Current Date

Search
Close this search box.
Search
Close this search box.

നാസിക് ആക്രമണം ഉന്നം വെക്കുന്നത് അംബേദ്കറേറ്റുകളായ ദലിതരെ

nashik-riots.jpg

മഹാരാഷ്ട്രയിലെ നാസികില്‍ ദലിതര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ ബ്രിട്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനാ നേതാക്കള്‍ ആശങ്ക രേഖപ്പെടുത്തുകയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫെഡ്‌നാവിസിനും പ്രധാനമന്ത്രി  നരേന്ദ്ര മോദിക്കും തുറന്ന കത്ത് അയക്കുകയും ചെയ്തു. ആക്രമണത്തിന് പിന്നില്‍ മഹാറാഷ്ട്രയിലെ പ്രബല ജാതിക്കാരായ മറാത്തകളാണെന്നും അംബേദ്കറേറ്റുകളായ ദലിത് ബുദ്ധന്മാരെയാണ് ഇവര്‍ ഉന്നംവെക്കുന്നതെന്നും കത്തില്‍ ആരോപിക്കുന്നു. പോലീസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടു കൂടിയാണ് ഇവിടെ ദലിതര്‍ക്കു നേരെ ആക്രമണം നടക്കുന്നതെന്നും നിലവില്‍ സംഭവുമായി ബന്ധപ്പെട്ട് ഒരു കുറ്റവാളിയെപ്പോലും അറസ്റ്റ് ചെയ്തിട്ടില്ലെന്നും കത്തില്‍ ആരോപിക്കുന്നു.

കത്തിന്റെ പൂര്‍ണ്ണ രൂപം
മഹാരാഷ്ട്രയിലെ നാസികില്‍ മറാത്ത കലാപകാരികളുടെ നേതൃത്വത്തില്‍ നടന്ന ദലിത് ആക്രമണത്തിന് പിന്നില്‍ പോലീസ് ഗൂഡാലോചന നടന്നിട്ടുണ്ടെന്ന റിപ്പോര്‍ട്ട് ഞങ്ങളില്‍ അതിയായ ആശങ്കയുളവാക്കുന്നു. മറാത്ത ഭൂരിപക്ഷ പോലീസ് ഈ ദിവസം വരെയും സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല എന്നു മാത്രമല്ല മറാത്ത കലാപകാരികളില്‍ നിന്നും ദലിതരെ രക്ഷിക്കുന്നതിനു പകരം അവരുടെ വീടുകളില്‍ കയറി പോലീസ് അവരെ മര്‍ദ്ദിച്ചു എന്നതിന് ഞങ്ങളുടെ കയ്യില്‍ ശക്തമായ തെളിവുകളുണ്ട്. മഹാരാഷ്ട്രയിലെ ബി.ജെ.പി-ശിവസേന സര്‍ക്കാര്‍ അപകടരമായ ഈ സ്ഥിതി വിശേഷത്തില്‍ കാഴ്ച്ചക്കാരായി നോക്കി നില്‍ക്കുകയായിരുന്നു. അതേസമയം മറ്റു നിരവധി പാര്‍ട്ടികളും രാഷ്ട്രീയക്കാരും മറാത്ത ലഹളക്ക് രഹസ്യമായി പിന്തുണ നല്‍കുകയും ചെയ്യുന്നുണ്ട്. നിലവിലെ അവിടുത്തെ സംഭവികാസങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ചുവടെ വ്യക്തമാക്കാം.

ഞങ്ങള്‍ ആവശ്യപ്പെടുന്നത്
ദലിത് പൗരന്മാരുടെ സുരക്ഷ ഉറപ്പുവരുത്തന്നിത് ബി.ജെ.പി-ശിവസേന സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കുക
ദലിത് മര്‍ദ്ദനത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുകയും കുറ്റം ചുമത്തുകയും ചെയ്യുക
ദലിതര്‍ക്കെതിരെ കുറ്റകൃത്യം ചെയ്യാന്‍ പ്രേരിപ്പിക്കുകയും ആക്രമണം നടത്തുകയും ചെയ്ത മറാത്തകളെ  ഉടന്‍ അറസ്റ്റ് ചെയ്യുകയും നിയമത്തിന് മുന്നില്‍ ഹാജരാക്കുകയും ചെയ്യുക
നാസികിലെ ദലിതര്‍ക്കെതിരെ ആക്രമണം നടത്താന്‍ ഗൂഡാലോചന നടത്തുകയും പ്രേരിപ്പിക്കുകയും ചെയ്ത രാഷ്ട്രീടക്കാരെ നിയമത്തിന് മുന്നില്‍ ഹാജരാക്കുക

നാസികിലെ നിലവിലെ സംഭവങ്ങള്‍
ഒക്ടോബര്‍ എട്ട് ശനിയാഴ്ച നാസിക് ജില്ലയിലെ തലേഗാവില്‍ 14 കാരനായ ദലിത് ബാലന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്ന കിംവദന്തി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയുണ്ടായി. എന്നാല്‍  മെഡിക്കല്‍ വൃത്തങ്ങളുടെ റിപ്പോര്‍ട്ട് അനുസരിച്ച് ബലാത്സംഗം നടന്നിട്ടില്ലെന്നും സംഭവത്തെപ്പറ്റി അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്നുമാണ് നാസികിന്റെ ചുമതലയുള്ള മന്ത്രി ഗിരീഷ് മഹാജന്‍ പറയുന്നത്. എന്നാല്‍ സംഭവത്തെക്കുറിച്ച് തീവ്ര വികാരമുണര്‍ത്തുന്ന സന്ദേശം അപ്പോഴേക്കും പ്രചരിച്ചു കഴിഞ്ഞിരുന്നു. ഉടനത്തെന്നെ പ്രബല ജാതിയില്‍പ്പെട്ട മറാത്ത അക്രമിക്കൂട്ടം അംബേദ്കറേറ്റുകളായ ദലിത് ബുദ്ധരെ ഉന്നം വെച്ചു.  ഇഗദ്പുരിയിലെ ചില ഭാഗങ്ങളില്‍ ജാതി കലാപകാരികള്‍ ദലിത് ബുദ്ധന്മാരുടെ വീടുകളും വാഹനങ്ങളും അഗ്നിക്കിരയാക്കി. അവര്‍ ദലിതരുടെ വീടുകളില്‍ അതിക്രമിച്ചു കടക്കുകയും അവരെ ഉപദ്രവിക്കുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തുകയും ചെയ്തു. ഡോ. ബി.ആര്‍ അംബേദ്കറുടെ ശില്‍പ്പത്തോട് വരെ അവര്‍ അനാദരവ് കാണിച്ചു.

ഒക്ടോബര്‍ ഒമ്പതിന് ഉച്ചക്കു ശേഷം തലേഗാവിലെ റോഡ് കലാപകാരികള്‍ ഉപരോധിച്ചു.  അശോക ചക്രം, ബുദ്ധന്റെ ചിത്രങ്ങള്‍, നീല പതാക, തുടങ്ങിയ ദലിത് ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള വാഹനങ്ങള്‍ ലക്ഷ്യമാക്കി ആക്രമണം നടത്തുകയും അവ കത്തിക്കുകയും ചെയ്തു. നാസിക്-ആഗ്ര ദേശീയപാതയില്‍ 20 നടുത്ത് വാഹനങ്ങള്‍ കത്തിക്കപ്പെട്ടു. ദലിത് ബുദ്ധ കുടുംബങ്ങളുടെ 20 ഓളം വീടുകള്‍ കലാപകാരികള്‍ അഗ്നിക്കിരയാക്കി. തലേഗാവിലെ ഭൂരിപക്ഷം ദലിത് ബുദ്ധ കുടുംബങ്ങളും അവരുടെ വീടുകളില്‍ നിന്നും ആട്ടിയോടിക്കപ്പെട്ടു.

നാസിക് ജില്ലയിലെ സേവ്‌ഗെഡാങ്, നന്ദോഡ്, വാദിവാനി, ഗോണ്ട, ഗോതി, അംബെഗോഡ, ഷിവിലി, ഗാന്ഡ്‌ലേ, ഗോണ്ടാഗോവ് തുടങ്ങിയ സ്ഥലങ്ങളിലെ ദലിത് ബുദ്ധ കുടുംബങ്ങളെയും ബുദ്ധ ക്ഷേത്രങ്ങളെയും ബുദ്ധ പ്രതിമകളെയും മറാത്ത കലാപകാരികള്‍ ആക്രമിക്കുകയുണ്ടായി.

സംഭവവുമായി ബന്ധപ്പെട്ട് ഒരൊറ്റ എഫ്.ഐ.ആര്‍ പോലും രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തയ്യാറായില്ല. ആക്രമണം നടത്തിയ മറാത്ത ഗുണ്ടാ സംഘങ്ങളിലെ ഒരാളെപ്പോലും പോലീസ് ഇതുവരെയും അറസ്റ്റ് ചെയ്യുകയുമുണ്ടായില്ല. ആക്രമണ ബാധിത പ്രദേശങ്ങള്‍ 24 മണിക്കൂറിനകം സന്ദര്‍ശിക്കുക എന്ന ജില്ലാ ഭരണകൂടത്തിന്റെ നിയമപരമായ ധര്‍മം നിര്‍വഹിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു.

ഒക്ടോബര്‍ 12 ബുധനാഴ്ച നാസിക് റോഡ് ഏരിയയില്‍ പ്രാദേശിക പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ സംയുക്ത നീക്കത്തിന്റെ പേരില്‍ ദലിത് ബുദ്ധരുടെ വീടുകള്‍ ഉന്നംവെച്ചു. അവര്‍ വീടുകളില്‍ അതിക്രമിച്ചു കടക്കുകയും പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും മര്‍ദ്ദിക്കുകയുമുണ്ടായി. നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും നിരപരാധികളായ അനവധിപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

അതേ ദിവസം തന്നെ നാസിക് റോഡ് ഏരിയയില്‍ 500 ഓളം പോലീസുകാര്‍ ഘട്ടം ഘട്ടമായി ഫഌഗ് മാര്‍ച്ച് നടത്തുകയുണ്ടായി. ഭീം നഗര്‍, കുബര്‍ സൊസൈറ്റി, നളന്ദ സൊസൈറ്റി, ആദര്‍ശ് സൊസൈറ്റി തുടങ്ങിയ നിരവധി വാര്‍ഡുകളിലെ ദലിത് ബുദ്ധന്മാരെയും പോലീസ് മര്‍ദിച്ചു. നാസികിലെ ദലിത് ബുദ്ധര്‍ക്കെതിരായ പോലിസ് ആക്രമണം നിത്യേനെയെന്നോണം ഇപ്പോഴും തുടരുന്നു.

പശ്ചാത്തലം
മറാത്തകള്‍ മഹാരാഷ്ട്രയിലെ ഏറ്റവും ജനസംഖ്യ കൂടുതലുള്ളതും പ്രബലവുമായ വിഭാഗമാണ്. കാര്‍ഷിക രംഗം, രാഷ്ട്രീയ മേഖല, മറ്റു സ്വാധീന മേഖലകള്‍ എന്നിവയിലെ തങ്ങളുടെ ആധിപത്യത്തിലൂടെ അവര്‍ സര്‍ക്കാറിനു മുകളിലെ സ്വാധീനം ഉറപ്പുവരുത്തുന്നു. ഇങ്ങനെയാണെങ്കിലും അംബേദകറുടെ പൈതൃകം ഉള്‍ക്കൊണ്ട് കൊണ്ട് അവിടുത്തെ ദലിതര്‍ ഈ അടുത്ത കാലങ്ങളിലായി കൂടുതല്‍ വിദ്യാസമ്പന്നരും ശാക്തീകരിക്കപ്പെട്ടവരുമായി മാറിയിട്ടുണ്ട്.

നുറ്റാണ്ടുകളായി തങ്ങളെ ചൂഷണം ചെയ്തു കൊണ്ടിരിക്കുന്ന ജാതി വ്യവ്യസ്ഥ കര്‍ക്കശമായി പാലിക്കാന്‍ സന്നദ്ധരല്ലായിരുന്ന നവ ദലിത് ബുദ്ധര്‍ ഹിന്ദൂയിസത്തെ തള്ളിക്കളഞ്ഞു. ശക്തരായ മറാത്തകള്‍ക്ക് മുമ്പില്‍ അടിയറവു പറയാന്‍ അവര്‍ സന്നദ്ധരായിരുന്നില്ല. ദലിതരുടെ ഈ ദൃഢനിശ്ചയം മറാത്തകള്‍ക്കിടയില്‍ വലിയ തോതില്‍ മാനസിക വിഭ്രാന്തിയുളവാക്കി. മറ്റു ദലിത് സംഘങ്ങളെ ഒഴിവാക്കി അംബേദ്കറേറ്റുകളായ ദലിത് ബുദ്ധരുടെ വീടുകള്‍ മറാത്തകള്‍ പ്രത്യേകമായി ലക്ഷ്യം വെച്ചു എന്നത് ഇതിനുള്ള ശക്തമായ തെളിവാണ്.

മറാത്തകള്‍ ആദ്യം ലഹളയാരംഭിച്ചത് കൂട്ട ബലാത്സംഗത്തിനും കൊപാര്‍ഡിയില്‍ ഒരു മറാത്ത പെണ്‍കുട്ടി ദലിതരാല്‍ കൊല്ലപ്പെട്ടതിനും പ്രതികരണമായിക്കൊണ്ടായിരുന്നു. പട്ടിക ജാതി പട്ടിക വര്‍ഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന നിയമം പിന്‍വലിക്കണമെന്നും മറാത്തക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തണമെന്നും ഈ വര്‍ഷാദ്യത്തില്‍ അവര്‍ ആവശ്യപ്പെട്ടിരുന്നു. മേല്‍ ജാതി ചൂഷണത്തില്‍ നിന്നും  ഈ നിയമം  ആദിവാസികള്‍ക്കും ദലിതര്‍ക്കും വലിയ സുരക്ഷയാണ് ഉറപ്പുനല്‍കുന്നത്.

ഇങ്ങനയൊക്കെയാണെങ്കിലും പോലീസ്, ജുഡീഷ്യറി, കാര്യനിര്‍വഹണ വിഭാഗം എന്നിവര്‍ക്കിടയിലെ വ്യവസ്ഥാപിതമായ ജാതീയത വര്‍ധിച്ചിതിന്റെ ഫലമായി കുറ്റം ചുമത്തിയതിനു ശേഷം വെറുതെ വിടുന്നതിന്റെ നിരക്കും വര്‍ധിച്ചിട്ടുണ്ട്. ദലിതരെ കൂടുതല്‍ ദുര്‍ബലരാക്കി നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ജാതി അധീശത്വം വീണ്ടെടുക്കുനന്നതിനു വേണ്ടി നിയമം ശക്തിപ്പെടുത്തുന്നതിന് പകരം മറാത്തകള്‍ നിയമത്തില്‍ വെള്ളം ചേര്‍ക്കാനാണ് ശ്രമിക്കുന്നത്. സഹസ്രാബ്ദങ്ങളായി ജാതിയുടെ നേട്ടങ്ങള്‍ അനുഭവിക്കുന്ന, ദലിതരെപ്പൊലെ ഏതെങ്കിലും തരത്തിലുള്ള സാമുഹിക സാമ്പത്തിക-വിവേചനങ്ങള്‍ അനുഭവിക്കാത്ത മറാത്തകള്‍ ജാതി അടിസ്ഥാനത്തില്‍ തങ്ങള്‍ക്കും സംവരണം വേണമെന്ന വാദമുയര്‍ത്തുന്നത് വിരോധാഭാസമാണ്.

കൊപാര്‍ഡിയിലെ കൂട്ട ബലാത്സംഗവും കൊലപാതകവും മറാത്തകള്‍ വളരെ ലജ്ജാകരമായ രീതിയില്‍ അവരുടെ ദലിത് വരുദ്ധ അജണ്ടകള്‍ക്കായി ചൂഷണം ചെയ്യുകയായിരുന്നു. അവരുടെ റാലികള്‍ വളരെ കൃത്യമായ ആസൂത്രണത്തോടുകൂടിയും സംഘടിതമായുമുള്ളതായിരുന്നു. സാധാരണ ജനകീയ പ്രസ്ഥാനങ്ങളുടെ റാലിക്ക് സമാനമായിരുന്നു അവരുടെ റാലി. റാലികള്‍ക്ക് പിന്നില്‍ ശക്തരായ രാഷ്ട്രീയക്കാര്‍ ഉണ്ടെന്നത് വ്യക്തമാണ്. തെരഞ്ഞെടുപ്പുകളില്‍ ദലിത് വോട്ടുകള്‍ നഷ്‌പ്പെടുമെന്ന ഭയംകൊണ്ടാണ് അവര്‍ മറക്കുപിന്നില്‍ നിന്ന് പുറത്ത് വരാനും മുഖം വെളിപ്പെടുത്താനും മടിക്കുന്നത്.

നാസികിലെ അവരുടെ നിശബ്ദ റാലികള്‍ വ്യക്തമാക്കുന്നത് ദലിതര്‍ക്കെതിരായ ആക്രമണത്തില്‍ നിയമത്തിന്റെ യഥാര്‍ഥ നിറവും അതുപോലെ പോലീസിന്റെ ഗൂഡാലോചനയും അവരുടെ പങ്കാളിത്വവുമാണ്.

യൂജിന്‍ കുലാസ്, വോയിസ് ഓഫ് ദലിത് ഇന്റര്‍നാഷണല്‍
സന്തോഷ് ദാസ്, ഫെഡറേഷന്‍ ഓഫ് അംബേദ്കര്‍ ആന്‍ഡ് ബുദ്ധിസ്റ്റ് ഓര്‍ഗനൈസേഷന്‍ യു.കെ
രവി കുമാര്‍, ആന്റി കാസ്റ്റ് ഡിസ്‌ക്രിമിനേഷന്‍ അലയന്‍സ്
മീന വര്‍മ, ദലിത് സോളിഡാരിറ്റി മൂവ്‌മെന്റ്
സൗനവേദന്‍ അപരാന്ദി, സൗത്ത് ഏഷ്യാ സോളിഡാരിറ്റി ഗ്രൂപ്പ്

വിവ: റഈസ്. ഇ.കെ

 

Related Articles