ങളും കോടതികളുടെ അഭിപ്രായ പ്രകടനങ്ങളും

court8.jpg

കൃത്യമായ നടപടി ക്രമങ്ങളും മറ്റും ഇല്ലാതെ ഒരാള്‍ക്ക് മതപരിവര്‍ത്തനം ചെയ്യാനാകുമോ എന്ന് രാജസ്ഥാന്‍ ഹൈക്കോടതി. ഇരുപത്തിരണ്ടുകാരിയായ ആരിഫ എന്ന പായല്‍ സിങ്ങ് വിയുടെ മതം മാറ്റവും തുടര്‍ന്നുള്ള വിവാഹവും ചോദ്യം ചെയ്തു കൊണ്ട് സഹോദരന്‍ ചിരാഗ് സിങ്ങ് വി സമര്‍പ്പിച്ച ഹരജിയിന്മേല്‍ വാദം കേള്‍ക്കവെയാണ് രാജസ്ഥാന്‍ ഹൈകോടതി ഇങ്ങനെ ചോദിച്ചത്. ഇപ്പോള്‍ ആരിഫയെ ജോധ്പൂരിലെ ഗവര്‍ന്മേിന്റിനു കീഴിലുള്ള നാരി നികേതനില്‍ താമസിപ്പിക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ് കോടതി

കഴിഞ്ഞ ഏപ്രിലിലാണ് പായല്‍ ഇസ്‌ലാം സ്വീകരിക്കുകയും ആരിഫ എന്ന പേര്‍ സ്വീകരിച്ച് ഫായിസ് മോദി എന്ന യുവാവിനെ വിവാഹം കഴിക്കുകയും ചെയ്തത്. എന്നാല്‍ പ്രസ്തുത മതപരിവര്‍ത്തനവും വിവാഹവും നിര്‍ബന്ധപൂര്‍വം നടത്തിയതാണെന്നും ഫായിസ് തന്റെ സഹോദരിയെ തട്ടിക്കൊണ്ടു പോയതാണെന്നുമാണ് പായലിന്റെ സഹോദരന്‍ ചിരാഗ് കോടതിയില്‍ ആരോപിച്ചത്.

ആരോപണത്തെ ശരി വെക്കും വിധത്തില്‍ പോലീസിനോട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞ ദിവസം കോടതി ആവശ്യപ്പെട്ടിരുന്നു. ഇന്നത്തെ വാദം കേള്‍ക്കലില്‍ തങ്ങളുടെ വിവാഹത്തിനുള്ള തെളിവായി നിക്കാഹ്‌നാമ സമര്‍പ്പിച്ചുവെങ്കിലും മതപരിവര്‍ത്തനത്തിന്റെയും വിവാഹത്തിന്റെയും വിശ്വാസ്യത ഉറപ്പ് വരുത്താന്‍ പോലീസ് അന്വേഷണം ആവശ്യമാണെന്നാണ് കോടതി അഭിപ്രായപ്പെട്ടത്.

എം.കെ ഗാര്‍ഗ്, ജസ്റ്റിസ് ജി, കെ വ്യാസ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. ഇരു കുടുംബങ്ങള്‍ക്കും കൃത്യമായ പോലീസ് സംരക്ഷണം നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. രാജസ്ഥാന്റെ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലിനോട് നാല് ദിവസത്തിനുള്ളില്‍ മറുപടി ഫയല്‍ ചെയ്യാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നവംബര്‍ ഏഴിനാണ് കേസില്‍ ഇനി വാദം കേള്‍ക്കുക. സുപ്രീം കോടതിയില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ഏറെ വിവാദമായ ഹാദിയ കേസുമായി ഏറെ സാമ്യമുള്ള കേസാണ് ഈ കേസും.

മതംമാറ്റവുമായി ബന്ധപ്പെട്ട് ഇന്നുള്ള പല നിയമങ്ങളുടെയും പില്‍കാല ദുര്‍വാഖ്യാനങ്ങള്‍ക്ക് ജസ്റ്റിസ് എ.എന്‍ റായിയുടെ 1977-ലെ വിധിപ്രഖ്യാപനമാണ് വഴിയൊരുക്കുന്നത്. മധ്യപ്രദേശ് സര്‍ക്കാിറിനെതിരെ ഫാദര്‍ സ്ലെയിനിസ്ലോസും ഒറീസ സര്‍ക്കാറിനെതിരെ യുലീത്തയും സമര്‍പ്പിച്ച ഹരജികളില്‍ മതപ്രബോധനവും മതംമാറ്റലും രണ്ട് വ്യത്യസ്ത കാര്യങ്ങളാണെന്ന് റായി ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ 25(1) അനുഛേദം നല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ സ്വന്തം മതത്തിലേക്ക് മറ്റൊരാളെ കൂട്ടിച്ചേര്‍ക്കാനുള്ള അവകാശം ഉള്‍പ്പെടുന്നില്ലെന്നായിരുന്നു വിധി പ്രഖ്യാപനത്തിന്റെ കാതല്‍.

മതസമൂഹങ്ങള്‍ക്കിടയില്‍ സ്പര്‍ധയുണ്ടാക്കുന്ന സാഹചര്യത്തില്‍ മതംമാറ്റം നിയമനിര്‍മാണത്തിലൂടെ നിരോധിക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കണമെന്നും റായി ആവശ്യപ്പെട്ടു. മതം മാറുന്ന വ്യക്തിയുടെ സമൂഹത്തില്‍ അതുണ്ടാക്കുന്ന പ്രശ്നങ്ങളെ കുറിച്ചു മാത്രമായിരുന്നു അദ്ദേഹത്തിന്റെ അടിസ്ഥാനപരമായ ഊന്നല്‍. എന്നാല്‍ ഈ ഉത്തരവിന്റെ പില്‍ക്കാല വ്യാഖ്യാനങ്ങളില്‍ പ്രീണനം, പ്രലോഭനം, ബലപ്രയോഗം, ചതി മുതലായ വാക്കുകള്‍ മതംമാറ്റത്തിന്റെ കാര്യത്തില്‍ എങ്ങനെയാണ് ബാധകമാകുന്നതെന്ന് നിയമങ്ങള്‍ വ്യക്തമാക്കാത്ത സാഹചര്യത്തില്‍ ന്യൂനപക്ഷ മതസമൂഹങ്ങളുടെ മതപ്രചാരണ സ്വാതന്ത്ര്യത്തെ റായിയുടെ വിധി എങ്ങനെ ബാധിക്കുന്നുവെന്ന് വിലയിരുത്താനാവില്ലെന്ന അഭിപ്രായമായിരുന്നു ജസ്റ്റിസ് ജഗ്മോഹന്‍ റെഡ്ഡിയുടേത്. മതംമാറുന്ന വ്യക്തിയുടെ മൗലികാവകാശത്തിന്റെ കാര്യത്തില്‍ റായിയുടെ ഉത്തരവ് മൗനം പാലിക്കുകയാണ് ചെയ്തത്. താന്‍ ഉപേക്ഷിക്കുന്ന മതത്തിലും പുതുതായി ചേരുന്ന മതത്തിലും ഉണ്ടാവുന്ന സാമൂഹിക പ്രശ്നങ്ങളെ ഒരു വ്യക്തിയുടെ സ്വാതന്ത്ര്യവുമായി കൂട്ടിക്കെട്ടിയതില്‍ അടിസ്ഥാനപരമായ നിയമപ്രശ്നങ്ങളുമുണ്ടായിരുന്നു. ഭരണഘടന ഉറപ്പു വരുത്തിയ മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമായിരുന്നു സാമൂഹികമായ ആവലാതികളെ കുറിച്ച കോടതിയുടെ ആശങ്ക. ബലപ്രയോഗമോ പ്രീണനമോ ഇല്ലാതെ മതം മാറുമ്പോള്‍ പോലും വൈകാരികമായി ഇരുപക്ഷത്തും ഉയരുന്ന ഇന്നത്തെ മുറവിളികള്‍ക്ക് കെ.എന്‍ റായിയുടെ ആ വിധിയാണ് ഒരുപക്ഷേ നിയമസാധുത നല്കിയത്. ഇപ്പോള്‍ ആരിഫയുടെ കേസിലും നേരത്തെ ഹാദിയയുടെ കേസില്‍ കേരള ഹൈകൊടതിയും പങ്ക് വെച്ചത് സമാനമായ ആശങ്കകള്‍ ആണ്.

2001 സെപ്റ്റംബര്‍ പതിനൊന്നിനു ശേഷമുള്ള ഭീകരതാവിരുദ്ധ യുദ്ധത്തിന്റെ പശ്ചാത്തലവും സംഘ്പരിവാര്‍ നേതൃത്വം നല്‍കുന്ന ഭരണകൂടത്തിന്റെ ഇടപെടലുകളും അവര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഇസ്‌ലാം ഭീതിയുമെല്ലാം ചേരുന്നതോടെ കോടതികള്‍ക്കും മതം മാറ്റങ്ങളില്‍ അസ്വാഭാവികത അനുഭവപ്പെടുകയാണ്. ഒരു രാഷ്ട്രീയ പ്രവര്‍ത്തികന്‍ സ്വന്തം പാര്‍ട്ടി വിട്ടു മറ്റൊരു പാര്‍ട്ടിയില്‍ ചേരുന്നത് പോലെ എളുപ്പമായി കാണേണ്ടുന്ന, ഭരണഘടന തന്നെ ഉറപ്പ് നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ തന്നെ ഭാഗമായി കാണേണ്ടുന്ന മതം മാറ്റം എന്ന വിഷയം നിലനില്‍ക്കുന്ന പ്രോപഗണ്ടകളുടെ ഫലമെന്നോണം നിയമപരമായ പല ഊരാകുടുക്കുകളിലേക്കും നീങ്ങി കൊണ്ടിരിക്കുന്നു എന്നാണ് കാണാന്‍ കഴിയുന്നത്. ഫലത്തില്‍ അഖിലേന്ത്യാ തലത്തില്‍ തന്നെ മതപരിവര്‍ത്ത്‌ന വിരുദ്ധ നിയമങ്ങള്‍ നടപ്പിലാക്കാനുള്ള അഭിപ്രായ സ്വരൂപണങ്ങളുണ്ടാവുന്നു എന്നതാണ് ഇത്തരം കേസുകളില്‍ കോടതികളുടെ അഭിപ്രായപ്രകടനങ്ങളിലൂടെ സംഭവിക്കുന്നത്.

Related Articles