Current Date

Search
Close this search box.
Search
Close this search box.

ഞങ്ങള്‍ കാത്തിരിക്കുന്നു, അന്തിമ വിജയം വരിക തന്നെ ചെയ്യും

yousuf-jumua.jpg

മസ്ജിദുല്‍ അഖ്‌സാ ഇമാം ഡോ. യൂസുഫ് ജുമുഅ സലാമ സൗദിയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന മലയാളം ന്യൂസ് ദിനപത്രത്തിന്റെ പത്രാധിപസമിതി അംഗം വഹീദ് സമാനുമായി നടത്തിയ സംഭാഷണത്തിന്റെ സംഗ്രഹം:

 

ഏറെ നേരം കാത്തിരിക്കാതെയും അധികം മുട്ടാതെയും മക്കയിലെ സംസം ഹോട്ടലിന്റെ 201 ാം നമ്പര്‍ മുറിയുടെ വാതില്‍ തുറന്നുകിട്ടി. മുന്നില്‍ ചെറുപുഞ്ചിരി തൂകി ഇമാം നില്‍ക്കുന്നു… അതെ, മസ്ജിദുല്‍ അഖ്‌സയിലെ ഇമാം ഡോ. യൂസുഫ് ജുമുഅ സലാമ. സവിശേഷമാക്കപ്പെട്ട മൂന്ന് മസ്ജിദുകളിലൊന്നിലെ ഇമാം. ഇസ്‌ലാമിക ചരിത്രത്തോളം പഴക്കമുള്ള മസ്ജിദുല്‍ അഖ്‌സയിലെ ഇമാം മുഖം നിറയുന്ന ചിരിയുമായി ഇമാം തൊട്ടുമുന്നില്‍ സംസാരിക്കാനിരിക്കുന്നു. തിരുഗേഹങ്ങളുടെ സേവകന്‍ അബ്ദുല്ല രാജാവിന്റെ അതിഥിയായാണ് യൂസുഫ് സലാമ ഈ വര്‍ഷം ഹജ്ജ് നിര്‍വഹിക്കാനെത്തിയത്.

അറിവിന്റെ മഹാസാഗരങ്ങളില്‍ ഊളിയിട്ട് വിജ്ഞാനത്തിന്റെ മുത്തുകളെല്ലാം കോരിയെടുത്ത അനുഗൃഹീത പണ്ഡിതന്‍. ഓരോ വാക്കിലും അറിവിന്റെ പുതിയ പുതിയ തീരങ്ങള്‍ സമ്മാനിക്കുന്ന ദാര്‍ശനികന്‍. ഫലസ്തീനിലെ വഖഫിനെ പറ്റിയുള്ള ഗവേഷണത്തിന് ഡോക്ടറേറ്റ്. 1954-ല്‍ ഗസ്സയിലെ മഗാസി ക്യാമ്പില്‍ ജനിച്ച യൂസുഫ് സലാമക്ക് മറ്റേതു വിഷയത്തേക്കാളും പ്രധാനപ്പെട്ടതായിരുന്നു ഗസ്സയിലെ ഐക്യവും സമത്വവും. അതുകൊണ്ട് തന്നെയാണ് ഗവേഷണത്തിന് ഈ വിഷയം തെരഞ്ഞെടുത്തത്. യൂസുഫ് സലാമ ജനിക്കുന്നതിനും ആറു വര്‍ഷം മുമ്പാണ് ഫലസ്തീനിലേക്കുള്ള ഇസ്രായിലിന്റെ കടന്നുകയറ്റം ആരംഭിക്കുന്നത്. കഴിഞ്ഞമാസം വരെ അത് തുടരുകയും ചെയ്തു. ഇപ്പോഴതിന് താല്‍ക്കാലിക ശമനം മാത്രം. അതിനിയും തുടരുമെന്ന കാര്യത്തില്‍ ലോകത്തിന് സംശയമില്ല. കടന്നുകയറ്റവും അക്രമവും ഇനിയും തുടരുമെന്ന് ഇമാം ഉറച്ചുവിശ്വസിക്കുന്നു. വെടിയൊച്ച കേട്ടും വെടിപ്പുക ശ്വസിച്ചും വളര്‍ന്നുവന്ന ബാല്യവും കൗമാരവും യൗവനവും.

ഇസ്രായിലിന്റെ നരനായാട്ട് സൃഷ്ടിക്കുന്ന ഓരോ ദുരന്തവും ഇമാം നേരിട്ട് കാണുകയോ കേള്‍ക്കുകയോ ചെയ്യുന്നു. പരിഭവങ്ങളും പരിദേവനങ്ങളുമായി ഇമാമിനെ സമീപിക്കുന്നവര്‍ ഏറെയാണ്. അവരുടെ ദുഃഖം തന്റേതിനൊപ്പം ഈ മനുഷ്യന്‍ കൂട്ടിയിണക്കുന്നു. ഓരോ നേരത്തെ പ്രാര്‍ത്ഥനയിലും ഗസ്സയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടുന്നു.

ജറൂസലമിലെ സുപ്രീം ഇസ്‌ലാമിക് കൗണ്‍സിലിന്റെ ആദ്യ ഡപ്യൂട്ടി ചെയര്‍മാനായിരുന്നു യൂസുഫ് സലാമ. മസ്ജിദുല്‍ അഖ്‌സയിലെ ഇമാം ആകുന്നതിന് മുമ്പ് 2005 മുതല്‍ 2006 വരെ മതകാര്യവകുപ്പ് മന്ത്രിയായി സേവനം ചെയ്തു. 1998 മുതല്‍ 2005 വരെ ഈ വകുപ്പിന്റെ താല്‍ക്കാലിക ചുമതലയും വഹിച്ചു. 1993-94 കാലത്ത് ഗസ്സയിലെ അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയില്‍ അധ്യാപകനായിരുന്നു. റാബിത്വത്തുല്‍ ആലമില്‍ ഇസ്‌ലാമി അംഗമാണ്. ജറൂസലം യൂണിവേഴ്‌സിറ്റിയിലെ ഖുര്‍ആന്‍ ആന്റ് ഇസ്‌ലാമിക് ഉപദേശകനുമായി. ഇസ്‌ലാമിലെ വിവാഹം, ഹജ്, ഉംറ, റമദാന്‍, മോഡറേഷന്‍ ഇന്‍ ഇസ്‌ലാം. തുടങ്ങി ഇരുപത്തിയഞ്ചോളം പുസ്തകങ്ങള്‍ ഈ തൂലികത്തുമ്പിലൂടെ പിറന്നുവീണു. അറിവിന്റെ ഔന്നത്യവും പദവികളുടെ മഹത്വവും ഈ മനുഷ്യനെ കൂടുതല്‍ കൂടുതല്‍ വിനയാന്വിതനാക്കുന്നു. അറിവും പദവിയും മനുഷ്യനെ അഹങ്കാരിയാക്കില്ലെന്നതിന്റെ ഉദാഹരണം.

ഫലസ്തീനിലെ എല്ലാ കുട്ടികളും ഒരു പോലെയാണ്. അത് രൂപത്തിന്റെ പേരിലല്ല. എല്ലാവരുടെ ഉള്ളിലും പേടിയുടെ കൂട് എപ്പോഴുമുണ്ടായിരിക്കും. മനസിലെ പേടിയുടെ കൂട്ടിലാണ് ഓരോ കുട്ടിയും വലിയവനും കഴിയുന്നത്. ഒരു വെടിയോ പീരങ്കിയോ എപ്പോള്‍ വേണമെങ്കിലും പ്രതീക്ഷിക്കാം. മുന്നിലുള്ള വഴിയില്‍ അപകടം പ്രതീക്ഷിക്കാം. മരണഭയം ഉള്ളിലിട്ട് ജീവിച്ച ഒരു ചെറുപ്പം തന്നെയായിരുന്നു യൂസഫ് സലാമയുടേതും. യൂസഫ് സലാമ ജനിക്കുമ്പോള്‍ ഫലസ്തീനിലെ ജൂത കുടിയേറ്റത്തിന് പ്രായം ആറായിരുന്നു. ആ കടന്നുകയറ്റത്തിന്റെ ഓരോ ദിനവും ഓര്‍ത്തെടുക്കാന്‍ യൂസുഫ് സലാമക്ക് കഴിയും. സ്വന്തം രാജ്യത്ത്, തുറന്നിട്ട ജയിലില്‍ കഴിയുന്നവരുടെ വേദന പ്രാര്‍ത്ഥന രൂപത്തില്‍ പുറത്തുവരുന്നത് ഇമാമിലൂടെയാണ്. മുഴുവന്‍ ഫലസ്തീനിയുടെയും വേദന ഇമാം അറിഞ്ഞനുഭവിക്കുന്നു. കളിച്ചും ചിരിച്ചും വളരുന്നതിനിടയില്‍ കളിക്കൂട്ടുകാരില്‍ ചിലരെ കാണാതാകും. ഒന്നുകില്‍ അവര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാം. അല്ലെങ്കില്‍ പരിക്കേറ്റ് ആശുപത്രിയിലാകും. ചിലപ്പോള്‍ ഇസ്രായില്‍ സൈന്യം പിടിച്ചുകൊണ്ടുപോയിട്ടുണ്ടാകാം. ഇങ്ങനെയുള്ള നിരവധി അനുഭവങ്ങളുമായാണ് വളര്‍ന്നുവന്നത്. ആ ഓര്‍മ്മകള്‍ ഇപ്പോഴും കൂട്ടിനുണ്ട്.

ഫലസ്തീന്റെ ഭാവി ഓരോ ദിവസവും കൂടുതല്‍ കൂടുതല്‍ ദുഷ്‌കരമാകുകയാണ്. ഇസ്രായേല്‍ ഓരോ ദിവസവും പുതിയ കുടിയേറ്റം നടത്തിക്കൊണ്ടിരിക്കുന്നു. അഞ്ഞൂറ് ജൂതരെ കുടിയേറ്റക്കാരായി പാര്‍പ്പിക്കുമ്പോള്‍ അത്രയും ഫലസ്തീനികള്‍ തങ്ങളുടെ ഭവനങ്ങളില്‍ നിന്ന് പുറത്താക്കപ്പെടുന്നു. ഇത് ചോദ്യം ചെയ്യാനോ എതിര്‍ക്കാനോ അവകാശമില്ല. എതിര്‍ക്കുന്നവര്‍ക്കുള്ള മറുപടി വെടിയുണ്ടയിലൂടെയായിരിക്കും. ഇതൊന്നും പുറംലോകം അറിയുന്നില്ല. പുറത്തറിയുന്നതിന്റെ പതിന്മടങ്ങ് അതിക്രമങ്ങളാണ് ഫലസ്തീനില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഓരോ ദിവസവും ഓരോ കാരണമുണ്ടാക്കി ഇസ്രായേല്‍ ഫലസ്തീന്റെ മണ്ണിലേക്ക് കുടിയേറിക്കൊണ്ടിരിക്കുന്നു.

ചോദ്യങ്ങള്‍ ചോദിക്കാന്‍ അവകാശമില്ലാത്ത ഒരു ജനവിഭാഗമായി ഫലസ്തീനി മാറി. അനുഭവിക്കാന്‍ മാത്രം യോഗമുള്ള ഒരു ജനത. ലോകത്ത് മറ്റൊരു ജനവിഭാഗത്തിനും ഇങ്ങനെയൊരു അവസ്ഥയുണ്ടാകില്ല. ഇസ്രായിലിന്റെ ക്രൂരതക്കെതിരെ ലോകം ഇനിയും കാര്യമായി ശബ്ദിച്ചു തുടങ്ങിയിട്ടില്ല. ഒരു പ്രശ്‌നം വരുമ്പോള്‍ എല്ലാവരുംകൂടി ഒച്ചയെടുക്കും. ഈ ബഹളത്തിനിടയിലും തങ്ങള്‍ എന്താണോ ഉദ്ദേശിച്ചത് അത് നിര്‍വഹിച്ച ശേഷമേ ഇസ്രായില്‍ ഭരണകൂടവും സൈന്യവും അടങ്ങുകയുള്ളൂ. മനസ്സാക്ഷിയോ സാമാന്യ മര്യാദയോ ഇല്ലാത്തവരാണവര്‍.

ബൈത്തുല്‍ മുഖദ്ദസിന്റെ കാര്യത്തിലും ആശങ്കയുണ്ട്. ഖുദ്‌സിന്റെ എല്ലാ ഭാഗത്തും ജൂത കുടിയേറ്റങ്ങള്‍ വളര്‍ന്നുവരുന്നു. ലോകാടിസ്ഥാനത്തിലുള്ള തീരുമാനങ്ങള്‍ പോലും കാറ്റില്‍ പറത്തുകയാണ് ഇസ്രായില്‍ ചെയ്യുന്നത്. ഖുദ്‌സില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാണ് ഇസ്രായേല്‍ ശ്രമിക്കുന്നത്. മസ്ജിദുല്‍ അഖ്‌സയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കണം എന്നതാണ് പുതിയ നിലപാട്. മസ്ജിദുല്‍ അഖ്‌സയില്‍ എത്തുന്ന സ്ത്രീകളിലൂടെ പുതുതലമുറയിലേക്ക് അഖ്‌സയുടെ പവിത്രത കൈമാറപ്പെടുമെന്നും പുതിയ തലമുറയില്‍ അഖ്‌സയോടുള്ള സ്‌നേഹം കൂടുമെന്നുമാണ് ജൂതരുടെ പേടി. ഇതിന് വേണ്ടിയാണ് വിലക്കേര്‍പ്പെടുത്തുന്നത്. മസ്ജിദുല്‍ അഖ്‌സ വിഭജിക്കണമെന്ന ആവശ്യത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുകയും ചെയ്യുന്നു. മസ്ജിദുല്‍ അഖ്‌സ പൂര്‍ണമായും മുസ്‌ലിംകളുടെ കയ്യില്‍ വന്നുചേരുക തന്നെ ചെയ്യും. ഖുര്‍ആനിലും ഹദീസിലും വാഗ്ദാനം നല്‍കപ്പെട്ട ഈ സംഗതി സഫലമാകും. അതിന് ചിലപ്പോള്‍ കുറെയേറെ സമയം വേണ്ടിവന്നേക്കാം. എങ്കിലും അഖ്‌സ മുസ്‌ലിംകളുടേത് മാത്രമായി തീരുക തന്നെ ചെയ്യും.

പ്രതീക്ഷയുള്ള മറ്റൊരു കാര്യം, ഈ നായാട്ടിനെതിരെ ഇസ്രയേലില്‍നിന്നു തന്നെ എതിര്‍ശബ്ദം ഉയരുന്നു എന്നതാണ്. സൈന്യത്തിനകത്ത് പോലും ഈ ക്രൂരതയില്‍ വിയോജിപ്പുള്ളവരുണ്ട്. ഇസ്രയേല്‍ സൈനികര്‍ വലിയ മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവരാണെന്നതാണ് വിവരം. ലോകത്ത് വേറെ എവിടെനിന്നുള്ള എതിര്‍പ്പിനേക്കാളും ശക്തമായിരിക്കും രാജ്യത്തിനകത്തുനിന്നുള്ള എതിര്‍പ്പ്. ലോക രാജ്യങ്ങളിലും ഫലസ്തീന് അനുകൂലമായ നിലപാട് ഉയര്‍ന്നുവരുന്നുണ്ട്. ഐക്യരാഷ്ട്രസഭയും ഇക്കാര്യത്തില്‍ ചിലതൊക്കെ ചെയ്യുന്നു. 2012-ല്‍ യു.എന്‍ ജനറല്‍ അസംബ്ലി ഫലസ്തീന് രാഷ്ട്രപദവി തത്വത്തില്‍ അംഗീകരിച്ചുനല്‍കിയിരുന്നു.

സ്വീഡന്‍ കഴിഞ്ഞ ദിവസം ഫലസ്തീനെ രാജ്യമായി അംഗീകരിച്ചു. യൂറോപ്യന്‍ യൂണിയനില്‍നിന്ന് ഒരു രാജ്യം ഇതാദ്യമായാണ് ഫലസ്തീനെ രാജ്യമായി അംഗീകരിക്കുന്നത്. ഇസ്രയേലും ഫലസ്തീനും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ രണ്ട് രാഷ്ട്രമെന്ന മാര്‍ഗം മാത്രമേ മുന്നിലുള്ളൂ എന്നാണ് സ്വീഡന്റെ നിലപാട്. ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ ഞങ്ങള്‍ക്ക് ഏറെ പ്രതീക്ഷയുണ്ട്. ഈജിപ്ത് പ്രസിഡന്റായിരുന്ന ജമാല്‍ അബ്ദുല്‍ നാസര്‍, ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു, യൂഗോസ്ലാവിയന്‍ പ്രസിഡന്റ് മാര്‍ഷല്‍ ടിറ്റോ എന്നിവര്‍ ചേര്‍ന്ന് രൂപീകരിച്ച ചേരിചേരാ പ്രസ്ഥാനത്തിന്റെ നിലപാടുകളിലൊന്ന് സയണിസത്തിനെതിരെയായിരുന്നു. കോളനിവത്കരണം, വംശവിവേചനം എന്നിവക്കെതിരായ നിലപാടുകളും ഫലസ്തീനിയെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമാണ്.

ഫലസ്തീനെ രാജ്യമായി അംഗീകരിച്ച ആദ്യ രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. ഇപ്പോഴാണ് മറ്റ് രാജ്യങ്ങള്‍ അക്കാര്യത്തിലേക്ക് വരുന്നത്. ഫലസ്തീനിലെ ഖുദ്‌സ് സര്‍വ്വകലാശാലയില്‍ ഇന്ത്യന്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പേരില്‍ ലൈബ്രറിയുണ്ട്. ഇന്ത്യന്‍ ഗവണ്‍മെന്റ് സ്ഥാപിച്ച ലൈബ്രറിയാണിത്. ഫലസ്തീനികള്‍ക്ക് പഠനത്തിന് ഇന്ത്യയില്‍ പ്രത്യേക സ്‌കോളര്‍ഷിപ്പുണ്ട്. ഫലസ്തീനിലേക്ക് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യുകയും ചെയ്യുന്നു. ഇതിന് പുറമെ ദല്‍ഹിയില്‍ ഫലസ്തീന്‍ എംബസി നിര്‍മ്മിച്ചത് ഇന്ത്യന്‍ ഗവണ്‍മെന്റായിരുന്നു. ഇവിടെ അറഫാത്ത് – ഇന്ദിരാഗാന്ധി കള്‍ച്ചറല്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നു. മഹത്തായ സംസ്‌കാരവും പൈതൃകവും പേറുന്ന രാജ്യമാണ് ഇന്ത്യ. ഫലസ്തീന് ആദരവ് നല്‍കുന്ന കാര്യത്തില്‍ ഇന്ത്യ ഒരിക്കലും പിശുക്കു കാട്ടിയിട്ടില്ല. ഇന്ത്യയുടെ സഹായമാണ് ഒരളവ് വരെ ലോകത്തിന് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ ഫലസ്തീനെ സഹായിക്കുന്നത്. കോഴിക്കോട് ഫറൂഖ് കോളേജില്‍ നടന്ന അന്താരാഷ്ട്ര അറബിക് സമ്മേളനത്തിന്റെ ഉദ്ഘാടകനായി പങ്കെടുത്തതിലൂടെ കേരളത്തെ അടുത്തറിയാനും ഇമാമിന് അവസരമുണ്ടായി. കേരളത്തിലെ നിരവധി പണ്ഡിതന്‍മാരുമായി യൂസുഫ് സലാമക്ക് ബന്ധമുണ്ട്.

സൗദി ഗവണ്‍മെന്റും ഫലസ്തീനെ ഏറെ സഹായിക്കുന്നു. പതിനായിരകണക്കിന് ഫലസ്തീനികള്‍ക്ക് സൗദി അഭയം നല്‍കുന്നു. ഇതിന് പുറമെ, ഓരോ ദുരന്തത്തിലെയും ഇരകള്‍ക്ക് ആവശ്യമായ സഹായവും സൗദി നല്‍കിവരുന്നു. വിസ നിയന്ത്രണങ്ങളില്‍ നിന്നു പോലും ഫലസ്തീനിക്ക് ഇളവ് നല്‍കി ഒരു ജനതയെ സ്വന്തം ജനങ്ങളെ പോലെ പരിലാളിക്കുന്നു. ആയിരത്തോളം ആളുകളെയാണ് ഇക്കുറി അബ്ദുല്ല രാജാവ് സ്വന്തം ചെലവില്‍ ഫലസ്തീനില്‍നിന്ന് ഹജ്ജിന് കൊണ്ടുവന്നത്. രാജ്യമില്ലാത്ത ഫലസ്തീനിയെ സൗദി സ്വന്തം ജനവിഭാഗമെന്നോണം പരിഗണിക്കുന്നു.

എത്രയൊക്കെ ദുരന്തമുണ്ടായാലും ഫലസ്തീനി പിടിച്ചുനില്‍ക്കുന്നത് അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസം ഒന്നുകൊണ്ടുമാത്രമാണ്. നിശ്ചയമായും ഒരു പ്രയാസത്തിനൊപ്പം എളുപ്പമുണ്ടെന്ന ദൈവിക വചനമാണ് പ്രചോദനം. എല്ലാ പ്രശ്‌നങ്ങളും തീരുക തന്നെ ചെയ്യും. അത് അല്ലാഹുവിന്റെ വാഗ്ദാനമാണ്. അത് നടപ്പാകുക തന്നെ ചെയ്യും.

Related Articles