Current Date

Search
Close this search box.
Search
Close this search box.

പ്രതികരണ ശേഷി നഷ്ടപ്പെടുമ്പോള്‍ സംഭവിക്കുന്നത്

Untitled-1.jpg

മദ്രാസ് മെയിലില്‍ സാധാരണ മുന്‍വശത്തു രണ്ടു ലോക്കല്‍ കമ്പാര്‍ട്‌മെന്റ് കാണും. ഇന്ന് അത് ഒന്ന് മാത്രം. ആ ഒന്നില്‍ രണ്ടു ബോഗിയില്‍ കയറുന്ന ആളുകളെ കുത്തി നിറയ്ക്കണം. ശ്വാസം വിടാന്‍ പോലും സ്ഥലമില്ല. വിഷയം ചര്‍ച്ച ചെയ്തപ്പോള്‍ മനസ്സിലായത് ഇത് ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന പ്രവണതയാണ്.

ഒരാള്‍ ഇങ്ങിനെ പ്രതികരിച്ചു ‘ആര്‍ക്കും ഒരു പരാതിയുമില്ല. എല്ലാം സഹിക്കാന്‍ ജനം പഠിച്ചിരിക്കുന്നു’. ഒരു ജനാധിപത്യ രാജ്യത്തില്‍ കേള്‍ക്കാന്‍ പാടില്ലാത്ത ഒന്നാണ് ആ പ്രതികരണം. പ്രതികരണമാണ് ജനാധിപത്യത്തിന്റെ കാതല്‍. റോഡില്‍ അപകടത്തില്‍ പിടഞ്ഞു മരിക്കുന്നവരെയും കാണാതെ പോകുന്നത് അതുകൊണ്ട് തന്നെ. ജനാധിപത്യം മരിക്കുന്നതിന്റെ ആദ്യ ലക്ഷണം പ്രതികരണ ശേഷി കുറഞ്ഞു വരിക എന്നതാണ്. ഏകാധിപത്യത്തിലും സമഗ്രാധിപത്യത്തിലും പ്രതികരണം പാപമാണ്. പക്ഷ ജനാധിപത്യത്തില്‍ അത് പുണ്യകരവും.

ദേശീയ പാതയുമായി ബന്ധപ്പെട്ട ഒരു യോഗത്തില്‍ അടുത്തിടെ പങ്കെടുത്തിരുന്നു. അപ്പോള്‍ ഒരു സമര സമിതി പ്രവര്‍ത്തകന്‍ ഇനി യോഗത്തില്‍ പങ്കെടുക്കില്ല എന്ന് കേട്ടു. റോഡ് അവരുടെ ഭാഗത്തു നിന്നും മാറി പോയി എന്നതാണ് കാരണം. ചര്‍ച്ചയില്‍ ഒരാള്‍ ചോദിച്ചു ‘എന്നെ ബാധിക്കുന്ന വിഷയത്തില്‍ മാത്രമേ ഞാന്‍ പ്രതികരിക്കാന്‍ പാടുള്ളൂ’ എന്നതാണ് വിഷയം. അത് തന്നെയാണ് ഇന്ന് സമൂഹം നേരിടുന്ന വലിയ വിഷയവും. തെറ്റും ശരിയും എന്നതിനേക്കാള്‍ ആ വിഷയം  എന്നെ എങ്ങിനെ ബാധിക്കുന്നു എന്നതാണ് കാര്യം. സ്വാര്‍ത്ഥതയുടെ പര്യായമായി മാറാന്‍ ജനാധിപത്യത്തിന് കഴിയില്ല. തെറ്റിനെ അവിടെ വെച്ച് തന്നെ പ്രതിരോധിക്കുക എന്നതാണ് അതിന്റെ മുഖമുദ്ര.

ജനാധിപത്യ ധ്വംസനം എന്ന പേരില്‍ ഒരു ദേശീയ പ്രക്ഷോഭത്തിനു സാധ്യതയുണ്ടിപ്പോള്‍. നമ്മുടെ മുഖ്യധാരാ പാര്‍ട്ടികള്‍ ഉറക്കത്തിലാണ്. മോദി സര്‍ക്കാരിന്റെ ജന വിരുദ്ധ നിലപാടുകളെ തെരുവില്‍ ചോദ്യം ചെയ്യാന്‍ പോലും ആരും തയ്യാറായില്ല. അത് കൊണ്ട് തന്നെ തന്റെ വീഴ്ചകളെ നേട്ടങ്ങളാക്കി മാറ്റാന്‍ മോദിക്ക് കഴിയുന്നു. പതുക്കെ പൊതുജനവും പ്രതികരണം കുറഞ്ഞവരായി മാറുന്നു. സര്‍ക്കാരുകള്‍ അങ്ങിനെയാണ് രക്ഷപ്പെട്ടു പോകുന്നത്. ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ കരുത്ത് പ്രതിപക്ഷമാണ്. അതില്ല എന്ന് വന്നാല്‍ അത് പതുക്കെ ഏകാധിപത്യവും പിന്നെ സര്‍വാധിപത്യവുമായി രൂപപ്പെടും.  

പോലീസ്,കോടതികള്‍ എന്നിവ അവിടെയാണ് പലപ്പോഴും ഭരണകൂടത്തിന്റെ മര്‍ദ്ദന ഉപാധികള്‍ ആയി മാറുന്നത്. ജനത്തെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുക എന്നതാണ് ജനാധിപത്യ വിരുദ്ധതയുടെ മറ്റൊരു രീതി. ദേശവിരുദ്ധത, ഭീകരത എന്നിവയില്‍ ഒതുക്കി പ്രതികരിക്കുന്നവരെ മൗനികളാക്കുന്ന ഭരണകൂട രീതി അടുത്തിടെ വര്‍ധിച്ചു വരുന്നു. ജനത്തിന്റെ പ്രതികരണ മനോഭാവം കുറക്കാന്‍ അത്തരം ഭയവും കാരണമാണ്. ഒരു അപകടം പൊലീസിന് വിളിച്ചു പറഞ്ഞാല്‍ അത് പൊല്ലാപ്പാകും എന്ന തിരിച്ചറിവാണ് പലപ്പോഴും ആളുകളെ അകറ്റുന്നതും.

എല്ലാം സഹിച്ചു ജീവിക്കാന്‍ ജനം പഠിച്ചിരിക്കുന്നു. പണ്ട് കൊല്ലത്തില്‍ ഒരിക്കല്‍ എണ്ണ വില കൂടിയാല്‍ നാം അസ്വസ്ഥരായിരുന്നു. ഇന്ന് ദിനേന കൂടിയാലും നമുക്ക് ഒരു സ്വസ്ഥത കുറവുമില്ല. ഒരാള്‍ പരിക്കേറ്റു പണ്ട് ഒരു മിനിറ്റിലധികം റോഡില്‍ കിടക്കില്ല. ഇന്ന് മണിക്കൂറുകള്‍ കിടന്നു രക്തം വാര്‍ന്നു പോയാലും ആരും തിരിഞ്ഞു നോക്കില്ല. നമ്മുടെ സാമൂഹിക ക്രമത്തില്‍ വന്ന ഈ മാറ്റം ഒരു പഠനത്തിന് വിധേയമാകണം. അതിന്റെ കാരണം കണ്ടെത്തി പരിഹാരം കാണണം.

ഇന്ന് എല്ലാം തന്നിലേക്കു ഒതുങ്ങുന്ന കാലമാണ്. തനിക്കു എതിരായാല്‍ അച്ഛനും അമ്മയും മക്കളും ഭാര്യയും ഭര്‍ത്താവും ഒന്നും ഒരു വിഷയമല്ല. അവരെ ഇല്ലായ്മ ചെയ്യാന്‍ ഒരു മാനസിക വിഷമവും അനുഭവപ്പെടാത്ത കാലമാണ്. കുടുംബത്തിലെ ഒറ്റപ്പെടല്‍ സമൂഹത്തെ ബാധിച്ചതോ സമൂഹത്തിന്റെ നിസ്സംഗത കുടുംബത്തെ ബാധിച്ചതോ എന്നതില്‍ നമുക്ക് തര്‍ക്കം കാണും. അവകാശങ്ങള്‍ക്ക് അപ്പുറത്തു കടമയും കൂടി വരുമ്പോള്‍ മാത്രമാണ് കാര്യങ്ങള്‍ ശരിയായ വഴിക്കു പോകുക. എന്തായാലും പ്രതികരണം നഷ്ടമായ ഒരു ജനത ജനാധിപത്യത്തിന് എന്നും ഭാരമാണ്.

 

 

Related Articles