Current Date

Search
Close this search box.
Search
Close this search box.

ബാബരി മസ്ജിദിനെ പറ്റി നാം സംസാരിച്ചു കൊണ്ടേയിരിക്കണം

babari.jpg

വീണ്ടും ഒരു ഡിസംബര്‍ ആറ് കൂടി ആഗതമാവുന്നു. ഇന്ത്യന്‍ മുസല്‍മാന്റെ രാഷ്ട്രീയവും സാമൂഹികവുമായ അസ്ഥിത്വം പുനര്‍ നിര്‍ണയിക്കപ്പെട്ട ദിനമായിരുന്നു ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി രണ്ടിലെ ആ ഞായറാഴ്ച. ബാബറി മസ്ജിദ് തകര്‍ക്കാന്‍ നേതൃത്വം നല്‍കിയവരില്‍ പ്രധാനിയായ അശോക് സിംഗാള്‍ മരണപ്പെട്ടത് കഴിഞ്ഞ മാസം അവസാനമാണ്. രാമ ക്ഷേത്രം നിര്‍മ്മിക്കുക എന്നതാണ് അശോക് സിംഗാളിന് നല്‍കാവുന്ന ഏറ്റവും മികച്ച മരണാന്തര ബഹുമതിയെന്ന് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത് ഒരു അനുസ്മരണ യോഗത്തില്‍ വെച്ച് പറയുകയുണ്ടായി. ബാബരിയെ കുറിച്ച് മാത്രമല്ല ഏകസിവില്‍ കോഡിനെ കുറിച്ചും ഗോവധ നിരോധത്തെ കുറിച്ചുമെല്ലാമുള്ള ഹിന്ദുത്വ ആശയങ്ങള്‍ നടപ്പിലാക്കുന്നതിനെ കുറിച്ച് പാര്‍ലമെന്റിലെ ശീതകാല സമ്മേളനത്തിന്റെ തുടക്കത്തില്‍ മുതിര്‍ന്ന മന്ത്രിമാര്‍ തന്നെ സൂചിപ്പിക്കുക കൂടി ചെയ്ത സമയത്താണ് മറ്റൊരു ബാബരി ദിനം കടന്ന് വരുന്നത്.

ബാബരി മസ്ജിദ് ധ്വംസനം നടന്ന് 23 വര്‍ഷം പിന്നിടുമ്പോള്‍ മസ്ജിദ് പഴയ വിഷയമാണെന്നും ഇനിയും അതിനെ വൈകാരികമായി എടുത്ത് പൊതു സമൂഹത്തില്‍ വര്‍ഗീയ വേര്‍തിരിവ് സൃഷ്ട്ടിക്കരുതെന്ന് പറയുന്നവരില്‍ മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവരുമുണ്ട്. കോടതി വിധിയാനന്തരം പള്ളിയും അമ്പലവുമല്ല എല്ലാവര്‍ക്കും ഉപകാരപ്പെടുന്ന വല്ല ആശുപത്രിയോ അന്താരാഷ്ട്ര ലൈബ്രറിയോ നിര്‍മിക്കണം എന്നയാരുന്നു ഒരു വിഭാഗം ബുദ്ധിജീവികളില്‍ അഭിപ്രായം പ്രകടിപ്പിച്ചത്.

ഓരോ തവണ ബാബരി ദിനം കടന്ന് വരുമ്പോഴും ഇന്ത്യന്‍ ജനാധിപത്യത്തില്‍ പ്രതീക്ഷ നഷ്ട്ടപ്പെട്ടിട്ടില്ലെന്ന് രാജ്യത്തിലെ ന്യൂനപക്ഷ-ദളിത് ആദിവാസി ബഹുജനങ്ങള്‍ക്ക് ബോധ്യപ്പെടുത്താനാകുന്ന ഒന്നും മസ്ജിദ് പുനര്‍നിര്‍മിക്കാമെന്ന് വാഗ്ദാനം ചെയ്ത കോണ്‌ഗ്രസ്സില്‍ നിന്നോ ‘ഡിസംബര് 6, മതേതര ഇന്ത്യയുടെ തീരാകളങ്കം’ എന്ന് കണ്ണീരൊഴുക്കിയ ഇടത് പാര്‍ട്ടികളടക്കമുള്ള മതേതര പാര്‍ട്ടികളില്‍ നിന്നുണ്ടായിട്ടില്ലെന്നു മാത്രമല്ല ഒന്നും രണ്ടും യു.പി.എ മന്ത്രിസഭകളുടെ കാലത്താണ് മുസ്‌ലിം യുവാക്കളെ ഭീകരവാദികളെന്നാരോപിച്ചു ഭരണകൂടം വേട്ടയാടാന്‍ ആരംഭിച്ചത്. ഇടതടക്കമുള്ള മതേതര പാര്‍ട്ടികള്‍. ബാബരിയാനന്തരം ഇന്ത്യന്‍ രാഷ്ട്രീയ മണ്ഡലത്തില്‍ ഉദിച്ചുയര്‍ന്ന മുസ്‌ലിം ദളിത് ബഹുജനങ്ങളുടെ കൂട്ടായ്മകളോട് അയിത്തം കല്‍പ്പിക്കുകയും ഭരണകൂടം ഡ്രാക്കോണിയന്‍ നിയമങ്ങളാല്‍ ഈ ജന വിഭാഗങ്ങളെയും ഈ ജനവിഭാഗത്തില്‍ നിന്നുയര്‍ന്നു വന്നിട്ടുള്ള പ്രസ്ഥാനങ്ങളെയും അതിന്റെ നേതാക്കളെയും പ്രവര്‍ത്തകരെയും വേട്ടയാടുമ്പോള്‍ ആഗോള ഭീകര വാദത്തിന്റെ മുദ്ര പതിപ്പിക്കാന്‍ മത്സരിക്കുകയുമാണ് ചെയ്തിട്ടുള്ളത് എന്നും നാം ഓര്‍ക്കേണ്ടതുണ്ട്.

ക്ഷേത്രം പൊളിച്ചാണ് ബാബര്‍ മസ്ജിദ് പണിതതെങ്കില്‍ അവിടെ രാമക്ഷേത്രം പണിഞ്ഞോട്ടെയെന്ന തരത്തിലുള്ള അഴകൊഴമ്പന്‍ നിലപാടാണ് പലപ്പോഴും മുസ്‌ലിം സമുദായ നേതാക്കള്‍ വരെ പ്രകടിപ്പിച്ചിട്ടുള്ളത്. 1885 ല്‍ തുടങ്ങിയ നിയമ വ്യവഹാരങ്ങളുടെ അന്ത്യത്തില്‍ പ്രസ്തുത ഭൂമി നിയമ പ്രകാരം ആരുടേതാണ് എന്ന സുപ്രധാന ചോദ്യത്തെ 2010 സപ്തംബര്‍ മുപ്പതിന് പുറപ്പെടുവിച്ച വിധിയില്‍ അഭിമുഖീകരിച്ചിട്ടേയില്ല ഇപ്പോള്‍ കോടതി വിധിക്ക് അടിസ്ഥാനമാക്കിയ 2003 ല്‍ എന്‍.ഡി.എ ഭരണ കാലത്ത് നടത്തിയ ബാബരിയുടെ മണ്ണിലെ ഉത്ഘനന പഠന റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയത് തീര്‍ത്തും അശാസ്ത്രീയമായിരുന്നു എന്ന് പ്രസിദ്ധ ചരിത്ര കാരന്മാരില്‍ ഒരാളായ കെ.എന്‍ പണിക്കരെ പോലുള്ളവര്‍ പറഞ്ഞിട്ടുണ്ട്. ആര്‍കിയോളോജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഡയരക്ടര്‍ ആയിരുന്ന ബി.ബി ലാലിന്റെ നേതൃത്വത്തില്‍ 1960-ല്‍ രാമായണ പ്രൊജക്റ്റ് എന്ന പേരില്‍ നടന്നിട്ടുള്ള ഉത്ഘനന സമയത്ത് ബാബരിയുടെ മണ്ണില്‍ അത്തരം അമ്പലങ്ങളുടെ ഒരു അവശിഷ്ട്ടവും കാണാന്‍ സാധിച്ചിട്ടില്ല എന്നതാണ് വസ്തുത. ആര്‍.എസ്.എസ് സിദ്ധാന്തത്തെ സാധൂകരിക്കുന്ന രീതിയില്‍ ഭഗവാന്‍ ശ്രീരാമന്‍ പിറന്നത് മസ്ജിദിന്റെ മധ്യ ഭാഗത്താണ് എന്ന് വരെ 2010 സെപ്റ്റംബര്‍ മുപ്പതിന് പുറപ്പെടുവിച്ച വിധിയിലുണ്ട്. ഒരു രാഷ്ട്രീയ ഭീകര സംഘം ചിട്ടയായി വളര്‍ത്തിയെടുത്ത വിശ്വാസങ്ങള്‍ നിയമത്തിന്റെ വരെ അടിസ്ഥാനമാക്കുന്ന രീതിയില്‍ സമൂഹവും രാഷ്ട്രീയ മണ്ഡലവും നീതിപീഠവും വരെ ഭീതിമാം വിധം വര്‍ഗീയവല്‍ക്കരിക്കപ്പെട്ടതാണ് ബാബരി മസ്ജിദ് വിധിയിലൂടെ നാം കണ്ടത്.

ബാബര്‍ ഒരു മുസ്‌ലിം വര്‍ഗീയ വാദിയായിരുന്നുവെന്നും ക്ഷേത്ര ധ്വംസകനായിരുന്നുവെന്നുമുള്ള കള്ളം പറഞ്ഞു പരത്തി, ചരിത്രത്തെ തങ്ങള്‍ക്കാവശ്യമായ രീതിയില്‍ വ്യാഖ്യാനിച്ച് അതിന് ഇന്ന് ഇന്ത്യയില്‍ ജീവിക്കുന്ന മുസ്‌ലിം സമുദായം ഉത്തരം പറയണമെന്നും നാലര നൂറ്റാണ്ടോളം മുസ്‌ലിം സമുദായം സുജൂദ് ചെയ്ത ബാബരി മസ്ജിദിന്റെ ഇപ്പോള്‍ കോടതി വിധി പ്രകാരം കിട്ടിയ മൂന്നിലൊരു ഭാഗം വിട്ടു കൊടുത്ത് ത്യാഗം ചെയ്യണം എന്നു പറയുന്നു രാമ ജന്മഭൂമി വാദക്കാര്‍. അതേ സമയം അയ്യായിരം വര്‍ഷത്തോളമായി പശുവിന്റെ വില പോലും നല്‍കാതെ അടിച്ചമര്‍ത്തിയ ഇവിടുത്തെ ദളിതരും, ചരിത്രപരമായ കാരണങ്ങളാല്‍ പിന്നാക്കമായി പോയ മുസ്‌ലിംകളും സംവരണം വേണം എന്നാവശ്യപ്പെടുമ്പോള്‍ തങ്ങള്‍ കുത്തകയാക്കി വെച്ചിരിക്കുന്ന ഉന്നത ഭരണ സ്ഥാനങ്ങള്‍ ത്യാഗം ചെയ്യാന്‍ അവര്‍ക്ക് സാധ്യമല്ല എന്നതും സംവരണത്തെ കുറിച്ച് മുമ്പും ഇപ്പോഴും സംഘപരിവാര്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന വര്‍ത്തമാനങ്ങളില്‍ നിന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. അത് കൊണ്ട് തന്നെ ബാബരി മസ്ജിദിനെ പറ്റി നാം സംസാരിച്ചു കൊണ്ടേയിരിക്കണം.

രാമന്‍ എന്ന ഐതിഹ്യ കഥാപാത്രത്തെ സംബന്ധിച്ചും രാമായണത്തിന് തന്നെയും നൂറ് കണക്കിന് വ്യാഖ്യാനങ്ങളുണ്ട് എന്ന് എ.കെ രാമാനുജത്തിന്റെ ‘മുന്നൂറു രാമായണങ്ങള്‍’ എന്ന ലേഖനത്തില്‍ നമുക്ക് കാണാം. 2008 ല്‍ ഡല്‍ഹി യൂനിവേഴ്‌സിറ്റി ചരിത്ര പഠന സിലബസ്സില്‍ അധിക വായനക്ക് ഈ ലേഖനം ഉള്‍പ്പെടുത്തിയതിനെതിരെ ഹിന്ദുത്വ സംഘടനകള്‍ പ്രതിഷേധം സംഘടിപ്പിക്കുകയുണ്ടായെങ്കിലും ഒടുവില്‍ സുപ്രീം കോടതിയില്‍ കേസെത്തിയപ്പോള്‍ ഒരു അക്കാദമി വിദഗ്ദ കമ്മിറ്റിയെ വിഷയം പഠിക്കാന്‍ നിയോഗിക്കുകയും പ്രസ്തുത കമ്മിറ്റിയിലെ നാലില്‍ മൂന്ന് പേരും പ്രസ്തുത പഠനത്തെ അംഗീകരിക്കുകയായിരുന്നു. ബാബര്‍ ക്ഷേത്രം തകര്‍ത്തതിനോ മുമ്പ് അവിടെ നിലനിന്നിരുന്നുവെന്ന് അവകാശപെട്ടു കൊണ്ടിരിക്കുന്ന ക്ഷേത്രത്തെ കുറിച്ചുള്ള പഠനത്തില്‍ അയോധ്യയില്‍ അത്തരമൊരു ക്ഷേത്രം നിലവിലുണ്ടായിരുന്നതിനോ ചരിത്രപരമായോ രാമായണത്തിന്റെ കാലഗണന വെച്ചോ കണക്ക് കൂട്ടിയാലും തെളിവില്ലെന്നും രാമായണത്തില്‍ പറയുന്ന അയോധ്യ അല്ല ഇപ്പോള്‍ നിലവിലുള്ള അയോധ്യയെന്നും 1987ല്‍ സുരീന്ദര്‍ കൗര്‍, തപന്‍ സന്യാല്‍ എന്നിവര്‍ ചേര്‍ന്നെഴുതിയ ‘മതേതരനായ ബാബര്‍’ എന്ന കൃതി വ്യക്തമാക്കുന്നുണ്ട്. ബാബറിന്റെ കാലത്ത് ജീവിച്ചിരുന്ന രാമഭക്തനായ തുളസീദാസിന്റെ കവിതകളിലും ബാബറിന്റെ ക്ഷേത്ര ധ്വംസനത്തെ പറ്റി പരാമര്‍ഷങ്ങളില്ലാതെ പോയത് എന്ത് കൊണ്ട് എന്നും നാം ചിന്തിക്കേണ്ടതുണ്ട്. ഇത്തരത്തിലുള്ള യാതൊരു പഠനങ്ങളെയും ആധാരമാക്കാതെ 1992 ഡിസംബര്‍ ആറിന് മസ്ജിദ് തകര്‍ത്തവരെ വിജയികളായി പ്രഖ്യാപിക്കുകയാണ് 2010 ലെ കോടതി വിധി ചെയ്തത്. 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ക്കുയാണ് കര്‍സേവകര്‍ ചെയ്തതെങ്കില്‍, കോടതി വിധി മുസ്‌ലിം സമുദായത്തിനെ അപമാനിക്കുന്നതിന് തുല്യമായിരുന്നു. സുന്നി വഖഫ് ബോര്‍ഡിന്റെ ഹരജി തള്ളിയ കോടതി ഭൂമിയുടെ മൂന്നിലൊരു പങ്ക് ഭിക്ഷയായി വെച്ച് നീട്ടിയതിനെ പിന്നെ എങ്ങനെയാണ് കാണേണ്ടത്? അയോധ്യയുടെ അവകാശികളായും, രാമഭക്തരായും വിശ്വഹിന്ദു പരിഷതിനെ കണ്ടെത്തിയ കോടതിയും, രാമ ക്ഷേത്ര നിര്‍മാണത്തിന് കോപ്പ് കൂട്ടുന്ന, മുസ്‌ലിം സമുദായത്തിന് നേരെ നിരന്തരമായ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുകയും പശു മാംസം തിന്നുവെന്നും പശുവിനെ കടത്തിയെന്നും ആരോപിച്ചു ഉന്നമിട്ട് ആക്രമിക്കുകയും തല്ലി കൊല്ലുകയും ചെയ്യുന്ന സംഘ്പരിവാറുക്കാരും പ്രസ്തുത പുസ്തകത്തിന്റെ ഒടുക്കം തപന്‍ സന്യാല്‍ മസ്ജിദ് തകര്‍ക്കപ്പെടുന്നതിനു മുന്‍പ് ഏഴുതിയ പ്രതികരണം അറിയേണ്ടതാണ് ‘എന്നെ സംബന്ധിച്ച് ഹിന്ദു മതം ഒരു ജീവിതചര്യ മാത്രമാണ്. ആചാരങ്ങളുടെ ഒരു ഭാണ്ഡമല്ല അത്. അതിര് കടന്ന സ്വരാജ്യ ഗര്‍വിനുള്ളതുമല്ല. സ്‌നേഹത്തിനും സഹോദര്യത്തിനും വേണ്ടിയുള്ളതാണത്. ഹിന്ദുക്കളായ ഞങ്ങള്‍ സഹിഷ്ണുതയെക്കുരിച്ചോ സാഹോദര്യത്തെ കുറിച്ചോ മനുഷ്യന്റെ സാര്‍വലൗകികവല്‍ക്കരണത്തെ കുറിച്ചോ സംസാരികുന്നില്ല. രാമന്റെ രാജ്യത്ത് മുസ്‌ലിംകള്‍ക്കും അവരുടെ സ്വതന്ത്ര്യമാനുവദിക്കുന്നതില്‍ എന്തപകടമാണുള്ളത്? ഒരു കുരിശു യുദ്ധത്തിന്റെ പ്രശനമല്ല ഇത്. കഴിഞ്ഞ കാലത്തെ ഒട്ടേറെ വിഡ്ഢികള്‍ അവരുടെ ജീവന്‍ ഇതിന്നായി ബലി കൊടുത്തിട്ടുണ്ട്. ഈ പള്ളി ഒരു ദേശീയ പൈതൃകമാണ്. അതുലുമുപരി ഇസ്‌ലാമികമായ ആരാധനയുടെ കേന്ദ്രവും. ഒരു മഹത്തായ സംസ്‌ക്കാരത്തിന്റെ പങ്കാളികളായ, ഈ ഭൂപ്രദേശത്തിന്റെയും ഇവിടത്തെ നാഗരികതയുടെയും ശില്‍പികളായ ഒരു ന്യൂനപക്ഷ സമുദായം തങ്ങളുടെ മുന്‍ഗാമികള്‍ക്കെതിരിലുള്ള വര്‍ഗീയ വിദ്വേഷത്തിനു ഇരകളായി തീരുന്നത് ലജ്ജാവഹമാണ്.’

സംവരണം രാജ്യ താല്‍പര്യത്തിന് എതിരാണെന്ന വര്‍ത്തമാനം കോടതികളില്‍ നിന്നും മുഴങ്ങുന്ന കാലത്ത് കോടതി വിധികളില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നതിനുമപ്പുറം കൂടുതല്‍ സജീവമായി ജനാധിപത്യ പ്രക്രിയയില്‍ ഇടപെടാന്‍ മുസ്‌ലിം സമുദായത്തിന് കഴിയേണ്ടതുണ്ട്. സ്വതന്ത്ര്യാനന്തരം നിരവധി കലാപങ്ങള്‍ക്കിരയായ, മാറി മാറി ഭരിച്ച സര്‍ക്കാരുകളുടെ അവഗണനയാല്‍ വിറക് വെട്ടികളും വെള്ളം കോരികളുമായി നടന്നിരുന്ന ഒരു സമുദായതിന്റെ ആത്മാഭിമാനത്തിന് ബാബരി മസ്ജിദ് ധ്വംസനം മുറിവേല്‍പ്പിച്ചുവെന്നത് നേര് തന്നെ. അന്ന് ഭരണകൂടവും പോലീസും രാഷ്ട്രീയ നേതാക്കളും നോക്കി നില്‍ക്കെ പള്ളി പൊളിക്കപ്പെട്ടപ്പോള്‍ നിലവിളിച്ച സമുദായമല്ല ഇന്നുള്ളത്. ബാബരിയാനന്തര കാലഘട്ടത്തിലെ തെരഞ്ഞെടുപ്പുകളിലെ വോട്ടിംഗ് നിലകളെ പറ്റിയുള്ള പഠനങ്ങള്‍ ന്യൂനപക്ഷ ദളിത് ബഹുജനങ്ങളുടെ വര്‍ധിച്ചു കൊണ്ടിരിക്കുന്ന പങ്കാളിത്തം ചൂണ്ടി കാണിച്ചിട്ടുണ്ട്. സാമൂഹ്യനീതിക്കും സമത്വതിനുമായുള്ള ഈ രാജ്യത്തിലെ മര്‍ദിത ജനകോടികളുടെ പോരാട്ടത്തിന് ഐക്യഭാവം കൈവരുത്താനും ദൃഢീകരിക്കാനും കഴിഞ്ഞുവെന്നത് ബാബരി മസ്ജിദ് ധ്വംസനത്തിന്റെ പരോക്ഷ ഫലമാണ്. ഇപ്പോള്‍ കോടതികള്‍ പോലും ആദിവാസി ദളിത് മുസ്‌ലിം ഇതര ന്യൂനപക്ഷ ബഹുജനങ്ങളുടെ അവകാശങ്ങളെ ചോദ്യം ചെയ്യുകയും ഭരണകൂടം ജനവിരുദ്ധ നിയമങ്ങളാല്‍ ഈ വിഭാഗങ്ങളെ അടിച്ചമര്‍ത്തുകയും ചെയ്യുന്ന സമകാലിക ഇന്ത്യയില്‍ ഉണങ്ങാതെ നീറുന്ന ബാബരിയുടെ ഓര്‍മ്മകള്‍ തന്നെയാണ് സാമൂഹിക നീതിക്ക് വേണ്ടിയുള്ള അടിച്ചമര്‍ത്തപ്പെട്ടവരുടെ പോരാട്ടത്തിന് ഊര്‍ജമാവേണ്ടത്. എന്ത് കൊണ്ട് മുസ്‌ലിം സമുദായം ബാബരി മസ്ജിദ് പുനര്‍ നിര്‍മ്മിക്കണം എന്നാവശ്യപ്പെടണമെന്ന ചോദ്യത്തിന് 1956 ലെ ഇതേ ഡിസംബര്‍ ആറിന് മരണപ്പെട്ട അധസ്ഥിത ജന വിഭാഗങ്ങളുടെ മഹാനായ നേതാവ് ഡോക്ട്ടര്‍ ഭീം റാവു അംബേദ്കരിന്റെ ഒരു വാക്യമാണ് മറുപടി ‘ന്യായം നമ്മുടെ ഭാഗത്തായിരിക്കെ ഈ പോരാട്ടത്തില്‍ എങ്ങനെയാണ് നമുക്ക് തോല്‍വി പിണയുകയെന്ന് എനിക്ക് മനസ്സിലാവുന്നില്ല. നമ്മുടെ പോരാട്ടം കേവല അധികാരത്തിനോ പണതിനോ വേണ്ടിയുള്ളതല്ല. ഇത് സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ളതാണ്. മനുഷ്യാന്തസ്സ് വീണ്ടെടുക്കാനുള്ള പോരാട്ടമാണിത് ‘ അതെ, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് അന്തസോടെ ജീവിക്കാനുള്ള പോരാട്ടത്തിന്റെ പുസ്തകത്തിലെ സുപ്രധാന അധ്യായമാകുന്നു ബാബരി മസ്ജിദ്.

Related Articles