Current Date

Search
Close this search box.
Search
Close this search box.

ഭീകരവിരുദ്ധ യുദ്ധം ശരിയായ ദിശയിലാണോ?

war-on-terr.jpg

2001 സെപ്റ്റംബര്‍ 11-ന് വാഷിംഗ്ടണിലും ന്യൂയോര്‍ക്കിലും നടന്ന ആക്രമണങ്ങളില്‍ 3000-ത്തിലധികം ആളുകള്‍ക്ക് ജീവഹാനി സംഭവിക്കുകയുണ്ടായി. 9/11-ന് ശേഷമുള്ള 15 വര്‍ഷങ്ങളില്‍ ഭീകരാക്രമണത്തെ തുടര്‍ന്ന് ലോകത്തുനീളം 150000 ആളുകള്‍ കൊല്ലപ്പെട്ടെന്നാണ് കണക്ക്. 2000-ത്തില്‍ 3500 ആയിരുന്ന മരണനിരക്ക് 2011-ല്‍ 7000 ആയി ഉയര്‍ന്നു. 2014-ല്‍ അത് 32985-ലെത്തി. 62 രാഷ്ട്രങ്ങളുടെ മേല്‍ ഭീകരവാദം നിഴല്‍വിരിച്ചു നിന്നു. ഭീകരവാദം വളര്‍ന്നു വ്യാപിച്ചു. ലോകം ഇന്ന് അത്യധികം അപകടകരമായ അവസ്ഥയില്‍ എത്തികഴിഞ്ഞു.

9/11-നെ തുടര്‍ന്നാണ് പ്രസിഡന്റ് ജോര്‍ജ് ഡബ്യൂ ബുഷും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും ചേര്‍ന്ന് ‘ഭീകരവിരുദ്ധ യുദ്ധ’ത്തിന് തുടക്കം കുറിച്ചത്. ആദ്യം അഫ്ഗാനിസ്ഥാനിലും പിന്നീട് ഇറാഖിലും അവര്‍ അധിനിവേശം നടത്തി. ഭീകരവാദത്തെയും അതിനെ പ്രോത്സാഹിപ്പിക്കുന്നവരെയും ഉന്മൂലനം ചെയ്യുകയായിരുന്നു അവരുടെ ലക്ഷ്യം. പ്രത്യേകിച്ച് അല്‍ഖാഇദയെയും ഉസാമ ബിന്‍ ലാദനെയും. പക്ഷെ അവരുടെ പദ്ധതിക്ക് തിരിച്ചടി നേരിടേണ്ടി വന്നു. എന്നിരുന്നാലും ബിന്‍ ലാദന്‍ കൊല്ലപ്പെടുകയും അല്‍ഖാഇദ ദുര്‍ബലപ്പെടുകയും ചെയ്തു. ലോകത്തിന്ന് 170-ഓളം ഭീകരവാദ സംഘങ്ങളുണ്ട്.

സെപ്റ്റംബര്‍ 11-ന് മുമ്പ്, ആഗോള ഭീകരവാദം ഏറെയും അല്‍ഖാഇദയിലും, അല്‍ജീരിയ, കോകസസ് എന്നിവിടങ്ങളിലെ ചുരുക്കും ചില സംഘടനകളിലും, അറേബ്യന്‍ ഉപദ്വീപിലെ ചില ചെറിയ സംഘങ്ങളിലുമായിരുന്നു കേന്ദ്രീകരിക്കപ്പെട്ടിരുന്നത്. ഇന്ന്, ഇന്തോനേഷ്യ മുതല്‍ ആഫ്രിക്കയുടെ അറ്റ്‌ലാന്റിക് തീരം വരെ അത് നീണ്ട് പരന്ന് കിടക്കുകയാണെന്ന് കാണാന്‍ സാധിക്കും. 9/11-ന് മുമ്പുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ആ മേഖലയില്‍ ‘വൈദഗ്ദ്യം’ ഉള്ളവരുടെ കൈകളിലായിരുന്നു, അഥവാ അഫ്ഗാന്‍ – സോവിയറ്റ് യുദ്ധ സമയത്ത് പരിശീലനം സിദ്ധിച്ച ഒരു കൂട്ടം പോരാളികള്‍ അടങ്ങുന്ന അല്‍ഖാഇദയുടെ കൈകളില്‍. ഇറാഖ്, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, സിറിയ എന്നിവടങ്ങളിലെ തെരുവുകളിലേക്ക് യുദ്ധം കൊണ്ടെത്തിച്ച അമേരിക്കയാണ് ജനങ്ങളെയും ഭീകരവാദത്തിന്റെ ഇരകളാക്കി മാറ്റിയത്.

ഒരു അധികാരശ്രേണിയുടെ ആജ്ഞകള്‍ക്കനുസരിച്ചായിരുന്നു പരമ്പരാഗത ഭീകരവാദ സംഘടനകള്‍ പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഇന്ന് സ്വതന്ത്രമായ ആക്രമണങ്ങളാണ് നാം കാണുന്നത്. ‘ലോണ്‍ വൂള്‍ഫുകള്‍’ (ഒറ്റയാന്‍ ചെന്നായകള്‍) എന്ന് വിളിക്കപ്പെടുന്നവരാണ് അവ സംഘടിപ്പിക്കുന്നത്. 2014-ല്‍ പാശ്ചാത്യലോകത്ത് നടന്ന 70 ശതമാനം ആക്രമണങ്ങളും നടത്തിയത് ഇവരാണ്. ഉദാഹരണമായി, സര്‍വകലാശാല വിദ്യാര്‍ത്ഥികളായ ത്സാര്‍നേവ് സഹോദരന്‍മാരായിരുന്നു 2013-ല്‍ ബോസ്റ്റണ്‍ മാരത്തണ്‍ സ്‌ഫോടനങ്ങള്‍ നടത്തിയത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍, ചാര്‍ളി ഹെബ്ദോക്കെതിരെ ആക്രമണം നടത്തിയത് കുവാച്ചി സഹോദരന്‍മാരായിരുന്നു. ഭീകരവാദികളെ കണ്ടെത്തുകയെന്നത് അസാധ്യമല്ലെങ്കിലും, വളരെ പ്രയാസകരമായി തീര്‍ന്നിരിക്കുന്നു എന്നര്‍ത്ഥം.

2001-ന് ശേഷം ഭീകരവാദ സംഘടനകളും മാറ്റത്തിന് വിധേയമായി. താലിബാന് കീഴില്‍ അഫ്ഗാനിസ്ഥാനില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു സംഘടനയായിരുന്നു അല്‍ഖാഇദ. ഇറാഖിലും സിറിയയിലും തകര്‍ന്ന് കൊണ്ടിരിക്കുന്ന ഭരണകൂടങ്ങളില്‍ നിന്നും ആയുധങ്ങള്‍ കൈക്കലാക്കി കൊണ്ടിരിക്കുകയാണ് ഇന്നത്തെ ഭീകരവാദ സംഘങ്ങള്‍. എണ്ണപ്പാടങ്ങളും, എണ്ണശേഖരങ്ങളും ഇപ്പോള്‍ അവരുടെ പക്കലുണ്ട്. സാമൂഹിക മാധ്യമങ്ങളുടെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തുന്നവരാണ് അവര്‍. എല്ലാവിധ അത്യാധുനിക സാങ്കേതിക വിദ്യകളും അവര്‍ സ്വായത്തമാക്കി കഴിഞ്ഞു.

ഭീകരവാദത്തിനെതിരെ ജനകീയ മുന്നേറ്റം രൂപപ്പെടുത്തുന്നതില്‍ പാശ്ചാത്യലോകം അമ്പേപരാജയപ്പെട്ടിരിക്കുകയാണ്. ‘ഭീകരവിരുദ്ധ യുദ്ധ’ത്തിന്റെ പേരില്‍ ചെയ്തുകൂട്ടിയ പാപങ്ങള്‍ തന്നെയാണ് സാധാരണക്കാരെ അവരില്‍ നിന്ന് അകറ്റി നിര്‍ത്തുന്നത്. ഭീകരവിരുദ്ധ യുദ്ധത്തിന്റെ പേരില്‍ പതിനായിരക്കണക്കിന് നിരപരാധികളെയാണ് പാശ്ചാര്യരാഷ്ട്രങ്ങള്‍ കൊന്നുതള്ളിയത്. അബൂ ഗുറൈബിലും, ഗ്വാഢനാമോയിലും സി.ഐ.എ നടത്തിയ പീഢന-മര്‍ദ്ദനങ്ങള്‍ ലോകം അറിഞ്ഞ് കഴിഞ്ഞു. നല്ലതും, ചീത്തയും, അപരാധിയെയും നിരപരാധിയെയും തമ്മില്‍ തിരിച്ചറിയാന്‍ പരാജയപ്പെട്ടതും ജനങ്ങള്‍ക്ക് ‘ഭീകരവിരുദ്ധ യുദ്ധ’ത്തിലുള്ള വിശ്വാസം നഷ്ടപ്പെടാന്‍ ഇടയാക്കിയിട്ടുണ്ട്.

വര്‍ദ്ധിച്ചു വരുന്ന ഇസ്‌ലാം വിദ്വേഷവും മില്ല്യണ്‍ കണക്കിന് വരുന്ന മുസ്‌ലിംകളില്‍ അന്യഥാബോധം സൃഷ്ടിക്കുന്നതിന് വഴിവെച്ചിട്ടുണ്ട്. സ്വന്തം രാജ്യത്ത് തന്നെയുള്ള ഭീകരവിരുദ്ധ പോരാട്ടത്തില്‍ നിന്നും അവര്‍ ഒഴിവാക്കപ്പെടുന്നു. അമേരിക്കയിലെ ടെററിസ്റ്റ് ഡിറ്റക്ഷന്‍ സെന്ററിലെ ഡാറ്റാബേസില്‍ 1.2 മില്ല്യണ്‍ മുസ്‌ലിംകളാണുള്ളത്. അഞ്ച് വര്‍ഷം മുമ്പ് അത് 230000 ആയിരുന്നു. ഇതിന്റെ ഫലമായി മിക്ക അമേരിക്കക്കാരും തങ്ങളുടെ മുസ്‌ലിം സുഹൃത്തുക്കളുമായും അയല്‍വാസികളുമായുള്ള ബന്ധങ്ങളില്‍ നിയന്ത്രണങ്ങള്‍ വെച്ചുതുടങ്ങി. കാരണം ഭീകരവാദ പട്ടികയില്‍ തങ്ങളും ഉള്‍പ്പെടുമോ എന്ന ഭയമാണ് അവരെ ഇതിന് പ്രേരിപ്പിക്കുന്നത്. 47000 ആളുകള്‍ ഇന്ന് വിമാനത്തില്‍ യാത്ര ചെയ്യുന്നതിന് വിലക്കുണ്ട്. കേവലം 250 അമേരിക്കന്‍ പൗരന്‍മാരാണ് യുദ്ധം ചെയ്യാനായി സിറിയയിലേക്ക് പോയിട്ടുള്ളത് അല്ലെങ്കില്‍ പോകാന്‍ ശ്രമിച്ചിട്ടുള്ളത്. പക്ഷെ അതിന്റെ ദുരിതമനുഭവിക്കുന്നത് മില്ല്യണ്‍കണക്കിന് വരുന്ന മുസ്‌ലിംകളാണ് എന്നതാണ് വസ്തുത.

ഇന്ന് അമേരിക്കയില്‍, മൗലികാവകാശങ്ങളായ, സ്വകാര്യജീവിതം, അഭിപ്രായ സ്വാതന്ത്ര്യം, ചലനസ്വാതന്ത്ര്യം എന്നിവ ഭീകരവാദ നിരീക്ഷണത്തിന്റെ പേരില്‍ ലംഘിക്കപ്പെടുകയാണ്. അമേരിക്കയുടെ ഭീകരവാദവിരുദ്ധ യുദ്ധത്തിന്റെ നിയമസാധുതയെ ഇല്ലാതാക്കുന്നതാണ് നിരപരാധികളെടക്കം കൊന്ന് തള്ളുന്ന ഡ്രോണ്‍ ആക്രമണങ്ങള്‍. ഇത് ലോകത്തുടനീളമുള്ള ഒരുപാട് മുസ്‌ലിം സുഹൃത്തുക്കളെ അമേരിക്കക്ക് നഷ്ടപ്പെടുന്നതിന് വഴിവെച്ചു.

സെപ്റ്റംബര്‍ 11-ന് ശേഷം നടപ്പാക്കപ്പെട്ട പാശ്ചാത്യനയങ്ങള്‍ തന്നെയാണ് ഭീകരവാദ സംഘടനകള്‍ക്ക് പ്രത്യയശാസ്ത്രപരമായ മേല്‍ക്കോയ്മ നേടാന്‍ സഹായകരമായി വര്‍ത്തിച്ചത്. ദിനംപ്രതിയെന്നോണം ആളുകള്‍ അതിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്. 2011നും 2015നും ഇടക്ക് 25000 മുതല്‍ 35000 വരെ പോരാളികളാണ് സിറിയയില്‍ എത്തിയത്. സോമാലിയ, യമന്‍, ഇറാഖ്, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ 20 വര്‍ഷം എത്തിയതിനേക്കാള്‍ എത്രയോ അധികമാണിത്.

2001-ലാണ് ‘മോസ്റ്റ് വാണ്ടണ്ട് ടെററിസ്റ്റ് ലിസ്റ്റ്’ എഫ്.ബി.ഐ ആദ്യമായി പുറത്ത് വിട്ടത്. അതിലെ ഒമ്പത് പേര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ പിടിക്കപ്പെടുകയും ചെയ്തു. പിന്നീട് അവര്‍ക്ക് പകരം 18 പേരെ പുതുതായി പട്ടികയില്‍ ചേര്‍ത്തു. ഇപ്പോള്‍ നിരവധി പുതുമുഖങ്ങള്‍ ആ പട്ടികയിലുണ്ട്. ഇപ്പോള്‍ ഏതാണ്ട് എല്ലാ രാഷ്ട്രങ്ങള്‍ക്കും അവരുടേതായ ഭീകരവാദികളുടെ പട്ടികകളുണ്ട്. യഥാര്‍ത്ഥത്തില്‍ ലോകത്തിന്റെ അവസ്ഥ കൂടുതല്‍ അപകടകരമാക്കുന്നതിനാണ് ‘ഭീകരവിരുദ്ധ യുദ്ധം’ വഴിവെച്ചത്.

ഇതുവരെ സംഭവിച്ചതില്‍ നിന്നും പാഠമുള്‍ക്കൊള്ളാന്‍ ലോകം, പ്രത്യേകിച്ച് അമേരിക്കയും പാശ്ചാത്യലോകവും തയ്യാറാവേണ്ടതുണ്ട്. യുദ്ധം, തോക്കുകള്‍, ഡ്രോണുകള്‍ എന്നിവ ഉപയോഗിച്ച് ഭീകരവാദത്തിനെതിരെ പോരാടുക അസാധ്യമാണ്. ഇസ്‌ലാമിനെ തെറ്റായി വ്യാഖാനിച്ച് കൊണ്ട് ആധിപത്യം നേടിയ ഒരു പ്രത്യയശാസ്ത്ര പ്രസ്ഥാനമാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഭീകരവാദമെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ആശയ പ്രചാരണം കൊണ്ട് മാത്രമേ ആ പ്രത്യയശാസ്ത്രത്തെ ഉന്മൂലനം ചെയ്യാന്‍ സാധിക്കൂ. മറ്റുള്ളവയെല്ലാം അതിനെ ശക്തിപ്പെടുത്താനും, വ്യാപിപ്പിക്കാനും, വളരാനും മാത്രമേ സഹായിക്കുകയുള്ളൂ. ഖുര്‍ആന്റെ ധാര്‍മികത ശരിയായ ആളുകളാല്‍ വിശദീകരിക്കപ്പെടുമ്പോള്‍ മാത്രമേ ഹിംസയുടെ തീജ്വാലകള്‍ അണക്കുവാന്‍ കഴിയൂ.

Related Articles