Current Date

Search
Close this search box.
Search
Close this search box.

ബാബരി മസ്ജിദും ഒത്തുതീര്‍പ്പ് ഫോര്‍മുലയെന്ന നാടകവും

babari.jpg

അയോധ്യയിലെ ഹിന്ദുക്കളും മുസ്‌ലിംകളും തമ്മിലുള്ള ഒത്തുതീര്‍പ്പിലൂടെ ബാബരി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കം പരിഹരിക്കാനുള്ള നീക്കം മറ്റൊരു വിവാദത്തിനാണ് വഴിവെച്ചിരിക്കുന്നത്. ഒത്തുതീര്‍പ്പിന് ന്യൂനപക്ഷ സമുദായത്തില്‍ നിന്നും വരുന്നവരുടെ സമ്മതമുണ്ടെന്ന് പറയുന്നത് കള്ളമാണെന്നും, അല്ലെങ്കില്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് സമ്മതം വാങ്ങിയതെന്നും ആരോപിച്ച് കൊണ്ട് പ്രദേശവാസികളില്‍ ഭൂരിഭാഗവും രംഗത്ത് വന്ന് കഴിഞ്ഞു.

ബാബരി മസ്ജിദ്-രാമജന്മഭൂമി കേസില്‍ 2010-ലെ അലഹബാദ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള ഒത്തുതീര്‍പ്പ് ഫോര്‍മുലയോട് യോജിക്കുന്ന പ്രദേശവാസികളുടേതെന്ന പേരില്‍ ഹിന്ദുക്കളുടെയും മുസ്‌ലിംകളുടെയും 10000-ത്തിലധികം ഒപ്പുകള്‍ മാസങ്ങള്‍ ചെലവഴിച്ച് മുന്‍ അലഹബാദ് ഹൈക്കോടതി ജഡ്ജി പുലക് ബസു നേതൃത്വം നല്‍കുന്ന അയോധ്യ വിവാദ് സംഝോത നാഗ്രിക് സമിതി ശേഖരിച്ചിരുന്നു.

തര്‍ക്ക ഭൂമിയുടെ മൂന്നില്‍ രണ്ട് ഭാഗത്തിന് മേലുള്ള അവകാശവാദം മുസ്‌ലിംകളോട് ഉപേക്ഷിക്കാനും, കോടതി അനുവദിച്ച മൂന്നില്‍ ഒന്ന് ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളൊന്നും നടത്തരുത് എന്നും മുസ്‌ലിംകളോട് ആവശ്യപ്പെടുന്നതായിരുന്നു ജസ്റ്റിസ് ബസുവിന്റെ ഒത്തുതീര്‍പ്പ് ഫോര്‍മുല (പ്രദേശവാസികളാണ് ഈ ഒത്തുതീര്‍പ്പ് ഫോര്‍മുല മുന്നോട്ട് വെച്ചത് എന്ന് അദ്ദേഹം തറപ്പിച്ച് പറയുന്നു). പകരം, ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് നിന്നും ഒരുപാട് മാറി മറ്റൊരു സ്ഥലത്ത് ഒരു പള്ളി നിര്‍മിച്ച് കൊടുക്കപ്പെടും.

ഭഗവാന്‍ രാമന്‍ ജനിച്ച അതേ സ്ഥലത്ത് നിര്‍മിക്കപ്പെട്ടതാണെന്ന് ചില ഹിന്ദുത്വ ശക്തികള്‍ വാദിക്കുന്ന 16-ാം നൂറ്റാണ്ടിലെ ബാബരി മസ്ജിദ്, 1992 ഡിസംബര്‍ 6-ന് ബി.ജെ.പിയുടെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയ ജനകൂട്ടം തകര്‍ത്ത് തരിപ്പണമാക്കി. ബാബരി മസ്ജിദ് നിന്നിരുന്നിടത്ത് രാമ ക്ഷേത്രം പണിയുമെന്ന ബി.ജെ.പിയുടെ വാഗ്ദാനം പക്ഷെ നിയമകുരുക്കില്‍ പെട്ട് കിടക്കുകയാണ്.

ഒരു പരിഹാരം കണ്ടെത്താനാണ് പുലക് ബസു ശ്രമിക്കുന്നത്. നവംബര്‍ 13-ന് ജസ്റ്റിസ് ബസുവും സംഘവും 10502 ഒപ്പുകള്‍ (3000 മുസ്‌ലിംകളുടെ പേരുകള്‍ ആ ലിസ്റ്റിലുണ്ട്) ഫൈസാബാദ് ഡിവിഷണല്‍ കമ്മീഷണര്‍ സൂര്യ പ്രകാശ് മിശ്രക്ക് സമര്‍പ്പിച്ചു. തര്‍ക്കഭൂമിയുടെ റിസീവര്‍ കൂടിയാണ് സൂര്യ പ്രകാശ് മിശ്ര.

പക്ഷെ അധികം വൈകാതെ, മുസ്‌ലിംകള്‍ എന്ന് പറയപ്പെടുന്നവരുടെ ഒപ്പുകളില്‍ ഭൂരിഭാഗവും വ്യാജമാണെന്നും, മറ്റുള്ളവര്‍ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഒപ്പിട്ടതെന്നുമുള്ള അവകാശവാദവുമായി പ്രാദേശിക സംഘടനയായ അയോധ്യ-ഫൈസാബാദ് മുസ്‌ലിം വെല്‍ഫെയര്‍ അസോസിയേഷന്‍ രംഗത്ത് വന്നു.

‘ഇക്കൂട്ടര്‍ ശേഖരിച്ചുവെന്ന് പറയുന്ന പ്രദേശത്തെ മുസ്‌ലിംകളുടെ ഒപ്പുകളില്‍ ഭൂരിഭാഗവും വ്യാജമാണെന്ന് ഞങ്ങള്‍ക്കറിയാം. മുസ്‌ലിംകളുടെ ഒപ്പ് വാങ്ങുന്നതിന് വേണ്ടി ചില കേസുകളില്‍ അവര്‍ ബാഹ്യസമ്മര്‍ദ്ദം ചെലുത്താറുണ്ടെന്നും ഞങ്ങള്‍ക്കറിയാം.’ അസോസിയേഷന്‍ പ്രസിഡന്റ് മുഹമ്മദ് ഇഖ്ബാല്‍ പറഞ്ഞു.

തങ്ങളുടെ വാദത്തിന് തെളിവായി, രണ്ട് ദിവസം കൊണ്ട് പ്രദേശവാസികളായ മുസ്‌ലിംകളുടെ 6000 ഒപ്പുകളാണ് അസോസിയേഷന്‍ ശേഖരിച്ചത്. എല്ലാ തരത്തിലുമുള്ള ‘ഒത്തുതീര്‍പ്പ് നാടക’ങ്ങളെയും എതിര്‍ക്കുന്നവരായിരുന്നു അവരെല്ലാം.

നവംബര്‍ 15-ന് ഇഖ്ബാലിന്റെ നേതൃത്വത്തില്‍ അയോധ്യ മുസ്‌ലിംകളുടെ ഒരു വലിയ സംഘം ഡിവിഷണല്‍ കമ്മീഷണറെ കാണുകയും ഒപ്പുകള്‍ സമര്‍പ്പിക്കുകയും ചെയ്തു.

‘ഞങ്ങള്‍ക്ക് സ്വന്തം നിലക്ക് ഒപ്പു ശേഖരണം നടത്തേണ്ടതുണ്ടായിരുന്നു. കാരണം അവര്‍ ഡിവിഷണല്‍ കമ്മീഷണര്‍ക്ക് ഒപ്പുകള്‍ സമര്‍പ്പിക്കുന്നതിന് ഒക്ടോബര്‍ 23-ന് നടന്ന അവരുടെ യോഗത്തില്‍ വ്യാജ ഒപ്പുകളെ കുറിച്ച് ഞാന്‍ ചോദ്യമുന്നയിച്ചിരുന്നു. അന്ന് പക്ഷെ ജസ്റ്റിസ് ബസു പ്രതികരിക്കാന്‍ തയ്യാറായില്ല. രണ്ട് ദിവസത്തിനുള്ളില്‍ ഞങ്ങള്‍ 6000-ത്തിനടുത്ത് മുസ്‌ലിംകളുടെ ഒപ്പുകള്‍ ശേഖരിച്ചു. അവരുടെ കണക്കിലുള്ളതിനേക്കാള്‍ ഇരട്ടി മുസ്‌ലിംകള്‍ ഒത്തുതീര്‍പ്പ് ഫോര്‍മുലക്കെതിരെ ഒപ്പിട്ടു.’ ഇഖ്ബാല്‍ പറഞ്ഞു.

‘ഇത്തരമൊരു മഹത്തായ കാര്യത്തെ അവഹേളിക്കുന്നത് ശക്തമായ മറുപടി അര്‍ഹിക്കുന്നുണ്ടെങ്കിലും ഈ ആരോപണങ്ങളോട് പ്രതികരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല,’ എന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറുകയാണ് ജസ്റ്റിസ് ബസു ചെയ്തത് എന്ന് ഇഖ്ബാല്‍ കൂട്ടിച്ചേര്‍ത്തു.

2010 സെപ്റ്റംബറില്‍ അലഹബാദ് ഹൈക്കോടതി, തര്‍ക്കഭൂമിക്ക് പേര് നിശ്ചയിക്കാനായിരുന്നു ഹരജിയെങ്കിലും, ബാബരി മസ്ജിദ് നിന്നിരുന്ന ഭൂമിയുടെ മൂന്നില്‍ രണ്ട് ഭാഗം ഹിന്ദുക്കള്‍ക്കും, മൂന്നില്‍ ഒരു ഭാഗം മുസ്‌ലിംകള്‍ക്കും നല്‍കി കൊണ്ട് വിധി പുറപ്പെടുവിച്ചു. ഈ വിധിയിലെ അസ്വാഭാവികതയാണ് സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുന്നത് അടിസ്ഥാനമായത്.

തര്‍ക്കത്തിന് പരിഹാരം കാണുന്നതിന് വേണ്ടി കഴിഞ്ഞ മൂന്ന് വര്‍ഷമായി ജസ്റ്റിസ് ബസുവും സംഘവും അയോധ്യയില്‍ യോഗങ്ങള്‍ കൂടാറുണ്ടായിരുന്നെങ്കിലും, 2014-ലെ ലോകസഭാ തെരഞ്ഞെടുപ്പിന് ശേഷം നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരത്തിലേറിയതോടെയാണ് കൂടുതല്‍ സജീവമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.

കോടതിക്ക് പുറത്ത് വെച്ചുള്ള തര്‍ക്ക പരിഹാരത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നാണ് ബസു പറയുന്നത്. ‘ആവശ്യമെങ്കില്‍, അയോധ്യയിലെ ആളുകള്‍ക്ക് വേണ്ടി ഞങ്ങള്‍ സുപ്രീം കോടതിയില്‍ പോകും. അതിനാവശ്യമായ നിയമ നടപടികള്‍ ഞങ്ങളുടെ പരിഗണനയിലുണ്ട്.’ ബസു പറഞ്ഞു.

കടപ്പാട്: scroll.in
മൊഴിമാറ്റം: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles