Current Date

Search
Close this search box.
Search
Close this search box.

ബസ്തറിലെ ആദിവാസി സ്ത്രീകളും പോലിസ് യൂണിഫോമിട്ട ചെകുത്താന്‍മാരും

adivasi.jpg

കഴിഞ്ഞ വര്‍ഷം നവംബര്‍ മാസത്തില്‍, ബസ്തറിലെ ബിജാപൂര്‍ പോലിസ് സുരക്ഷാ സൈനികര്‍ക്കെതിരെ ഒരു എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. സുരക്ഷാ സേനയിലെ അംഗങ്ങള്‍ തങ്ങളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കി എന്ന ആദിവാസി യുവതികളുടെയും ഒരു കൗമാരക്കാരിയുടെയും പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു എഫ്.ഐ.ആര്‍. വനമേഖലയില്‍ പെട്ട അഞ്ച് ഗ്രാമങ്ങളില്‍ നിന്നുള്ളവരായിരുന്നു പരാതിക്കാരികള്‍. 2015 ഒക്ടോബറില്‍ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന് വേണ്ടി മേഖലയില്‍ വിന്യസിക്കപ്പെട്ടവരായിരുന്നു കുറ്റാരോപിതരായ പോലിസുകാരും പാലാമിലിറ്ററി സൈനികരും. ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന സുരക്ഷാ സൈനികരെ വിചാരണ ചെയ്യുന്നതിന് പുതുതായി അവതരിപ്പിക്കപ്പെട്ട വകുപ്പാണ് അന്ന് എഫ്.ഐ.ആറില്‍ കുറ്റാരോപിതര്‍ക്കെതിരെ ചുമത്തിയിരുന്നത്.

കൗമാരക്കാരിയെയും, ഗര്‍ഭിണിയായ യുവതിയെയും അവരുടെ ഭര്‍തൃമാതാവിനെയും കൂട്ടബലാത്സംഗം ചെയ്യുകയും, ഗ്രാമത്തിലെ യുവതികളെ വസ്ത്രാക്ഷേപത്തിനും, മറ്റു പീഢനങ്ങള്‍ക്കും ഇരയാക്കുകയും, വീടുകള്‍ കൊള്ളയടിക്കുകയും ചെയ്ത പ്രസ്തുത സുരക്ഷാ സൈനികരെ അറസ്റ്റ് ചെയ്യാന്‍ വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും അധികൃതര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. ലൈംഗിക അതിക്രമത്തിന് ഇരയായ സ്ത്രീകള്‍ പരാതി ബോധിപ്പിച്ചിട്ടും അതേ വര്‍ഷം തന്നെ എന്തുകൊണ്ട് കുറ്റക്കാരെ പോലിസ് അറസ്റ്റ് ചെയ്തില്ലെന്ന് ഈ ആഴ്ച്ച ചത്തീസ്ഗഢ് സി.ഐ.ഡി ഐ.ജി എച്ച്. കെ റത്തോറിനോട് ഞാന്‍ ചോദിച്ചപ്പോള്‍ ‘അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്’ എന്നായിരുന്നു മറുപടി.

അതേസമയം, ആഴ്ച്ചകള്‍ക്ക് മുമ്പ് വേറൊരു സംഭവം നടക്കുകയുണ്ടായി. സാക്ഷി മൊഴി രേഖപ്പെടുത്താന്‍ നിശ്ചയിക്കപ്പെട്ട തിയ്യതിയില്‍ കോടതിയില്‍ ഹാജരാവാത്തതിന്റെ പേരില്‍ ബന്ധപ്പെട്ട സ്ത്രീകള്‍ക്കെതിരെ – എല്ലാവരും കര്‍ഷകരും, തൊഴിലാളികളുമാണ് – ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയാണ് ബിജാപൂര്‍ ജില്ലാ കോടതി ചെയ്തത്. പ്രസ്തുത സ്ത്രീകള്‍ താമസിക്കുന്ന ഗ്രാമങ്ങള്‍ ജില്ലാ കോടതിയില്‍ നിന്നും 50 കിലോമീറ്ററിലധികം ദൂരെയാണ്. കൂടാതെ ഗ്രാമത്തില്‍ നിന്നും ഹൈവേയിലേക്ക് എത്തണമെങ്കില്‍ 18-25 കിലോമീറ്റര്‍ സഞ്ചരിക്കണം. വനത്തിനുള്ളിലാണ് ഈ ഗ്രാമങ്ങളൊക്കെയും സ്ഥിതി ചെയ്യുന്നത്. പൊതുസംവിധാനങ്ങളുമായും പുറംലോകവുമായി ബന്ധപ്പെടാനുള്ള ആശയവിനിമയോപാധികളുമായും ഇവര്‍ക്ക് ബന്ധമില്ലെന്ന് തന്നെ പറയാം. സര്‍പഞ്ചാകട്ടെ മറ്റൊരു ജില്ലയിലാണ് താമസിക്കുന്നത്. ഇതൊക്ക കാരണത്താല്‍ കോടതിയില്‍ നിന്നുള്ള ഔദ്യോഗിക വിവരങ്ങള്‍ പ്രസ്തുത സ്ത്രീകളിലേക്ക് എത്തുക എന്നത് വളരെ പ്രയാസകരമായ കാര്യമാണ്.

പരാതിക്കാരികള്‍ എല്ലാം തന്നെ നിരക്ഷരരും, ഗോണ്ടി ഭാഷ മാത്രം സംസാരിക്കുന്നവരുമാണ്. കോടതി വ്യവഹാരമാകട്ടെ ഹിന്ദി ഭാഷയിലും. സ്ത്രീകളുടെ സാക്ഷി മൊഴി രേഖപ്പെടുത്തല്‍ മാത്രമല്ല (അത് മാത്രമാണല്ലോ കഴിഞ്ഞ ഒരു വര്‍ഷമായി നടന്നുകൊണ്ടിരിക്കുന്നത്) അവര്‍ക്കെതിരെ വാറണ്ട് പുറപ്പെടുവിക്കുന്നതും കോടതി നടപടികളില്‍ പെട്ടതാണെന്നും, ‘ഈ കേസ് ആരും തന്നെ ശ്രദ്ധിക്കുന്നില്ലെന്നു’മാണ് ബിജാപൂര്‍ കോടതിയിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞത്.

അതേസമയം, സ്ത്രീകള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയതിന് കുറ്റാരോപിതരായ സഹപ്രവര്‍ത്തകര്‍ക്കെതിരെയുള്ള അന്വേഷണവും, അറസ്റ്റും, കുറ്റപത്രം തയ്യാറാക്കലുമെല്ലാം പോലിസ് വിഭാഗം അവഗണിച്ച് തള്ളി.

ഒരു വര്‍ഷത്തോളം ഞാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ (എന്‍.എച്ച്.ആര്‍.സി) ഉദ്യോഗസ്ഥരുമായി ഞാന്‍ സംസാരിച്ചിരുന്നു. ചത്തീസ്ഗഢ് സര്‍ക്കാറിന്റെ മറുപടി കാത്തിരിക്കുകയാണെന്നാണ് അവര്‍ പറഞ്ഞത്. അതിനിടെ ഈ വര്‍ഷം മാര്‍ച്ചില്‍, പത്ര റിപ്പോര്‍ട്ടുകളുടെയും, അക്കാദമീഷ്യന്‍ കല്ല്യാണി മേനോന്‍ സെന്നിന്റെ പരാതിയെയും തുടര്‍ന്ന് എന്‍.എച്ച്.ആര്‍.സി ചത്തീസ്ഗഢിലേക്ക് സ്വന്തം അന്വേഷണോദ്യോഗസ്ഥരെ അയക്കുകയുണ്ടായി. സ്ത്രീകളുടെ പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ സത്യം തന്നെയാണെന്നും, പോലിസ് സേനയിലെ അംഗങ്ങള്‍ കുറ്റം ചെയ്തതായി വിശ്വസിക്കുന്നുവെന്നുമാണ് പേര് വെളിപ്പെടുത്താത്ത ഒരു എന്‍.എച്ച്.ആര്‍.സി ഉദ്യോഗസ്ഥന്‍ പറഞ്ഞത്.

എന്നാല്‍, എന്‍.എച്ച്.ആര്‍.സി തങ്ങളുടെ റിപ്പോര്‍ട്ട് പുറത്ത് വിടുന്നതില്‍ നിന്നും ഇപ്പോഴും ഒഴിഞ്ഞുമാറുകയാണ്. ‘ലൈംഗികാതിക്രമത്തെ ഒരു ആയുധമായി ഉപയോഗിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ എന്‍.എച്ച്.ആര്‍.സി തയ്യാറാകണം’ എന്ന സെന്‍ പറഞ്ഞു. സെന്നിന് പോലും റിപ്പോര്‍ട്ടിന്റെ ഒരു പകര്‍പ്പ് നല്‍കാന്‍ എന്‍.എച്ച്.ആര്‍.സി വിസമ്മതിച്ചു. ചത്തീസ്ഗഢ് സര്‍ക്കാര്‍ പ്രതികരിക്കട്ടെ എന്നാണ് അവരുടെ നിലപാട്.

ചത്തീസ്ഗഢ് സര്‍ക്കാറിന് അയച്ച കത്തുകള്‍ക്ക് മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് നാഷണല്‍ കമ്മീഷന്‍ ഓഫ് ഷെഡ്യൂള്‍ഡ് ട്രൈബ്‌സ് ചെയര്‍പേഴ്‌സണ്‍ രാമേശ്വര്‍ ഒറാഓണിന്റെ നേതൃത്വത്തില്‍ ഒരു സംഘം ഏപ്രില്‍ മാസത്തില്‍ ബസ്തര്‍ സന്ദര്‍ശിക്കുകയുണ്ടായി. ‘സുരക്ഷാ സൈനികരില്‍ നിന്നും കടുത്ത അച്ചടക്കലംഘനം ഉണ്ടായിട്ടുണ്ട്’ എന്ന് വ്യക്തമാക്കി കൊണ്ടാണ് ഇരകളായ സ്ത്രീകളുമായി സംസാരിച്ച് തയ്യാറാക്കിയ ഒറാഓണിന്റെ 15 പേജ് വരുന്ന ഹിന്ദിയിലുള്ള റിപ്പോര്‍ട്ട് അവസാനിക്കുന്നത്. സ്ത്രീകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടത്തിയ അന്വേഷണങ്ങള്‍ക്ക് പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് നടത്താന്‍ പോലും കഴിഞ്ഞിട്ടില്ല. സി.ഐ.ഡി വിഭാഗത്തിന് അന്വേഷണ ചുമതല ഏല്‍പ്പിക്കണമെന്ന് ഒറാഓണ്‍ ആവശ്യപ്പെട്ടു. കുറ്റാരോപിതര്‍ക്കെതിരെ സര്‍ക്കാര്‍ എന്തൊക്കെ നടപടികളെടുത്തു എന്നാരാഞ്ഞ് കൊണ്ട് അന്വേഷണ റിപ്പോര്‍ട്ട് അടക്കം ചെയ്ത ഒരു കത്ത് ഏപ്രില്‍ മാസം അവസാനത്തില്‍ ഒറാഓണ്‍ ചത്തീസ്ഗഢ് സര്‍ക്കാറിന് അയച്ചിരുന്നു. അതിനുള്ള മറുപടി ഇതുവരെ ലഭിച്ചിട്ടില്ല.

പിന്നീട് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കേസിന്റെ അന്വേഷണ ചുമതല സി.ഐ.ഡിക്ക് കൈമാറിയെങ്കിലും, കുറ്റാരോപിതരുടെ കാര്യത്തില്‍ ഒന്നും തന്നെ സംഭവിച്ചില്ല. നേരത്തെ റത്തോര്‍ പറഞ്ഞത് പോലെ അന്വേഷണം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. കുറ്റാരോപിതരായ പോലിസ് സംഘത്തിന്റെ കമാന്റിംഗ് ഓഫീസര്‍ അടക്കമുള്ളവരെ ഓദ്യോഗികമായി ചോദ്യം ചെയ്യലിന് വിധേയമാക്കിയിട്ടുണ്ടോ എന്ന എന്റെ ചോദ്യത്തിന് ഐ.ജി റത്തോര്‍ മറുപടി പറയാന്‍ വിസമ്മതിക്കുകയാണ് ചെയ്തത്.

സുരക്ഷാ സൈനികരുടെ ലൈംഗികാതിക്രമത്തിന്റെ പേരില്‍ ഈയൊരു കേസ് മാത്രമല്ല ബസ്തറില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. ഈ ജനുവരിയില്‍, ബിജാപൂരിലെ നേന്ദ്ര എന്ന ഗ്രാമത്തില്‍ നിന്നുള്ള സ്ത്രീകള്‍ തങ്ങള്‍ സുരക്ഷാ സൈനികരാല്‍ കൂട്ടബലാത്സംഗം ചെയ്യപ്പെട്ടതായി പരാതി നല്‍കിയിട്ടും പോലിസ് ഒന്നും തന്നെ ചെയ്തില്ല. മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും, രാഷ്ട്രീയ പ്രവര്‍ത്തകരുടെയും സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മാത്രമാണ് പോലീസ് എഫ്.ഐ.ആര്‍ തയ്യാറാക്കിയത്.

ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്ന കാര്യമെന്താണെന്നാല്‍ : പോലിസ് യൂണിഫോമിട്ടവരുടെ ഭാഗത്ത് നിന്നുള്ള ലൈംഗികാതിക്രമങ്ങളില്‍ നിന്നും യാതൊരു വിധ സുരക്ഷയും മധ്യേന്ത്യയിലെ ആദിവാസി സ്ത്രീകള്‍ പ്രതീക്ഷിക്കേണ്ടതില്ല. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമെന്ന പ്രതീക്ഷ അസ്ഥാനത്താണെന്ന് തന്നെ പറയാം.

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles