Current Date

Search
Close this search box.
Search
Close this search box.

ജുഹാപുരയിലെ ഗുജറാത്ത് മോഡല്‍; ഫ്രഞ്ച് പഠനം പറയുന്നത്

juhapura.jpg

അഹ്മദാബാദിലെ ജുഹാപുര മോദി സര്‍ക്കാരിന് കീഴിലെ മുസ്‌ലിം ജീവിതത്തിന്റെ പരിഛേദമാണെന്ന് ഫ്രാന്‍സിലെ നരവംശശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ വിശേഷിപ്പിക്കുന്നു. 2002 മുതല്‍ 2014 വരെ മോദി സര്‍ക്കാരിന് കീഴില്‍ മുസ്‌ലിം ജീവിതമെങ്ങനെയായിരുന്നെതിന്റെ പരിഛേദമാണ് ഈ ചേരി പ്രദേശമെന്ന് പഠനം പറയുന്നു. ഇതേ മോദിയാണ് ഇപ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്നും തെരഞ്ഞെടുപ്പില്‍ അദ്ദേഹം നേടിയ വിജയം ഹിന്ദുക്കളല്ലാത്ത ന്യൂനപക്ഷങ്ങളുടെ വിശ്വാസസ്വാതന്ത്ര്യത്തിനും ആചാരസ്വാതന്ത്ര്യത്തിനും ഭീഷണിയായിരിക്കുകയാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

നരേന്ദ്ര മോദിയുടെ ഇന്ത്യയില്‍ മുസ്‌ലിമായിരിക്കുമ്പോള്‍:  ആധിപത്യത്തിനും പ്രതിരോധത്തിനുമിടയിലെ ചേരിജീവിതം എന്ന തലക്കെട്ടില്‍ ഫ്രഞ്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പൊളിറ്റിക്കല്‍ സയന്‍സിലെ ചാര്‍ലറ്റ് തോമസ് പ്രസിദ്ധീകരിച്ചിരിക്കുന്ന പ്രബന്ധം നെറ്റ് വര്‍ക് ഓഫ് റിസേഴ്‌ചേഴ്‌സ് ഇന്‍ ഇന്റര്‍നാഷണല്‍ അഫയേഴ്‌സ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മോദിയുടെ രാഷ്ട്രീയജീവിതത്തിന്റെ കളരിയായ ഗുജറാത്ത് മോഡലിന്റെ പരിഛേദമായിട്ടാണ് പഠനം ജുഹാപുരയെ വിശേഷിപ്പിക്കുന്നത്.

2002ന് മുമ്പ് 50,000 മുസ്‌ലിംകള്‍ താമസിച്ചിരുന്ന പ്രദേശമായിരുന്നു ജുഹാപുര. എന്നാല്‍ 2002ല്‍ നടന്ന മുസ്‌ലിം വംശഹത്യയോടെ അഭയംതേടി ഇവിടേക്ക് മുസ്‌ലിംകളുടെ കൂട്ടമായ ഒഴുക്ക് നടക്കുകയായിരുന്നു.

2002 വരെ മുസ്‌ലിംകളിലെ ഉയര്‍ന്ന വിഭാഗം അക്രമങ്ങള്‍ക്ക് ഇരയാക്കപ്പെട്ടിരുന്നില്ല. എന്നാല്‍ വംശഹത്യയില്‍ അവരും ഇരകളാക്കപ്പെട്ടു. പലരീതിയിലുള്ള അപരവത്കരണമാണ് മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്നത്. ഇന്ത്യന്‍ പൗരത്വത്തിന്റെ വംശീയവത്കരണമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും പറയാം. അഹമദാബാദിലെ ഹിന്ദു സമൂഹത്തെ പോലെ തന്നെ പൂര്‍ണപദവികളുള്ള പൗരത്വത്തിന് അര്‍ഹരാണ് മുസ്‌ലിംകളെങ്കിലും, അവരുടെ വംശപാരമ്പര്യം അവരെ രണ്ടാംതരം പൗരന്മാരാക്കുന്നു.

നഗരപ്രദേശങ്ങളില്‍ നിന്നും മുസ്‌ലിംകളുടെ സാന്നിധ്യം പൂര്‍ണമായും ഇല്ലാതാക്കലും, അവിടങ്ങളില്‍ ഏകവംശ സ്ഥാപനവും, ഹിന്ദുക്കള്‍ക്ക് സാമ്പത്തിക മേല്‍കോയ്മയുള്ള സാമൂഹിക സംവിധാനത്തിന്റെ നിര്‍മാണവും നടത്തുന്ന പ്രക്രിയയുടെ അനുബന്ധമാണ് മുസ്‌ലിങ്ങള്‍ മാത്രമായുള്ള ചേരികള്‍ നിര്‍മിക്കപ്പെടുന്നത്. ചേരികളില്‍ ജീവിക്കാന്‍ നിര്‍ബന്ധിക്കുന്ന ഭരണരീതിയാണ് ഇവിടെ നിലനില്‍ക്കുന്നത്.

മുഴുവന്‍ ചേരിനിവാസികളും ജുഹാപുര കഫ് എന്ന് വിളിക്കപ്പെടുന്ന പൊടി മൂലമുണ്ടാകുന്ന അസുഖത്തിന്റെ ഇരകളാണെന്ന് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തിയതായി പഠനം പറയുന്നു. വെള്ളത്തിന്റെ ദൗര്‍ലഭ്യതയും വലിയ പ്രശ്‌നമാണ്. പൊതുജനാരോഗ്യ സംവിധാനങ്ങളൊന്നും തന്നെ ഇവിടെയില്ല. ചേരികളിലെ 10 ശതമാനം കുട്ടികള്‍ക്ക് പഠിക്കാനുള്ള വിദ്യാലയങ്ങളേ സമീപപ്രദേശത്തുള്ളൂ. പൊതുഭരണ സംവിധാനത്തിന്റെ ഏകപ്രതിനിധിയായി പൊലീസ് മാത്രമേ ഇവിടെ പ്രവര്‍ത്തിക്കുന്നുള്ളൂ. മിക്കവാറും ചെറുപ്പക്കാര്‍ക്കെതിരെയുള്ള അന്യായമായ അറസ്റ്റുകള്‍, ഇറച്ചി കടത്തുന്നത് തടയാനുള്ള വാഹനപരിശോധനകള്‍ എന്നിവയിലൊതുങ്ങുന്നു ഇവരുടെ സേവനമെന്നും പഠനം പറയുന്നു.

Related Articles