Current Date

Search
Close this search box.
Search
Close this search box.

ഡോ. മുര്‍സിയോട് പറയാനുളളത്

morsi.jpg

ഞാന്‍ താങ്കളെ സഹോദരനായാണ് കാണുന്നത്. എനിക്കും താങ്കള്‍ക്കുമിടയില്‍ പ്രായത്തില്‍ വലിയ അന്തരമുണ്ടെങ്കില്‍ പോലും. എനിക്ക് ഏകദേശം താങ്കളുടെ മക്കളുടെ പ്രായമാണുള്ളത്. പക്ഷെ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ ഉയര്‍ത്തിപ്പിടിക്കുന്ന സവിശേഷ മൂല്യമായ സാഹോദര്യത്താല്‍ നമ്മള്‍ തീര്‍ച്ചയായും സഹോദരന്‍മാരാണ്.
രണ്ട് വാക്ക് ഉപദേശിക്കുന്നതിന് മുമ്പ് എനിക്ക് പറയാനുളളത് അല്ലാഹു ഞങ്ങള്‍ക്കിടയില്‍ നിന്നും താങ്കളെ തെരെഞ്ഞെടുത്തിരിക്കുന്നുവെന്നതാണ്. കാര്യങ്ങള്‍ സങ്കീര്‍ണായതിന് ശേഷം ഞങ്ങളുടെ ചുമതലയെന്ന അമാനത്ത് താങ്കളുടെ കരങ്ങളിലാണ് ഏല്‍പിക്കപ്പെട്ടത്. ഇവിടെ വിവിധങ്ങളായ അഭിപ്രായങ്ങളുണ്ടായിരുന്നു. പല ആളുകളും നാമനിര്‍ദ്ദേശം നല്‍കിയിരുന്നു. പക്ഷെ അല്ലാഹു കാര്യങ്ങള്‍ വ്യവസ്ഥപ്പെടുത്തുന്ന രീതിയെയാണ് ഞാന്‍ വീക്ഷിച്ച് കൊണ്ടിരിക്കുന്നത്. അവന്‍ ഒരുത്തനെക്കൊണ്ട് മറ്റൊരുത്തനെ പ്രതിരോധിക്കുന്നു. അകലെയെന്ന് ചിലര്‍ കരുതുന്നവന് അധികാരത്തിലെത്താന്‍ അവന്‍ വഴിയൊരുക്കുന്നു. അല്ലാഹുവിന്റെ യുക്തിയെക്കുറിച്ച് അവന്റെ കഴിവിനെക്കുറിച്ച് നാം പുലര്‍ത്തുന്ന അശ്രദ്ധ അല്ലെങ്കില്‍ നിസ്സംഗത എന്നെ ചിരിപ്പിക്കുകയാണ്. അവന്‍ ഉദ്ദേശിച്ചവരെ അവന്‍ ഉയര്‍ത്തുകയോ, താഴ്ത്തുകയോ, പ്രതാപവാനാക്കുകയോ, നിന്ദിക്കുകയോ ചെയ്യും. അവന്‍ നമുക്ക് പഠിപ്പിച്ച ഒരുപാട് പാഠങ്ങളില്‍ നിന്നും നാം ഇത് വരെ പാഠമുള്‍ക്കൊണ്ടിട്ടില്ല. മുബാറകിന്റെ സ്വേഛാധിപത്യ സിംഹാസനം അല്ലാഹുവിന്റെ അധികാരത്തിന് മുകളിലായിരുന്നില്ല. എന്നല്ല ചിലന്തിവലയെക്കാള്‍ ദുര്‍ബലമായരുന്നു അത്. ഇപ്പോള്‍ ഞാന്‍ ചിന്തിക്കുന്നത് ഞാനായിരുന്നു താങ്കളുടെ സ്ഥാനത്തെങ്കില്‍ എന്തായിരിക്കും എന്റെ മാനസികാവസ്ഥ എന്നതിനെക്കുറിച്ചാണ്.
അപ്പോള്‍ എനിക്ക് മനസ്സിലായത് ഈ സന്ദര്‍ഭത്തില്‍ അല്ലാഹുവിന്റെ സഹായത്തോടൊപ്പം എനിക്ക് അടിയന്തരിമായി ആവശ്യമുണ്ടാവുക എന്റെ പ്രിയ സഹോദരന്‍മാരുടെ ഗുണകാംക്ഷയോടുള്ള ഉപദേശമാണ്. അത് കൊണ്ടാണ് താങ്കളോട് രണ്ട് വാക്ക് പറയണമെന്ന് ഞാന്‍ തീരുമാനിച്ചത്. പ്രശസ്തനായ പണ്ഡിതനല്ല ഞാന്‍. എടുത്ത് പറയാന്‍ മാത്രം മഹത്തായ കര്‍മങ്ങളും എന്റെ പേരിലില്ല. ഒരു പക്ഷെ വലിയ അബദ്ധങ്ങള്‍ ഞാന്‍ പ്രവര്‍ത്തിച്ചിരിക്കാം. എന്നാലും, എന്റെ ഈ വചനങ്ങള്‍ അല്ലാഹു താങ്കള്‍ക്ക് പ്രയോജനപ്പെടുത്തിയേക്കാം. ആ പ്രയോജനമാവട്ടെ മൊത്തം ജനതക്കും ലഭിക്കും. താങ്കള്‍ ഏറ്റെടുത്ത് വിഷമകരമായ ഉത്തരവാദിത്തല്‍ അത് മുഖേന എനിക്കും പങ്ക് വഹിക്കാം.
ഇത് ഒരു ഉപദേശിയുടെ കേവല പ്രസംഗമല്ല. ഇത് താങ്കളെ സ്‌നേഹിക്കുന്ന, താങ്കളുടെ ഹൃദയത്തിന്റെ ആശങ്കള്‍ മനസ്സിലാക്കിയ ഒരു സഹോദരന്റെ വാക്കുകളാണ്.
താങ്കള്‍ ഖലീഫ ഉമര്‍ ബിന്‍ അബ്ദില്‍ അസീസിന്റെ പാത പിന്‍പറ്റണമെന്നാണ് എനിക്ക് ഉപദേശിക്കാനുള്ളത്. അദ്ദേഹത്തിന്റെ ചരിത്രത്തില്‍, കാലഘട്ടത്തില്‍ താങ്കള്‍ക്കും നമുക്കും പ്രയോജനം ചെയ്യുന്നു ധാരാളം കാര്യങ്ങള്‍ ഞാന്‍ കാണുകയുണ്ടായി. അദ്ദേഹം ദിവ്യബോധനം ലഭിക്കുന്ന പ്രവാചകനായിരുന്നില്ല. പ്രവാചക സഹവാസം കൊണ്ട് അനുഗ്രഹിക്കപ്പെട്ട സഹാബിയായിരുന്നില്ല. പ്രവാചകനെപ്പോലെ ഒരു വലിയ സത്യനിഷേധി സമൂഹത്തെ ഇസ്‌ലാമിലേക്ക് കൊണ്ട് വന്ന നായകനോ, സഹാബാക്കളെപ്പോലെ വിശ്വാസി സമൂഹത്തിന്റെ ചുമതല ഏല്‍പിക്കപ്പെട്ടവനോ ആയിരുന്നില്ല. പക്ഷെ, ഈ ഉമ്മത്തിന്റെ ചുമതല ഏറ്റെടുക്കാനുള്ള ബാധ്യത അല്ലാഹു അദ്ദേഹത്തെയാണ് ഏല്‍പിച്ചത്. അക്രമം, അരാജകത്വം, സ്വേഛാധിപത്യം, കൊലപാതകം, പീഢനം, ധൂര്‍ത്ത് തുടങ്ങിയ സകല അധാര്‍മികതകളും ഈ ഉമ്മത്തില്‍ വ്യാപകമായതിന് ശേഷമായിരുന്നു അതെന്ന് നാമോര്‍ക്കണം.
താങ്കള്‍ ഇപ്പോള്‍ മുന്നില്‍ വെക്കുന്ന പോലുള്ള ഉമ്മത്തിന്റെ നവോത്ഥാനത്തിനാവശ്യമായ സംസ്‌കരണ പദ്ധതി അദ്ദേഹത്തിന്റെ കൈവശവുമുണ്ടായിരുന്നു. ഇത് ഒരു ശുഭകരമായ സാദൃശ്യമാണ്. നിലവിലുള്ള ഈജിപ്തിന്റെയും, ബനൂ ഉമയ്യയുടെ കാലത്തുള്ള ഈജിപ്തിന്റെയും ചിത്രം ഒന്ന് തന്നെയാണ്. ഇന്നത്തെ ഈജിപ്തിന്റെ സ്ഥിതി കൂടുതല്‍ ദയനീയമാണെന്നാണ് കരുതുന്നത്. ഈ സാഹചര്യമാണ് അദ്ദേഹത്തിന്റെ ചരിതത്തില്‍ നിന്നും കടമെടുത്ത് താങ്കളെ ഉപദേശിക്കാന്‍ എന്നെ പ്രേരിപ്പിച്ചതും. ഈ ഉമ്മത്തിലെ നവോത്ഥാന നായകനായ അദ്ദേഹത്തിന്റെ മഹദ്കര്‍മങ്ങള്‍ നമുക്ക് പ്രയോജനപ്പെടുമെന്നതില്‍ സംശയമില്ല. അദ്ദേഹത്തെയും അദ്ദേഹത്തിന്റെ പരിഷ്‌കരണ സംരംഭങ്ങളെയും കുറിച്ച ധാരാളം രചനകള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ഡോ. അലി മുഹമ്മദ് സല്ലാബി എഴുതിയ ഗ്രന്ഥം. ഞാന്‍ അതില്‍ നിന്നും ധാരാളം മുതലെടുത്തു. പ്രസ്തുത ഗ്രന്ഥം താങ്കള്‍ വായിക്കണമെന്ന് ഞാന്‍ നിര്‍ദ്ദേശിക്കുന്നു. ഉമര്‍ ബിന്‍ അബ്ദില്‍ അസീസിന്റെ ജീവിതത്തെയും, ഖിലാഫത്തിനെയും, രാഷ്ട്ര ഭരമത്തിലെ അദ്ദേഹത്തിന്റെ രീതിയെയും, കൂടിയാലോചനാ സംവിധാനത്തെയും രാഷ്ട്രീയ നയത്തെയും അതില്‍ കൃത്യവും വിശദവുമായി പരിചയപ്പെടുത്തിയിട്ടുണ്ട്. ഭരണാധികാരിക്കുണ്ടാവേണ്ടുന്ന ക്ഷമ, വിവേകം, പക്വത, വിട്ട്‌വീഴ്ച, ദൃഢനിശ്ചയം, നീതി, ഭൗതികവും ബൗദ്ധികവുമായ നവോത്ഥാനം തുടങ്ങിയവയെക്കുറിച്ചും അദ്ദേഹം സവിസ്തരം പ്രതിപാദിക്കുന്നു.
ജനങ്ങളോടുള്ള പെരുമാറ്റം, സമൂഹ സംസ്‌കരണത്തിലുള്ള പ്രതിബദ്ധത, പരലോകത്തെക്കുറിച്ച ഉദ്‌ബോധനം, തെറ്റായ സങ്കല്‍പങ്ങളെ ശരിയാക്കല്‍, ഗോത്രപക്ഷപാതിത്വ നിരാസം തുടങ്ങിയവ ഉമര്‍ ബിന്‍ അബ്ദില്‍ അസീസ്(റ)ന്റെ സവിശേഷ ഗുണങ്ങളായിരുന്നു. അതിനാല്‍ തന്നെ താങ്കള്‍ക്കും ആ മഹാനായ മനുഷ്യനും ഇടയില്‍ മേല്‍പറഞ്ഞ വിഷയങ്ങളില്‍ സാദൃശ്യമുണ്ടായിരിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഈ രാഷ്ട്രത്തിന്റെ ഉന്നതിക്കും നവോത്ഥാനത്തിനും അല്ലാഹു താങ്കള്‍ക്ക് തൗഫീഖ് ഏകുമെന്ന പ്രതീക്ഷയോടെ ഈ സന്ദേശം ഞാന്‍ താങ്കള്‍ക്ക് അയക്കുന്നു.

Related Articles