Current Date

Search
Close this search box.
Search
Close this search box.

ജോര്‍ദാനിലെ അസ്വസ്ഥതകള്‍ക്ക് പിന്നില്‍ ?

kj.jpg

ജോര്‍ദ്ദാനിലെ അസ്വസ്ഥതകള്‍ സ്വാഭാവികമാണോ? അതോ ഏതെങ്കിലും ഗൂഢാലോചനയുടെ ഭാഗമാണോ? തികച്ചും ന്യായമായ പ്രതിഷേധങ്ങളുമായാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത് എങ്കിലും പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ മറ്റു ചില ഘടകങ്ങളുമുണ്ട് എന്ന സാധ്യത അനുദിനം ശക്തിപ്പെടുകയാണ്. രാജ്യത്ത് പുതുതായി കൊണ്ടുവന്ന വരുമാന നികുതി നിയമവുമായി ബന്ധപ്പെട്ട് ജോര്‍ദ്ദാന്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്ന ശക്തമായ പ്രതിഷേധ സമരങ്ങള്‍ക്കും അസ്വസ്ഥതകള്‍ക്കും പിന്നില്‍ ഖത്തറിനെ ഉപരോധിക്കുന്ന രാജ്യങ്ങളും ഇസ്രായേലും അമേരിക്കയുമാണെന്ന് ഇസ്രയേല്‍ ദിനപത്രമായ ‘യദിയേത്  അഹ്‌റനേത്ത്’ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇസ്രയേല്‍ തലസ്ഥാനം ഖുദ്‌സ് പട്ടണത്തിലേക്ക് മാറ്റിയ അമേരിക്കന്‍ തീരുമാനത്തെ ശക്തമായി എതിര്‍ത്ത രാജ്യമായിരുന്നു ജോര്‍ദ്ദാന്‍. മാത്രമല്ല  ഫലസ്തീന്‍ പ്രശ്‌നത്തില്‍ തുര്‍ക്കി വിളിച്ചു ചേര്‍ത്ത ഒ ഐ സി യുടെ  രണ്ട് അടിയന്തിര ഉച്ചകോടികളില്‍ ജോര്‍ദ്ദാന്‍ രാജാവ് സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്നു.
ഇതാണ് ഉപരോധ രാജ്യങ്ങളെയും അമേരിക്കയെയും ഇസ്രയേലിനെയും ഒരു പോലെ പ്രകോപിപ്പിച്ചത് എന്നും പത്രം ചൂണ്ടിക്കാട്ടുന്നു. ജോര്‍ദ്ദാനുള്ള സാമ്പത്തിക സഹായങ്ങള്‍ ഇതോടെ നിലക്കാന്‍ തുടങ്ങി. മില്യന്‍ കണക്കിന് സിറിയന്‍ അഭയാര്‍ത്ഥികളുടെ സംരക്ഷണ ചിലവുകളും രാജ്യത്തിന് താങ്ങാന്‍ കഴിയാതെ വന്നു. പ്രധാനമായും വിദേശ സഹായങ്ങളെ ആശ്രയിച്ച് നിലനില്‍ക്കുന്ന ജോര്‍ദാന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തകയും ചെയ്തു.

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പുതിയ നികുതി നിയമം കൊണ്ടുവരാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ച പ്രധാന ഘടകവും ഇതായിരുന്നു. ലോക നാണയ നിധിയില്‍ നിന്നും കടം വാങ്ങാന്‍ അവര്‍ നിര്‍ദ്ദേശിക്കുന്ന സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടത്താന്‍ രാജ്യം നിര്‍ബന്ധിതമായി. പക്ഷെ ജനങ്ങളെ സാരമായി ബാധിക്കുന്ന നിയമം വന്‍ പ്രക്ഷോഭങ്ങള്‍ക്ക് വഴിവെച്ചു. ഖുദ്‌സ് പട്ടണമടക്കമുള്ള  ഫലസ്തീന്‍ പ്രദേശങ്ങള്‍ ഇസ്രയേലിന് കൈമാറാന്‍ ഉദ്ദേശിച്ചു കൊണ്ടുള്ള അമേരിക്കന്‍ പ്രസിഡണ്ട് ട്രംപിന്റെ ‘നൂറ്റാണ്ടിന്റെ കരാര്‍’ എന്ന പേരില്‍ അറിയപ്പെടുന്ന വിവാദ പദ്ധതി അംഗീകരിക്കാന്‍ അതിശക്തമായ സമ്മര്‍ദ്ദങ്ങളാണ് രാജ്യത്തിന് മേലുള്ളത് എന്ന് മസ്ജിദുല്‍ ‘അഖ്‌സയുടെ പരിപാലകന്‍ കൂടിയായ ജോര്‍ദാന്‍ രാജാവ് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വെളിപ്പെടുത്തിയിരുന്നു.

ജോര്‍ദ്ദാന്‍ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നിരവധി അന്താരാഷ്ട്ര മീഡിയകളും മാധ്യമ രാഷ്ട്രീയ വിദഗ്ധരും ഇതു സംബന്ധിച്ച നിരീക്ഷണങ്ങള്‍ നടത്തിയിരുന്നു. ഖത്തറിന്റെ മുന്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായിരുന്ന ശൈഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജബര്‍ അല്‍ഥാനി ജോര്‍ദാന്‍ വിഷയത്തില്‍ നടത്തിയ ട്വീറ്റ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. വിവിധ മേഖലകളില്‍ ജോര്‍ദാന്‍ എന്ന  രാജ്യത്തെ ശ്വാസം മുട്ടിച്ച് ‘അപ്രഖ്യാപിത ഉപരോധം’ നടപ്പിലാക്കി കൊണ്ടിരിക്കുകയാണെന്ന് ലണ്ടന്‍ ആസ്ഥാനമായ ‘അല്‍ അറബി അല്‍ ജദീദ്’ പത്രം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുന്‍ ആറ്റമിക്  കമ്മീഷന്‍ ചെയര്‍മാനും ഈജിപ്തിലെ മുന്‍ വൈസ് പ്രസിഡന്റുമായ മുഹമ്മദ് അല്‍ ബറാദിയും ഇതേ സംശയവുമായി ട്വീറ്റ് ചെയ്തിരുന്നു. ഫലസ്തീന്‍ വിഷയം തന്നെ എന്നെന്നേക്കുമായി ഇല്ലാതാക്കാന്‍ നടത്തുന്ന ശ്രമങ്ങളെ എതിര്‍ത്ത് നിലപാടെടുത്ത ജോര്‍ദ്ദാന്‍ അതിന്റെ പേരില്‍ ശിക്ഷ അനുഭവിക്കുകയാണോ എന്നാണ് അദ്ദേഹം സംശയം പ്രകടിപ്പിച്ചത്.

കഴിഞ്ഞ വര്‍ഷം ഖത്തറിനെതിരായ ഉപരോധം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ അതിനെ അനുകൂലിച്ച് ഖത്തറുമായുള്ള നയതന്ത്രബന്ധങ്ങള്‍ കുറച്ചുകൊണ്ട്  പ്രഖ്യാപനം നടത്തിയ ജോര്‍ദ്ദാന്‍ ഒരു വര്‍ഷം കൊണ്ട് ഉപരോധ രാജ്യങ്ങളുടെ അടുത്ത ഇരയായി മാറിയത് അമ്പരപ്പോടെയാണ് മാധ്യമ രാഷ്ടീയ രംഗത്തുള്ളവര്‍ വീക്ഷിക്കുന്നത്. ഈജിപ്തിലടക്കുണ്ടായ അറബ് വസന്തത്തെ അട്ടിമറിക്കാന്‍ മുന്‍നിരയില്‍ ഉണ്ടായിരുന്ന രാജ്യങ്ങളില്‍ ഒന്നായിരുന്നു ജോര്‍ദ്ദാന്‍ എന്നതും കൂട്ടി വായിക്കണം.

ഖത്തര്‍ ഉപരോധത്തെ തുടക്കത്തില്‍ പിന്തുണച്ചുവെങ്കിലും അതിന്റെ പിന്നിലെ അന്തര്‍നാടകങ്ങള്‍ പിന്നീടാണ്  ജോര്‍ദാന്‍ തിരിച്ചറിഞ്ഞത്. ഖത്തറല്ല മറിച്ച് ഖുദ്‌സും ഫലസ്തീനുമാണ് യഥാര്‍ത്ഥത്തില്‍ ഖത്തര്‍ ഉപരോധം വഴി ഉപരോധക്കാര്‍ ലക്ഷ്യം വെച്ചത് എന്ന് അവര്‍ക്ക് പിന്നീടാണ് ബോധ്യമായത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഖത്തര്‍-ജോര്‍ദാന്‍ ബന്ധങ്ങളില്‍ വലിയ പുരോഗതി ഉണ്ടായതും ശ്രദ്ധേയമാണ്.

എങ്കിലും പ്രസക്തമായ ചോദ്യം ഇതാണ്. പ്രകോപനങ്ങളുടെയും പ്രലോഭനങ്ങളുടെയും കനത്ത സമ്മര്‍ദ്ദങ്ങളെ എത്ര കാലം ജോര്‍ദാന്‍ അതിജീവിക്കും ? സയണിസ്റ്റ് താല്‍പര്യങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് അധിക കാലം പിടിച്ചു നില്‍ക്കാന്‍ രാജാവിനു സാധിക്കുമോ?

 

Related Articles