Current Date

Search
Close this search box.
Search
Close this search box.

ഭീകരതയുടെ വേരുകള്‍ തേടുന്നവരോട്

isis.jpg

പാരീസിലെ ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയ അബ്ദുല്‍ ഹമീദ് അബൂ ഔദ് മയക്കുമരുന്നിനടിമയും പിടിച്ചുപറിക്കാരനുമാണെന്ന വാര്‍ത്ത മതനിഷ്ഠയും സാമുദായികചിന്തയും തമ്മിലുള്ള വ്യത്യാസവും വൈരുധ്യവും അറിയുന്ന ആരിലും അല്‍പവും അത്ഭുതമുണ്ടാക്കുകയില്ല. മൊളന്‍ബീക്കിലെ എക്‌സ്‌ക്ലൂസീവ് സ്‌കൂളില്‍ നിന്ന് പുറത്താക്കപെട്ടതിന് ശേഷം അബൂ ഔദിന്റെ ജീവിതം അധോലോകത്തായിരുന്നു. ഇസ്‌ലാമിക മൂല്യങ്ങളേക്കാള്‍ കുറ്റകൃത്യങ്ങളോടായിരുന്നു അബൂ ഔദിന് കുട്ടിക്കാലം മുതല്‍ താല്‍പര്യമെന്ന് അദ്ദേഹത്തിന്റെ കുടുംബം തന്നെ വ്യക്തമാക്കുന്നു.

2014-ല്‍ പതിമൂന്ന് വയസ്സുള്ള സഹോദരന്‍ യൂനുസിനേയും കൊണ്ട് സിറിയയിലേക്ക് പോയി. കൂടെ നൂറുകണക്കിന് ചെറുപ്പക്കാരെയും കൂട്ടി. എല്ലാവരേയും ഐ.എസില്‍ ചേര്‍ക്കുകയും ചെയ്തു. മതവിശ്വാസമല്ല അവരെ ഐ.എസിലേക്ക് ആകര്‍ഷിച്ചത്. മറിച്ച് അക്രമത്തോടുള്ള അഭിനിവേശവും അധികാരത്തോടുള്ള ആര്‍ത്തിയുമാണ്. തന്റെ സഹോദരങ്ങള്‍ ഒരിക്കല്‍ പോലും പള്ളിയില്‍ പോകുന്നത് കണ്ടിട്ടില്ലെന്ന് സഹോദരി യാസ്മിന്‍ ന്യൂയോര്‍ക്ക് ടൈംസിന് അനുവദിച്ച അഭിമുഖത്തില്‍ സൂചിപ്പിക്കുന്നു.

ബുദ്ധിപരമായ സത്യസന്ധത പുലര്‍ത്തുന്ന ആര്‍ക്കും ഭീകരാക്രമണങ്ങളെ ഇസ്‌ലാമുമായി ചേര്‍ത്തുവെക്കാന്‍ സാധ്യമല്ല. പ്രവാചകനെ നിന്ദിക്കുന്ന കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ച പാരീസിലെ ഹാസ്യ പ്രസിദ്ധീകരണം ഷാര്‍ലി എബ്ദോ അക്രമിച്ച സംഭവത്തില്‍ പങ്കാളികളായി എന്നു കരുതപെടുന്ന ‘കാമുകീകാമുകന്മാര്‍’ കടല്‍ത്തീര റിസോര്‍ട്ടില്‍ അല്‍പവസ്ത്രധാരികളായി നില്‍ക്കുന്ന ചിത്രങ്ങള്‍ പത്രങ്ങള്‍ പുറത്തുവിട്ടിരുന്നു. അവര്‍ക്ക് ചില മ്യൂസിക്ക് ബാന്റുകളിലും അംഗത്വമുണ്ടായിരുന്നു. ഇത്തിരിയെങ്കിലും മതനിഷ്ഠയുള്ളവരാരും ഇത്തരം ജീവിതം നയിക്കുകയില്ലെന്നുറപ്പ്.

പതിനേഴു വയസ്സുള്ള മൊറോക്കോ വംശജയായ ഒരു ഫ്രഞ്ചുകാരി ഒരു ദിവസം അപ്രത്യക്ഷയായി. ഐ.എസില്‍ ചേരാന്‍ സിറിയന്‍ നഗരമായ അലപ്പോയിലേക്ക് പോയതായിരുന്നു. അറബിഭാഷ അല്‍പം പോലും അറിയാത്ത ആ പെണ്‍കുട്ടിയുടെ കുടുംബം ഒട്ടും മതനിഷ്ഠമല്ല. സഹോദരന്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അവര്‍ പറഞ്ഞത്രെ, ”നല്ല രസമാണിവിടെ, ഡിസ്‌നിലാന്റില്‍ വന്നിറങ്ങിയ പോലുണ്ട്. ഞാന്‍ സ്വപ്‌നം കണ്ട ജീവിതം തന്നെയാണിത്.”

യൂറോപ്പില്‍ നിന്ന് ഐ.എസിലെത്തിയവരില്‍ പലരും ഇത്തരക്കാരാണ്. ഹോളിവുഡ് ആക്ഷന്‍ സിനിമകളുടെ അഡിക്റ്റുകളും അക്കൂട്ടത്തിലുണ്ട്. ആക്ഷന്‍ പ്രയോഗിക്കാന്‍ അവസരം തേടിയെത്തുന്നവര്‍. അത്തരക്കാരെ ആകര്‍ഷിക്കാന്‍ ഐ.എസ് ധാരാളം യൂട്യൂബ് വീഡിയോകള്‍ നിര്‍മ്മിച്ച് പുറത്തുവിടുന്നുണ്ട്. ശാകിര്‍ വുഹൈബ് എന്ന ചെറുപ്പക്കാരനാണ് ഇതിലെ സ്റ്റാര്‍ (വിശദീകരണങ്ങള്‍ക്ക് ഐ.പി.എച്ച് പ്രസിദ്ധീകരിച്ച ‘എന്തുകൊണ്ട് ഐ.എസ് ഇസ്‌ലാമല്ല’ എന്ന ഗ്രന്ഥം കാണുക).

ഭീകരാക്രമണത്തിന് ഇരയാകുന്നവരില്‍ ഏറെ പേരും എപ്പോഴും നിരപരാധികളായിരിക്കും. അതുകൊണ്ട് തന്നെ ഒരു യഥാര്‍ത്ഥ മുസ്‌ലിമിന് അതില്‍ പങ്കാളിയാവുക സാധ്യമല്ല. മനുഷ്യജീവന് ഖുര്‍ആനെ പോലെ വിലകല്‍പിച്ച മറ്റൊരു ഗ്രന്ഥവും ലോകത്തില്ല. ഒരു നിരപരാധിയെ കൊല്ലുന്നത് മുഴുവന്‍ മനുഷ്യരേയും കൊല്ലുന്നത് പോലെയാണെന്ന് ഖുര്‍ആന്‍ പറയുന്നു. ശത്രുവോട് പോലും അനീതി അരുതെന്ന് അനുശാസിക്കുന്നു. യുദ്ധത്തില്‍ പോലും സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും ആരാധനയില്‍ മുഴുകിയവരെയും പിന്തിരിഞ്ഞു പോകുന്നവരെയുമൊന്നും കൊല്ലരുതെന്ന് പ്രവാചകനും കല്‍പിക്കുന്നു. അതുകൊണ്ട് തന്നെ ഭീകരാക്രമണത്തിന്റെ വേരുകള്‍ തേടേണ്ടത് ഇസ്‌ലാമിലല്ല. സങ്കുചിതമായ സാമുദായികതയിലും വര്‍ഗീയതയിലും സാമ്പത്തിക, അധികാരതാല്‍പര്യങ്ങളിലും ഭൗതികാസക്തിയിലുമാണ്. ഇതൊന്നും ഇസ്‌ലാമികമല്ലതാനും.                                                                              

Related Articles