Current Date

Search
Close this search box.
Search
Close this search box.

ഞാന്‍ ലജ്ജിച്ച് തലതാഴ്ത്തുന്നു; ഭരണാധികാരികള്‍ക്ക് ഒരു തുറന്ന കത്ത്

admiral-ramdas.jpg

ബഹുമാനപ്പെട്ട രാഷ്ട്രപതിയും പ്രധാനമന്ത്രിയും അറിയുന്നതിന്…
ഞാന്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്ന രാഷ്ട്രവും അതിലെ ജനതയും അതികഠിനമായ വെല്ലുവിളികള്‍ നേരിടുന്ന ഈ സമയത്ത് അത്യധികം ഹൃദയവേദയോടെയാണ് ഞാന്‍ ഈ തുറന്ന് കത്ത് എഴുതുന്നത്. ഇന്ത്യയുടെ ആര്‍മ്ഡ് ഫോഴ്‌സിലാണ് ഞാന്‍ സേവനമനുഷ്ടിച്ചിരുന്നത്. സ്വാതന്ത്ര്യലബ്ദിക്ക് തൊട്ടുടനെ, പതിനഞ്ചാം വയസ്സില്‍ സൈന്യത്തില്‍ ചേര്‍ന്ന ഈയുള്ളവന്‍ ഔദ്യോഗിക ജീവിതത്തിന് വിരാമം കുറിക്കുന്ന സമയത്ത് ഇന്ത്യയുടെ നാവിക സേനാ ചീഫായിരുന്നു [1990-1993]. 1947-ലെ ഇന്ത്യ വിഭജന സമയത്തുണ്ടായ കിരാതസംഭവങ്ങള്‍ തൊട്ട് ഇന്ന് നാം കണ്ടു കൊണ്ടിരിക്കുന്ന ഡിജിറ്റല്‍ ഇന്ത്യ വരെയുള്ള ഇന്ത്യയുടെ ഒരുപാട് മാറ്റങ്ങള്‍ക്ക് ഞാന്‍ ദൃക്‌സാക്ഷിയാണ്.

ഹിന്ദുമത വിശ്വാസ പ്രകാരം വളര്‍ന്നുവന്ന ഒരാളെന്ന നിലയില്‍ കൂടിയാണ് ഞാനീ കത്തെഴുതുന്നത്. എല്ലാവരോടും സഹിഷ്ണുതയോടെ പെരുമാറാന്‍ പഠിപ്പിക്കുന്നതും, എല്ലാവരേയും ഉള്‍ക്കൊള്ളുന്നതും, അതിലേറെ ഒരുപാട് വൈവിധ്യങ്ങളുമുള്ള ഒന്നാണ് എനിക്കറിയാവുന്നതും, ഞാന്‍ അനുഭവിച്ചതുമായ ഹിന്ദുമതം. സ്‌നേഹത്തെ കുറിച്ചും എല്ലാവരേയും ബഹുമാനിക്കുന്നതിനെ സംബന്ധിച്ചുമാണ് എന്റെ മതം എന്നെ പഠിപ്പിച്ചത്. ഇന്നത്തെ ‘ഹിന്ദുത്വര്‍’ പ്രതിനിധീകരിക്കുന്ന ഹിംസയും, അസഹിഷ്ണുതയും കൊണ്ട് നിറഞ്ഞ് ദുര്‍ഗന്ധം വമിക്കുന്നതല്ല ഞാന്‍ വിശ്വസിക്കുന്ന ഹിന്ദുമതം. ഹിന്ദുത്വരാണ് നമ്മുടെ രാജ്യത്തുടനീളം ഭയത്തിന്റെയും വിഭാഗീയതയുടേയും ഹിംസാത്മകമായ തീപ്പൊരികള്‍ പാറിച്ചു കൊണ്ടിരിക്കുന്നത്.

ഇന്ന്, എണ്‍പതുകാരനായ ഞാന്‍, ലജ്ജിച്ച് തല താഴ്ത്താന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്. നമ്മുടെ സഹോദരങ്ങള്‍ക്ക് നേരെയുള്ള ആക്രമണപരമ്പരകള്‍ക്ക് ഞാന്‍ ദിനംപ്രതി സാക്ഷിയായി കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് ദലിതുകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നേരെയുള്ള ആക്രമണസംഭവങ്ങള്‍. 45 വര്‍ഷക്കാലം ആത്മാഭിമാനബോധത്തോടെ ഞാന്‍ സേവിച്ച നമ്മുടെ സായുധ സൈന്യം, ഇന്ത്യയുടെ മതേതര പൈതൃകത്തിന്റെ മികച്ച ഉദാഹരണം തന്നെയാണ്. കപ്പല്‍സേനയാവട്ടെ, സബ്മറൈനുകളാവട്ടെ, യുദ്ധവിമാനങ്ങളാകട്ടെ, കാലാള്‍പ്പടയാവട്ടെ, മതത്തിന്റെയോ, ജാതിയുടേയോ പേരില്‍ ഞങ്ങള്‍ക്കിടയില്‍ യാതൊരു വിവേചനവുമുണ്ടായിരുന്നില്ല. ഞങ്ങള്‍ ഒരുമിച്ച് പരിശീലിക്കുന്നു, ഒരുമിച്ച് പോരാടുന്നു, ഒരുമിച്ച് ജീവിക്കുന്നു, ഒരുമിച്ച് ഭക്ഷണം കഴിക്കുന്നു, ഒരുമിച്ച് മരിക്കുന്നു.

എന്നിട്ടും എന്തുകൊണ്ടാണ് നമ്മുടെ രാജ്യത്ത് ന്യൂനപക്ഷ വിഭാഗങ്ങള്‍ വ്യാപകമായ ആക്രമണത്തിന് ഇരയായി കൊണ്ടിരിക്കുന്നത്? പ്രത്യേകിച്ച് 2014 മെയ് മാസത്തില്‍ നിലവിലെ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം. പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ടെന്ന പേരില്‍ ചില സമുദായങ്ങളെ ഒറ്റപ്പെടുത്തുന്ന പ്രവണത കണ്ടുവരുന്നുണ്ട്. തന്റെ രാജ്യസ്‌നേഹവും ദേശക്കൂറും പൊതുസമൂഹത്തിന് മുന്നില്‍ തെളിയിക്കേണ്ട ഗതികേടിലാണ് ഇന്ന് ഒരു മുസല്‍മാന്‍ ജീവിക്കുന്നത്. അവരുടെ ദേവാലയങ്ങളും, ഭക്ഷണ ശീലങ്ങളും, മൗലിക അവകാശങ്ങളും നിരന്തരമായി ആക്രമിക്കപ്പെടുന്ന ഒരു സ്ഥിതിവിശേഷം. അക്രമാസക്തമായ ജനകൂട്ടങ്ങളാല്‍ ഒരുപാട് പേര്‍ കൊല്ലപ്പെട്ടതിനും, മുതിര്‍ന്ന നേതാക്കളുടെ വായില്‍ നിന്നും വന്ന തെറിവാക്കുകള്‍ക്കും ഉദാഹരണങ്ങള്‍ അനവധിയാണ്. ഇവയെല്ലാം തന്നെ ഇനിയും ആവര്‍ത്തിക്കപ്പെടുക തന്നെ ചെയ്യും. ഭരണകൂടത്തിന്റെ ഒത്താശയോടെ ദലിതുകള്‍ക്ക് നേരെ അരങ്ങേറുന്ന ആക്രമണങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും.

ഇന്ത്യയില്‍ ഒരു ഹിന്ദു രാഷ്ട്രം നിര്‍മിക്കാനുള്ള വളരെ വ്യവസ്ഥാപിതമായ നീക്കം ഇവിടെ നടക്കുന്നുണ്ട്. ആര്‍.എസ്.എസ്സും അതിന്റെ പോഷകസംഘടനകളുമാണ് ഈ പദ്ധതിയെ നയിക്കുന്നത്. നിയമ വ്യവസ്ഥയെ പരിപൂര്‍ണ്ണമായും അവഹേളിച്ചു കൊണ്ട്, കേവലം അഭ്യൂഹങ്ങളുടെയും കിംവതന്തികളുടെയും അടിസ്ഥാനത്തില്‍ ആളുകളെ ജീവനോടെ കൊല്ലുകയും, പീഢിപ്പിക്കുകയും ചെയ്യുന്ന മാനസിക നിലയുള്ള വളരെ അപകടകാരികളായ ഒരു ജനകൂട്ടത്തിന്റെ സൃഷ്ടിപ്പിനാണ് ആര്‍.എസ്.എസ് അജണ്ട വഴിവെച്ചിരിക്കുന്നത്. നിയമം നടപ്പിലാക്കാന്‍ ഉത്തരവാദിത്തമേല്‍പ്പിക്കപ്പെട്ടവര്‍, വേട്ടക്കാരുടെ പക്ഷം ചേരുന്ന ഒരുപാട് സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

അതിലുപരി ഇന്ത്യാ രാജ്യത്തിന്റെ ഭരണം കൈയ്യാളുന്നവര്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ഇത്തരം സംഭവങ്ങളെ ഇതുവരെ അപലപിക്കാന്‍ പോലും തയ്യാറായിട്ടില്ല എന്ന വസ്തുതയാണ് ഏറെ ഞെട്ടിപ്പിക്കുന്നത്.

സങ്കടകരമെന്ന് പറയട്ടെ, സര്‍ക്കാറിന്റെ താല്‍പര്യമില്ലായ്മയിലേക്ക് തന്നെയാണ് അത് വിരല്‍ ചൂണ്ടുന്നത്. ഈ അക്രമസംഭവങ്ങളെ ഗൗരവത്തോടെ കാണാതെ, അതിനെയെല്ലാം വിലകുറച്ച് കാണുന്ന തരത്തിലാണ് സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുള്ള സംയുക്ത പ്രതികരണം. ഇന്ത്യന്‍ സമൂഹം സര്‍ക്കാറിന്റെ ഇത്തരം നടപടികളെ ഒരുതരത്തിലും വെച്ചുപൊറുപ്പിക്കില്ലെന്ന് കാണിച്ചു കൊടുക്കാന്‍ അതിശക്തമായ ജനകീയ പ്രതിഷേധം ഉയര്‍ന്നുവരിക തന്നെ വേണം. എം.പിമാരും, മന്ത്രിമാരും, മുഖ്യമന്ത്രിമാരുമാണ് ഇത്തരം ആക്രമണ നടപടികളുടെ മുന്‍നിരയിലുള്ളത്. നിയമവ്യവസ്ഥയെ തെല്ലും ബഹുമാനിക്കാതെ, പുച്ഛിച്ചു തള്ളിക്കൊണ്ട് തങ്ങളുടേതായ പദ്ധതി നടപ്പിലാക്കുകയാണ് ഭരണ പാര്‍ട്ടിയും അതിന്റെ പോഷക സംഘടനകളും ചേര്‍ന്ന് ചെയ്യുന്നതെന്ന് ഒരാള്‍ കരുതാന്‍ ഇത് വഴിവെക്കുന്നു.

ഭരണത്തിന്റെ തലപ്പത്തിരിക്കുന്നവരുടെ നേര്‍ക്ക് വിരല്‍ ചൂണ്ടേണ്ട കാര്യമെനിക്കില്ല. കാരണം ന്യൂനപക്ഷങ്ങള്‍- പ്രത്യേകിച്ച് മുസ്‌ലിംകളും, ക്രിസ്ത്യാനികളും, ദലിതുകളും, ആദിവാസികളും ഇപ്പോള്‍ തന്നെ വിവേചനമനുഭവിക്കുകയും, പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്ന ഒരു രാജ്യത്ത് ഇത് തീ കൊണ്ടുള്ള കളിയാണ്. നമ്മുടെ ശക്തിയായ നാനാത്വത്തില്‍ ഏകത്വത്തെ കുറിച്ച്  സംസാരിക്കുന്നതിന് പകരം, അസഹിഷ്ണുതയും, വംശീയതയും, ഫാസിസവും അരങ്ങുവാഴുന്ന ഒരിടമായിട്ടാണ് അന്താരാഷ്ട്രസമൂഹം ഇന്ത്യയെ ഇപ്പോള്‍ നോക്കി കാണുന്നത്. എല്ലാതരത്തിലുള്ള എതിരഭിപ്രായങ്ങളെയും അടിച്ചമര്‍ത്തുകയും, നിയമവാഴ്ച്ചക്ക് പുല്ലുവില കല്‍പ്പിച്ചു കൊണ്ട് മനുഷ്യന്റെ മൗലികാവകാശങ്ങളെ കവര്‍ന്നെടുക്കുന്നതുമായ ഒരു അപൂര്‍ണ്ണ ജനാധിപത്യമാണ് ഇന്ത്യയുടേതെന്ന ചിത്രമാണ്, ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഭരണകൂടത്തിന്റെ ഒത്താശയോടെ നടക്കുന്ന ആക്രമണങ്ങള്‍ പുറത്തേക്ക് വിടുന്നത്.

ഇന്ത്യയുടെ ഭരണഘടന ഉയര്‍ത്തിപിടിക്കുമെന്നാണ് അധികാരത്തിലേറുന്ന സമയത്ത് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തിട്ടുള്ളത്. അത് പ്രാവര്‍ത്തികമാക്കുന്നതിലുള്ള അവരുടെ പരാജയം വളരെയധികം ഗൗരവത്തോടെ കാണേണ്ട സംഗതി തന്നെയാണ്. രാഷ്ട്രസുരക്ഷക്കും, ദേശീയ ഉദ്ഗ്രഥനത്തിനും ഒരു ഭീഷണിയാണത്. കേന്ദ്ര സര്‍ക്കാറും, സംസ്ഥാന സര്‍ക്കാറുകളും അത്തരം അക്രമസംഭവങ്ങളെ തുറന്ന് അപലപിക്കേണ്ടതുണ്ട്. അതുപോലെ നീതി നടപ്പിലാക്കുകയും, കുറ്റവാളികളെ ശിക്ഷിക്കുകയും ചെയ്യണം. അതില്‍ യാതൊരു കാലതാമസവും സംഭവിക്കാന്‍ പാടുള്ളതല്ല. ഇത്തരം സംഭവങ്ങളോട് പ്രതികരിക്കാനുള്ള സര്‍ക്കാറിന്റെ വിമുഖത, ഇന്ത്യന്‍ സംസ്‌കാരത്തിനും, ജനതക്കും എതിരെ വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സംഘങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുകയാണ് ചെയ്യുന്നത്.

വൈവിധ്യപൂര്‍ണ്ണമായ ജനസഞ്ചയങ്ങളെയും സംസ്‌കാരങ്ങളെയുമാണ് ഇന്ത്യ പ്രതിനിധീകരിക്കുന്നത്. 5000 വര്‍ഷക്കാലം നീണ്ടു നിന്ന നിരന്തരമായ മാറ്റത്തിന്റെ പ്രക്രിയയിലൂടെയാണ് ഇത് രൂപം കൊണ്ടത്. ഭൂലോകത്തൊരിടത്തും ഇത്തരമൊന്ന് കാണാന്‍ കഴിയില്ല. ഇക്കാരണം കൊണ്ട് തന്നെ, ഏക മതസ്വത്വം എന്ന ആശയം അല്ലെങ്കില്‍ ഏകശിലാത്മക സംസ്‌കാര ആധിപത്യം എന്നത് ഇന്ത്യയുടെ നാനാത്വത്തില്‍ ഏകത്വമെന്ന മൂല്യത്തിന് അന്യമാണ് അല്ലെങ്കില്‍ ഭീഷണിയാണ്.

ബഹുമാനപ്പെട്ട രാഷ്ട്രപതി, ബഹുമാനപ്പെട്ട പ്രധാനമന്ത്രി..

അഭിപ്രായ സ്വാതന്ത്ര്യം, ആരാധിക്കാനുള്ള സ്വാതന്ത്ര്യം, സംഘം ചേരാനുള്ള അവകാശം എന്നിങ്ങനെയുള്ള ഓരോ ഇന്ത്യന്‍ പൗരന്റെയും മൗലികാവകാശങ്ങളെ സംരക്ഷിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്തിട്ടുള്ളവരാണ് നിങ്ങള്‍. ഒരു മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ അതേ ഭരണഘടനയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുമെന്ന് നിങ്ങളെ പോലെ തന്നെ ഞാനും സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. ഭരണഘടന അനുശാസിക്കുന്നത് പോലെ ഓരോ പൗരന്റെയും മൗലികാവകാശങ്ങള്‍ ഈ രാജ്യത്തെ സര്‍ക്കാര്‍ സംരക്ഷിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് നമ്മുടെ മേലുള്ള ബാധ്യതയാണ്.

ഇന്ത്യയിലെ ജനങ്ങള്‍ നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ള എല്ലാവിധ അധികാരങ്ങളും കാര്യക്ഷമമായി വിനിയോഗിച്ച് ഭരണഘടനാ മൂല്യങ്ങള്‍ കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്നും നടപ്പിലാവുന്നുണ്ടെന്നും ഉറപ്പുവരുത്തേണ്ടത് നിങ്ങളാണ്.

ഭരണനിര്‍വഹണ രംഗത്തെ വിനാശകരമായ കളകള്‍ ഇപ്പോള്‍ തന്നെ നാം പിഴുതെടുത്ത് കളഞ്ഞില്ലെങ്കില്‍ – സമയമേറെ വൈകിയിരിക്കുന്നു എന്ന് മാത്രമാണ് പറയാനുള്ളത്. നമ്മുടെ ജനാധിപത്യത്തിലുള്ള വിശ്വാസത്തെ പുനസ്ഥാപിക്കുവാന്‍ അടിയന്തിര നടപടികള്‍ കൈക്കൊള്ളുന്ന നിങ്ങളെയാണ് ഞങ്ങള്‍ ഇന്ത്യന്‍ ജനത ഉറ്റുനോക്കുന്നത്.

– എല്‍. രാമദാസ്

 

മൊഴിമാറ്റം: ഇര്‍ഷാദ് കാളാചാല്‍

Related Articles