Current Date

Search
Close this search box.
Search
Close this search box.

പരിഷ്‌കരണം ഇസ്‌ലാമിന് ആവശ്യമില്ലാത്തത് എന്തുകൊണ്ട്?

martin-luther.jpg

1400 വര്‍ഷങ്ങളുടെ ചരിത്രപാരമ്പര്യമുള്ള ഇസ്‌ലാമിനെ പരിഷ്‌കരിക്കണമെന്ന പറഞ്ഞുപഴകിയ വാദം ഈയടുത്ത മാസങ്ങളിലായി ഏറെ ശക്തമായിട്ടുണ്ട്. മുസ്‌ലിം പരിഷ്‌കാരം നമ്മുടെ ആവശ്യമാണെന്ന് ന്യസ് വീക്. അകത്തുനിന്നു തന്നെയുള്ള ഒരു പരിഷ്‌കാരമാണ് ഇസ്‌ലാമിനാവശ്യമെന്ന് ഹഫിങ്ടണ്‍ പോസ്റ്റ്. പാരീസ് കൂട്ടക്കൊലയെത്തുടര്‍ന്ന് അബ്ദുല്‍ ഫത്താഹ് സീസി മുസ്‌ലിം ലോകത്തിന്റെ മാര്‍ട്ടിന്‍ ലൂതറായി അവതരിച്ചേക്കാമെന്ന പാശ്ചാത്യസ്വപ്‌നങ്ങളെ ഫിനാന്‍ഷ്യല്‍ ടൈംസും താലോലിക്കാന്‍ തുടങ്ങി. (എന്നാല്‍ അത് സംഭവ്യമല്ലെന്നാണ് കരുതേണ്ടത്. സമാധാനപരമായി പ്രതിഷേധിച്ചവരെ കൂട്ടക്കൊല ചെയ്യാന്‍ മുന്‍കൂര്‍ അനുമതി കൊടുത്തത് മാനവികതക്കെതിരായ കുറ്റമായിട്ടാണ് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് വിലയിരുത്തിയത്)

പിന്നെയുള്ളത് അയാന്‍ ഹിര്‍സി അലിയാണ്. അവിശ്വാസി: എന്തുകൊണ്ട് ഇസ്‌ലാം പരിഷ്‌കരിക്കണം എന്നാണ് സോമാലിയയില്‍ ജനിച്ച, യുക്തിവാദിയും പൂര്‍വ്വ മുസ്‌ലിമുമായ എഴുത്തുകാരിയുടെ പുതിയ പുസ്തകം. ടിവി സ്റ്റുഡിയോകളിലും പത്രത്താളുകളിലും നിറഞ്ഞുനില്‍ക്കുന്ന അവര്‍ ഉദാര, പരമ്പരാഗത മുസ്‌ലികളോട് ആവശ്യപ്പെടുന്നത് മുസ്‌ലിം ലൂതറിന് പിന്നില്‍ അണിനിരക്കുമ്പോള്‍ നിങ്ങളുടെ അടിസ്ഥാന മതവിശ്വാസങ്ങളെ കൈയ്യൊഴിക്കണമെന്നാണ്. എന്നാല്‍, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് നൊബേല്‍ സമ്മാനം നല്‍കണമെന്നും മുസ്‌ലിം മതവിശ്വാസത്തെ വിനാശകാരിയായും മാരകമായും നിഷ്‌കാസനം ചെയ്യപ്പെടേണ്ടതായും അവതരിപ്പിച്ച എഴുത്തുകാരിയുടെ ആഹ്വാനം മുസ്‌ലിം ജനസാമാന്യം ചെവി കൊള്ളുമോ എന്നത് മറ്റൊരു കാര്യം.

ഇത്തരമൊരു ആഖ്യാനം പുതുതല്ല. പ്രശസ്ത യുഎസ് കോളമിസ്റ്റ് തോമസ് ഫ്രീഡ്മാന്‍ 2002ല്‍ ഈ ആവശ്യം മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ ഈ പരിഷ്‌കരണ വാദം 20 നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ക്കേ ശക്തമാണെന്നാണ് ചാള്‍സ് കഴ്‌സറിനെയും മൈക്കല്‍ ബ്രവേഴ്‌സിനെയും പോലുള്ള അകാദമിക്കുകള്‍ പറയുന്നത്.

ഹിംസാത്മക തീവ്രവാദത്തിനെതിരായ യുദ്ധം ജയിക്കണമെന്നും ഇസ്‌ലാമിന്റെ ആത്മാവിനെ രക്ഷിക്കണമെന്നുമാഗ്രഹിക്കുന്ന ഏതൊരാളും അനുകൂലിക്കുന്ന കാര്യമാണിത്. എന്നാല്‍ രാജഭരണം വാഴുന്ന മിഡില്‍ ഈസ്റ്റിലെ പരിഷ്‌കാരത്തെ കുറിച്ച് ഇവര്‍ക്ക് യാതൊന്നും പറയാനില്ല. നവോത്ഥാനത്തെ തുടര്‍ന്ന് മതേതരത്വം, സ്വാതന്ത്ര്യം, ജനാധിപത്യം എന്നീ മൂല്യങ്ങളാല്‍ ക്രിസ്തുമതം പരിഷ്‌കരിക്കപ്പെട്ടു, എന്നാലെന്തുകൊണ്ട് ഇസ്‌ലാം പരിഷ്‌കരിക്കപ്പെട്ടു കൂടാ, എന്നൊക്കെയാണ് ഇവരുടെ വാദങ്ങള്‍. തീര്‍ച്ചയായും പടിഞ്ഞാറ് അതിനെ സഹായിക്കുകയും വേണമല്ലോ.

എന്നാല്‍ ക്രിസ്തുമതം പരിഷ്‌കരിച്ചത് പോലെ ഇസ്‌ലാമിനെ പരിഷ്‌കരിക്കുക സാധ്യമല്ലെന്നതാണ് സത്യം. മുസ്‌ലിം ലൂതര്‍ എന്നൊരാശയം തന്നെയെടുക്കുക. 1517ല്‍ വിറ്റന്‍ബര്‍ഗിലെ കാസ്റ്റ്ല്‍ ചര്‍ച്ചിന്റെ വാതിലില്‍ തന്റെ 95 പ്രമേയങ്ങള്‍ ചാര്‍ത്തിവെക്കുക മാത്രമല്ല മാര്‍ട്ടിന്‍ ലൂതര്‍ ചെയ്തത്. ഫ്യൂഡല്‍ ഭൂപ്രഭുക്കള്‍ക്കെതിരെ കലാപം നടത്തിയ കൃഷീവലന്മാരെ ഭ്രാന്തന്‍ നായ്ക്കളെന്ന് വിളിച്ച് അവരെ കൂട്ടക്കൊല ചെയ്യണമെന്ന് ആഹ്വാനം നടത്തുകയും ചെയ്തു. On the Jews and Their Lies എന്ന 1543ല്‍ എഴുതിയ പുസ്തകത്തില്‍ ജൂതന്മാരെ ചെകുത്താന്റെ ആളുകള്‍ എന്ന് വിളിക്കുകയും അവരുടെ വീടുകളും സിനഗോഗുകളും നശിപ്പിച്ചു കളയണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. സെമറ്റിക് വിരുദ്ധത ജര്‍മന്‍ സംസ്‌കാരത്തിന്റെയും ദേശീയതയുടെയും മുഖ്യഘടകമാണെന്ന് സ്ഥാപിക്കുന്നതില്‍ ലൂതര്‍ പ്രധാന പങ്ക് വഹിച്ചെന്ന് അമേരിക്കന്‍ സോഷ്യോളജിസ്റ്റും ഹോളോകാസ്റ്റ് വിദഗ്ദനുമായ റൊണാള്‍ഡ് ബര്‍ഗര്‍ നിരീക്ഷിക്കുന്നു. 2015 ലെ മുസ്‌ലിംകളെ പരിഷ്‌കരിക്കാന്‍ ചൂണ്ടിക്കാണിക്കാനുള്ള പോസ്റ്റര്‍ ബോയ് പോലുമല്ല ലൂതര്‍ എന്ന് ചുരുക്കം.

അഭൂതപൂര്‍വ്വമായ, ഭൂഖണ്ഡവ്യാപകമായ രക്തചൊരിച്ചിലിനാണ് പ്രൊട്ടസ്റ്റന്റ് പരിഷ്‌കാരങ്ങള്‍ ഇടയാക്കിയത്. മതത്തെ ചൊല്ലിയുള്ള ഫ്രഞ്ച് യുദ്ധം നമ്മള്‍ മറന്നോ? ഇംഗ്ലീഷ് സിവില്‍ യുദ്ധം? നിഷ്‌കളങ്കരായ ദശലക്ഷങ്ങളാണ് യൂറോപ്പില്‍ കൊല്ലപ്പെട്ടത്. പ്രസിദ്ധമായ 30 വര്‍ഷങ്ങളുടെ യുദ്ധത്തില്‍ ജര്‍മന്‍ ജനസംഖ്യയുടെ 40 ശതമാനം തന്നെ ഇല്ലാതെയായി. വിഭാഗീയ പ്രശ്‌നങ്ങളാലും വൈദേശിക ഇടപെടലുകളാലും ഇപ്പോള്‍ തന്നെ പൊറുതിയില്ലാത്ത മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ പരിഷ്‌കരണത്തിന്റെയും പുരോഗതിയുടെയും ഉദാരവത്കരണത്തിന്റെയും പേരില്‍ ഇതാണോ നടക്കേണ്ടത്?

ക്രിസ്ത്യന്‍ മതമല്ല ഇസ്‌ലാം. രണ്ട് വിശ്വാസങ്ങള്‍ സമാനങ്ങളല്ല. രേഖീയവും യൂറോ കേന്ദ്രീകൃതവുമായ മറിച്ചുള്ള താരതമ്യങ്ങള്‍ ഏഷ്യയിലെയും ആഫ്രിക്കയിലെയും മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ ബഹുസ്വര വിഭാഗങ്ങളെ കുറിച്ച് നടത്തുന്നത് നന്നേ കുറഞ്ഞത് വിവരമില്ലായ്മയാണ്; മേല്‍കോയ്മ സ്ഥാപനമല്ലെങ്കില്‍. ഇരു മതങ്ങള്‍ക്കും അതിന്റേതായ പാരമ്പര്യങ്ങളും പാഠങ്ങളുമുണ്ട്. വ്യത്യസ്തമായ രീതിയില്‍ ഇരുമതങ്ങളുടെയും അനുയായികള്‍ പലതരത്തിലുള്ള രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ പ്രക്രിയകളുടെ ഭാഗമായി തീര്‍ന്നിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ഇസ്‌ലാമിന്റെയും ക്രിസ്ത്യാനിറ്റിയുടെ ദൈവശാസ്ത്രങ്ങള്‍ രണ്ട് ധ്രുവങ്ങളിലാണ് കിടക്കുന്നത്. ഉദാഹരണമായി, ഇസ്‌ലാമില്‍ ഇന്നേവരെ ചോദ്യം ചെയ്യപ്പെടാനാകാത്ത, പോപ് പോലെയൊരു പുരോഹിത സ്ഥാപനമുണ്ടായിട്ടില്ല. അപ്പോള്‍ ഇസ്‌ലാമിക പരിഷ്‌കാരത്തിന്റെ എതിര്‍ദിശയില്‍ നില്‍ക്കുന്നത് ആരെയാണ്. ആരുടെ വാതിലിലാണ് 95 ഫത്‌വകള്‍ ചാര്‍ത്തുക?

എന്നാല്‍ ഇസ്‌ലാമിന് അതിന്റേതായ പരിഷ്‌കരണോപാധികളുണ്ടെന്നതാണ് സത്യം. എന്നാല്‍ സാംസ്‌കാരികമായ വൈവിധ്യങ്ങളെയും ചേരുവകളെയും റദ്ദ് ചെയ്യുന്ന അത്തരമൊരു പരിഷ്‌കാരം സൃഷ്ടിച്ചത് ബഹുസ്വരവും, അനേകം വിശ്വാസങ്ങള്‍ ഒരു പോലെ വാഴുന്നതുമായ സ്വപ്‌നസുന്ദര വ്യവസ്ഥയല്ല, സൗദി അറേബ്യയെന്ന രാജഭരണകൂടത്തെയാണ്.

സൗദ് കുടുംബവുമായി അടുപ്പം പുലര്‍ത്തിയിരുന്ന 18ാം നൂറ്റാണ്ടിലെ ഒരു മതപണ്ഡിതനായിരുന്ന മുഹമ്മദ് ഇബ്‌നു അബ്ദുല്‍ വഹാബ് ഹിജാസിലെ ജനങ്ങള്‍ക്ക് നല്‍കിയ പരിഷ്‌കരണമെന്തായിരുന്നു? കൂട്ടിച്ചേര്‍ക്കലുകളെന്ന് മുദ്രകുത്തി, നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മുഖ്യധാരാ വിജ്ഞാനീയങ്ങളെ തിരസ്‌കരിച്ച് പരമ്പരാഗത പണ്ഡിതന്മാരുടെ ആധിപത്യത്തെ തകര്‍ത്തെറിഞ്ഞ് ഒരു പുതിയ പരിശുദ്ധ ഇസ്‌ലാമിനെയായിരുന്നു അദ്ദേഹം വിഭാവന ചെയ്തത്.

മാര്‍ട്ടിന്‍ ലൂതറിന്റെ ശുദ്ധീകരണവാദവും ജൂതര്‍ക്ക് നേരെയുള്ള അസഹിഷ്ണുതയെയും കണക്കിലെക്കുമ്പോള്‍ മുസ്‌ലിം ലൂതര്‍ എന്ന പട്ടത്തിന് ആര്‍ക്കെങ്കിലും അര്‍ഹതയുണ്ടെങ്കില്‍ അത് ഇബ്‌നു അബ്ദുല്‍ വഹാബിനാണെന്ന് ചിലരെങ്കിലും വാദിച്ചേക്കാം. മുസ്‌ലിം ദൈവശാസ്ത്രത്തെ സംബന്ധിച്ച വിവാദപരമായ നിലപാടുകള്‍ അദ്ദേഹത്തിന്റെ കാലത്തുണ്ടായിരുന്ന ഇസ്‌ലാമിനെ സാമാന്യം തിരസ്‌കരിക്കുന്നതായിരുന്നു. സ്വന്തം കുടംബം പോലും അദ്ദേഹത്തെ മതദ്രോഹി എന്ന് മുദ്രകുത്തി പുറത്താക്കുന്നതിലേക്ക് കാര്യങ്ങള്‍ ചെന്നെത്തി.

തെറ്റിദ്ധരിക്കരുത്, പ്രതിസന്ധികളില്‍ ഉഴലുന്ന മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ രാഷ്ട്രീയപരവും, സാമൂഹികവും സാമ്പത്തികവുമായ തീര്‍ച്ചയായും മതപരവുമായ പരിഷ്‌കരണങ്ങള്‍ എല്ലാനിലക്കും ആവശ്യമാണ്. ബഹുസ്വരതയും, സഹിഷ്ണുതയും, പരസ്പര ബഹുമാനവും ഉള്‍ച്ചേര്‍ന്ന സമ്പന്നമായ തങ്ങളുടെ തന്നെ പാരമ്പര്യം മുസ്‌ലിങ്ങള്‍ വീണ്ടെടുക്കണം. സെന്റ് കാതറിന്‍ മഠത്തിലെ ക്രിസ്ത്യന്‍ പുരോഹിതന്മാര്‍ക്ക് പ്രവാചകന്‍ മുഹമ്മദ് അയച്ച കത്തുകളും മധ്യകാല സ്‌പെയിനിലെ സഹവര്‍ത്തിത്വവും ഉദാഹരണമായി ഓര്‍ക്കുക.

എന്നാല്‍ മുസ്‌ലിങ്ങളല്ലാത്തവരും പൂര്‍വമുസ്‌ലിങ്ങളും നിരന്തരം ആവര്‍ത്തിക്കുന്ന ആഹ്വാനങ്ങളാണ് അവര്‍ക്ക് അനാവശ്യമായിട്ടുള്ളത്. തീര്‍ത്തും ഉപരിപ്ലവും, ലളിതവും, ചരിത്രപരമായി സന്നിഹിതമല്ലാത്തതും, ശരിയായി പറഞ്ഞാല്‍ ചരിത്രവിരുദ്ധമായ വാദങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്. അത്തരമാളുകള്‍ക്ക് അതിനേക്കാള്‍ എളുപമായിട്ടുള്ളത് ഹിംസാത്മകമായ തീവ്രവാദത്തെ കുറിച്ചുള്ള ചര്‍ച്ചകളെ അത്തരം പ്രവണതകളുടെ ചരിത്രപരമായ കാരണങ്ങളിലേക്കും മറ്റും ചൂഴ്ന്നിറങ്ങുന്നതിന് പകരം ഏതാനും ക്ലീഷെ പദങ്ങളിലേക്കും മുദ്രാവാക്യങ്ങളിലേക്കും എല്ലാം ചുരുക്കുന്നതായിരിക്കും എളുപ്പം. മുഖ്യധാരാ മുസ്‌ലിം പണ്ഡിതന്മാരെയും അകാദമിക്കുകളെയും, ആക്ടിവിസ്റ്റുകളെയും അവഗണിച്ചുകൊണ്ട് ചില ആന്ധ്യം ബാധിച്ച പണ്ഡിതന്മാരുടെ ചെലവില്‍ നടത്തുന്ന അത്തരം ചര്‍ച്ചകള്‍ വിജയിപ്പിക്കാന്‍ അതായിരിക്കും എളുപ്പമാര്‍ഗം.

ന്യൂയോര്‍ക് ടൈംസ് മുതല്‍ ഫോക്‌സ് ന്യസ് വരെയുള്ള അമേരിക്കന്‍ മാധ്യമങ്ങളുടെ നിരന്തരമായ ലാളനകളും അനുമോദനങ്ങളുമാണ് അയാന്‍ ഹിര്‍സി അലി നേടിക്കൊണ്ടിരിക്കുന്നത്. ‘നമ്മുടെ കാലത്തെ ഹീറോ’ എന്നാണ് അവരെ കുറിച്ച് പൊളിറ്റികൊ എന്ന പ്രസിദ്ധീകരണം തലക്കെട്ട് നല്‍കിയത്. എന്നാല്‍ ഡെയ്‌ലി ഷോയിലെ കൊമേഡിയന്‍ ജോണ്‍ സ്റ്റിയുവാര്‍ട്ട് മാത്രമാണ് അയാന്‍ ഹിര്‍സി അലിയുടെ ഹീറോ, മാര്‍ട്ടിന്‍ ലൂതര്‍, പ്രചരിപ്പിച്ച ശുദ്ധ ക്രിസ്തുമതവാദം സൃഷ്ടിച്ച നൂറ്റാണ്ട് നീണ്ടുനിന്ന അക്രമങ്ങളുടെയും അരക്ഷിതാവസ്ഥയുടെയും ചരിത്രം ചൂണ്ടിക്കാണിച്ചത്.

ലൂതര്‍ ക്ഷമിക്കുക, ഇന്ന് ആരെങ്കിലും അത്തരമൊരു ശുദ്ധീകരണവാദമുന്നയിക്കുന്നുണ്ടെങ്കില്‍ അത് ചെയ്യാനാവുന്നത് ഐസിസ് നേതാവ് അബുബക്ര്‍ അല്‍ ബഗ്ദാദിക്കാണ്. ശുദ്ധ ഇസ്‌ലാമിന്റെ പേരില്‍ ബലാത്സംഗങ്ങള്‍ക്കും നശീകരണങ്ങള്‍ക്കും ആഹ്വാനം ചെയ്യുന്ന അദ്ദേഹവും ജൂതന്മാരെ അങ്ങേയറ്റം വെറുക്കുന്നു. ആത്മാര്‍ത്ഥയില്ലാതെ, ഉപരിപ്ലവമായ ശുദ്ധീകരണവാദങ്ങള്‍ക്ക് വേണ്ടി മുറവിളി കൂട്ടുന്നവര്‍ക്ക്, അവരെന്തിനാണ് മുറവിളി കൂട്ടുന്നതെന്ന് ആലോചനയുണ്ടാവട്ടെ.

മൊഴിമാറ്റം: മുഹമ്മദ് അനീസ്‌

Related Articles