Current Date

Search
Close this search box.
Search
Close this search box.

ജെ.എന്‍.യു; ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍

kanhaya-kumar.jpg

ഒരുപാട് ഉത്തരങ്ങളുണ്ട്. അവയിലൊന്നും തന്നെ ഒരു ജെ.എന്‍.യു വിദ്യാര്‍ഥിയില്‍ നിന്നോ അല്ലെങ്കില്‍ വിവാദങ്ങള്‍ പൊട്ടിപുറപ്പെട്ട ആ ദിവസത്തിന് ദൃക്‌സാക്ഷിയായവരില്‍ നിന്നോ അല്ലെന്നതാണ് അത്ഭുതകരം. ജെ.എന്‍.യു അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെടുകയും, അവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ ഭീകരവാദികളെന്നും, ജിഹാദികളെന്നും, നക്‌സലുകളെന്നും വിളിക്കുകയും ചെയ്യുന്ന ആളുകള്‍ക്കെല്ലാം പ്രസ്തുത സംഭവിവികാസങ്ങളെ കുറിച്ച് ശക്തമായ അഭിപ്രായങ്ങള്‍ ഉണ്ട് താനും! ജെ.എന്‍.യു-വില്‍ ഇപ്പോള്‍ പഠിച്ചു കൊണ്ടിരിക്കുന്ന ഒരു വിദ്യാര്‍ത്ഥിയാണ് ഞാന്‍. 2016 ഫെബ്രുവരി 9-ന് അവിടെ നടന്ന സംഭവങ്ങള്‍ക്ക് ഞാന്‍ ദൃക്‌സാക്ഷിയാണ്. അതുകൊണ്ടു തന്നെ, സീ ന്യൂസിലൂടെയും ടൈംസ് നൗവിലൂടെയും വന്ന വാര്‍ത്തകളിലൂടെ മാത്രം സംഭവത്തെ കുറിച്ച് അറിഞ്ഞവരേക്കാള്‍ ഈ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ എന്തുകൊണ്ടും യോഗ്യന്‍ ഞാന്‍ തന്നെയാണ് കരുതുന്നു.

2016 ഫെബ്രുവരി 9-ന്, വിദ്യാര്‍ത്ഥി സംഘടനയായ ഡി.എസ്.യു (Democratic Students Union)-ന്റെ മുന്‍ അംഗങ്ങള്‍ ഒരു സാംസ്‌കാരിക യോഗത്തിന് ആഹ്വാനം ചെയ്യുകയുണ്ടായി. ‘അഫ്‌സല്‍ ഗുരു, മഖ്ബൂല്‍ ബട്ട് എന്നിവരുടെ ജുഡീഷ്യല്‍ കൊലപാതകള്‍’ എന്ന് അവര്‍ വിളിക്കുന്ന സംഭവത്തിനെതിരെ പ്രതിഷേധിക്കാനും, ‘സ്വയം നിര്‍ണ്ണയാവകാശം എന്ന ജനാധിപത്യ അവകാശത്തിന് വേണ്ടിയുള്ള കാശ്മീര്‍ ജനതയുടെ പോരാട്ടത്തിന്’ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനുമായിരുന്നു പ്രസ്തുത ഒത്തുകൂടല്‍. കാമ്പസിന് അകത്ത് നിന്നും പുറത്ത് നിന്നുമുള്ള ഒരുപാട് കാശ്മീരി വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു. മാവോയിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്ന കാമ്പസിലെ ഒരു തീവ്ര-ഇടതുപക്ഷ സംഘമാണ് ഡി.എസ്.യു. നല്ല വായനാശീലമുള്ള വിദ്യാര്‍ത്ഥികളുടെ ഒരു ചെറുസംഘമാണത്. അവര്‍ ഭീകരവാദികളോ നക്‌സലുകളോ അല്ലെന്ന കാര്യം സുവ്യക്തമാണ്. രണ്ട് വര്‍ഷത്തിലധികമായി ഞാന്‍ കാമ്പസിലുണ്ട്. എന്തെങ്കിലും തരത്തിലുള്ള ഭീകരപ്രവര്‍ത്തനങ്ങളില്‍ അവര്‍ ഏര്‍പ്പെട്ടതായോ, എന്തിനധികം ഒരു കല്ലെടുത്ത് എറിഞ്ഞതായോ ഞാന്‍ കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല. എന്നിട്ടല്ലേ ഭരണകൂടത്തെ അട്ടിമറിക്കുന്ന കാര്യം!

ഇനി, മുന്‍ഗണനാ ക്രമത്തില്‍ കാര്യങ്ങള്‍ പറയാം.

കാശ്മീര്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് ഒരു യോഗം വിളിക്കുന്നതില്‍ എന്താണ് തെറ്റായിട്ടുള്ളത്? കാശ്മീര്‍ പ്രശ്‌നം നമ്മെ സംബന്ധിച്ചിടത്തോളം അത്രക്ക് പവിത്രമാണോ, കാശ്മീര്‍ പ്രശ്‌നത്തെ കുറിച്ച് കാശ്മീരികളില്‍ നിന്നും തന്നെ കേള്‍ക്കാന്‍ തയ്യാറല്ലാത്ത വിധം നാം ദേശീയത എന്ന ആശയത്താല്‍ മസ്തിഷ്‌കപ്രക്ഷാളനത്തിന് വിധേയരാക്കപ്പെട്ടിരിക്കുന്നോ?

കാശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്തുന്നതിനെ ഞാന്‍ പിന്തുണക്കുന്നില്ല. അതുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിഷയത്തെ കുറിച്ച് ഞാനത്രകണ്ട് ബോധവാനല്ല. പക്ഷെ, പ്രത്യേകിച്ച് അവിടെ താമസിക്കുന്നവരില്‍ നിന്നുള്ള എല്ലാവിധത്തിലുള്ള അഭിപ്രായങ്ങളും കേള്‍ക്കാനും, പഠിക്കാനും, സംവാദനം നടത്താനും ഞാന്‍ തയ്യാറാണ്.

അഫ്‌സല്‍ ഗുരു, മഖ്ബൂല്‍ ബട്ട് എന്നിവരുടെ വധശിക്ഷ ‘ജുഡീഷ്യല്‍ കൊലപാതകങ്ങളാണ്’ എന്ന് വിശേഷിപ്പിച്ചതിലൂടെ പരിപാടിയുടെ സംഘാടകര്‍ എന്തെങ്കിലും തെറ്റ് ചെയ്‌തോ? വധശിക്ഷക്കെതിരെയും കോടതി വിധിക്കെതിരെയും ആദ്യമായാണോ ഒരാള്‍ ശബ്ദമുയര്‍ത്തുന്നത്?

അഫ്‌സല്‍ ഗുരു തൂക്കിലേറ്റപ്പെട്ടതിന് ശേഷം, ഒരുപാട് മനുഷ്യാവകാശ സംഘടനകള്‍ വധശിക്ഷയെ അപലപിച്ചിരുന്നു. ജമ്മുകാശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പി കൂട്ടുപിടിച്ച രാഷ്ട്രീയ പാര്‍ട്ടിയായ പി.ഡ.പിക്ക്, അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത് തെറ്റാണെന്ന അഭിപ്രായം തന്നെയാണ് ഇപ്പോഴുമുള്ളത്. അരുന്ധതി റോയ് വധശിക്ഷയെ ശക്തമായി അപലപിച്ചു. കോടതി വിധി തെറ്റായി പോയെന്നാണ് ശശി തരൂര്‍ പറഞ്ഞത്. മാര്‍ക്കണ്ഡേയ കട്ജു വളരെ ശക്തമായ ഭാഷയിലാണ് കോടതി വിധിയെ വിമര്‍ശിച്ചത്.

മാധ്യമ പ്രവര്‍ത്തകനും, രാഷ്ട്രീയ നിരീക്ഷകനും, അന്താരാഷ്ട്രാ നയതന്ത്രത്തിലും, സുരക്ഷാ പ്രശ്‌നങ്ങളിലും വിദഗ്ദനുമായ പ്രവീണ്‍ സ്വാമി ‘ദി ഹിന്ദു’വില്‍ എഴുതി,

‘സുപ്രീംകോടതിയുടെ വാക്ക് അവസാനവാക്കല്ല, അങ്ങനെയാവാനും പാടില്ല. അഫ്‌സല്‍ ഗുരുവിന്റെ കേസിനെ ചുറ്റിപറ്റി നില്‍ക്കുന്ന അവ്യക്തതകളെല്ലാം തന്നെ വധശിക്ഷ എന്ന ശിക്ഷാസമ്പ്രദായത്തിനെ സംബന്ധിച്ച് പുനര്‍വിചിന്തനത്തിന് പ്രേരിപ്പിക്കുന്നതാണ്.’

അഫ്‌സല്‍ ഗുരു, യാകൂബ് മേമന്‍ എന്നിവരുടെ വധശിക്ഷ രാഷ്ട്രീയ പ്രേരിതമാണ് എന്നാണ് ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് എ.പി ശാഹ് പറഞ്ഞത്. അപ്പോള്‍ ഇവരെല്ലാം ദേശവിരുദ്ധരും, ഭീകരവാദികളും, ജിഹാദികളുമായിരുന്നോ? ഇതിന് ഉത്തരം നല്‍കാനുള്ള വിവേകം നിങ്ങള്‍ക്കുണ്ടെന്ന് തന്നെയാണ് എന്റെ വിശ്വാസം.

ഇനി അടുത്ത വിഷയത്തിലേക്ക് കടക്കാം – ‘ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍’.

പ്രസ്തുത യോഗം തുടങ്ങാന്‍ പോകുന്നതിന് 20 മിനുട്ട് മുമ്പ്, ദേശസ്‌നേഹത്തിന്റെ അഗ്രദൂതന്‍മാരായി സ്വയം കരുതുന്ന എ.ബി.വി.പിക്കാര്‍, ‘കാമ്പസ് അന്തരീക്ഷത്തിന് ഹാനികരമായ’ യോഗം സംഘടിപ്പിക്കാന്‍ നല്‍കിയ അനുമതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് അധികൃതര്‍ക്ക് നിവേദനം നല്‍കി. സംഘട്ടനങ്ങള്‍ ഉണ്ടാകുമെന്ന് ഭയപ്പെട്ട സ്ഥാപന അധികൃതര്‍ ഉടന്‍ അനുമതി പിന്‍വലിച്ചു. ഇപ്പോള്‍, ജെ.എന്‍.യു എന്നത് എല്ലാ ശബ്ദങ്ങളും കേള്‍ക്കാന്‍ കഴിയുന്ന, എല്ലാ അഭിപ്രായങ്ങളും മാനിക്കപ്പെടുന്ന മനോഹരമായ ഒരു ജനാധിപത്യ ഇടമാണ്. ആ ഇടത്തെ നശിപ്പിക്കുകയായിരുന്നു എ.ബി.വി.പി.

ജനാധിപത്യപരമായും, സമാധാനപരമായും യോഗം ചേരാനുള്ള അവകാശത്തിന് പിന്തുണതേടി കൊണ്ട് ജെ.എന്‍.എസ്.യു (Jawaharlal Nehru Students’ Union), ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളായ എസ്.എഫ്.ഐ, എ.ഐ.എസ്.എ (All India Students Association) തുടങ്ങിയവയുടെ സഹായം ഡി.എസ്.യു തേടി. പക്ഷെ അത് ഡി.എസ്.യുവിന്റെ പ്രത്യയശാസ്ത്രത്തെ പിന്തുണക്കാനോ, കാശ്മീര്‍ പ്രശ്‌നത്തിലെ അവരുടെ നിലപാടിനെ പിന്‍താങ്ങാനോ വേണ്ടിയായിരുന്നില്ലെന്നത് പ്രത്യേകം ശ്രദ്ധിക്കണം. സംവാദങ്ങളും ചര്‍ച്ചകളും നടത്താന്‍ തങ്ങള്‍ അത്യധ്വാനം ചെയ്ത് നേടിയെടുത്ത ജനാധിപത്യ ഇടത്തെ ഇല്ലാതാക്കാന്‍ സ്ഥാപന മേധാവികളെയും എ.ബി.വി.പിയെയും അനുവദിക്കില്ലെന്ന് തീരുമാനിച്ച ഡി.എസ്.യു-വും മറ്റു വിദ്യാര്‍ത്ഥി സംഘടനകളും പരിപാടിയുമായി മുന്നോട്ട് പോകാന്‍ തന്നെ തീരുമാനിച്ചു.

യോഗം നടത്താന്‍ ഉദ്ദേശിച്ചിരുന്ന ബാഡ്മിന്റര്‍ കോര്‍ട്ടിന് ചുറ്റും വലയം തീര്‍ക്കാന്‍ അധികൃതര്‍ സുരക്ഷാ ഗാര്‍ഡുകളെ അയച്ചു. മൈക്ക് പെര്‍മിഷന്‍ റദ്ദ് ചെയ്തു. അതെല്ലാം സംഘാടകര്‍ സമ്മതിച്ചു കൊടുക്കുകയും ചെയ്തു. മൈക്ക് ഇല്ലാതെ തന്നെ ദാബക്ക് ചുറ്റും യോഗം തുടരാന്‍ തന്നെ അവര്‍ തീരുമാനിച്ചു. അപ്പോഴേക്കും, എ.ബി.വി.പിക്കാര്‍ തങ്ങളുടെ അണികളെ വിളിച്ച് കൂട്ടുകയും, വിദ്യാര്‍ത്ഥികളെയും സംഘാടകരെയും ഭീഷണിപ്പെടുത്താനും പേടിപ്പിക്കാനും തുടങ്ങിയിരുന്നു. ‘കാശ്മീര്‍ ഹമാരാ ഹേ, സാരാ കീ സാരാ ഹേ’  പോലെയുള്ള കേട്ട് പഴകിയ മുദ്രാവാക്യങ്ങള്‍ അവര്‍ ഉച്ചത്തില്‍ വിളിക്കാന്‍ തുടങ്ങി. അവര്‍ക്കുള്ള മറുപടി എന്ന നിലക്കും, അവിടെ ഒത്തുകൂടിയ വിദ്യാര്‍ത്ഥികളില്‍ നിന്നും ഐക്യദാര്‍ഢ്യം സൃഷ്ടിക്കാനും പരിപാടിയുടെ സംഘാടകര്‍ ‘ഹം ക്യാ ചാഹ്‌തെ? ആസാദി!’ എന്ന് ഉറക്കെ വിളിക്കാന്‍ തുടങ്ങി.

ഈ പ്രസ്താവനയില്‍ എന്തെങ്കിലും അപടകമുള്ളതായി നിങ്ങള്‍ കരുതുന്നുണ്ടോ? ചിന്തിക്കുക. എല്ലാകാലത്തും രാഷ്ട്രങ്ങള്‍ പിളര്‍ന്നിട്ടുണ്ട്. ബ്രിട്ടീഷുകാര്‍ ഭരിക്കുമ്പോള്‍ നമ്മള്‍ വിളിച്ച അതേ മുദ്രാവാക്യമാണത്. സോവിയറ്റ് യൂണിയണ്‍ വിഭജിക്കപ്പെട്ടു. വിഭജനം എന്നത് നല്ലതോ ചിത്തയോ അല്ല. മേഖലയിലെ പ്രത്യേക സാഹചര്യങ്ങളെ ആശ്രയിച്ച് മാത്രമേ അതിനെ കുറിച്ച് വിധിപറയാന്‍ കഴിയുകയുള്ളു. കാശ്മീര്‍ ഇന്ത്യയില്‍ നിന്നും വേര്‍പ്പെട്ട് പോകുന്നതിനെ ഞാന്‍ പിന്തുണക്കുന്നില്ലെന്ന് ഓര്‍മപ്പെടുത്തുന്നു. കാശ്മീര്‍ ജനതയുടെ ജീവിത സാഹചര്യങ്ങളെ കുറിച്ചോ അവസ്ഥകളെ കുറിച്ചോ എനിക്ക് കാര്യമായ അറിവൊന്നും തന്നെയില്ല. അതുകൊണ്ടു തന്നെ ഞാന്‍ അവരെ പിന്തുണക്കാനോ എതിര്‍ക്കാനോ മുതിരുന്നില്ല. കൂടാതെ, ഒരു പ്രത്യേക മേഖലയുടെ സ്വാതന്ത്ര്യമോഹങ്ങളെ പിന്തുണച്ചു കൊണ്ട് മുദ്രാവാക്യങ്ങള്‍ മുഴക്കുന്ന ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നില്‍ക്കുന്നതില്‍ ഒരു കുഴപ്പവും ഞാന്‍ കാണുന്നുമില്ല. ഗവണ്‍മെന്റിനെ അട്ടിമറിക്കാനും, ഇന്ത്യയില്‍ നിന്നും കാശ്മീരിനെ പിടിച്ചെടുക്കാനും വേണ്ടിയുള്ള ഗൂഢാലോചനയൊന്നുമല്ലല്ലോ അവര്‍ നടത്തിയത്. വായിക്കുകയും, യാത്രകള്‍ ചെയ്യുകയും, സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളെ കുറിച്ച് പഠിക്കുകയും അവയെ കുറിച്ച് ഒരു നിലപാട് എടുക്കുകയും ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ മാത്രമാണവര്‍.

അടുത്ത മുദ്രാവാക്യം എന്തായിരുന്നെന്ന് നോക്കാം-

‘തും കിത്‌നേ അഫ്‌സല്‍ മാറോഗേ, ഹര്‍ ഘര്‍ സേ അഫ്‌സല്‍ നികലേഗാ!’

അഫ്‌സല്‍ ഗുരുവിന്റെ കേസിനെ കുറിച്ച് ഞാന്‍ ആഴത്തില്‍ പഠിച്ചിട്ടൊന്നുമില്ല. ഇന്ത്യയുടെ കോടതികളില്‍ എനിക്ക് വിശ്വാസമുണ്ട്. അതുകൊണ്ടു തന്നെ അഫ്‌സല്‍ ഗുരു ഒരു ഭീകരവാദിയായിരുന്നു എന്ന് തന്നെയാണ് എന്റെ വിശ്വാസം. അതേസമയം തത്വത്തില്‍ ഞാന്‍ വധശിക്ഷക്ക് എതിരെയാണ്. എന്നിരുന്നാലും, അഫ്‌സല്‍ ഗുരു വധശിക്ഷ അര്‍ഹിച്ചിരുന്നില്ലെന്നാണ് ഈ വിദ്യാര്‍ത്ഥി സംഘം വിശ്വസിക്കുന്നത്. പാര്‍ലമെന്റ് ആക്രമണത്തില്‍ അദ്ദേഹത്തിന്റെ പങ്കിനെ കുറിച്ച് ഈ വിദ്യാര്‍ത്ഥികള്‍ക്ക് ഒരുപാട് സംശയങ്ങളുമുണ്ട്. വിക്കീപീഡിയയില്‍ നിന്നുള്ള ചില കാര്യങ്ങള്‍ ഞാനിവിടെ ചേര്‍ക്കുന്നു-

‘2005 ആഗസ്റ്റ് 5-ന് ബഹുമാനപ്പെട്ട സുപ്രീം കോടതി പുറപ്പെടുവിച്ച വിധി പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്, അഫ്‌സല്‍ ഗുരുവിനെതിരെ സാഹചര്യതെളിവുകള്‍ മാത്രമാണ് ഉള്ളതെന്നും, ഏതെങ്കിലും തരത്തിലുള്ള ഭീകരവാദ സംഘങ്ങളിലോ സംഘടനകളിലോ അദ്ദേഹം അംഗമായിരുന്നു എന്നതിന് യാതൊരു വിധ തെളിവുകളും ഇല്ലെന്നും സുപ്രീം കോടതി സമ്മതിച്ചിട്ടുണ്ട്.’

ഇനി ബഹുമാനപ്പെട്ട സുപ്രീം കോടതി തന്നെ എന്താണ് പറഞ്ഞതെന്ന് നോക്കാം :

‘ഒരുപാട് പേര്‍ മരിക്കാന്‍ ഇടയായ ഈ സംഭവം, രാഷ്ട്രത്തെ ഒന്നാകെ പിടിച്ചുകുലുക്കുകയുണ്ടായി. കുറ്റക്കാരന് വധശിക്ഷ നല്‍കിയാല്‍ മാത്രമേ സമൂഹ മനസാക്ഷി തൃപ്തിപ്പെടുകയുള്ളൂ.’

അതുകൊണ്ടു തന്നെ, അഫ്‌സല്‍ ഗുരുവിന് മേല്‍ കള്ളക്കേസ് കെട്ടിച്ചമച്ചതാണെന്നും, പാര്‍ലമെന്റ് ആക്രമണത്തില്‍ അദ്ദേഹത്തിന് ഒരു പങ്കുമില്ലെന്നും, അദ്ദേഹത്തെ തൂക്കിലേറ്റിയത് തെറ്റായ നടപടിയാണെന്നു ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ വിശ്വസിക്കുന്നു. ഇതില്‍ എന്താണ് പ്രശ്‌നം?

അതുകൊണ്ടാണ് അവര്‍ ‘ഹര്‍ ഘര്‍ സേ അഫ്‌സല്‍ നികലേഗാ!’ എന്ന് ഉച്ചത്തില്‍ വിളിച്ച് പറഞ്ഞത്.

ഒന്നോര്‍ക്കുക, ഈ വിദ്യാര്‍ത്ഥികളില്‍ ആരും തന്നെ എന്തെങ്കിലും തരത്തിലുള്ള ആയുധങ്ങള്‍ കൈയ്യിലേന്തുന്നില്ല, ആശയങ്ങള്‍ മാത്രമാണ് അവരുടെ പക്കല്‍ ആകെയുള്ളത്.

ഇത്തരമൊരു സംഭവത്തില്‍, എന്ത് നടപടിയാണ് രാഷ്ട്രം കൈകൊള്ളേണ്ടത്? രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തിയതിന്റെ പേരില്‍ കേസ് എടുക്കുകയാണോ ചെയ്യേണ്ടത്? അതല്ലാ, അവരുമായി ചുരുങ്ങിയ പക്ഷം കാര്യങ്ങള്‍ സംസാരിക്കാനും, അഭിപ്രായ വ്യത്യാസങ്ങളില്‍ സംവാദം നടത്താനും രാഷ്ട്രം തയ്യാറാവുകയാണോ വേണ്ടത്?

എല്ലാവരും പങ്കെടുത്ത ഒരു പൊതുയോഗമാണ് അവര്‍ സംഘടിപ്പിച്ചത്. അവരുമായി വിയോജിക്കാനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കുണ്ട്. അവര്‍ രഹസ്യമായല്ല അത് ചെയ്തത്. അവര്‍ ഭീകരവാദികളായിരുന്നെങ്കില്‍ പൊതുസമൂഹത്തിന് മുമ്പില്‍ അവര്‍ വരുമായിരുന്നില്ല. പക്ഷെ അവരെയെല്ലാം ടി.വി ചാനലുകളില്‍ തങ്ങളുടെ നിലപാട് ധീരമായി തുറന്ന് പ്രകടിപ്പിക്കുന്നവരായി നിങ്ങളെല്ലാം കണ്ടതല്ലേ? പറയൂ, ഭീകരവാദികളുടെ എന്ത് ലക്ഷണങ്ങളാണ് നിങ്ങള്‍ അവരില്‍ കണ്ടത്?

ഇനി ഏറ്റവും കൂടുതല്‍ വിവാദങ്ങളുണ്ടാക്കിയ ഭാഗത്തിലേക്ക് ഞാന്‍ കടക്കാം – ഇന്ത്യക്കെതിരെയുള്ള മുദ്രാവാക്യങ്ങള്‍.

യോഗത്തില്‍ പങ്കെടുക്കാന്‍ ജെ.എന്‍.യുവിന് പുറത്ത് നിന്നുള്ള ഒരു സംഘം കാശ്മീരി വിദ്യാര്‍ത്ഥികള്‍ എത്തിച്ചേര്‍ന്നിരുന്നു. ഇപ്പോള്‍ പ്രചരിച്ച് കൊണ്ടിരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍, പ്രസ്തുത യോഗത്തിന്റെ ഒത്തനടുക്ക് ഒരു വൃത്തത്തില്‍ ഈ വിദ്യാര്‍ത്ഥികള്‍ ഇരിക്കുന്നതായി നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. അവരില്‍ ഒരാള്‍ പോലും ജെ.എന്‍.യുവില്‍ നിന്നുള്ളതായിരുന്നില്ലെന്ന് എനിക്ക് ഉറപ്പ് പറയാന്‍ സാധിക്കും. യോഗത്തില്‍ കുറച്ച് സമയം ഞാനും പങ്കെടുത്തിരുന്നു. അവരില്‍ ഒരാള്‍ പോലും ജെ.എന്‍.യുവില്‍ എനിക്ക് മുഖപരിചമുള്ളതായി ഉണ്ടായിരുന്നില്ല.

കാശ്മീരികളായ ഈ വിദ്യാര്‍ത്ഥികള്‍ ദശാബ്ദങ്ങളോളം അഫ്‌സ്പയുടെ എല്ലാവിധ ദുരിതങ്ങളും അനുഭവിച്ചവരാണ്. എ.ബി.വി.പിക്കാര്‍ യോഗം തടസ്സപ്പെടുത്തിയതില്‍ കുപിതരായാണ് അവര്‍ ഇന്ത്യക്കെതിരെയുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കാന്‍ തുടങ്ങിയത്.

‘ഭാരത് കീ ബര്‍ബാദി തക്ക്, ജംഗ് രഹേഗി, ജംഗ് രഹേഗി!’
‘ഇന്ത്യാ ഗോ ബാക്ക്’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് അവര്‍ ഉയര്‍ത്തിയത്. ജെ.എന്‍.യു-വിലെ എന്റെ  രണ്ടര വര്‍ഷക്കാലത്തെ ജീവിതത്തിനിടക്ക്, എവിടെയെങ്കിലും വെച്ച് അത്തരമൊരു മുദ്രാവാക്യം ആരെങ്കിലും വിളിച്ചതായി ഞാന്‍ കേട്ടിട്ടില്ല. ഇടത്പക്ഷ പാര്‍ട്ടികളുടെ പ്രത്യയശാസ്ത്രവുമായി യാതൊരു ബന്ധവുമില്ലാത്തവയാണ് അവ.

കാര്യങ്ങള്‍ക്ക് വ്യക്തത വരുത്തുന്നതിന് വേണ്ടി, പ്രസ്തുത മുദ്രാവാക്യങ്ങളെ കുറിച്ച് ജെ.എന്‍.യു വിദ്യാര്‍ത്ഥിയല്ലാത്ത, അന്ന് യോഗത്തില്‍ പങ്കെടുക്കുകയും ചെയ്യാത്ത ഒരു കാശ്മീരി വിദ്യാര്‍ത്ഥി തന്റെ ഫേസ്ബുക്ക് വാളില്‍ കുറിച്ച വരികളാണ് ചുവടെ ചേര്‍ക്കുന്നത്:

‘വിവാദമായി മാറിയ ആ മുദ്രാവാക്യങ്ങളെ ‘അപനിര്‍മിക്കാന്‍’ എന്നെ അനുവദിക്കൂ. ദെറീദിയന്‍ അപനിര്‍മാണമല്ല, മറിച്ച് ‘കാശ്മീരി അപനിര്‍മാണം’.

1. ഭാരത് കീ ബര്‍ബാദീ തക് ജംഗ് രഹേഗി

1990-കള്‍ക്ക് ശേഷം ജനിച്ച ഒരു കാശ്മീരി യുവാവിനെയും യുവതിയെയും സംബന്ധിച്ചിടത്തോളം ഭാരതം എന്നത് ഒരു ഇന്ത്യന്‍ മിലിറ്ററി എസ്റ്റാബ്ലിഷ്‌മെന്റാണ്. യൂണിഫോം അണിഞ്ഞ് കൈയ്യില്‍ ആയുധമേന്തി നില്‍ക്കുന്ന പട്ടാളക്കാരാണ് അവരെ സംബന്ധിച്ചിടത്തോളം ഇന്ത്യ.

ഇന്ത്യയിലെ വ്യത്യസ്തമായ സംഘടനകള്‍ ഉപയോഗിച്ച അതേ അര്‍ത്ഥത്തില്‍ തന്നെയാണ് ‘ബര്‍ബാദീ’ എന്ന പദം ഉപയോഗിച്ചിരിക്കുന്നത്. കാശ്മീരിലെ സൈനിക അധിനിവേശത്തിന്റെ അന്ത്യം എന്നാണ് അത് അര്‍ത്ഥമാക്കുന്നത്.

‘ജംഗ്’ എന്നാല്‍ പോരാട്ടം എന്നര്‍ത്ഥം. സമാധാനപരം, ഗാന്ധിയന്‍, മാര്‍ക്‌സിയന്‍, ഗ്രാംഷിയന്‍, ഹിംസാത്മകം തുടങ്ങിയ വിവിധതരത്തിലുള്ള പോരാട്ട മാര്‍ഗങ്ങളുണ്ട്. ആ പദത്തിന് നിങ്ങള്‍ കൊടുക്കുന്ന വ്യാഖ്യാനത്തെ ആശ്രയിച്ചാണ് അതിന് അര്‍ത്ഥം കൈവരുന്നത്.

ഇക്കാര്യത്തില്‍ ചില അവ്യക്തതകള്‍ നീങ്ങിപ്പോകുന്നതായി ഞാന്‍ കരുതുന്നു. ജെ.എന്‍.യു പോലെയുള്ള ഇടങ്ങളില്‍ ആ മുദ്രാവാക്യം ചിലപ്പോള്‍ ഒരു ‘തീവ്രവാദ’ സ്വഭാവമുള്ളതായിരിക്കാം. പക്ഷെ കാശ്മീരില്‍ അതൊരു ‘ജനകീയ’ മുദ്രാവാക്യമാണ്.

2. ആസാദി: ‘ഇന്ത്യക്കാര്‍ക്കിടയില്‍’ ഏറ്റവും കൂടുതല്‍ ആശയക്കുഴപ്പങ്ങളുണ്ടാക്കുന്ന ഒരു പദമാണ് ആസാദി. അതെന്താണെന്ന് ലളിതമായി പറഞ്ഞുതരാം. അതൊരു ദേശവിരുദ്ധമോ അല്ലെങ്കില്‍ വിഘടനവാദപരമായതോ ആയ മുദ്രാവാക്യമല്ല. കാശ്മീര്‍ എന്ന് വിളിക്കപ്പെടുന്ന രണ്ട് ദേശരാഷ്ട്രങ്ങളാല്‍ അധിനിവേശത്തിന് ഇരയായ ഒരു പ്രദേശത്ത് ജീവിക്കുന്ന ജനങ്ങളുടെ സ്വയം നിര്‍ണയാവകാശം എന്ന അടിസ്ഥാനതത്ത്വത്തിലാണ് ചരിത്രപരമായും, സാമൂഹികമായും, സാംസ്‌കാരികമായും, ആശയപരമായും, താത്വികമായും ഒരു മുദ്രാവാക്യമെന്ന നിലയില്‍ ആസാദിയുടെ വേരുകള്‍ ചെന്ന് നില്‍ക്കുന്നത്.

ഒരുകാര്യം കൂടി കൂട്ടിച്ചേര്‍ക്കുന്നു, ചെറുത്ത് നില്‍പ്പിന്റെയും പ്രതിരോധത്തിന്റെയും പര്യായ പദമാണ് ആസാദി, ഒരു ജനതയുടെ ആഗ്രഹാഭിലാഷങ്ങള്‍ അതില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്.

‘പാകിസ്ഥാന്‍ സിന്ദാബാദ്’ എന്ന മുദ്രാവാക്യം തര്‍ക്കത്തിന് വകനല്‍കുന്നത് തന്നെയാണ്. ഞാന്‍ യോഗസ്ഥലത്ത് ഉണ്ടായിരുന്ന സമയത്ത് അത്തരമൊരു മുദ്രാവാക്യം കേട്ടിരുന്നില്ല. വീഡിയോയില്‍ ആ മുദ്രാവാക്യമുണ്ട്. പക്ഷെ കാശ്മീരി വിദ്യാര്‍ത്ഥികളാണോ എ.ബി.വി.പിക്കാരാണോ അത് മുഴക്കിയതെന്ന് വ്യക്തമല്ല. പ്രസ്തുത വീഡിയോ തന്നെ അതിന് ഉത്തരം നല്‍കും.

ജെ.എന്‍.യു വിദ്യാര്‍ത്ഥികളില്‍ ആരും തന്നെ ഇന്ത്യക്കെതിരായി മുദ്രാവാക്യം മുഴക്കിയിട്ടില്ലെന്ന കാര്യം ഇപ്പോള്‍ വ്യക്തമായി കാണും. ഇനി ഇതിനോട് ഗവണ്‍മെന്റ് എങ്ങനെയാണ് പ്രതികരിച്ചതെന്ന് നോക്കാം:

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംങിന്റെ കല്‍പ്പന പ്രകാരം പോലിസ് ഞങ്ങളുടെ കാമ്പസും ഹോസ്റ്റല്‍ മുറികളും റെയ്ഡ് നടത്തി. മതിയായ തെളിവുകളില്ലാതെയാണ് കാമ്പസിന് ഉള്ളില്‍ നിന്നും ജെ.എന്‍.യു.എസ്.യു പ്രസിഡന്റിനെ അവര്‍ കൊണ്ടുപോയത്. മൂന്ന് ദിവസത്തെ പോലിസ് കസ്റ്റഡയില്‍ കോടതി അദ്ദേഹത്തെ റിമാന്‍ഡ് ചെയ്യുകയും ചെയ്തു. അദ്ദേഹം മുദ്രാവാക്യം മുഴക്കിയിരുന്നില്ല. സി.പി.ഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എ.ഐ.എസ്.എഫിന്റെ അംഗമാണ് അദ്ദേഹം. മാവോയിസ്റ്റ്, വിഘടനവാദ പ്രത്യയശാസ്ത്രവുമായി എ.ഐ.എസ്.എഫിന് യാതൊരു ബന്ധവുമില്ല.

ഇന്നലെയും, ഏഴിലധികം വിദ്യാര്‍ത്ഥികളെ കാമ്പസിനുള്ളില്‍ നിന്നും പോലിസ് പിടിച്ച് കൊണ്ടുപോവുകയുണ്ടായി. നിങ്ങള്‍ക്ക് അറസ്റ്റ് ചെയ്‌തേ അടങ്ങൂ എന്ന വാശിയാണെങ്കില്‍, ആ മുദ്രാവാക്യം വിളിച്ച കാശ്മീരി വിദ്യാര്‍ത്ഥികളെ പോയി അറസ്റ്റ് ചെയ്യ്. പക്ഷെ ഒരു ജനാധിപത്യ സര്‍ക്കാറില്‍ നിന്നും നിങ്ങള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നതെന്ന് പറയാതെ വയ്യ!

‘ദേശീയതയുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ പേരില്‍ നമ്മളെന്തിനാണ് വൈകാരികമായി പൊട്ടിത്തെറിക്കുന്നത്? എന്തിനാണ് ദേശീയതയെ മതവിശ്വാസം പോലെ കൊണ്ടുനടക്കുന്നത്? ആരൊക്കെയോ ചിലര്‍ എന്തൊക്കെയോ ചില മുദ്രാവാക്യങ്ങള്‍ മുഴക്കുന്നു, അത് പെട്ടെന്ന് തന്നെ ഈശ്വരനിന്ദയായി മാറുന്നു! സംവാദത്തിനും, ചര്‍ച്ചകള്‍ക്കും, എതിരഭിപ്രായം പ്രകടിപ്പിക്കാനുമുള്ള ഒരു ഇടമാണ് സര്‍വകലാശാലകള്‍! മുദ്രാവാക്യങ്ങള്‍ക്ക് മുദ്രാവാക്യങ്ങള്‍ കൊണ്ടാണ് മറുപടി പറയേണ്ടത്, അല്ലാതെ രാജ്യദ്രോഹകുറ്റം ചുമത്തുകയല്ല വേണ്ടത്!’

വിശദീകരണമെന്ന നിലയില്‍, ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി, അദ്ദേഹത്തിന്റെ പേരാണ് ഈ സര്‍വകലാശാലക്ക് നല്‍കിയിരിക്കുന്നത്, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനെ ഉദ്ദരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.:

‘മാനവികതക്ക് വേണ്ടിയാണ് ഒരു സര്‍വകലാശാല നിലകൊള്ളുന്നത്. സഹിഷ്ണുത, യുക്തിചിന്ത, ആശയപ്രപഞ്ചങ്ങളിലൂടെയുള്ള സാഹസിക യാത്ര, സത്യത്തിന് വേണ്ടിയുള്ള അന്വേഷണം എന്നിവക്ക് വേണ്ടി. ഉന്നതമായ ലക്ഷ്യങ്ങള്‍ കരഗതമാക്കാനുള്ള മനുഷ്യരാശിയുടെ ഇന്നും തുടരുന്ന കുതിപ്പിന് വേണ്ടിയാണ് അത് നിലകൊള്ളുന്നത്. സര്‍വകലാശാലകള്‍ അവരുടെ ചുമതലകള്‍ യഥാവിധി നിര്‍വഹിക്കുകയാണെങ്കില്‍, രാഷ്ട്രത്തിന്റെയും ജനങ്ങളുടെയും ക്ഷേമം ഉറപ്പുവരുത്താന്‍ കഴിയും.’

മാധ്യമങ്ങളുടെ ഭാഗത്ത് നിന്നുള്ള എല്ലാതരത്തിലുള്ള നുണപ്രചാരണങ്ങളും, രൂക്ഷവിമര്‍ശനങ്ങളും ജെ.എന്‍.യു അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന ഈ സമയത്ത്, നിങ്ങളോട് എല്ലാവരോടും ജെ.എന്‍..യുവിന് ഒപ്പം നില്‍ക്കാന്‍ ഞാന്‍ ആവശ്യപ്പെടുകയാണ്. ആത്മീയമായും ഭൗതികമായും അതിമനോഹരമായ ഒരു സര്‍വകലാശാലയാണിത്. സമയം കിട്ടുമ്പോള്‍ ഇവിടം സന്ദര്‍ശിക്കാന്‍ എല്ലാവരെയും ക്ഷണിക്കുന്നു.

എല്ലാവരെയും സ്വാഗതം ചെയ്യുന്ന, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു ഇടമാണ് ജെ.എന്‍.യു.

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles