Current Date

Search
Close this search box.
Search
Close this search box.

ത്വലാഖ് ചര്‍ച്ച ചൂടുപിടിക്കുമ്പോള്‍ കാണാതെ പോകുന്നത്

court.jpg

ഇന്ത്യയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ജീവിത നിലവാരത്തെക്കുറിച്ച് പഠിക്കാന്‍ നിയുക്തമായ ഡോ. പാം രാജ്പുത് കമ്മീഷന്‍ കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ച ശിപാര്‍ശകള്‍ ഏറെ ആശങ്കാജനകവും സാംസ്‌കാരികത്തകര്‍ച്ചക്ക് വഴിയൊരുക്കുന്നതുമാണ്. സ്വവര്‍ഗ രതി കുറ്റകരമല്ലാതാക്കണം എന്നതുള്‍പ്പെടെയുള്ള വന്‍ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നിര്‍ദേശങ്ങളാണ് കമ്മീഷന്‍ റിപ്പോര്‍ട്ടിലുള്ളത്. അതിനേക്കാള്‍ ഭയാനകമാണ് ഭ്രൂണഹത്യ വ്യാപകമായി നടത്താന്‍ കഴിയുംവിധം പാര്‍ലമെന്റ് പാസാക്കാന്‍ പോകുന്ന നിയമം. എല്ലാ വിഭാഗം ജനങ്ങളെയും ബാധിക്കുന്നതും മനുഷ്യത്വത്തെയും നമ്മുടെ സംസ്‌കാരത്തെയും നശിപ്പിക്കുന്നതുമായ ഇത്തരം നിയമങ്ങള്‍ മതരാഷ്ട്രീയസാംസ്‌കാരിക നേതാക്കള്‍ ശ്രദ്ധിക്കാതെ പോകുന്നത് ദുഃഖകരമാണ്.

പൊതു സമൂഹത്തിന്റെ അടിയന്തര ശ്രദ്ധ പതിയേണ്ട ഇത്തരം വിഷയങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തേണ്ട വാര്‍ത്താ മാധ്യമങ്ങളാവട്ടെ മുസ്‌ലിംകള്‍ക്കിടയിലെ മൂന്ന് ത്വലാഖ് വിഷയത്തില്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്ന തിരക്കിലാണ്. ഇന്ത്യയിലെ മുസ്‌ലിംകളെല്ലാം നിത്യേന മുത്ത്വലാഖ് ചൊല്ലി പുതിയ പെണ്ണ് കെട്ടുകയാണെന്ന് തോന്നുംവിധമാണ് ത്വലാഖ് ചര്‍ച്ചകള്‍ പോകുന്നത്.

വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ഒരു മാസം സമയമാണ് ഇപ്പോള്‍ വേണ്ടത്. അതിനിടയില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടവരുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ആപ്പീസില്‍ പരസ്യപ്പെടുത്തും. പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ചും കള്ള വാഗ്ദാനം നല്‍കിയും തട്ടിക്കൊണ്ടു പോകുന്ന പലരെയും കണ്ടെത്താന്‍ ഈ നിയമം സഹായകമായിരുന്നു. എന്നാല്‍ ഈ സമയ പരിധി ഒരാഴ്ചയാക്കി ചുരുക്കണമെന്ന നിര്‍ദേശം ആരെ സഹായിക്കാനാണെന്ന് സ്ത്രീകളുടെ ജീവിത നിലവാരമുയര്‍ത്താന്‍ നിയുക്തമായ സമിതി ആലോചിക്കണം. വിദ്യാഭ്യാസ കാലത്ത് പൊളി വാഗ്ദാനങ്ങളില്‍ വഞ്ചിതരാവുന്ന നമ്മുടെ പെണ്‍മക്കള്‍ ഇനി ഞൊടിയിടകൊണ്ട് വിവാഹം രജിസ്റ്റര്‍ ചെയ്ത് വീട് വിട്ടിറങ്ങുന്ന അവസ്ഥ വ്യാപകമായാല്‍ അവര്‍ തന്നെയല്ലേ കഷ്ടപ്പെടുക. മാംസ ദാഹികളായ ചെറുപ്പക്കാര്‍ കറിവേപ്പില പോലെ വലിച്ചെറിയുന്ന പെണ്‍കുട്ടികള്‍ക്ക് എവിടെയായിരിക്കും അഭയം. ഭര്‍ത്താവില്ല, രക്ഷിതാക്കളുമില്ല എന്ന അവസ്ഥയില്‍ ജീവിക്കാന്‍ വേണ്ടി മാനംവിറ്റ് കഴിയുന്ന ദുരന്തമാണിതുമൂലം സംഭവിക്കാന്‍ പോകുന്നത്. ബലാല്‍സംഗം കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റമായിത്തന്നെ തുടരണം.

പക്ഷേ, നിരപരാധികളെ ശിക്ഷിക്കാനുള്ള പഴുതുകള്‍ അടക്കുക അനിവാര്യമാണ്. സ്ത്രീ പീഡന വിഷയത്തില്‍ സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മാത്രം പുരുഷന്‍മാര്‍ പീഡിപ്പിക്കപ്പെടുന്ന അവസ്ഥക്കെതിരില്‍ ശബ്ദമുയര്‍ത്തുന്ന ഒരു സംഘടന തന്നെ അടുത്ത കാലത്തായി കേരളത്തിലുണ്ടായിട്ടുണ്ട്. എന്നാല്‍ എന്നോ ഒരു നാള്‍ ഭാര്യയുമായി ലൈംഗികബന്ധം നടത്തിയത് അവളുടെ ഇഷ്ടപ്രകാരമായിരുന്നില്ലെന്ന് ഭാര്യ പരാതിപ്പെട്ടാല്‍ ഭര്‍ത്താവിനെ ബലാല്‍സംഗത്തിന് ശിക്ഷിക്കണമെന്ന നിര്‍ദേശം കുടുംബ ഭദ്രത തകര്‍ക്കുമെന്നുറപ്പാണ്. ഇത്തരം നിര്‍ദേശങ്ങളൊന്നും സ്ത്രീ സുരക്ഷക്ക് സഹായകമല്ലെന്ന് സാരം.

ക്രിസ്ത്യാനികള്‍ക്ക് നിയമപ്രകാരം വിവാഹ മോചനം നേടിയെടുക്കാനുള്ള കാലതാമസം കുറച്ചുകിട്ടണമെന്നും വിവാഹ മോചിതയായ ഹിന്ദു പെണ്‍കുട്ടിയെ പരീക്ഷണാര്‍ത്ഥം കുറച്ചുകാലംകൂടി ഭര്‍ത്താവിന്റെ വീട്ടില്‍ കഴിയാന്‍ പ്രേരിപ്പിക്കുന്ന സമ്പ്രദായം മാറ്റണമെന്നും അതത് സമുദായങ്ങള്‍ തന്നെ ആവശ്യപ്പെടുന്ന കാര്യങ്ങളാണ്. അത്തരം ശിപാര്‍ശകള്‍ സ്ത്രീകള്‍ക്കനുകൂലമാണെന്നാണ് അവരുടെ പക്ഷം. നിവൃത്തിയില്ലാത്ത സാഹചര്യങ്ങളില്‍ ദാമ്പത്യബന്ധം വേര്‍പെടുത്താനുള്ള ഭാര്യാ ഭര്‍ത്താക്കന്‍മാരുടെ അവകാശം ഉറപ്പുവരുത്തുകയും അതിന്റെ നടപടികള്‍ എളുപ്പമാക്കുകയും ചെയ്യണമെന്നതാണ് ആ ശിപാര്‍ശയുടെ സാരം. ആ കൂട്ടത്തിലാണ് ത്വലാഖ് വിഷയവും പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്. ഒരുമിച്ച് ജീവിക്കുവാന്‍ സാധ്യമല്ലാത്തവിധം ആയിക്കഴിഞ്ഞാല്‍ ബന്ധം അവസാനിപ്പിക്കുന്ന ത്വലാഖ് തന്നെ കാടത്തമാണെന്ന് പറയാനാണ് ബുദ്ധിജീവികള്‍ തിടുക്കം കൂട്ടുന്നത്. ദുരിത പൂര്‍ണമായ നിലയില്‍ ദാമ്പത്യം മുന്നോട്ട് നയിക്കാനാവാത്ത സാഹചര്യത്തില്‍ ബന്ധം വേര്‍പെടുത്താന്‍ എല്ലാ മതത്തിലും എല്ലാ സമൂഹങ്ങളിലും നിയമമുണ്ട്. ഇസ്‌ലാമില്‍ പുരുഷന്‍ സ്ത്രീയെ ഒഴിവാക്കുന്ന ത്വലാഖും സ്ത്രീ പുരുഷനെ ഒഴിവാക്കുന്ന ഫസ്ഖും ഖുല്‍ഉം ന്യായാധിപന്‍ (ഖാസി) വിഷയങ്ങള്‍ പഠിച്ച് വേര്‍പെടുത്തിക്കൊടുക്കുന്ന രീതിയുമുണ്ട്. വളരെ ശാസ്ത്രീയവും മനുഷ്യത്വപരവും പ്രായോഗികവുമായ നിയമമാണ് ത്വലാഖ്. ജീവിതകാലം മുഴുവനും അസ്വസ്ഥരായി കഴിയാതെ രണ്ടുപേര്‍ക്കും ഇഷ്ടപ്പെട്ട വഴി സ്വീകരിക്കാനുള്ള സ്വാതന്ത്ര്യമാണ് ത്വലാഖിലൂടെ ലഭിക്കുന്നത്.

എന്നാല്‍ ഏതൊരു നിയമവും പോലെ ത്വലാഖും അതിന്റെ നിബന്ധനകള്‍ പൂര്‍ത്തിയാക്കാതെ ദുരുപയോഗം ചെയ്യുന്നവരുണ്ട്. പെട്ടെന്നുണ്ടായ ക്ഷോഭം കാരണം ഒറ്റയിരിപ്പില്‍ മൂന്ന് ത്വലാഖും ചൊല്ലിയെന്ന് പറയുന്ന രീതി ഇസ്‌ലാമികമല്ല. അത് മത വിരുദ്ധമാണെന്നും അങ്ങനെ മൂന്ന് ത്വലാഖ് ഒന്നിച്ച് പറഞ്ഞ് ഭാര്യയെ പറഞ്ഞയക്കുന്നത് തെറ്റാണെന്നും മുസ്‌ലിം പണ്ഡിതന്മാര്‍ സമുദായത്തെ ബോധ്യപ്പെടുത്തുന്നുണ്ട്. ഇനിയും ഈ ബോധവല്‍ക്കരണം തുടരുകയും വേണം. ഖുര്‍ആന്‍ അംഗീകരിക്കാത്തതും പ്രവാചകന്‍ പഠിപ്പിക്കാത്തതുമായ മൂന്ന് ത്വലാഖ് ഒന്നിച്ച് ചൊല്ലുന്ന രീതി നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്യണമെന്ന സമിതിയുടെ നിര്‍ദേശത്തോട് മുസ്‌ലിംകള്‍ക്ക് വിയോജിപ്പുണ്ടാകേണ്ടതില്ല. വിവാഹപ്രായം കുറക്കുകയോ കൂട്ടുകയോ ചെയ്യുന്നതിനു ഓരോ രാജ്യത്തെയും സാമൂഹികവും സാംസ്‌കാരികവുമായ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട നിലയനുസരിച്ച് നിയമ നിര്‍മ്മാണം നടത്താവുന്നതാണ്.

സമിതിയുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ച് നിയമം നിര്‍മിച്ചാല്‍ അത് ഭരണഘടനാ ലംഘനമാകുമെന്ന കാര്യത്തില്‍ സംശയമില്ല. ഓരോ സമൂഹത്തിനുമുള്ള വ്യക്തി നിയമങ്ങള്‍ (പേഴ്‌സണ്‍ ലോ) ക്രമേണ ഭേദഗതി ചെയ്ത് മെല്ലെ മെല്ലെ ഏക സിവില്‍ കോഡ് നടപ്പിലാക്കാനുള്ള ഗൂഢതന്ത്രം ഇതിന് പിന്നിലുണ്ടെന്ന് ബന്ധപ്പെട്ടവര്‍ തിരിച്ചറിയണം.

ഇന്ത്യയില്‍ ഓരോ മത വിഭാഗത്തിനും അവരുടെ മതം അനുശാസിക്കുന്ന വ്യക്തി നിയമം അനുസരിച്ചാണ് കോടതികള്‍പോലും വിധി പറയേണ്ടതെന്നാണ് ഭരണഘടനയും അതിന്റെ വ്യാഖ്യാനങ്ങളും പറയുന്നത്. നിരവധി കോടതി വിധികളും ഇതിന് തെളിവായുണ്ട്. വിവാഹം, വിവാഹ മോചനം, അനന്തരാവകാശം തുടങ്ങിയ കാര്യങ്ങള്‍ വ്യക്തി നിയമത്തില്‍ പ്രധാനമാണ്. ഇത്തരം വിഷയങ്ങളില്‍ ഏതൊരു നിയമ പരിഷ്‌കരണവും നടത്തുന്നത് അതത് വിഭാഗങ്ങളുടെ പണ്ഡിതന്‍മാരുമായി ചര്‍ച്ച നടത്തി സമവായത്തിലെത്തിയ ശേഷമായിരിക്കണം. അല്ലാതെ സര്‍ക്കാര്‍ നിശ്ചയിക്കുന്ന സമിതികളും കോടതികളും നിയമ നിര്‍മാണ സഭകളും വ്യക്തി നിയമത്തില്‍ കടന്നുകയറ്റം നടത്തുന്നത് ശരിയല്ല. അവ എതിര്‍ക്കപ്പെടേണ്ടതാണ്. സ്വവര്‍ഗ രതിപോലുള്ള വൃത്തികേടുകളും ഭ്രൂണഹത്യപോലുള്ള ക്രൂരതകളും നിയമപരമായി അനുവദിക്കുന്നവര്‍ സാംസ്‌കാരിക ഇന്ത്യക്ക് കളങ്കമാണെന്നോര്‍ക്കണം.

കടപ്പാട്: ചന്ദ്രിക

Related Articles