Current Date

Search
Close this search box.
Search
Close this search box.

തക്കം പാര്‍ത്തിരിക്കുന്ന ഹിന്ദുത്വര്‍

rss-shakha.jpg

ഒരുപാട് ന്യൂനതകള്‍ ഉണ്ടെങ്കില്‍ കൂടി, 1949 നവംബര്‍ 26-ന് അംഗീകരിക്കപ്പെട്ട ഇന്ത്യയുടെ ഭരണഘടന ലിബറല്‍ ജനാധിപത്യത്തിന്റെ ഒരു ഉത്തമ രേഖ തന്നെയാണ്. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതിലും, എല്ലാവര്‍ക്കും സാമൂഹികവും, രാഷ്ട്രീയവും, സാമ്പത്തികവുമായ നീതി ഉറപ്പുവരുത്തുന്നതിലുമുള്ള അതിന്റെ ഊന്നല്‍ യഥാര്‍ത്ഥത്തില്‍ സാമ്രാജ്യത്വവിരുദ്ധ പാരമ്പര്യത്തിന്റെ ഒരു തുടര്‍ച്ച തന്നെയായിരുന്നു. എന്നാല്‍ ഇന്ന്, ഇന്ത്യന്‍ ഭരണഘടന അതിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കും വിധമുള്ള അപകടകരമായ വെല്ലുവിളികളെ നേരിട്ടു കൊണ്ടിരിക്കുകയാണ്. 2014-ല്‍ മോദി അധികാരത്തിലേറുന്നതിന് മുമ്പ് ഇന്ത്യ ഭരിച്ച ഭരണപാര്‍ട്ടികളൊക്കെ തന്നെയും ഭരണഘടന മുന്നോട്ട് വെക്കുന്ന ജനാനുകൂല ലക്ഷ്യങ്ങളെ കുറിച്ച് വാചകമടി നടത്തുകയല്ലാതെ ഒന്നും ചെയ്തില്ലെന്നത് സത്യം തന്നെയാണ്, പക്ഷെ അവരാരും തന്നെ ജനാധിപത്യ-മതേതര ഇന്ത്യന്‍ ഭരണഘടനയെ കടപുഴക്കിയെറിയുമെന്ന് പ്രഖ്യാപിക്കാന്‍ ധൈര്യം കാണിച്ചിട്ടില്ല. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രധാനമന്ത്രി താനൊരു ‘ഹിന്ദു ദേശീയവാദി’യാണെന്ന് സ്വയം വിശേഷിപ്പിക്കുകയും, താനൊരു ആര്‍.എസ്.എസ് പ്രവര്‍ത്തകനാണെന്ന് പ്രഖ്യാപിക്കുകയും, ഗുരു ഗോള്‍വാള്‍ക്കറാണ് തന്നെ ഒരു രാഷ്ട്രീയ നേതാവാക്കി വളര്‍ത്തിയതെന്ന് തുറന്ന് പറയുകയും ചെയ്യുന്നത്.

സ്ത്രീകളെയും, കീഴ്ജാതിക്കാരെയും മനുഷ്യരായി പരിഗണിക്കാത്ത ബ്രാഹ്മണ വേദഗ്രന്ഥമായ ‘മനുസ്മൃതി’ ഇന്ത്യയുടെ ഭരണഘടനയാക്കണമെന്നത് ആര്‍.എസ്.എസ്സിന്റെ പ്രഖ്യാപിത ലക്ഷ്യമാണെന്നത് പ്രത്യേകം ശ്രദ്ധിക്കണം. 1949 നവംബര്‍ 26-നാണ് ഭരണഘടനാ സമിതി ഭരണഘടന പാസാക്കിയത്. 1949 നവംബര്‍ 30-ാം തിയ്യതിയിലെ ആര്‍.എസ്.എസ് മുഖപത്രം ‘ഓര്‍ഗനൈസര്‍’ പ്രസ്തുത ഭരണഘടനയെ തള്ളിക്കളഞ്ഞ് കൊണ്ടും, ‘മനുസ്മൃതി’ ഭരണഘടനയാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടും എഡിറ്റോറിയല്‍ എഴുതി. അത് ഇങ്ങനെ വായിക്കാം:

‘പക്ഷെ നമ്മുടെ ഭരണഘടയില്‍, പൗരാണിക ഭാരതത്തിലെ അതുല്ല്യമായ ഭരണഘടനാ പുരോഗതിയെ സംബന്ധിച്ച് യാതൊന്നും പറയുന്നില്ല. സ്പാര്‍ട്ടയിലെ ലൈക്കര്‍ഗസിനേക്കാളും, പേര്‍ഷ്യയിലെ സൊളോണേക്കാളും വളരെ മുമ്പ് എഴുതപ്പെട്ടതാണ് മനുവിന്റെ നിയമങ്ങള്‍. ഈ ദിവസം വരേക്കും ലോകത്തിന്റെ ആദരവും, വണക്കവും, അംഗീകാരവും നേടിയതാണ് മനുസ്മൃതിയിലെ നിയമങ്ങള്‍. പക്ഷെ നമ്മുടെ ഭരണഘടനാ പണ്ഡിറ്റുകള്‍ക്ക് അതൊന്നും ഒന്നുമല്ല.’

സ്വാതന്ത്ര്യ ലബ്ദിക്ക് ശേഷവും ഇന്ത്യന്‍ ഭരണഘടനയെ അവമതിക്കുന്ന സമീപനം ആര്‍.എസ്.എസ് തുടര്‍ന്നു. നമ്മുടെ പ്രധാനമന്ത്രി അടക്കമുള്ള സമകാലിക ഹിന്ദുത്വ നേതാക്കളുടെ ഏക ഗുരുവും, ആര്‍.എസ്.എസിന്റെ പ്രമുഖ സൈദ്ധാന്തികാചാര്യനുമായ എം.എസ് ഗോള്‍വാള്‍ക്കര്‍ ഇന്ത്യന്‍ ഭരണഘടനയെ വിശകലനം ചെയ്തു കൊണ്ട് എഴുതിയത് ഇങ്ങനെയാണ്:

‘പാശ്ചാത്യ രാഷ്ട്രങ്ങളുടെ വ്യത്യസ്ത ഭരണഘടനകളില്‍ നിന്നുള്ള വ്യത്യസ്ത വകുപ്പുകള്‍ തലങ്ങും വിലങ്ങും ഏച്ചുകെട്ടി വെച്ചിരിക്കുന്ന ഒന്നാണ് നമ്മുടെ ഭരണഘടനയും. നമ്മുടേതെന്ന് വിളിക്കുവാന്‍ സാധിക്കുന്ന ഒന്നും അതിനകത്തില്ല. നമ്മുടെ രാഷ്ട്ര നിയോഗം എന്തായിരിക്കണമെന്നും ജീവിതത്തിന്റെ കേന്ദ്രതത്വമെന്തായിരിക്കണം എന്നതിനെ സംബന്ധിച്ചുമുള്ള ഒരു വാക്കെങ്കിലും അതിന്റെ മാര്‍ഗനിര്‍ദേശതത്വങ്ങളിലുണ്ടോ?’ (വിചാരധാര, സാഹിത്യസിന്ദു, പേജ്.208)

നമ്മുടെ പ്രധാനമന്ത്രിയടക്കമുള്ള ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍, അവന്റെ/അവളുടെ ദൈനംദിന പ്രാര്‍ത്ഥനകളില്‍, ആരാധനകളില്‍ ഹിന്ദു രാഷ്ട്രം സ്ഥാപിക്കുമെന്ന് പ്രതിജ്ഞ എടുക്കുന്നവരാണ്.

സ്വാതന്ത്ര്യലബ്ദിയുടെ തലേദിവസം, അതായത് 1947 ആഗസ്റ്റ് 14-ന്, എല്ലാവരെയും ഉള്‍ച്ചേര്‍ത്ത് കൊണ്ടുള്ള ഒരു രാഷ്ട്രം എന്ന സങ്കല്‍പ്പത്തെ ആര്‍.എസ്.എസ് മുഖപത്രമായ ‘ഓര്‍ഗനൈസര്‍’ അപ്പാടെ തള്ളിക്കളയുന്നുണ്ട്:

‘രാഷ്ട്രത്തെ സംബന്ധിച്ചുള്ള അബദ്ധധാരണകളുടെ സ്വാധീനത്തില്‍ നമുക്കിനിയും അകപ്പെട്ടു പോകരുത്. ഹിന്ദുസ്ഥാന്‍ ഭരിക്കുന്നത് ഹിന്ദുക്കളായിരിക്കും. രാജ്യഘടന ഹിന്ദുമതത്തിന്റെ സുരക്ഷിതാടിത്തറയിലാകും കെട്ടിപ്പടുക്കുക. ഈ ആശയങ്ങളെ അംഗീകരിച്ചാല്‍ തീരുന്നതേയുള്ളൂ മിക്കവാറുമുള്ള സംശയങ്ങളും അതുപോലെ തന്നെ ഇന്നിന്റെയും നാളെയുടെയും പ്രശ്‌നങ്ങളും. നമ്മുടെ രാഷ്ട്രം കെട്ടിപ്പടുക്കേണ്ടത് ഹിന്ദുക്കളാലും ഹൈന്ദവ പാരമ്പര്യത്താലും സംസ്‌കാരത്താലും ആശയത്താലും അഭിലാഷങ്ങളാലുമായിരിക്കണം.’

ജനാധിപത്യ-മതേതര ഇന്ത്യന്‍ ഭരണഘടനയോടും, അതിന്റെ എല്ലാ ചിഹ്നങ്ങളോടും ആര്‍.എസ്.എസ്സിന് കടുത്ത എതിര്‍പ്പാണെങ്കില്‍, പിന്നെ എന്തു കൊണ്ടാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകരും, പ്രധാനമന്ത്രി മോദിയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും ഇന്ത്യന്‍ ഭരണഘടനയുടെ വാര്‍ഷികാഘോഷം കൊണ്ടാടിയത് എന്ന ചോദ്യം ഉയര്‍ന്ന് വന്നേക്കാം. ഇരട്ടത്താപ്പിന്റെ രാജാക്കന്‍മാരായ ഈ നേതാക്കള്‍ ആക്രമണത്തിന് അനുയോജ്യമായ നേരവും കാലവും ഒത്തുവരുന്നതും നോക്കി കാത്തിരിക്കുകയാണ്. കഴിഞ്ഞ രണ്ടര വര്‍ഷമായി ഇന്ത്യയുടെ ജനാധിപത്യ സ്ഥാപനങ്ങള്‍ ഒന്നൊന്നായി തകര്‍ത്ത് കൊണ്ടിരിക്കുന്ന അവര്‍, ജനാധിപത്യ-മതേതര ഇന്ത്യയെ ഒന്നടങ്കം തകര്‍ത്തെറിയാനുള്ള കാത്തിരിപ്പിലാണ്. 1940-ല്‍ ഗുരു ഗോള്‍വാള്‍ക്കറാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്. 1940-ല്‍ റേശം ബാഗിലെ ആര്‍.എസ്.എസ് തലസ്ഥാനത്ത് 1350 ആര്‍.എസ്.എസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു കൊണ്ട് നടത്തിയ പ്രഭാഷണത്തില്‍ ഗോള്‍വാള്‍ക്കര്‍ പ്രഖ്യാപിച്ചു:

‘ഒരൊറ്റ പതാകയാലും ഒരൊറ്റ നേതാവിനാലും ഒരൊറ്റ പ്രത്യയശാസ്ത്രത്താലും പ്രചോദിതരായ ആര്‍.എസ്.എസ് ഈ മഹദ് ഭൂമിയുടെ മുക്കിലും മൂലയിലും ഹിന്ദുത്വത്തിന്റെ തീനാളങ്ങള്‍ കൊളുത്തുകയാണ്.’

ജനാധിപത്യ-മതേതര ഇന്ത്യയുടെ ഭാവിയില്‍ ആശങ്കയുള്ളവര്‍ എല്ലാവരും ആര്‍.എസ്.എസ്സിന്റെ ദേശവിരുദ്ധ അജണ്ടയെ പ്രതിരോധിക്കാന്‍ രംഗത്ത് ഇറങ്ങണമെന്നാണ് കാലത്തിന്റെ അനിവാര്യതേട്ടം.

മൊഴിമാറ്റം: irshad shariathi

Related Articles