Current Date

Search
Close this search box.
Search
Close this search box.

ഫാഷിസ്റ്റ് പ്രവണതകള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കുമ്പോള്‍

beef-fest1.jpg

ഇന്ത്യയിലെ ഉത്തരപ്രദേശിലെ രാദ്രിയില്‍ മാട്ടിറച്ചി സൂക്ഷിക്കുകയും ഭക്ഷിക്കുകയും ചെയ്തുവെന്നാരോപിച്ച് വര്‍ഗീയ ഫാഷിസ്റ്റ് ശക്തികളായ സംഘ്പരിവാര്‍ ഗൃഹനാഥനെ മൃഗീയമായി കൊന്ന സംഭവം ലോകമാധ്യമങ്ങളില്‍ പോലും ഏറെ ശ്രദ്ധേയമായ വാര്‍ത്തകളിലൊന്നാണല്ലൊ. അതിനെ തുടര്‍ന്ന് ഫാഷിസത്തിനെതിരെ സാംസ്‌കാരിക ലോകത്ത് നിന്ന് ശക്തമായ പ്രതിഷേധ സ്വരങ്ങള്‍ ഉയര്‍ന്ന് വന്നപ്പോള്‍ പതുസമൂഹം വമ്പിച്ച പിന്തുണയാണതിന് നല്‍കിയത്. സാമൂഹിക, സാംസ്‌കാരിക വൈവിധ്യങ്ങളെ തകര്‍ത്ത് നിശബ്ദ അടിയന്തരാവസ്ഥ നടപ്പാക്കാനുള്ള ഫാഷിസ്റ്റ് വര്‍ഗീയ പ്രവര്‍ത്തനങ്ങളോട് ഭരണകൂടം സ്വീകരിച്ചിരിക്കുന്ന മൗനത്തിനെതിരെയും എങ്ങും പ്രതിഷേധ പരിപാടികള്‍ നടന്നു കൊണ്ടിരിക്കുന്നു. കേരളത്തിലെ ചില കോളേജുകള്‍ കേന്ദ്രീകരിച്ചു സംഘടിപ്പിച്ച ബീഫ് ഫെസ്റ്റുകളും മറ്റു ചില സംവാദ പരിപാടികളും സംഘര്‍ഷം ഉണ്ടാക്കിയതും എറെ ചര്‍ച്ചയായി. ഫാഷിസത്തെ ഭയപ്പെട്ട് ചില കാമ്പസ് അധികൃതര്‍ പല പ്രതിഷേധ പരിപാടികളും നിരോധിച്ചതും കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതായി വിലയിരുത്തപ്പെടുന്നു. ഒരു വശത്ത് ബീഫ് നിരോധത്തില്‍ ജനാധിപത്യ രീതിയില്‍ പ്രതിഷേധങ്ങള്‍ നടക്കുമ്പോള്‍ മറുഭാഗത്ത് ഫാഷിസ്റ്റ് അനുകൂല സംഘടനകള്‍ അതിനെ മറികടക്കാന്‍ എന്ത് തന്ത്രം വേണമെന്ന് അണിയറയില്‍ ആസൂത്രണം ചെയ്തു കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമാണ് ബീഫ് ഫെസ്റ്റിനു വെല്ലുവിളിയായി പോര്‍ക്ക് ഫെസ്റ്റ് (പന്നിയിറച്ചി മേള) സംഘടിപ്പിക്കാന്‍ കേരളത്തില്‍ ‘ഹനുമാന്‍സേന’ എന്ന പേരില്‍ അറിയപ്പെടുന്ന സംഘടന രംഗത്തിറങ്ങിയിരിക്കുന്നത്. ഹൈന്ദവസമൂഹം ആരാധിക്കുന്ന ഗോമാതാവിന്റെ ഇറച്ചി കൊണ്ട് കോളേജുകളിലും പൊതുസ്ഥലത്തും ബീഫ് ഫെസ്റ്റ് നടത്തുന്നത് ഹൈന്ദവ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് ഹനുമാന്‍ സേനാ നേതാക്കള്‍ കഴിഞ്ഞ ദിവസം ആരോപിക്കുകയുണ്ടായി. ഇതില്‍ പ്രതിഷേധിച്ച് കോഴിക്കോട് പന്നി മാംസ മേള നടത്തുമെന്നും അവര്‍ പ്രഖ്യാപിക്കുകയുണ്ടായി. കോട്ടയത്ത് ബി.ജെ.പി യും വേറിട്ട രീതിയില്‍ പോര്‍ക്ക് ഫെസ്റ്റിവല്‍ നടത്തുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി.

തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ഇത്തരം സമീപന രീതിയിലൂടെ കേരളത്തില്‍ വ്യാപകമായി കലാപങ്ങളും പ്രശ്‌നങ്ങളും ഉണ്ടാക്കാന്‍ ഇതു നിമിത്തമാകുമെന്നുവെന്ന് റിപോര്‍ട്ടുകള്‍ അഭിപ്രായപ്പെടുന്നു. പോര്‍ക്ക് ഫെസ്റ്റിവല്‍ എവിടെ നടന്നാലും മുസ്‌ലിങ്ങള്‍ പ്രകോപിതരാകാതിരിക്കാനും വികാരപരമായി പ്രതികരിക്കാതിരിക്കാനുമുള്ള വിശാലതയാണ് കാണിക്കേണ്ടത്. മതപരമായി സംഘടിപ്പിച്ചു വര്‍ഗീയതക്കെതിരെ നേരിടാന്‍ മുതിര്‍ന്നാല്‍ അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. വര്‍ഗീയതയെ വര്‍ഗീയത കൊണ്ട് നേരിടുന്ന രീതി കരണീയമല്ല. നമ്മുടെ രാജ്യത്ത് ഏതു ഭക്ഷണം കഴിക്കാനും ഒരു പൗരനെന്ന നിലയില്‍ ആര്‍ക്കും അവകാശമുണ്ട്. ആരെങ്കിലും പോര്‍ക്ക് കഴിക്കുന്നത് മുസ്‌ലിംങ്ങളെ സംബന്ധിച്ചേടത്തോളം മതനിന്ദയല്ല എന്ന ബോധവും നമുക്കുണ്ടാവണം.

ഇന്ത്യ മഹാരാജ്യം സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും മഹത്തായ പാരമ്പര്യം കാത്തു സൂക്ഷിക്കുന്ന രാജ്യമാണ്. ഹിന്ദു-അഹിന്ദു സാമുദായിക ധ്രുവീകരണം നടപ്പിലാക്കാന്‍ ഇപ്പോള്‍ രാജ്യത്തിന്റെ ഇന്ദ്രപ്രസ്ഥത്തില്‍ അധികാരത്തിലേറിയവരും, സംഘപരിവാര സംഘടനകളും ചേര്‍ന്ന് കിണഞ്ഞ് ശ്രമിക്കുന്നതാണ് സത്യത്തില്‍ നമ്മുടെ രാജ്യം നേരിടുന്ന ഗൗരവമായ പ്രശ്‌നം. ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് ഏത് പൗരനും തനിക്ക് ഇഷ്ടമുള്ള മതവിശ്വാസങ്ങള്‍ അനുധാവനം ചെയ്തു ജീവിക്കാനും, ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കാനും താല്പര്യമുള്ള മാംസമോ സസ്യമോ ആഹരിക്കാനും ഉള്ള അവകാശമുണ്ട്. ഓരോ പൗരന്റെയും മൗലികാവകാശങ്ങളില്‍ ഉള്‍പ്പെടുന്നതാണ് അത്.  ഇക്കാരണത്താല്‍ തന്നെ ഒരാള്‍ക്ക് തന്റെ വിശ്വാസത്തിന്റെ ഭാഗമായി പശുവിനെ ആരാധിക്കാനുള്ള സ്വാതന്ത്ര്യം നമ്മുടെ രാജ്യം വകവെച്ചു കൊടുക്കുന്നു. അത് പോലെ തന്നെ പശുവിന്റെ മാംസം ഭക്ഷിക്കാനും ഭക്ഷിക്കാതിരിക്കാനുമുള്ള അവകാശവും ഉണ്ട്.  വ്യക്തിയുടെ ഭരണഘടനാപരമായ മൗലികാവകാശങ്ങളുടെ ധ്വംസനത്തിന് ആര്‍ക്കും അവകാശമില്ല. അത് ശിക്ഷാര്‍ഹമായ ഒരു കുറ്റകൃത്യവുമാണ്. പശുവിനെ ഗോമാതാവായി വിശ്വസിക്കുവാനും, അതിനെ കൊല്ലാതിരിക്കാനും, അതിന്റെ മാംസം ഭക്ഷിക്കാതിരിക്കാനുമുള്ള ഒരു ഹിന്ദുമത വിശ്വാസിയുടെ മതപരവും, ആചാരബന്ധിയുമായ അവകാശത്തെ സംരക്ഷിക്കാന്‍ നമ്മുടെ രാജ്യത്ത് ‘ഗോവധ നിരോധനം’ എന്ന ഒരു നിയമത്തിന്റെ പിന്‍ബലം ആവശ്യമേ ഇല്ല. ഗോവധനിരോധനം എന്ന ഹിന്ദുത്വവാദികളുടെ ബാലിശമായ ആവശ്യത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത് അവരുടെ മൗലികാവകാശത്തിന്റെ സംരക്ഷണമല്ല, മറിച്ച് ഇതര പൗരന്റെ ഭരണഘടനാപരമായ അവകാശത്തിനുമേലുള്ള അകാരണമായ ഒരു കടന്ന് കയറ്റമാണ് എന്നതാണ് വസ്തുത.

പശുവിനെ ആരാധിക്കുന്ന ഹിന്ദുവിന്റെ പശുവിനെ ആരെങ്കിലും കവര്‍ന്നു കൊണ്ടുപോയി കൊല ചെയ്യുന്നുവെങ്കില്‍ അവരെ ശിക്ഷിക്കാന്‍ വേറെ തന്നെ നിരവധി നിയമങ്ങളുണ്ട്. അതിനായി പുതിയൊരു വ്യവസ്ഥയുടെ അനിവാര്യത ആവശ്യമില്ല. രാജ്യനിവാസിയായ ഒരു പൗരന്‍ സ്വന്തം ചെലവിലും, അധ്വാനത്തിലും വളര്‍ത്തുന്ന കന്നുകാലിയെ തനിക്ക് ആവശ്യമുള്ളപ്പോള്‍ അറവ് നടത്താനും, വില്‍ക്കാനും ഉള്ള അവകാശങ്ങള്‍ കൂടി മറ്റുള്ളവര്‍ക്ക് വക വെച്ചു കൊടുക്കേണ്ടതും നിര്‍ബന്ധമാണ്. അവരുടെ വിശ്വാസ പ്രകാരം അനുവദനീയമായ, ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കുന്ന അവരുടെ മൗലികാവകാശത്തിനു മേലാണ് ചിലര്‍ കയ്യേറ്റം ചെയ്യുന്നത് എന്ന് കൂടി നാം ഓര്‍ക്കുക. രാജ്യത്ത് നിഗൂഡമായി വളര്‍ന്നു കൊണ്ടിരിക്കുന്ന ഫാഷിസ്റ്റ് പ്രവണതകള്‍ക്കെതിരെ പ്രതികരിക്കാന്‍ നല്ല രീതിയിലുള്ള ആസൂത്രണങ്ങളാണ് വേണ്ടത്. ഭീതിയുടെയും അസഹിഷ്ണുത യുടെയും അന്തരീക്ഷം നിലനില്‍ക്കുന്ന നമ്മുടെ രാജ്യത്തിന്റെ അവസ്ഥക്ക് തീര്‍ച്ചയായും ഒരു മാറ്റം അനിവാര്യമാണ്. ഇന്ത്യ ഇന്ത്യയല്ലാതാക്കി മാറ്റാന്‍ ശ്രമിക്കുകയും നമ്മുടെ യശസ്സ് നശിപ്പിക്കാനും തുനിയുന്ന ചിദ്രശക്തികള്‍ക്കെതിരെ രാജ്യ സ്‌നേഹികളായ സുമനസ്സുകളുടെ ക്രിയാത്മകമായ പങ്കാളിത്തം ഉണ്ടാക്കാനും രാജ്യ നിവാസികളില്‍ ശക്തമായ ബോധവത്കരണം നടത്താനുമാണ് നാം കൂടുതല്‍ ജാഗ്രത്താകേണ്ടത്.

Related Articles