Current Date

Search
Close this search box.
Search
Close this search box.

ദാലിയ ഖലീഫ ; ഒരിക്കലും കരയില്ലെന്ന് വാശിപിടിച്ച ഗസ്സന്‍ പെണ്‍കുട്ടി

dalia.jpg

ഗസ്സയിലെ സെയ്ത്തൂന്‍ ജില്ലയിലെ തന്റെ വീടിന് മുകളില്‍ ഇസ്രായേല്‍ വ്യോമസേന വര്‍ഷിച്ച മിസൈലുകള്‍ വന്ന് പതിക്കുന്ന സമയത്ത് ഒമ്പതു വയസ്സുകാരിയായ ദാലിയ ഖലീഫ വീടിന്റെ സ്വീകരണ മുറിയിലായിരുന്നു 2014 ആഗസ്റ്റ് 1-ലെ പ്രഭാതത്തില്‍ ഗസ്സയിലെ ശിഫാ ഹോസ്പിറ്റലിലേക്ക് അവളെയും കൊണ്ട് ആംബുലന്‍സ് പാഞ്ഞു. അവിടെ തന്നെയായിരുന്നു അവളുടെ മറ്റു കുടുംബാംഗങ്ങളെയും കളിക്കൂട്ടുകാരെയും പ്രവേശിപ്പിച്ചിരുന്നത്. അവളുടെ കുഞ്ഞുശരീരമാകെ രക്തത്തില്‍ കുളിച്ചിരുന്നു. കണ്ണുകള്‍ തുറക്കാന്‍ കഴിഞ്ഞിരുന്നില്ല. അവളുടെ കുഞ്ഞുപ്പെങ്ങള്‍ അവളെ കെട്ടിപ്പിടിച്ചു കിടന്നു. അപ്പോഴും ദാലിയക്ക് അവള്‍ എവിടെയാണെന്നോ, എന്താണ് തനിക്ക് ചുറ്റും നടക്കുന്നതെന്നോ അറിയില്ലായിരുന്നു. ബോധം പതിയെ വീണ്ടെടുത്തു തുടങ്ങിയപ്പോള്‍ മാത്രമാണ് എന്താണ് സംഭവിച്ചതെന്ന് അവള്‍ അറിഞ്ഞത്.

ഗസ്സയില്‍ നിന്നുള്ള ഫോട്ടോജേര്‍ണലിസ്റ്റായ മുഹമ്മദ് അസദാണ് ദാലിയയുടെ കഥ പുറംലോകത്തോട് വിളിച്ചു പറഞ്ഞത്. ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട സിവിലിയന്‍മാരുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിന് വേണ്ടി അസദും അന്നേരത്ത് ശിഫ ഹോസ്പിറ്റലില്‍ ഉണ്ടായിരുന്നു. ‘ഞാന്‍ അവളെ കണ്ടപ്പോള്‍, അഫ്ഗാന്‍ പെണ്‍കുട്ടി ശര്‍ബത് ഗുലയുടെ ചിത്രമാണ് എന്റെ മനസ്സിലേക്ക് ഓടിയെത്തിയത്,’ അസദ് പറഞ്ഞു. 2014 ആഗസ്റ്റ് 9-നാണ് അസദ് ദാലിയയുടെ ഫോട്ടോ പകര്‍ത്തിയത്. വെടിച്ചീളുകള്‍ അവളുടെ മുഖമാകെ തുളച്ച് കയറിയിരുന്നു, പക്ഷെ അവള്‍ കരഞ്ഞില്ല. ഒരുതുളളി കണ്ണുനീര്‍ പോലും ആ കണ്ണുകളില്‍ നിന്നും പുറത്ത് ചാടി നിലത്ത് വീണ്ട് ചിതറിയില്ല. ചിത്രത്തിന് തലകെട്ടായി നല്‍കിയത് ‘അത്രയെളുപ്പം കരയാത്തവള്‍’ എന്നര്‍ത്ഥം വരുന്ന അറബി വാചകമായിരുന്നു. ‘അണ്‍ബ്രെയ്ക്കബിള്‍’ എന്ന് ഇംഗ്ലീഷിലും.

ഐക്യരാഷ്ട്രസഭയുടെ Office for the Coordination of Humanitarian Affairs in the Middle East and North Africa (OCHA) സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തില്‍ ഗ്രാന്‍ഡ് ജ്യൂറി വിന്നറായി തെരഞ്ഞെടുക്കപ്പെട്ടത് അസദ് പകര്‍ത്തിയ ദാലിയയുടെ ആ ഫോട്ടോയായിരുന്നു. ചൊവ്വാഴ്ച്ച അസദ് വീണ്ടും ദാലിയയുടെ അടുക്കല്‍ പോയി. കുടുംബത്തോടൊപ്പവും, സഹപാഠികളുടെ കൂടെയുമുള്ള ദാലിയയുടെ ഒരുപാട് പുതിയ ഫോട്ടോകള്‍ അസദ് പകര്‍ത്തി. ‘ഇന്നും അവളുടെ മനസ്സുറപ്പിന് യാതൊരു കോട്ടവും തട്ടിയില്ല,’ അസദ് പറഞ്ഞു. കൂടാതെ ഇസ്രായേലികളോടുള്ള അവളുടെ ചോദ്യം നമുക്ക് മുന്നില്‍ അവശേഷിപ്പിക്കുകയും ചെയ്തു: ‘ഇതിനു മാത്രം ഞങ്ങള്‍ നിങ്ങളോടെന്താണ് ചെയ്തത്?’

ദാലിയയുടെ ഉമ്മ ഉമ്മു സുബൈറും, ഉപ്പ റിസ്ഖും ചേര്‍ന്ന് അന്നത്തെ ആ ഭീകരരാത്രിയെ സംബന്ധിച്ച് അസദിന് വിവരിച്ചു കൊടുത്തു.

‘യാതൊരു മുന്നറിയിപ്പും ഞങ്ങള്‍ക്ക് ലഭിച്ചിരുന്നില്ല. ഏകദേശം പുലര്‍ച്ചെ ഒരു മൂന്ന് മണി ആയിക്കാണും. പെട്ടെന്ന് ഒരു ടാങ്ക് ഷെല്‍ ഞങ്ങളുടെ വീടിന് മുകളില്‍ വന്ന് പതിച്ചു. അന്നേരം ഞങ്ങളെല്ലാം നല്ല ഉറക്കിലായിരുന്നു. വീടിന്റെ നടുത്തളത്തിലായിരുന്നു ഞങ്ങള്‍ ഉറങ്ങിയിരുന്നത്. അല്ലാഹുവിന്റെ അനുഗ്രഹം ഒന്നു കൊണ്ടു മാത്രമാണ് ഞങ്ങളെല്ലാം രക്ഷപ്പെട്ടത്,’ ഉമ്മു സുഹൈര്‍ പറഞ്ഞു.

‘പക്ഷെ കുട്ടികള്‍ക്കെല്ലാം പരിക്കേറ്റു. അയല്‍വാസികള്‍ എത്തിയാണ് അവരെ പുറത്തെടുത്തതും, ഹോസിപ്പിറ്റലിലേക്ക് കൊണ്ടു പോയതും,’ അവര്‍ കൂട്ടിച്ചേര്‍ത്തു. ദാലിയയുടെ മുഖത്തെ വെടിച്ചീളുകള്‍ തുളഞ്ഞുകയറിയ അടയാളങ്ങള്‍ പതുക്കെ പതുക്കെ മാഞ്ഞുപോകുന്നുണ്ടെങ്കിലും ശരീരത്തിലുള്ള വെടിച്ചീളുകളുടെ അടയാളങ്ങള്‍ അങ്ങനെ തന്നെ അവശേഷിക്കുന്നുണ്ടെന്ന് ദാലിയയുടെ ഉപ്പ വ്യക്തമാക്കി. ദാലിയയുടെ കുഞ്ഞുപ്പെങ്ങള്‍ റിമാസിന്റെ കാര്യമാണ് ഏറെ കഷ്ടം. ഇസ്രായേല്‍ ആക്രമണത്തില്‍ അവളുടെ തലയോട്ടിക്കാണ് ഗുരുതരമായി പരിക്കേറ്റത്.

പെണ്‍കുട്ടികള്‍ക്ക് രണ്ട് പേര്‍ക്കും മരുന്നിനോടൊപ്പം തന്നെ കോസ്‌മെറ്റിക് സര്‍ജറിയും ചെയ്യേണ്ടി വരും. ചികിത്സക്കായി തുര്‍ക്കിയിലേക്ക് പോകേണ്ടതുണ്ട്. പക്ഷെ ഈജിപ്തും ഇസ്രായേലും തങ്ങളുടെ അതിര്‍ത്തികള്‍ ഗസ്സക്ക് മുന്നില്‍ കൊട്ടിയടച്ചിരിക്കുന്നതിനാല്‍ ചികിത്സക്കായി തുര്‍ക്കിയിലേക്ക് പോകാന്‍ സാധിക്കാത്ത ദുരിതാവസ്ഥയിലാണിപ്പോള്‍ ഈ കുടുംബം. അതിര്‍ത്തികള്‍ അടച്ചിരിക്കുന്നതിനാല്‍ ഗസ്സയിലേക്ക് വരാന്‍ തയ്യാറുള്ള പുറത്തു നിന്നുള്ള സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ക്ക് അതിന് സാധിക്കുന്നുമില്ല.

‘ഗസ്സയിലെ കുട്ടികളുടെ വേദന ദാലിയയുടെ മുഖത്ത് നിന്നും വായിച്ചെടുക്കാന്‍ കഴിയും. പക്ഷെ ഇത്രയേറെ ദുരിതങ്ങള്‍ ഒന്നൊന്നായി ആഞ്ഞു പതിച്ചു കൊണ്ടിരിക്കുമ്പോഴും പതറാതെ നില്‍ക്കുന്ന ഒരു തലമുറയുടെ നിശ്ചയദാര്‍ഢ്യത്തിന്റെയും ധീരതയുടെയും ഒരിക്കലും മങ്ങാത്ത സൗന്ദര്യം ആ മുഖത്ത് വിളങ്ങി നില്‍ക്കുന്നത് നമുക്ക് കാണാന്‍ സാധിക്കും,’ ഫലസ്തീനിയന്‍ എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ റംസി ബാറൂദ് പറയുന്നു. ‘വെടിച്ചീളുകള്‍ തുളഞ്ഞ് കയറാന്‍ ഇനി ആ കുഞ്ഞുശരീരത്തില്‍ ഇടമില്ലെങ്കിലും അവള്‍ സ്‌കൂളില്‍ പോയിത്തുടങ്ങിയിരിക്കുന്നു. യുദ്ധത്തിന് ശേഷവും ജീവിതം ആ ഒമ്പത് വയസ്സുകാരിയുടെ മുന്നില്‍ നിശ്ചലമായി നിന്നില്ല. ഗസ്സാ നിവാസികളുടെ ഒരിക്കലും തകര്‍ക്കാന്‍ കഴിയാത്ത മനോവീര്യത്തിന്റെയും ചങ്കുറപ്പിന്റെയും സാക്ഷ്യപത്രമാണിത്. കീഴടങ്ങാന്‍ തയ്യാറില്ലാത്തവരെ പരാജയപ്പെടുത്താന്‍ സാധിക്കില്ല,’ അദ്ദേഹം കൂട്ടിചേര്‍ത്തു.

2014-ല്‍ ഗസ്സയില്‍ ഇസ്രായേല്‍ നടത്തിയ കൂട്ടക്കുരുതിയുടെ നേര്‍ചിത്രങ്ങളെയും, ദാലിയയെയും നമുക്ക് പരിചയപ്പെടുത്തി തന്ന ഫോട്ടോഗ്രാഫര്‍ അസദിന്റെ വീടും ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കല്‍ക്കൂമ്പാരമായി മാറിയിരുന്നു. മറ്റൊരിക്കല്‍ ഇസ്രായേലിന്റെ ഡ്രോണ്‍ മിസൈലാക്രമണത്തില്‍ നിന്നും തലനാരിഴക്കാണ് അസദ് രക്ഷപ്പെട്ടത്. ഏതാനും മീറ്ററുകള്‍ മാറി പതിച്ച ഡ്രോണ്‍ അന്ന് ഒരു കുരുന്നിന്റെ ജീവനെടുത്തു. മറ്റു രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
 
ബാറൂദ് പറയുന്നു, ‘ദൈവാനുഗ്രഹമുള്ള ഫോട്ടോഗ്രാഫറാണ് മുഹമ്മദ് അസദ്. അദ്ദേഹം കൂടി ഭാഗഭാക്കായ ഒരു ചരിത്രസംഭവമാണ് നമുക്ക് വേണ്ടി അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തത്; അദ്ദേഹം അനുഭവിച്ച ദുരിതങ്ങള്‍ അവ കോറിയിടുന്നുണ്ട്, മുറിവേറ്റ ഒരുപാട് മുഖങ്ങള്‍, ദാലിയയുടേത് അവയിലൊന്ന് മാത്രം. യുദ്ധത്തിന്റെയും അവഗണനയുടെയും മുറിവുകള്‍ അദ്ദേഹവും സ്വയം വഹിക്കുന്നുണ്ട്,’

‘എന്നെന്നും നിലനില്‍ക്കുന്ന ഗസ്സയുടെ പ്രതീക്ഷയാണ് ദാലിയയും മുഹമ്മദ് അസദും’

മൊഴിമാറ്റം : ഇര്‍ഷാദ് കാളാച്ചാല്‍

Related Articles