Current Date

Search
Close this search box.
Search
Close this search box.

പാകിസ്ഥാനി കലാകാരന്‍മാര്‍ എന്ത് തെറ്റാണ് ചെയ്തത്?

ban-pak.jpg

കാര്യങ്ങള്‍ പൂര്‍വ്വസ്ഥിതിയിലാവുന്നത് വരേക്കും പാകിസ്ഥാനില്‍ നിന്നുള്ള കലാകാരന്‍മാര്‍, സാങ്കേതികവിദഗ്ദര്‍ എന്നിവരെ ഇന്ത്യന്‍ സിനിമകളില്‍ ഭാഗഭാക്കാകുന്നതില്‍ നിന്നും വിലക്കികൊണ്ടുള്ള ഒരു തീരുമാനം ഇന്ത്യന്‍ മോഷന്‍ പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ (IMPPA) അടുത്തിടെ എടുത്തിരുന്നു. ഉറിയില്‍ സൈനിക ക്യാമ്പിന് നേര്‍ക്കുണ്ടായ ഭീകരാക്രമണമാണ് പ്രസ്തുത വിലക്കിന് അധികൃതര്‍ പറഞ്ഞ ന്യായം. ആക്രമണത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തെ തുടര്‍ന്ന് ജനരോഷമുയര്‍ന്നു, അക്രമണത്തെ അപലപിച്ചുകൊണ്ട് എല്ലാവരും രംഗത്തെത്തി. ഭീകരവാദം ഒരു ഭീഷണിതന്നെയാണ്, അതിനെ നിശിതമായി അപലപിക്കുക തന്നെ വേണം. സൈനികരുടെ നിര്യാണത്തില്‍ രാജ്യമൊന്നടങ്കം അനുശോചനമര്‍പ്പിക്കുന്ന സമയത്താണ്, സന്ദര്‍ഭം മുതലെടുത്ത് രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ തുനിഞ്ഞിറങ്ങാറുള്ള ചില രാഷ്ട്രീയകക്ഷികള്‍ (മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന) പാകിസ്ഥാനി കലാകാരന്‍മാരെ വിലക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മുന്നോട്ട് വന്നത്. ഈ ചതിക്കുഴിയില്‍ ഇന്ത്യ പെട്ടെന്ന് തന്നെ വീണു. പാകിസ്ഥാന്‍ കലാകാരന്‍മാരെ വിലക്കണമെന്നും, വിലക്കരുതെന്നും ആവശ്യപ്പെട്ടു കൊണ്ടുള്ള രണ്ടു ചേരികള്‍ രൂപകൊണ്ടു. പാകിസ്ഥാന്‍ ഇന്ത്യക്ക് നാശനഷ്ടങ്ങള്‍ വരുത്തിവെക്കുന്നത് തുടരുകയാണെന്നും, അതുകൊണ്ടു തന്നെ പാകിസ്ഥാനുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കണമെന്നുമാണ് ഒന്നാമത്തെ കൂട്ടരുടെ വാദം.  ഐ.എസ്.ഐ, പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകരവാദികള്‍ നമ്മുടെ സൈനികരെ കൊന്ന് തള്ളുമ്പോള്‍ അവരുടെ കലാകാരന്‍മാരെ ഇവിടെ വെച്ചുപൊറുപ്പിക്കുന്നത് എന്തിനാണെന്നാണ് അവര്‍ ചോദിക്കുന്നത്. ഈ വാദം യുക്തിസഹമാണെന്ന് തോന്നുമെങ്കിലും, ചിലകാര്യങ്ങള്‍ ചിന്തവിഷയമാക്കിയാല്‍ അത് ശുദ്ധഅന്യായവും, യുക്തിരഹിതവുമാണെന്ന് ബോധ്യപ്പെടും.

ഭീകരവാദം ഉന്മൂലനം ചെയ്യപ്പെടുക തന്നെ വേണം. പക്ഷെ കലാകാരന്‍മാരെ വിലക്കികൊണ്ടുള്ള നടപടികള്‍ ഒന്നിനും ഒരു പരിഹാരമല്ല. രണ്ട് രാജ്യങ്ങല്‍ തമ്മിലുള്ള മതിലുകള്‍ കൂടുതല്‍ ഉയര്‍ത്തുന്നത് ശത്രുത വര്‍ദ്ധിക്കാന്‍ മാത്രമേ ഉപകാരപ്പെടുകയുള്ളു എന്ന് മാത്രമല്ല ഭീകരത അവസാനിക്കുകയുമില്ല. റഷ്യയും അമേരിക്കയും കഠിന ശത്രുക്കളാണ്. 1947 മുതല്‍ 1991 വരെ (യു.എസ്.എസ്.ആര്‍-ന്റെ പതനം വരെ) അവര്‍ അതിശക്തമായ ശീതയുദ്ധത്തിലായിരുന്നു. പക്ഷെ അവര്‍ക്കിടയിലെ ശത്രുതയുടെ പേരില്‍ ഒരിക്കല്‍ പോലും ഹോളിവുഡില്‍ നിന്നും റഷ്യന്‍ ആര്‍ട്ടിസ്റ്റുകള്‍ പുറത്താക്കപ്പെട്ടിരുന്നില്ല. കാരണം ആര്‍ട്ടിസ്റ്റുകളെ വിലക്കുന്നത് പ്രശ്‌നങ്ങള്‍ പരിഹരിക്കില്ലെന്നും, മറിച്ച് അവരെ നിലനിര്‍ത്തുന്നത് മുറിവുകള്‍ ഉണക്കാന്‍ സഹായകരമാണെന്നും അമേരിക്കന്‍ ഫിലിം ഫ്രാറ്റേനിറ്റിക്ക് നന്നായറിയാമായിരുന്നു.

ബുദ്ധിശൂന്യമായ അമിതദേശഭക്തിയാണ് ചില പ്രത്യേക സംഘങ്ങളെ പാകിസ്ഥാനുമായുള്ള എല്ലാവിധ ബന്ധങ്ങളും വിച്ഛേദിക്കാനുള്ള ആഹ്വാനങ്ങള്‍ പുറപ്പെടുവിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഉറി ഭീകരാക്രമണത്തിന് ശേഷമുള്ള സവിശേഷ സന്ദര്‍ഭത്തില്‍ നിന്നും വിളകൊയ്യുകയാണ് മദോന്മത്തരായ ഈ വെറുപ്പുല്‍പ്പാദകരുടെ ആവശ്യം. നിങ്ങള്‍ വിലക്കിനെ അനുകൂലിക്കുന്നുവെങ്കില്‍ നിങ്ങളൊരു യഥാര്‍ത്ഥ ദേശസ്‌നേഹിയാണ്, അതല്ല, നിങ്ങള്‍ വിലക്കിനെ അനുകൂലിക്കുന്നില്ലെങ്കില്‍, നിങ്ങളൊരു ദേശവിരുദ്ധന്‍ മാത്രമല്ല, മറിച്ച് ഇന്ത്യന്‍ സൈന്യത്തോട് അനാദരവ് കാട്ടിയ ഒരു ഒറ്റുകാരന്‍ കൂടിയായി നിങ്ങള്‍ മാറും എന്ന അത്യന്തം വിഷലിപ്തമായ ഒരു ആഖ്യാനം അവര്‍ സൃഷ്ടിച്ചെടുത്തു. കൊലപാതകങ്ങളുടെ അപലപനവുമായി ഈ വിലക്കിന് യാതൊരു ബന്ധവുമില്ല. അങ്ങനെ വല്ല ബന്ധവുമുണ്ടായിരുന്നെങ്കില്‍ 14 വയസ്സുകാരി ഇന്‍ഷ പെല്ലറ്റുകള്‍ തുളച്ച് കയറി അന്ധയായി മാറിയപ്പോഴും, 80 സിവിലിയന്‍മാര്‍ കാശ്മീരില്‍ കൊല്ലപ്പെട്ടപ്പോഴും ഈ തീവ്രദേശീയവാദികള്‍ എന്തുകൊണ്ടാണ് പ്രതിഷേധിച്ചു കൊണ്ട് മുന്നോട്ട് വരാതിരുന്നത്. പാകിസ്ഥാനി കലാകാരന്‍മാരെ വിലക്കണമെന്ന അവരുടെ ആവശ്യത്തിന് പിന്നിലെ യഥാര്‍ത്ഥകാരണം അവരുടെ മനസ്സില്‍ അടിഞ്ഞുകൂടിയ വെറുപ്പ് തന്നെയാണ്. അല്ലാതെ ഇന്ത്യന്‍ ജനതയുടെ ക്ഷേമത്തെ കുറിച്ച് അവര്‍ക്ക് യാതൊരു ആശങ്കയുമില്ലെന്നതാണ് വാസ്തവം. ഇനി അങ്ങനെ ഉണ്ടെങ്കില്‍ പിന്നെ എന്തുകൊണ്ടാണ് ഒരു ദലിത് സ്ത്രീ പട്ടാപകല്‍ പൊതുജനമധ്യത്തില്‍ വെച്ച് വിവസ്ത്രയാക്കപ്പെടുമ്പോള്‍ ഈ ദേശസ്‌നേഹികളുടെ പൗരസ്‌നേഹം ഉണരാത്തത്?

രാമചന്ദ്ര ഗുഹ പറഞ്ഞത് പോലെ, ഇന്ത്യന്‍ സമൂഹം ‘ഭ്രാന്ത ദേശീയതയുടെയും, അരക്ഷിതാവസ്ഥയുടെയും’ തടങ്കലിലാണ്. പാകിസ്ഥാനെതിരെയുള്ള വെറുപ്പ് ജനമനസ്സില്‍ മായാതെ നിലനിര്‍ത്തുകയാണ് അവരുടെ ലക്ഷ്യം, കാരണം അത് മുഖേന ദാരിദ്ര്യം, തൊഴിലില്ലായ്മ, കാശ്മീര്‍ പ്രശ്‌നം, ദലിതുകളുടെയും, ഗോത്രവര്‍ഗക്കാരുടെയും കൊലപാതകം, ലിംഗ അസമത്വം തുടങ്ങിയ ഒരുപാട് യഥാര്‍ത്ഥ പ്രശ്‌നങ്ങളെ മറച്ചുവെക്കാന്‍ സാധിക്കും. ആര്‍ക്കും എളുപ്പം കുതിരകയറാന്‍ കഴിയുന്നവരാണ് കലാകാരന്‍മാര്‍. അവര്‍ക്കെതിരെയുള്ള ശബ്ദങ്ങളെ തടുക്കാനുള്ള രാഷ്ട്രീയ-സാമ്പത്തിക ശക്തി അവര്‍ക്ക് പലപ്പോഴും ഉണ്ടാവാറില്ല. പാകിസ്ഥാനുമായുള്ള വ്യാപാര ബന്ധം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആരും സംസാരിച്ചു കാണുന്നില്ല. കാരണം അത് നമ്മുടെ അതിശക്തരായ മുതലാളി വര്‍ഗത്തെ പ്രതികൂലമായി ബാധിക്കും. മുതലാളി വര്‍ഗത്തെ പിണക്കാന്‍ സര്‍ക്കാറിന് കഴിയില്ല.

ഇന്ത്യക്കും പാകിസ്ഥാനുമിടയിലുള്ള ശത്രുതക്കും, വെറുപ്പിനുമിടയില്‍, സിനിമയായിരുന്നു ഈ രണ്ട് രാജ്യങ്ങളെയും തമ്മില്‍ പരസ്പരം ബന്ധിപ്പിച്ചിരുന്നത്. ഇന്ത്യയുടെയും പാകിസ്ഥാന്റെയും സമിശ്ര കലാസംസ്‌കാരം രണ്ട് രാജ്യങ്ങളെയും പരസ്പരം നിര്‍വചിക്കുന്നതാണ്. ഷാറൂഖ് ഖാനെ അതിയായി ഇഷ്ടപ്പെടുന്നവര്‍ പാകിസ്ഥാനിലുണ്ടെന്നത് പോലെ തന്നെ, ഫവാദ് ഖാനെ ഇഷ്ടപ്പെടുന്ന ഇന്ത്യക്കാര്‍ അനവധിയാണ്. പാകിസ്ഥാനി കലാകാരന്‍മാരെ വിലക്കുന്നതിലൂടെ, ഇന്ന് ഈ രണ്ട് രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ആ ഏക ഘടകത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. പരസ്പരം വെറുപ്പിന്റെ വിഷം ചീറ്റുന്നതിലൂടെ ആരെങ്കിലും വിജയിക്കുന്നുണ്ടെങ്കില്‍ അത് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന മാത്രമാണ്. വെറുപ്പിന് ആധിപത്യമനുവദിച്ചു കൊടുക്കാന്‍ ഇന്ത്യന്‍ ജനതക്ക് കഴിയില്ല. കലാകാരന്‍മാരെ വിലക്കുന്നതിന് പകരം, ഭീകരപ്രവര്‍ത്തനം ഇല്ലാതാക്കാനുള്ള മറ്റു കര്‍ശന നടപടികള്‍ കൈകൊള്ളല്‍, നയതന്ത്ര നീക്കങ്ങള്‍, ജനങ്ങളുമായുള്ള നേരിട്ടുള്ള ആശയവിനിമയം, സാംസ്‌കാരിക ബന്ധങ്ങളുടെ പുനരുജ്ജീവനം, സാമ്പത്തിക ബന്ധങ്ങള്‍ സുശക്തമാക്കല്‍ തുടങ്ങിയ കാര്യങ്ങളാണ് സര്‍ക്കാര്‍ നടപ്പില്‍ വരുത്തേണ്ടത്. വെറുപ്പുല്‍പ്പാദിപ്പിച്ച് കൊണ്ടാണ് ഭീകരവാദികള്‍ വളരുന്നത്; സ്‌നേഹവും പരസ്പരബന്ധവും അവരെ പരാജയപ്പെടുത്തും. കലാകാരന്‍മാരെ വിലക്കുന്നതിലൂടെ ഇന്ത്യയിലെയും പാകിസ്ഥാനിലെയും സാധാരണ ജനങ്ങള്‍ തമ്മിലുള്ള ബന്ധത്തെ തകര്‍ക്കാനാണ് ഇന്ത്യന്‍ ശ്രമിക്കുന്നത്, അതിലൂടെ ഭീകരവാദികളുടെ ജയം ഉറപ്പുവരുത്താനും.

വിവ:  ഇര്‍ഷാദ് ശരീഅത്തി
അവ:  countercurrents.org

Related Articles