Current Date

Search
Close this search box.
Search
Close this search box.

ബീഫ് കഴിക്കുന്നതും രാഷ്ട്രീയ പ്രവര്‍ത്തനമാണ്

akhlaq.jpg

‘കഴിച്ചത് മാട്ടിറച്ചി അല്ലെങ്കില്‍ എന്റെ പിതാവിനെ തിരികെ തരുമോ’ എന്ന് നെഞ്ചുപൊടിഞ്ഞ് ആ മകള്‍ ചോദിക്കുന്നതിലെ വേദന മനസ്സിലാക്കാം. പക്ഷേ ഒരാള്‍ അത്രമേല്‍ ക്രൂരമായി കൊല്ലപ്പെട്ടിട്ട് അയാള്‍ കഴിച്ചത് ബീഫ് തന്നെയാണോ എന്നറിയാന്‍ പരിശോധനയ്ക്ക് അയച്ച അഖിലേഷ് സര്‍ക്കാരിന്റെ പൊലീസ് നടപടിയെ എങ്ങനെയാണ് മനസ്സിലാക്കേണ്ടത്? ആ മനുഷ്യന്‍ കഴിച്ചത് ബീഫ് തന്നെയാണെന്നിരിക്കട്ടെ, കൊന്നത് ശരിയെന്ന് വിധിയെഴുതുമോ പൊതുബോധവും ഭരണകൂടവും നിയമവ്യവസ്ഥയും?

ഫാസിസം അടുക്കളയില്‍ കയറി എന്ത് കഴിക്കണമെന്ന് ആജ്ഞാപിക്കുകയാണ്. കൊന്നൊടുക്കി ഭീതി പരത്തുകയാണ്. മുഹമ്മദ് അഖ്‌ലാഖോ അദ്ദേഹത്തിന്റെ കുടുംബമോ നിലവിലുള്ള സാമൂഹ്യ സാഹചര്യത്തെ വെല്ലുവിളിച്ച് ജീവിച്ചവരല്ല. കുഴപ്പം ആവേണ്ടെന്ന് കരുതി പെരുന്നാളിന് പോലും ബലികര്‍മം ഒഴിവാക്കിയവരാണ്. അത്രമേല്‍ ഭയത്തോടെയും വിധേയത്വത്തോടെയും ജീവിച്ച ഒരു കുടുംബത്തെയാണ് തകര്‍ത്തുകളഞ്ഞത്. എങ്ങനെയാണ് രാജ്യത്തിന്റെ മതനിരപേക്ഷതയെ ആകമാനം വെല്ലുവിളിച്ച് ഇങ്ങനെയെല്ലാം ചെയ്യാന്‍ ആള്‍ക്കൂട്ടത്തിന് ധൈര്യം ലഭിക്കുന്നത്? ഇത് ഭരണകൂടത്തിന്റെ ധാര്‍മിക പിന്തുണയാല്‍ മാത്രം സാധ്യമാകുന്ന ഒന്നാണ്. മാട്ടിറച്ചി തിന്നുന്നത് ക്രിമിനില്‍ കുറ്റമാണെന്ന് നിരോധത്തിലൂടെ അരക്കിട്ടുറപ്പിക്കുകയാണല്ലോ മോദി ഭരണകാലത്ത് വിവിധ സംസ്ഥാന സര്‍ക്കാരുകള്‍. മതേതരത്വം ഭരണഘടനയാല്‍ ഉറപ്പുവരുത്തപ്പെട്ട ഇന്ത്യയെ പോലൊരു ജനാധിപത്യ രാഷ്ട്രത്തില്‍ വരേണ്യ ഹൈന്ദവ അചാരങ്ങളും അനുഷ്ഠാനങ്ങളും രാജ്യത്തിന്റേതായി അവതരിപ്പിക്കുന്നതിനെ എങ്ങനെ ന്യായീകരിക്കാനാവും?

ബീഫ് നിരോധം സംസ്ഥാനങ്ങളില്‍ നിന്ന് സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുന്നതിലെ ഒളിയജണ്ട കാണാതിരുന്നുകൂടാ. ഒരുതരം സാംസ്‌കാരികവും സാമൂഹ്യവുമായ അന്യവല്‍ക്കരണമാണ് ഇതിലൂടെ നടക്കുന്നത്. മാട്ടിറച്ചി ഭക്ഷിക്കുന്നത് അവിശുദ്ധമായ എന്തോ സംഗതിയാണെന്ന ബോധം ഉറപ്പിക്കുക വഴി വരേണ്യതകീഴാളത എന്ന ദ്വന്ദ്വം രൂപപ്പെടുന്നു. സവര്‍ണ ഹൈന്ദവതയെ മഹത്വവല്‍ക്കരിച്ചുകൊണ്ട് മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും ദളിതരും ആദിവാസികളുമെല്ലാം അടങ്ങുന്ന വിഭാഗത്തിന്റെ ജീവിതരീതിയും ഭക്ഷണശൈലിയുമെല്ലാം അപരിഷ്‌കൃതം എന്ന പൊതുബോധം വാര്‍ത്തെടുക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.

ആര്‍ട്ടിക്കിള്‍ 25 പ്രകാരം ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കുന്നതിനും ആചാരാനുഷ്ഠാനങ്ങള്‍ പിന്തുടരുന്നതിനുമുള്ള സ്വാതന്ത്ര്യം ഇന്ത്യയിലുണ്ട്. ഹിന്ദുക്കളില്‍ തന്നെ വലിയ വിഭാഗത്തിന്റെയും മുസ്!ലിംകളുടെയും ക്രിസ്ത്യാനികളുടെയും ആദിവാസികളുടെയും ദളിതരുടെയുമെല്ലാം ഭക്ഷണശൈലിയിന്‍ നേരത്തെ തന്നെ ബീഫിന് ഇടമുണ്ട്. ആര്‍ട്ടിക്കിള്‍ 29 രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ താല്‍പര്യങ്ങളുടെ സംരക്ഷണം ഉറപ്പുനല്‍കുന്നു. അതുകൊണ്ടുതന്നെ ന്യൂനപക്ഷ മതവിഭാഗങ്ങളുടെ അവകാശങ്ങളുടെ ലംഘനമാവുകയാണ് ബീഫ് നിരോധം. മാട്ടിറച്ചിയോടുള്ള വിരോധം പന്നിയിറച്ചിയോട് ഇല്ലാതിരിക്കുന്നതിന്റെ രാഷ്ട്രീയം കൂടി കാണാതിരുന്നുകൂടാ.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാവിവല്‍ക്കരണത്തില്‍ തുടങ്ങി ഘര്‍ വാപ്പസിയും കടന്ന് ബീഫ് നിരോധത്തില്‍ എത്തിനില്‍ക്കുകയാണ് മോദി സര്‍ക്കാരിന് കീഴിലെ സവര്‍ണാധിപത്യം. ചരിത്ര ഗവേഷണ കൌണ്‍സില്‍, പ്രസാര്‍ ഭാരതി, പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട്, ഐഐടികള്‍ എന്നിവയുടെ തലപ്പത്ത് ആര്‍എസ്എസ് ബന്ധമുള്ളവരെ പ്രതിഷ്ഠിച്ചുകൊണ്ടായിരുന്നു തുടക്കം. പ്രലോഭനത്തിലൂടെയും ഭീതിജനിപ്പിച്ചും പാവപ്പെട്ടവരെ ആര്‍എസ്എസും വിഎച്ച്പിയുമെല്ലാം ചേര്‍ന്ന് ഹിന്ദുമത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നത് ഇപ്പോഴും തുടരുന്നു. ഹൈന്ദവ തീവ്രവാദത്തെ എതിര്‍ക്കുന്ന പുരോഗമന ചിന്താഗതിക്കാര്‍ കൊല്ലപ്പെടുന്നതും ആക്രമിക്കപ്പെടുന്നതും രാജ്യത്ത് ഒരു വാര്‍ത്തയേ അല്ലാതായി മാറിയിരിക്കുന്നു. അടുത്തത് നിങ്ങളുടെ ഊഴം എന്നുവരെ പരസ്യമായി ഭീഷണിപ്പെടുത്താന്‍ ഹൈന്ദവ തീവ്രവാദികള്‍ക്ക് ധൈര്യം ലഭിക്കുന്ന ഭീതിദമായ അവസ്ഥ.

രാജ്യത്തെ ന്യൂനപക്ഷവും മതേതര ചിന്താഗതിക്കാരുമെല്ലാം അരക്ഷിതത്വം നേരിട്ട നിരവധി സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടും മോദി മഹാമൌനം തുടരുകയാണ്. സോഷ്യല്‍ മീഡിയ സജീവമായി ഉപയോഗിക്കുന്ന, മന്‍ കി ബാത്തിലൂടെ രാജ്യത്തോട് സംവദിക്കുന്ന പ്രധാനമന്ത്രി ഒരിക്കലും ഹൈന്ദവ തീവ്രവാദികളുടെ അതിക്രമങ്ങളെ തള്ളിപ്പറഞ്ഞില്ല. മോദിയുടെ കുറ്റകരമായ മൌനം തന്നെയാണ് ഭരണകൂടത്താല്‍ സ്‌പോണ്‍സര്‍ ചെയ്യപ്പെടുന്ന തീവ്രവാദമാണ് ഇപ്പോള്‍ അരങ്ങേറുന്നതെന്ന ധാരണയെ ബലപ്പെടുത്തുന്നത്. ബീഫ് കഴിക്കുന്നത് പോലും രാഷ്ട്രീയപ്രവര്‍ത്തനമാകുന്നത് ഈ സാമൂഹ്യ പശ്ചാത്തലത്തിലാണ്.

കടപ്പാട്: mediaonetv.in

Related Articles