Current Date

Search
Close this search box.
Search
Close this search box.

ഭീകരവാദത്തിന് ഇസ്രായേല്‍ നല്‍കുന്ന നിര്‍വചനം

debashish.jpg

കഴിഞ്ഞ ജൂലൈ മാസത്തില്‍ ഫലസ്തീനികളായ ദവാബ്ശിഷ് കുടുംബത്തെ ഒരു സംഘം ജൂതതീവ്രവാദികള്‍ ജീവനോടെ ചുട്ട് കൊന്നതിനെ തുടര്‍ന്ന് ഇസ്രായേല്‍ ആഭ്യന്തര സുരക്ഷാ ഏജന്‍സിയായ ശിന്‍ ബേത്തും, ആക്രമണം നടത്തിയവരെ പിന്തുണക്കുന്ന ജൂത കുടിയേറ്റക്കാരും തമ്മില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു. ഈ ജൂത തീവ്രവാദികള്‍ എത്രത്തോളം അപകടകാരികളാണെന്ന് ശിന്‍ ബേത്തിന് വ്യക്തമായ ധാരണയുണ്ട്. അവരുടെ പ്രവര്‍ത്തനങ്ങളുടെ അനന്തരഫലങ്ങള്‍ ഇസ്രായേല്‍ രാഷ്ട്രത്തിന്റെ നിലനില്‍പ്പിനെ ദോഷകരമായി ബാധിക്കുന്നതാണെന്നിരിക്കെ തന്നെയാണ് ശിന്‍ ബേത്തിനെതിരെ റബ്ബികളും ജൂതകുടിയേറ്റക്കാരുടെ നേതാക്കളും തിരിയുന്നത്. വിവരങ്ങള്‍ ശേഖരിക്കുന്നതിന് വേണ്ടി ജൂതമതപാഠശാലകളിലെ വിദ്യാര്‍ത്ഥികള്‍ക്കും, യുവാക്കള്‍ക്കും നേരെ ശിന്‍ ബേത്ത് ആക്രമണം അഴിച്ച് വിടുന്നതായി അവര്‍ ആരോപിച്ചു.

ഇസ്രായേല്‍ രാഷ്ട്രത്തിന്റെ തീരുമാനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുക, വിപ്ലവത്തിന് കോപ്പുകൂട്ടുക തുടങ്ങി, വെസ്റ്റ്ബാങ്കിലെ ജൂതകുടിയേറ്റ കേന്ദ്രങ്ങളില്‍ നടന്നു കൊണ്ടിരിക്കുന്ന ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് ഇസ്രായേല്‍ സമൂഹത്തിന്റെ ശ്രദ്ധ ശിന്‍ ബേത്ത് ക്ഷണിച്ചതോടെയാണ് ഇരുകൂട്ടരും തമ്മിലുള്ള സംഘട്ടനം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലെത്തിയത്. ‘ബ്ലഡ് വെഡ്ഡിംഗ്’ എന്ന പേരിലുള്ള ഒരു വീഡിയോ ശിന്‍ ബേത്ത് ഇസ്രായേലിന്റെ ചാനല്‍ 10-ന് ചോര്‍ത്തി നല്‍കുകയും ചെയ്തു. അന്താരാഷ്ട്രതലത്തില്‍ ഇസ്രായേലിന്റെ പ്രതിച്ഛായക്ക് കോട്ടം തട്ടുമെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ശിന്‍ ബേത്ത് അങ്ങനെ ചെയ്തത്. അതുപോലെ തന്നെ, അന്താരാഷ്ട്രതലത്തിലെ പദവിയേക്കാള്‍ പ്രധാനം ഇസ്രായേലിന്റെ ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളാണെന്ന ഉറച്ച ബോധ്യം ശിന്‍ ബേത്തിനുണ്ട്.

‘ബ്ലഡ് വെഡ്ഡിംഗ്’ വീഡിയോ ഇസ്രായേല്‍ സമൂഹത്തെയും, രാഷ്ട്രീയ നേതൃത്വത്തെയും ഒരു ഞെട്ടിച്ച് കളഞ്ഞു. നാനാതുറകളില്‍ നിന്നുള്ള ആളുകള്‍ അതിനെ അപലപിച്ച് കൊണ്ട് രംഗത്ത് വന്നു. നിലവിലെ സര്‍ക്കാറിലെ മന്ത്രിമാരും, റബ്ബികളും സ്‌പോണ്‍സര്‍ ചെയ്യുന്ന ജൂത തീവ്രവാദം ഇനിയും വളരുമെന്ന ഭീതിയിലാണ് ഇപ്പോള്‍ ഇസ്രായേല്‍ സമൂഹം. ഇസ്രായേലിന്റെ ഭാവിയെയും, ഐക്യത്തെയും, സ്ഥിരതയെയും ജൂത തീവ്രവാദം തകര്‍ക്കാന്‍ ഇടയുണ്ടെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി മോശെ യഅ്‌ലോണ്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇത് തീവ്രവാദികളെ സമാശ്വസിപ്പിച്ച് കൊണ്ട് വിദ്യാഭ്യാസ മന്ത്രി നഫ്താലി ബെന്നറ്റ് രംഗത്ത് വരുന്നതിലേക്കാണ് നയിച്ചത്. കാരണം ഇസ്രായേലിന്റെ രാഷ്ട്രീയ തീരുമാനങ്ങളുടെ കടിഞ്ഞാണ്‍ ജൂത തീവ്രവാദികളുടെ കൈകളിലാണ് ഇരിക്കുന്നത്. നഫ്താലി ബെന്നറ്റും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകയും നീതിന്യായ വകുപ്പ് മന്ത്രിയുമായ എയ്‌ലത്ത് ശാകിദും തീവ്രവാദികളെ പിന്തുണക്കുന്നവരാണ്.

ജൂത കുടിയേറ്റക്കാര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കിയതിന് ശേഷം, അന്താരാഷ്ട്രാ സമൂഹത്തെ ശാന്തമാക്കുക എന്ന ഉദ്ദേശത്തോടെ ബെന്നറ്റ് ഒരു പ്രസ്താവന നടത്തി. അതില്‍ ദവാബ്ശിഷ് കുടുംബത്തിന് നേര്‍ക്കുണ്ടായ ആക്രമണത്തെ അപലിച്ച അദ്ദേഹം, ഭീകരവാദത്തിന്റെ പാഠപുസ്തക നിര്‍വചനം വായിച്ച് കേള്‍പ്പിക്കുകയുണ്ടായി. ‘ഭീകരവാദമെന്നാല്‍, ഒരു രാഷ്ട്രീയ ലക്ഷ്യം നേടാനോ അല്ലെങ്കില്‍ അട്ടിമറി നടത്താനോ ആയി സിവിലിയന്‍മാര്‍ക്കെതിരെ നടത്തുന്ന ആക്രമണമാണ് ഭീകരവാദം. ദവാബ്ശിഷ് കുടുംബത്തിന് നേരെയുണ്ടായ ആക്രമണം ഇതിന്റെ പരിധിയില്‍ വരുന്നതാണ്. അവിടെ ബലപ്രയോഗം നടന്നിട്ടുണ്ട്, ഉറങ്ങി ഒരു കുടുംബത്തെ ഒന്നടങ്കമാണ് കത്തിച്ച് ചാമ്പലാക്കിയത്. അതിനൊരു രാഷ്ട്രീയ ലക്ഷ്യമുണ്ടായിരുന്നു. അതെ, രാഷ്ട്രത്തെ ശിഥിലീകരിക്കുക എന്നതായിരുന്നു അവരുടെ ഉദ്ദേശം’.

ദവാബ്ശിഷ് കുടുംബത്തിന് നേരെ നടന്ന ആക്രമണം ജൂത ഭീകരവാദം തന്നെയാണെന്ന മന്ത്രിയുടെ തുറന്ന് സമ്മതിക്കല്‍ കൊണ്ട് ഇരകള്‍ക്ക് നീതി ലഭിക്കുമെന്നോ, ഇസ്രായേല്‍ രാഷ്ട്രം മുഴുവന്‍ അതില്‍ പ്രതികളാണെന്നോ അര്‍ത്ഥമില്ല. ഇസ്രായേല്‍ രാഷ്ട്രത്തിന്റെ ഘടനയെയും, നിയമവ്യവസ്ഥയെയും തകര്‍ക്കാന്‍ കച്ചക്കെട്ടിയിറങ്ങിയിരിക്കുന്നവര്‍ക്ക് നേരെ ആരോപണങ്ങള്‍ ഉന്നയിച്ച്, രാഷ്ട്രത്തെ ആ കുറ്റത്തിന്റെ ഉത്തരവാദിത്തമേറ്റെടുക്കേണ്ടി വരുന്നതില്‍ നിന്നും സംരക്ഷിക്കുക എന്നത് മാത്രമാണ് ബെന്നറ്റിന്റെ ലക്ഷ്യം. ‘പാര്‍ലമെന്റ് ഞങ്ങളുടെ തലയില്‍ പൊളിഞ്ഞ് വീഴാനാണ് അവര്‍ ആഗ്രഹിക്കുന്നത്. അതാണ് അവരുടെ ലക്ഷ്യം. സയണിസത്തിന്റെ മതസത്തക്ക് നിരക്കാത്തത് ഇത്. ഇസ്രായേല്‍ രാഷ്ട്രത്തിന്റെ തകര്‍ച്ചയാണ് അവര്‍ ആഗ്രഹിക്കുന്നത്. അവര്‍ ഭീകരവാദികളാണ്, അവരെ അങ്ങനെ തന്നെ കൈകാര്യം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു കഴിഞ്ഞു.’

അതേ സമയത്ത് തന്നെ, മാധ്യമപ്രവര്‍ത്തകന്‍ ഇസ്രായേല്‍ ഹാരല്‍ ഹാരെറ്റ്‌സ് പത്രത്തില്‍ എഴുതുകയുണ്ടായി, ‘തീവെപ്പ് കേസും കൊലപാതകവും സാങ്കേതികാര്‍ത്ഥത്തില്‍ മാത്രമേ മുന്നിട്ട് നില്‍ക്കുന്നുള്ളു. മസ്ജിദുകള്‍ തകര്‍ത്തതും, മറ്റു വംശീയാതിക്രമങ്ങളും കുറ്റകൃത്യങ്ങള്‍ തന്നെയാണ്. അടിസ്ഥാനപരമായി അവ ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ ഗണത്തില്‍പ്പെടും. രാഷ്ട്രീയ-മതകീയ ഘടകങ്ങളാണ് അവക്ക് പിന്നിലെ പ്രേരകശക്തി. അറബികളെ ഭൂമിയില്‍ നിന്നും തുടച്ച് നീക്കുക എന്ന ലക്ഷ്യത്തിന് വേണ്ടി അവര്‍ എന്ത് മാര്‍ഗവും സ്വീകരിക്കും, ഇതിനായി പിഞ്ചു കുഞ്ഞുങ്ങളെ അരുംകൊല ചെയ്യാനും അവര്‍ക്ക് മടിയില്ല.’ മന്ത്രിസഭാംഗം ഡാനി ദയാന്‍ ഇതിനെതിരെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അറബികള്‍ ഉയര്‍ത്തുന്നതിനേക്കാള്‍ വലിയ ഭീഷണിയാണ് ഈ ജൂതയുവാക്കള്‍ ചെയ്തു കൂട്ടുന്ന കുറ്റകൃത്യങ്ങളുടെ അനന്തരഫലമായി കുടിയേറ്റ പദ്ധതികള്‍ ഭാവിയില്‍ അഭിമുഖീകരിക്കാന്‍ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. പക്ഷെ ‘വളരെ പതുക്കെയുള്ള, കാപട്യം നിറഞ്ഞ അപലപിക്കലുകള്‍’ മാത്രമാണ് നമുക്ക് പുറത്തേക്ക് കേള്‍ക്കാന്‍ കഴിയുന്നത്.

ഇതുമായി ബന്ധപ്പെട്ട ഫലസ്തീന്‍ നേതൃത്വത്തിന്റെ ഒരു രാഷ്ട്രീയ പ്രസ്താവന പോലും ഞങ്ങള്‍, ഫലസ്തീനികള്‍ക്ക് ഇതുവരെ കേള്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ ചില നിലപാടുകള്‍ നാം കൈക്കൊള്ളേണ്ടിയിരിക്കുന്നു. തുടക്കമെന്ന നിലക്ക്, ഭീകരവാദത്തിലൂടെ നിലവില്‍ വന്ന ഒരു രാഷ്ട്രത്തെ, കൂട്ടക്കൊലകളും, കൊലപാതകങ്ങളും നടത്തി, ഒരു ജനതയെ അവരുടെ മാതൃരാജ്യത്ത് നിന്ന് ആട്ടിയോടിച്ച്, ഡസണ്‍ കണക്കിന് ഫലസ്തീന്‍ ഗ്രാമങ്ങളും നഗരങ്ങളും അധിനിവേശത്തിലൂടെ പിടിച്ചെടുത്ത് നിലവില്‍ വന്ന ഇസ്രായേല്‍ എന്ന രാഷ്ട്രത്തെ ഫലസ്തീനികള്‍ ഒരിക്കലും അംഗീകരിക്കരുത്. അതിനുള്ള അംഗീകാരം നിര്‍ബന്ധമായും പിന്‍വലിക്കണം. ഇതിനാവശ്യമായ തെളിവുകള്‍ക്കായി ബ്രിട്ടീഷ് മാന്‍ഡേറ്റിന്റെ ഫയലുകള്‍ ഫലസ്തീന്‍ നേതൃത്വം ഒന്ന് മറിച്ച് നോക്കിയാല്‍ മാത്രം മതിയാവും.

 

രണ്ടാമതായി, വലതുപക്ഷ ജൂത തീവ്രവാദികള്‍ക്കാണ് ഇസ്രായേല്‍ ഗവണ്‍മെന്റില്‍ മേല്‍ക്കോയ്മയെന്ന വസ്തുത നാം മനസ്സിലാക്കേണ്ടതുണ്ട്. ജൂത വലതുപക്ഷത്തെ കുറിച്ചുള്ള കൃത്യമായ വിലയിരുത്തലാണ് ഫലസ്തീന്‍ അതോറിറ്റിയുമായുള്ള അനുരഞ്ജന ചര്‍ച്ചകള്‍ തള്ളിക്കളയാന്‍ നെതന്യാഹുവിനെ പ്രേരിപ്പിച്ചത്. അധിനിവിഷ്ഠ വെസ്റ്റ് ബാങ്കിലെ ഇപ്പോഴത്തെ നയരൂപകര്‍ത്താക്കള്‍ അവരാണ്. ഫലസ്തീന്‍ രാഷ്ട്രത്തിന്റെ അതിര്‍ത്തികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഭൂലോകത്തുള്ള ഒരു ശക്തിയെയും അവര്‍ അനുവദിക്കില്ല. ആ പ്രദേശങ്ങളെല്ലാം തന്നെ ഇന്ന് പതിനായിരക്കണക്കിന് ജൂത തീവ്രവാദികള്‍ താമസിക്കുന്ന കുടിയേറ്റ പാര്‍പ്പിട കേന്ദ്രങ്ങളായി മാറികഴിഞ്ഞു.

അത്യന്തം വേദനാജനകമായ ഈ വസ്തുതകള്‍ മനസ്സ് കൊണ്ട് അറിഞ്ഞംഗീകരിക്കുക എന്നതാണ് ജൂത തീവ്രവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് മുമ്പ് ചെയ്യേണ്ട ആദ്യത്തെ കാര്യം.

മൊഴിമാറ്റം : ഇര്‍ഷാദ് കാളാച്ചാല്‍

Related Articles