Current Date

Search
Close this search box.
Search
Close this search box.

ന്യൂസ് റൂമുകളും കാശ്മീര്‍ തെരുവുകളും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍

kashmir-secur.jpg

ജൂലൈ 13-ന് ഉച്ചതിരിഞ്ഞ നേരം. എന്റെ ഒരു വയസ്സായ കുഞ്ഞ് ഉറങ്ങാന്‍ കഴിയാതെ പ്രയാസപ്പെട്ടു. കാരണം കര്‍ഫ്യൂ നിലനില്‍ക്കുന്ന തെരുവില്‍ നിന്നും ആസാദി മുദ്രാവാക്യങ്ങളുടെയും, കണ്ണീര്‍ വാതക സ്‌ഫോടനങ്ങളുടെയും ശബ്ദം അന്തരീക്ഷത്തില്‍ ഉച്ചത്തില്‍ മുഴങ്ങുന്നുണ്ടായിരുന്നു. ഒരു സംഘര്‍ഷ മേഖലയില്‍, വയലന്‍സിനെ പരിചയപ്പെടുത്തുന്നത് ഒരു കുഞ്ഞിന്റെ മാമോദീസയുടെ ഒരു ഭാഗമാണ്. എന്റെ കുഞ്ഞ് ഒരു കാശ്മീരിയായി അടയാളപ്പെടുത്തപ്പെടുന്നതിന്റെ നിമിഷത്തിനാണ് ഞാന്‍ സാക്ഷിയായത്. ചേലാകര്‍മ്മം ചെയ്യപ്പെടുന്നതിനും, ഔദ്യോഗികമായി മുസ്‌ലിം ആയിമാറുന്നതിനും മുമ്പ് അവന്റെ ശുദ്ധ മനസ്സ് ചരിത്രത്താല്‍ സ്വാധീനിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഇസ്‌ലാമിനും വളരെ മുമ്പ് തന്നെ കാശ്മീര്‍ എന്ന ബോധം അവന്റെ മനസ്സില്‍ വന്ന് മുട്ടികഴിഞ്ഞു. മൂന്ന് ദശാബ്ദങ്ങള്‍ക്ക് മുമ്പ്, ഞാനും ഇതേ സാഹചര്യങ്ങളിലൂടെ കടന്ന് പോവുകയുണ്ടായി. താഴ്‌വരയില്‍ മോര്‍ട്ടാര്‍ ഷെല്ലുകള്‍ പൊട്ടിത്തെറിച്ച് പ്രകമ്പനം സൃഷ്ടിക്കുമ്പോള്‍ എന്റെ പിതാവ് എന്നെ ഉറക്കുന്നുണ്ടാവും. താഴ്‌വരയുടെ ഭൂതവും വര്‍ത്തമാനവും സംഗമിക്കുന്ന ഒരു രക്തപങ്കിലഭൂമിയായി ആ ഉച്ചനേരം മാറിയെന്നതാണ് ഏറെ ആശ്ചര്യകരം- അന്നായിരുന്നു 85-ാം രക്തസാക്ഷി ദിനം. പക്ഷെ അസ്വാഭാവികമായ മറ്റൊന്നാണ് ഇത്തവണ തെരുവ് പ്രക്ഷുബ്ദമാകാന്‍ കാരണമായി ഭവിച്ചത്- ജൂലൈ 8-ന് കൊകര്‍നാഗില്‍ നിന്നുള്ള യുവ മിലിറ്റന്റ് കമ്മാണ്ടറുടെ മരണമാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ തുടക്കമിട്ടത്.

അതേ സമയത്ത് തന്നെ, ഒരു അജ്ഞാത ഫോണ്‍ കോള്‍ എനിക്ക് വന്നു. നിലവിലെ സംഘര്‍ഷത്തെ കുറിച്ച് കഴിഞ്ഞ രണ്ട് ദിവസമായി സീ ന്യൂസ് ചാനല്‍ മാരത്തണ്‍ ചര്‍ച്ച നടത്തുന്നുണ്ടെന്നും, എന്റെ ഫോട്ടോകളും വീഡിയോകളും കാശ്മീരില്‍ നിന്നുള്ള യുവ മിലിറ്റന്റുകളുടെ ജീവനോടെയുള്ളതും മരിച്ചതുമായ ഫോട്ടോകളുടെ കൂടെ കാണിക്കുന്നുണ്ടെന്നും ഒരു മുന്നറിയിപ്പ് സ്വരത്തില്‍ അയാള്‍ എന്നോട് പറഞ്ഞു. ഒരു റോള്‍ മോഡല്‍ എന്ന നിലക്കായിരുന്നത്രെ എന്നെ കാണിച്ചിരുന്നത്.

ഇത് എന്നെ മാനസികമായി വളരെയധികം ഉലച്ചുകളഞ്ഞു. തികഞ്ഞ നിസ്സഹായാവസ്ഥ മാത്രമല്ല, എന്റെ ജീവിതത്തിന് നേര്‍ക്കുള്ള സുരക്ഷാഭീഷണിയും എന്നെ അസ്വസ്ഥനാക്കി. 50000 രൂപ മാസവരുമാനവും, 50 ലക്ഷത്തിന്റെ ഗാര്‍ഹിക വായ്പയും ഉള്ള ഞാന്‍, തീര്‍ച്ചയായും ജീവിതവിജയം നേടിയ ഒരു കാശ്മീരി യുവാവിന്റെ മികച്ച മാതൃകയല്ല. ഞാനാകെ ആശയകുഴപ്പത്തിലായി.

ശവസംസ്‌കാര ചടങ്ങില്‍ ഒത്തുകൂടുന്ന ആള്‍ക്കൂട്ടത്തിന്റെ വലുപ്പം നോക്കിയാണ് ഇവിടെ ഒരാളുടെ മഹത്വം അളക്കുന്നത്. 50000 രൂപക്ക് വേണ്ടിയും, ആളുകള്‍ പങ്കെടുക്കാതെയുള്ള മരണം ആരാണ് ആഗ്രഹിക്കുക. എന്റെ ആശങ്കകള്‍ തികച്ചും ശരിയായിരുന്നു: തൊട്ടുടന്നെ തന്നെ, ഞങ്ങളുടെ കോളനിക്ക് പുറത്ത് ഒരു വലിയ ജനകൂട്ടം ഒത്തുകൂടിയിട്ടുണ്ടെന്നും, കൊല്ലപ്പെട്ട മിലിറ്റന്റുകളുടെ മൃതദേഹം ഇന്ത്യന്‍ മണ്ണില്‍ മറമാടുന്നതിന് പകരം ചവറ്റുകൂനയിലിട്ട് കത്തിക്കുകയാണ് വേണ്ടത് എന്ന സീ ന്യൂസ് അവതാരകന്റെ പ്രസ്താവനക്കെതിരെ പ്രതിഷേധ റാലി നടക്കുന്നുണ്ടെന്നും ഞാന്‍ അറിഞ്ഞു; ന്യൂസ് സ്റ്റുഡിയോയും തെരുവും തമ്മില്‍ പരസ്പരം ഏറ്റുമുട്ടി.

അടുത്ത ദിവസം, വേഷപ്രച്ഛന്നനായി, ഒരു കുര്‍ത്ത-പൈജാമയും, കൃഷിക്കാരന്റെ തൊപ്പിയും അണിഞ്ഞാണ് ഞാന്‍ ഓഫിസിലേക്ക് പോയത്. ഒരു കള്ളനെ പോലെ ഞാന്‍ ചെക്‌പോയിന്റുകള്‍ ചാടികടന്നു, പ്രതിഷേധാഗ്നി മനസ്സില്‍ ജ്വലിച്ച് നില്‍ക്കുന്ന യുവാക്കള്‍ എന്നെയെങ്ങാനും തിരിച്ചറിഞ്ഞാല്‍ അത് എന്നെ കുഴപ്പത്തിലാക്കുമെന്ന ബോധ്യം എനിക്ക് നല്ലവണ്ണമുണ്ടായിരുന്നു. അവരെ സംബന്ധിച്ചിടത്തോളം കാശ്മീര്‍ വേഴ്‌സസ് ഇന്ത്യ എന്ന ദ്വന്ദ്വകല്‍പ്പനയില്‍ തെറ്റായ പക്ഷത്ത് അകപ്പെട്ടു പോയ ഒരാളാണല്ലോ ഞാന്‍. എന്റെ ഫേസ്ബുക്ക് വാളിലെ അസഭ്യ പ്രതികരണങ്ങള്‍ അത് ആവര്‍ത്തിച്ചു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ഒരു കച്ചവട തന്ത്രത്തിന്റെ ഭാഗമെന്നോണം, ഇന്ത്യയിലെ കാശ്മീര്‍ എന്ന ആശയത്തെ തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ചു കൊണ്ടിരിക്കുകയാണ് ദേശീയ മാധ്യമങ്ങള്‍ക്കിടയിലെ ഒരു വിഭാഗം. കാശ്മീരിനെ കുറിച്ചുള്ള നുണകളാണ് അവര്‍ രാജ്യത്തെ മറ്റു പൗരന്‍മാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്. 2008-ലും , 2010-ലും, 2014-ലും അത് സംഭവിച്ചു. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ ഈ സംവാദത്തില്‍ അത്ഭുതപ്പെടാനൊന്നും തന്നെയില്ല.

കാശ്മീരിന് കുറിച്ച് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന ഒട്ടുമിക്ക പരിപാടികളും ജനങ്ങളെ പ്രകോപിപ്പിക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ടുള്ളത് തന്നെയാണ്. സെലക്റ്റീവായാണ് കാര്യങ്ങള്‍ കവറേജ് ചെയ്യുന്നത്. പ്രശ്‌നങ്ങളെല്ലാം സംസ്ഥാന സര്‍ക്കാറിന്റെ തലയില്‍ കെട്ടിവെക്കുകയാണ് ഉദ്ദേശം. അതേസമയം അച്ചടി മാധ്യമങ്ങള്‍ സന്തുലിതത്വം പാലിച്ചു.

കുറച്ച് ന്യൂസ് ചാനലുകള്‍ ചേര്‍ന്ന് നടത്തിയ ഇപ്പോഴത്തെ ഈ കച്ചവട ഭീകരതയെ കൂടുതല്‍ ഭീകരമാക്കിയത് എന്താണെന്നാല്‍, അവര്‍ നുണകള്‍ പടച്ച് വിട്ടു, ജനങ്ങളെ ഭിന്നിപ്പിച്ചു, അവര്‍ക്കിടയില്‍ വെറുപ്പ് ഉല്‍പ്പാദിപ്പിച്ചു, ജനാധിപത്യ മതേതര മൂല്യങ്ങളെ പൂര്‍ണ്ണമായും അവഗണിച്ചു, ജനങ്ങള്‍ മരിച്ച് വീഴുകയും, ജനകൂട്ടത്തിന്റെ ഉന്മാദാവസ്ഥയെ ശമിപ്പിക്കാന്‍ സര്‍ക്കാര്‍ കഠിനമായ ശ്രമിക്കുകയും ചെയ്യുമ്പോഴും മാധ്യമങ്ങള്‍ മേല്‍സൂചിപ്പിച്ച കാര്യങ്ങള്‍ തന്നെ ചെയ്തുകൊണ്ടിരുന്നത്. അത് നിര്‍ത്താന്‍ നാലുപാട് നിന്നും ആവശ്യമുയര്‍ന്നിട്ടും അവരതിന് തയ്യാറായില്ല.

ദേശീയ താല്‍പര്യത്തിന്റെ മോമ്പൊടി ചേര്‍ത്ത് ടെലിവിഷന്‍ റേറ്റിംഗ് പോയിന്റ് മാര്‍ക്കറ്റ് ചെയ്യാനും, യുവാക്കളുടെ മൃതദേഹങ്ങള്‍ വെച്ച് ചാനല്‍ കച്ചവടം പൊടിപൊടിക്കാനും നടത്തുന്ന നാണംകെട്ട ഏര്‍പ്പാടാണ് ഈ ന്യൂസ് റൂമുകളുടെ ഏറ്റവും നിന്ദ്യമായ വശം.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇന്നത്തെ ഏറ്റവും വലിയ വെല്ലുവിളി, എങ്ങനെ ദേശീയ മാധ്യമങ്ങളുടെ കസ്റ്റഡിയില്‍ നിന്നും ‘ദേശീയ താല്‍പര്യത്തെ’ മോചിപ്പിച്ചെടുക്കാം എന്നതും, ആ ജനതയുമായും, അതിന്റെ അയല്‍ക്കാരുമായുള്ള സംഭാഷണങ്ങള്‍ എങ്ങനെ പുനസ്ഥാപിക്കാം എന്നതുമാണ്. ഒരു നാഗരികസമ്പുഷ്ട ഭൂമിക എന്ന സവിശേഷഅവസ്ഥയില്‍ നിന്നും സാംസ്‌കാരിക മാലിന്യങ്ങള്‍ നിറഞ്ഞ നാഗരികചവറ്റുകൂനയിലേക്ക് ഇന്ത്യയെ കൊണ്ട് ചെന്ന്തള്ളാന്‍ പോകുന്ന പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളികളാണ് സീ ന്യൂസ്, ടൈംസ് നൗ, ആജ് തക്ക് എന്നീ ചാനലുകളെന്ന് പറയാന്‍ എനിക്ക് യാതൊരു മടിയുമില്ല.

ഇന്ത്യന്‍ പാരമ്പര്യത്തില്‍, ശബ്ദഘോഷങ്ങള്‍ക്കും, ഹിംസക്കും പകരം, ക്ഷേമത്തിലൂടെയും, ഒത്തുതീര്‍പ്പിലൂടെയും ജനങ്ങളുമായി സംവദിക്കുന്ന ഒരു സംവിധാനമാണ് രാഷ്ട്രം. സ്തംഭങ്ങളുടെ ഒരു ശൃംഖല അശോക ചക്രവര്‍ത്തി ഒരുമിച്ച് സ്ഥാപിക്കുകയുണ്ടായി, തന്റെ പ്രജകളുമായി അദ്ദേഹം നേരിട്ട് സംവദിച്ചു. മുഗള്‍ ഭരണകാലത്ത്, പ്രജകള്‍ക്കും ഭരണകൂടത്തിനും ഇടയിലുള്ള നേരിട്ടുള്ള സംവേദനത്തെ കുറിക്കുന്ന ഒന്നായിരുന്നു ദിവാനെ ആം. ഇസ്‌ലാമിക പാരമ്പര്യത്തിലും സത്യം, ക്ഷമ, നിരന്തരപ്രയത്‌നം എന്നിവയാണ് പരസ്പരആശയവിനിമയത്തിന്റെ മര്‍മ്മം. ഇന്തോ-ഇസ്‌ലാമിക് അനുഭവങ്ങളുടെ മിശ്രസ്വാധീനം ഉള്ളതിനാല്‍, സത്യസന്ധത, സത്യം, നേരിട്ടുള്ള സംവേദനം എന്നിവരാണ് കാശ്മീരിന് ആവശ്യം. പരസ്പരം ഭിന്നിപ്പിക്കുന്ന സംസാരങ്ങള്‍ ഇന്ത്യയെ കൂടുതല്‍ മുറിവേല്‍പ്പിക്കാന്‍ മാത്രമേ ഉതകുകയുള്ളു.

ജനങ്ങളെ പ്രകോപിപ്പിക്കുകയും ഭിന്നിപ്പിക്കുകയും അപരവത്കരിക്കുകയും മാത്രം ചെയ്യുന്ന ടി.വി ചാനലുകളെയല്ല കാശ്മീര്‍ വിഷയവുമായി സംവദിക്കേണ്ടതിന് നാം തെരഞ്ഞെടുക്കേണ്ടത്. കാശ്മീര്‍ പ്രശ്‌നത്തെ കാലുമാറുന്ന ബുദ്ധിജീവികള്‍ക്കും, രാഷ്ട്രീയ വഞ്ചകര്‍ക്കും, അവസരവാദികള്‍ക്കും, രഹസ്യന്വേഷണ ഏജന്‍സികള്‍ക്കും, ദേശീയതയുടെ മൊത്തകച്ചവടക്കാര്‍ക്കും വിട്ടുകൊടുക്കരുത്.

കാശ്മീരില്‍, ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍ നയങ്ങളും ദേശീയ മാധ്യമങ്ങളുടെ അന്യായമായ എഡിറ്റോറിയല്‍ നയങ്ങളും ജനങ്ങളെ എല്ലായ്‌പ്പോഴും കുഴക്കുന്നുണ്ട്. ടെലിവിഷന്‍ സംവാദങ്ങളില്‍ കാശ്മീരി പ്രതിനിധികള്‍ അപമാനിക്കപ്പെടുമ്പോള്‍, അവരുടെ ആഗ്രഹാഭിലാഷങ്ങളാണ് പരിഹസിക്കപ്പെടുന്നത്. അവരുടെ ആവലാതികള്‍ നിശബ്ദമാക്കപ്പെടുന്നു, കാശ്മീരി അഭിമാനബോധത്തിന്റെ ചിഹ്നങ്ങള്‍ നിന്ദിക്കപ്പെടുന്നു. കൊല്ലപ്പെടുന്ന നിരപരാധികളേക്കാള്‍ മറ്റു അപ്രധാന വിഷയങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കപ്പെടുമ്പോള്‍, സിവിലിയന്‍മാരുടെ കഷ്ടപ്പാടുകള്‍ മേല്‍ സൈന്യത്തിന്റെ വീരകൃത്യങ്ങള്‍ വാഴ്ത്തപ്പെടുമ്പോള്‍, സത്യം എല്ലായ്‌പ്പോഴും മൂടിവെക്കപ്പെടുമ്പോള്‍, കാശ്മീരികളേക്കാള്‍ പശുക്കള്‍ക്ക് പ്രാധാന്യം കൊടുക്കപ്പെടുമ്പോള്‍ പ്രതീക്ഷിക്കപ്പെടുന്നത് പോലെ തന്നെ എല്ലാ പ്രതിഷേധാഗ്നിയും, കോപാഗ്നിയും ഇന്ത്യക്ക് നേരെ തിരിയും. പ്രൈം ടൈം ന്യൂസിന്റെ ഓരോ മണിക്കൂറും കാശ്മീരിനെ ഇന്ത്യയില്‍ നിന്നും അകറ്റി കൊണ്ടിരിക്കുകയാണ്.

വെറുപ്പിന്റെ മാധ്യമപ്രവര്‍ത്തനം നടത്തുന്ന ഈ മാധ്യമകച്ചവടക്കാരെ പൂട്ടിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം അഭിപ്രായ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്ന ഭരണഘടനാകവചങ്ങള്‍ ഇവിടെയുണ്ട്. പക്ഷെ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയുമാണ് അടിയന്തിരമായി സംരക്ഷിക്കപ്പെടേണ്ടത്. ഡല്‍ഹിയും കാശ്മീരും തമ്മിലുള്ള ആശയവിനിമയം അതിന്റെ പാരമ്പര്യവും, തന്മയത്വപൂര്‍ണ്ണവുമായ രീതിയില്‍ നാം പുനസ്ഥാപിക്കേണ്ടതുണ്ട്. അത് ന്യൂസ് റൂം ദേശീയവാദത്തെ അപ്രധാനമാക്കി തീര്‍ക്കുകയും, അതിനുള്ളില്‍ നിന്നും പുറത്തേക്ക് നിര്‍ഗളിക്കുന്ന ശബ്ദകോലാഹങ്ങളെ എന്നെന്നേക്കുമായി അവസാനിപ്പിക്കുകയും ചെയ്യും. തീവ്രദേശീയ വാചാടോപങ്ങള്‍ അവസാനിപ്പിക്കാന്‍ ഈ മാധ്യമ സമുച്ചയങ്ങളെ ബോധ്യപ്പെടുത്താന്‍ നമുക്ക് കഴിയേണ്ടതുണ്ട്.

ശ്രീനഗറിലെ കൗമാരക്കാരോട് പോയി ചോദിച്ച് നോക്കുക, കൃത്രിമ തെരഞ്ഞെടുപ്പുകളിലൂടെയും, തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകളെ പിരിച്ച് വിട്ടും, ഏറ്റുമുട്ടലുകളിലൂടെയും, അഴിമതിയിലൂടെയും ഇക്കഴിഞ്ഞ വര്‍ഷങ്ങളിലുടനീളം എങ്ങനെയാണ് ഇന്ത്യ കാശീമിരികളോട് പെരുമാറിക്കൊണ്ടിരുന്നത് എന്ന് അവര്‍ നിങ്ങള്‍ക്ക് പറഞ്ഞുതരും. കാശ്മീരികളെ സംബന്ധിച്ചിടത്തോളം ഇന്ത്യ എന്നാല്‍ ഒരു സൈനിക ബങ്കറാണ്, അല്ലെങ്കില്‍ ഒരു പോലിസ് വാഹനം, അല്ലെങ്കില്‍ എ.കെ 47 കൈയ്യിലേന്തിയ യൂണിഫോമിട്ട പട്ടാളക്കാരന്‍ എന്നിവയാണ്. ഇത്തരമൊരു ഇന്ത്യക്ക് കാശ്മീരികളുടെ മനസ്സില്‍ ഇടം പിടിക്കാന്‍ സാധിക്കുമോ? ഇതൊക്കെയാണ് കാശ്മീരികളുടെ കണ്ണില്‍ ഇന്ത്യ എന്ന വസ്തുത അംഗീകരിക്കുകയാണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ള ആദ്യപടി.

വളരെ പെട്ടെന്ന് പ്രതികരിക്കുന്നവരാണ് കാശ്മീരികള്‍. അതുപോലെ തന്നെ എന്തിനെയും സംശയത്തോടെ നോക്കികാണുക എന്നത് അവരുടെ സഹജപ്രകൃതിയാണ്. സുഖകരമായ അന്തരീക്ഷത്തില്‍ മാത്രമേ കാശ്മീരികളുമായുള്ള എന്ത് ചര്‍ച്ചയും ഫലം കാണുകയുള്ളു. കൂടാതെ തുല്ല്യ ഉപാധികളോടെ ആയിരിക്കുകയും വേണം. ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ പ്രതിച്ഛായ ഒറ്റക്ക് മാറ്റിയ ബഹുമാനപ്പെട്ട പ്രധാനമന്ത്രി, കാശ്മീരികളുടെ കണ്ണിലെ ഇന്ത്യയുടെ പ്രതിച്ഛായ മാറ്റാന്‍ വേണ്ട നടപടികള്‍ അടിയന്തിരമായി കൈകൊള്ളേണ്ടതുണ്ട്.

(ഐ.എ.എസ് ഓഫീസറും, കാശ്മീരിലെ സ്‌കൂള്‍ എജുക്കേഷന്റെ ഡയറക്ടറുമാണ് ലേഖകന്‍)

വിവ: ഇര്‍ഷാദ് ശരീഅത്തി

Related Articles