Current Date

Search
Close this search box.
Search
Close this search box.

ബ്യൂറോക്രസി കൈപിടിയിലൊതുക്കുന്ന ആര്‍.എസ്.എസ്

rss852.jpg

രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ ജനറല്‍ സെക്രട്ടറി (സഹ് സര്‍കാര്യവാഹ്) കൃഷ്ണ ഗോപാല്‍ വരുന്ന ജൂലൈ 17-ന് ഡല്‍ഹിയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ വിജയികളായ സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ത്ഥികളെ അഭിസംബോധന ചെയത് സംസാരിക്കുമെന്നും, ദേശീയവാദ ആശയങ്ങളെ കുറിച്ചായിരിക്കും അദ്ദേഹം പ്രധാനമായും സംസാരിക്കുകയെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ വലിയ അത്ഭുതമൊന്നും ഉളവാക്കുന്നില്ല.

‘സിവില്‍ സര്‍വീസിലൂടെ രാഷ്ട്ര നിര്‍മാണത്തില്‍ സംഭാവനകള്‍ അര്‍പ്പിക്കാന്‍ കഴിവുള്ള’ വിദ്യാര്‍ത്ഥികളെ കണ്ടെത്താനും, ‘യഥാര്‍ത്ഥ ഇന്ത്യന്‍ മൂല്യങ്ങളും ധര്‍മവും അവര്‍ക്ക് പകര്‍ന്ന് നല്‍കി ശരിയായ ദിശയില്‍ നയിക്കാനുമായി’ ഡല്‍ഹി ആസ്ഥമായി സ്ഥാപിതമായ സംഘടനയാണ് ‘സങ്കല്‍പ്പ്’. ഈ വര്‍ഷത്തോടെ സേവനവഴിയില്‍ അവര്‍ തങ്ങളുടെ രണ്ട് ദശാബ്ദക്കാലം പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ഇതിനിടെ, ഇന്ത്യന്‍ ബ്യൂറോക്രസിയില്‍ ചേരുകയെന്ന ഒരുപാട് പേരുടെ ആഗ്രഹാഭിലാഷം സഫലീകരിക്കാന്‍ ഈ സംഘടനക്ക് കഴിഞ്ഞിട്ടുണ്ട്.

സംഘ് പരിവാറിന്റെ ഒരു ഭാഗമാണ് ഈ സംഘടന. ബി.ജെ.പി, വി.എച്ച്.പി, ഭാരതീയ മസ്ദൂര്‍ സംഘ്, എ.ബി.വി.പി എന്നീ സംഘടനകള്‍ക്ക് ആര്‍.എസ്.എസ്സുമായി ഉള്ള ബന്ധം പോലെയല്ലെങ്കിലും, എണ്ണമറ്റ മറ്റു സംഘ്-പ്രചോദിത സംഘടനകളില്‍ ഒന്നാണ് സങ്കല്‍പ്പ്. പൊതുജനശ്രദ്ധയിലേക്ക് കടന്ന് വരുന്നത് വരേക്കും, ആര്‍.എസ്.എസ് സുവിശേഷം നിശബ്ദമായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു അത്തരം സംഘടനകള്‍.

ഉത്തരേന്ത്യയിലെ ചില നഗരങ്ങളിലും, പട്ടണങ്ങളിലും സ്‌കൂളുകള്‍ തുറന്നുകൊണ്ട് 1986-ലാണ് ഈ സംഘടന കടന്ന് വരുന്നത്. ആദ്യകാലങ്ങളില്‍ ‘രാഷ്ട്രീയ ഭാവന’ എന്ന ആശയം കുട്ടികള്‍ക്ക് പകര്‍ന്ന് നല്‍കാന്‍ സ്‌കൂള്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കി. 1990-കള്‍ ആകുമ്പോഴേക്കും സിവില്‍ സര്‍വീസ് പരിശീലനം നല്‍കുന്ന മുന്‍നിര സ്ഥാപനങ്ങളില്‍ ഒന്നായി സങ്കല്‍പ്പ് മാറികഴിഞ്ഞിട്ടുണ്ടായിരുന്നു. ഇന്ന് ഈ സ്ഥാപനം ഒരുപാട് വളര്‍ന്ന് കഴിഞ്ഞു.

അഥര്‍ ആമിറില്‍ താമസിക്കുന്ന ടീന ദാബി, ആനന്ദ് നാഗ് എന്നിവര്‍ ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ യഥാക്രമം ഒന്നും രണ്ടും റാങ്കുകള്‍ നേടിയതോടെ സങ്കല്‍പ്പ് ഈ വര്‍ഷവും ജനശ്രദ്ധ കവര്‍ന്നെടുത്തു. അവര്‍ രണ്ടു പേരും ഈ സ്ഥാനത്തിലായിരുന്നു ഇന്റര്‍വ്യൂവിനായി പരിശീലനം നേടിയത്.

1990-കളില്‍ പി.വി നരസിംഹ് റാവു പ്രധാനമന്ത്രിയായിരുന്ന കാലത്ത്, ബി.ജെ.പി-യിലെ ബുദ്ധിരാക്ഷസന്‍മാര്‍ക്കിടയില്‍ നടന്ന നിരന്തര ചര്‍ച്ചകളാണ് ഒരു ചെറിയ സംഘ്-പ്രചോദിത സംഘടനയില്‍ നിന്നും, സ്വന്തമായി കെട്ടിടങ്ങളും, ഡല്‍ഹി കൂടാതെ കോയമ്പത്തൂര്‍, ഗുവാഹത്തി, ഭോപ്പാല്‍, റാഞ്ചി, ലുദിയാന, ഹരിദ്വാര്‍ എന്നിവിടങ്ങളില്‍ സെന്ററുകളുമുള്ള ഒരു സ്ഥാപനമാക്കി സങ്കല്‍പ്പിനെ മാറ്റുന്നതിന് വിത്തു പാകിയത്.

സമീപ ഭാവിയില്‍ അല്ലെങ്കില്‍ വിദൂരഭാവിയില്‍, ഭരണനിര്‍വഹണത്തില്‍ തങ്ങള്‍ക്ക് പിടിമുറുക്കാന്‍ കഴിയുമെന്ന ഒരു ധാരണ അന്ന് ഈ സംഘത്തിനും, പാര്‍ട്ടി നേതാക്കള്‍ക്കും ഉണ്ടായിരുന്നു. മുന്‍ മിസോറാം ഗവര്‍ണര്‍ എ.ആര്‍ കോഹ്‌ലി (നളിന്‍ കോഹ്‌ലിയുടെ പിതാവ്) അടക്കമുള്ളവര്‍ ഉണ്ടായിരുന്ന ഈ ഗ്രൂപ്പിലെ ഒരു പ്രധാന അംഗമായിരുന്നു മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ബ്രജേഷ് മിശ്ര.

ഒരിക്കല്‍ ബി.ജെ.പി സീറ്റുകള്‍ നേടുമെന്നും, എന്നാല്‍ ബ്യൂറോക്രസിയില്‍ മാറ്റങ്ങള്‍ വന്നില്ലെങ്കില്‍ നമ്മുടെ എല്ലാ പരിശ്രമങ്ങളും വെറുതെയാവുമെന്നും താന്‍ വാദിച്ചതായി കോഹ്‌ലി പറയുകയുണ്ടായി. ‘ബ്യൂറോക്രസി മുഴുവന്‍ ജോലാ വാലകളാണെന്ന് ഞാന്‍ സമര്‍ത്ഥിച്ചു’ ജെ.എന്‍.യു ടൈപ്പ് മൗലികവാദികളെയും, മറ്റു സോഷ്യലിസ്റ്റ് മനോഗതിയുള്ളവരെയും സൂചിപ്പിച്ചു കൊണ്ട്‌കോഹ്‌ലി പറഞ്ഞു. ബ്യൂറോക്രസി പരിവര്‍ത്തിപ്പിക്കപ്പെട്ടില്ലെങ്കില്‍, ദേശീയ വികാരം സംഘിന് എതിരെ തന്നെ നിലനില്‍ക്കും. ‘ഒരു ഐ.എ.എസ് പരിശീലന ക്യാമ്പ് തുടങ്ങണമെന്നും ഞാന്‍ നിര്‍ദ്ദേശിച്ചിരുന്നു. പക്ഷെ അത് ആരും തന്നെ ഗൗരവത്തില്‍ എടുത്തില്ല,’ കോഹ്‌ലി പറഞ്ഞു.

ആര്‍.എസ്.എസ് ഭാരവാഹിയായ സന്തോഷ് തനേജയായിരുന്നു അന്ന് സങ്കല്‍പ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നത്. കോഹ്‌ലിയുടെ വാദങ്ങളില്‍ കാര്യമുണ്ടെന്ന് തനേജ മനസ്സിലാക്കിയപ്പോഴാണ് സ്ഥാപനം അടിമുടി മാറിയത്. ഉടനെ തന്നെ ക്ലാസ്സുകള്‍ ആരംഭിച്ചു. അങ്ങനെ ഐ.എ.എസ് സ്വപ്‌നം കാണുന്നവര്‍ക്ക് വേണ്ടിയുള്ള സെഷനുകളും, മോക്ക് ഇന്റര്‍വ്യൂകളും നടത്തി തുടങ്ങി.

പ്രസ്തുത സംരഭത്തെ പിന്തുണച്ചു കൊണ്ട് ഒട്ടനവധി ആര്‍.എസ്.എസ് ഭാരവാഹികള്‍ മുന്നോട്ട് വന്നു. സ്ഥാനപത്തിന് ആവശ്യമായ സാമഗ്രികളും മറ്റും അവര്‍ എത്തിച്ചു കൊടുത്തു. അടല്‍ ബിഹാരി ഭരണകാലത്ത് ആര്‍.എസ്.എസ്സിനും ബി.ജെ.പിക്കും ഇടയിലുണ്ടായിരുന്ന പ്രധാന കണ്ണി മദന്‍ ദാസ് ദേവി, അന്നത്തെ ബൗദ്ധിക് പ്രമുഖ് എം.ജി വൈദ്യ, ധര്‍മേന്ദ്ര ഗുപ്ത തുടങ്ങിയവര്‍ സംരഭവത്തെ പിന്തുണച്ചു കൊണ്ട് മുന്നോട്ട് വന്ന ആര്‍.എസ്.എസ് പ്രമുഖരില്‍ ചിലരാണ്.

1996-ല്‍ സ്ഥാപനത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ആദ്യ ബാച്ചിലെ 26 പേരില്‍ 14 പേര്‍ സിവില്‍ സര്‍വീസിന് യോഗ്യത നേടി. ആര്‍ക്കും പക്ഷെ ഐ.എ.എസ് യോഗ്യത നേടാന്‍ കഴിഞ്ഞിരുന്നില്ല. വിജയിച്ചവരില്‍ ഒരാള്‍ ഐ.പി.എസ്സിലും, മറ്റുള്ളവര്‍ കേന്ദ്ര സര്‍വീസുകളിലുമാണ് ചേര്‍ന്നത്. അടുത്ത വര്‍ഷം, ഐ.എ.എസ്സ് കടമ്പ കടക്കാന്‍ സങ്കല്‍പ്പിന് കഴിഞ്ഞു. അവരുടെ 13 ഉദ്യോഗാര്‍ത്ഥികള്‍ ഐ.എ.എസ് എന്ന ഉന്നതപദവി കരസ്ഥമാക്കി. 84 പേരില്‍ 59 പേര്‍ വിവിധ സേവനമേഖലകളിലേക്ക് യോഗ്യത നേടി.

ഓരോ വര്‍ഷം കഴിയും തോറും സങ്കല്‍പ്പില്‍ വന്ന് ചേരുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്, അതോടൊപ്പം അവരുടെ വിജയശതമാനവും. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ വിജയത്തിന്റെ കാര്യത്തില്‍ സങ്കല്‍പ്പ് ഒന്ന് താഴെ പോയിരുന്നുവെങ്കിലും, ഈ വര്‍ഷത്തെ വിജയശതമാനം നോക്കുമ്പോള്‍, ഇന്ത്യയിലെ സിവില്‍ സര്‍വീസ് പരിശീലനകേന്ദ്രങ്ങളുടെ നിരയില്‍ തലയുയര്‍ത്തി തന്നെയാണ് സങ്കല്‍പ്പ് നില്‍ക്കുന്നത്.

സങ്കല്‍പ്പില്‍ വന്ന് ചേരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക ആര്‍.എസ്.എസ്സിനോടോ, അല്ലെങ്കില്‍ അതിന്റെ അനുബന്ധ സംഘടനകളോടോ കൂറുപുലര്‍ത്തണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. പക്ഷെ ആര്‍.എസ്.എസ് നേതാക്കളുമായും, സംഘിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന റിട്ട. ബ്യൂറോക്രാറ്റുകളുമായുമുള്ള നിരന്തരസഹവാസം ആര്‍.എസ്.എസ്സിനോട് ഒരുതരം ആജീവനാന്ത ബന്ധം സൃഷ്ടിക്കുകയും, അത് ചിന്തയെ സ്വാധീനിക്കുകയും ചെയ്യുന്നുണ്ട്.

തികച്ചും നിയമവിധേയമായാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ഇനി എന്തെങ്കിലും ഉണ്ടെങ്കില്‍ തന്നെ, സ്ഥാപനത്തിന്റെ കെട്ടിടങ്ങളും, കാമ്പസുകളും നിര്‍മിക്കാന്‍ വേണ്ടി ഗവണ്‍മെന്റ് ഭൂമി അനുവദിച്ചു കൊടുത്തു എന്നതാണ് സങ്കല്‍പ്പിനെതിരെ ഉയരാന്‍ സാധ്യതയുള്ള വിവാദങ്ങളില്‍ ഒന്ന്. പക്ഷെ, ഇക്കാര്യത്തില്‍ പോലും, സംഘടനയുടെ മാനുഷികസേവനപരമായ പ്രകൃതം കണക്കിലെടുക്കുമ്പോള്‍, സ്ഥാപനത്തിനെതിരെ കേസുമായി മുന്നോട്ട് പോവുക വളരെ പ്രയാസകരം തന്നെയാണ്.

മറ്റു രാഷ്ട്രീയ കക്ഷികളെല്ലാം സിവില്‍ സര്‍വീസ് പരിശീലനം എന്ന സുപ്രധാന മേഖല പൂര്‍ണ്ണമായും കച്ചവട സ്ഥാപനങ്ങള്‍ക്ക് വിട്ടു കൊടുത്തപ്പോള്‍, സംഘ് പരിവാര്‍ വളരെ വൃത്തിയായി ഈ മേഖലയിലേക്ക് കടന്നു വരികയും, ഒരു വലിയ ഇടം തന്നെ കരസ്ഥമാക്കുകയും ചെയ്തു. സിവില്‍ സര്‍വീസിന് യോഗ്യത നേടും മുമ്പ് തന്നെ പൗര സേവകരെ എല്ലാവിധത്തിലും സ്വാധീനിക്കാന്‍ ഇന്ന് സംഘ് പരിവാറിന് സാധിക്കുന്നുണ്ട്. വ്യത്യസ്ത സിവില്‍ സര്‍വീസ് മേഖലകളില്‍ ജോലി ചെയ്തു കൊണ്ടിരിക്കുന്ന നൂറ് കണക്കിന് ഉദ്യോഗസ്ഥര്‍ ആര്‍.എസ്.എസ്സിലൂടെയാണ് കടന്ന് വന്നത് എന്ന് പറയുന്നതില്‍ യാതൊരു അതിശയോക്തിയുമില്ല. ഇതെല്ലാം തന്നെ രാഷ്ട്ര നിര്‍മാണത്തിന്റെ പേരിലാണ് നടക്കുന്നത്.

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles