Current Date

Search
Close this search box.
Search
Close this search box.

ചരിത്രമായി മാറുന്ന ഐതിഹ്യങ്ങള്‍

gurgaon.jpg

പതിറ്റാണ്ടുകളായി രാജ്യത്തെ ഹിന്ദുത്വ ശക്തികള്‍ക്ക് പുരാണങ്ങളും ഐതിഹ്യങ്ങളും ചരിത്ര സ്രോതസ്സുകളാണ്. മോദി ഭരണകൂടം കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ ചെയ്തത് പുരാണങ്ങളില്‍ പ്രതിപാദിക്കുന്ന സരസ്വതി നദിയെ കണ്ടെത്തുന്നതിനായി ഹരിയാനയില്‍ ഉല്‍ഖനനങ്ങള്‍ ആരംഭിച്ചു എന്നതാണ്. പൗരാണിക നദിയുടെ നീര്‍ചാലുകളുടെ ശേഷിപ്പുകള്‍ കണ്ടെത്താന്‍ വര്‍ഷങ്ങളുടെ ‘ഗവേഷണം’ ആവശ്യമാണെന്ന് സംഘം വിലയിരുത്തുകയും ചെയ്തു. ഹരിയാനയിലെ ആദി ഭദ്രിയില്‍ മുതല്‍ ഗുജറാത്ത് വരെ സരസ്വതി നദിയുടെ നീരൊഴുക്കു ശേഷിപ്പുകള്‍ കണ്ടെത്തിയതായി കേന്ദ്ര ജലവിഭവ മന്ത്രി ഉമാ ഭാരതി ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പ്രഖ്യാപിച്ചതാണ് കേന്ദ്രം മേല്‍നോട്ടം വഹിച്ച ‘ഗവേഷണ’ പദ്ധതിയുടെ അവസാന വാര്‍ത്തകള്‍.

ഇതേ ശ്രദ്ധയും ജാഗ്രതയും നിലവില്‍ ഒഴുകിക്കൊണ്ടിരിക്കുന്നതും എന്നാല്‍ വറ്റിക്കൊണ്ടിരിക്കുന്നതുമായ നദികളുടെയും നീര്‍ച്ചാലുകളുടെയും കാര്യത്തില്‍ കാണിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ നേരിടുന്ന ക്ഷാമത്തിന് ഒരറുതി ആവുമായിരുന്നു. ഗവേഷണങ്ങള്‍ നടക്കേണ്ടത് വസ്തുതകളുടെ മേലാണ്, ഐതിഹ്യങ്ങളുടെയും പുരാണങ്ങളുടെയും മേലല്ല. ചരിത്രവും കെട്ടുകഥകളും തമ്മില്‍ വേര്‍തിരിച്ചു കാണാന്‍ കഴിയാത്തിടത്താണ് ഇത്തരം അസംബന്ധങ്ങള്‍ അരങ്ങേറുന്നത്. ലോകത്ത് എത്രയോ നദികള്‍ ഗതി മാറി ഒഴുകുകയും കാലാന്തരത്തില്‍ വറ്റിപ്പോവുകയുമൊക്കെ ചെയ്തിട്ടുണ്ട്. എന്നാല്‍ അവയ്ക്ക് ചരിത്രപ്രാധാന്യം നല്‍കി ആരും അവയെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല.

സരസ്വതി നദി ‘കണ്ടെടുക്കപ്പെടുന്നതും’ ഗുഡ്ഗാവ് ഗുരുഗ്രാം ആവുന്നതുമൊക്കെ കെട്ടുകഥകള്‍ ശാസ്ത്രസിദ്ധാന്തങ്ങളും ചരിത്രസത്യങ്ങളുമായി അവതരിപ്പിക്കപ്പെടുന്നത് കൊണ്ടാണ്. ടെസ്റ്റ് ട്യൂബ് ശിശുവിനും വിമാനത്തിനുമൊക്കെ പുരാണങ്ങളില്‍ തെളിവുണ്ടെന്ന് വാദിക്കുന്നത് പൊതുജനങ്ങളല്ല, കേന്ദ്ര മന്ത്രിസഭയിലെ മന്ത്രിമാര്‍ തന്നെയാണ് എന്നതാണ് വിചിത്രം. ‘കാപാലികന്മാര്‍’ ഭാരതത്തിലേക്ക് വരുന്നത് വരെ ഈ ഭാരതം സമ്പന്നമായിരുന്നുവെന്നും എന്നാല്‍ കാപാലികന്മാര്‍ ക്ഷേത്രങ്ങളും അമ്പലങ്ങളും തകര്‍ത്തെന്നും 1200 വര്‍ഷത്തെ അടിമത്തത്തിലേക്ക് ജനങ്ങളെ തള്ളിയിട്ടെന്നും അവര്‍ ഉറക്കെ വിളിച്ചുപറയുന്നു. നിര്‍ബന്ധ മതപരിവര്‍ത്തനവും സ്ത്രീ പീഢനവും അവര്‍ക്ക് ശീലമായിരുന്നുവെന്നും തങ്ങളുടെ സംസ്‌കാരത്തെ ഉന്മൂലനം ചെയ്യാനായി സ്ഥലനാമങ്ങള്‍ പോലും അവര്‍ മാറ്റിമറിച്ചെന്നും ഹിന്ദുത്വവാദികള്‍ ആരോപിക്കുന്നു. അതിനുള്ള പ്രതികാരമെന്നോണമാണ് അവര്‍ ഇതൊക്കെയും ആവര്‍ത്തിക്കുന്നത്.

മുഗള്‍ ചക്രവര്‍ത്തിയും ‘ക്ഷേത്ര ധ്വംസകനു’മായ ഔറംഗസീബിന്റെ പേരിലുള്ള ഒരു റോഡിനെ പുനര്‍നാമകരണം ചെയ്ത് എ.പി.ജെ അബ്ദുല്‍ കലാം റോഡ് എന്നാക്കി. കാരണം, കലാം ഒരു രാജ്യസ്‌നേഹിയായ മുസ്‌ലിം ആയിരുന്നല്ലോ. ഏകലവ്യന്‍ ദ്രോണാചാര്യര്‍ക്ക് തന്റെ പെരുവിരല്‍ ഗുരുദക്ഷിണയായി കൊടുത്ത സ്ഥലം എന്നതാണ് ഗുരുഗ്രാമിനെ കുറിച്ച് മഹാഭാരതത്തില്‍ പറയുന്നത്. ബില്ല് ഗോത്രത്തില്‍ പെട്ട കാട്ടാളനായ ഏകലവ്യന്‍ ഒരിക്കലും ഗോത്രമഹിമയുള്ള, രാജരക്തത്തില്‍ പിറന്ന അര്‍ജുനനെ വെല്ലുന്ന വില്ലാളിവീരനായി മാറരുത് എന്ന ജാതി ചിന്തയാണ് രാജഗുരുവായ ദ്രോണാചാര്യരെ പെരുവിരല്‍ ചോദിക്കാന്‍ പ്രേരിപ്പിച്ചത്. സൂര്യപുത്രനായി പിറന്നിട്ടും മാതാപിതാക്കളുടെ ജാതിയുടെ പേരില്‍ അയിത്തം കല്‍പിക്കപ്പെട്ട കര്‍ണ്ണനും മഹാഭാരതത്തിലെ മറക്കാനാവാത്ത ഏടാണ്. പുരാണങ്ങള്‍ പലപ്പോഴും ഇരട്ട ആഖ്യാനമുള്ളവയാണ്. എന്നാല്‍ അവയിലെ കീഴാള ആഖ്യാനത്തെ പാര്‍ശ്വവല്‍ക്കരിക്കുന്നു എന്നതാണ് പ്രശ്‌നം. എന്തുകൊണ്ട് ഏകലവ്യനോ കര്‍ണ്ണനോ ലോകമറിയുന്ന പോരാളികളായില്ല? എന്തുകൊണ്ട് അവര്‍ അവരുടെ ജാതിയില്‍ ഒതുക്കപ്പെട്ടു?

കോളനിവല്‍ക്കരണത്തിന്റെ ശേഷിപ്പുകള്‍ മായ്ച്ചുകളഞ്ഞ് സ്ഥലങ്ങളും പാതകളും പുനര്‍നാമകരണം ചെയ്ത ചരിത്രം പല രാജ്യങ്ങള്‍ക്കുമുണ്ട്. നമ്മുടെ ഇന്ത്യയും ആ രീതി പിന്തുടര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇന്നും വിക്ടോറിയാ പാര്‍ക്കും റിച്ചാര്‍ഡ്‌സ് ടൗണുമൊക്കെ ഇന്ത്യയില്‍ കാണാം. നാം ഇന്ത്യനാക്കിയത് നമ്മുടെ റോഡുകളെയും കെട്ടിടങ്ങളെയും മാത്രമാണ്. സ്മാരകങ്ങളും ഉദ്യാനങ്ങളും ശേഷിപ്പുകളും അതേ പേരില്‍ തന്നെ നാം നിലനിര്‍ത്തിയിരിക്കുന്നു. ചിലത് ചരിത്രബോധത്തിന്റെ പേരിലാണെങ്കില്‍ ചിലത് ഏതോ ഒരു കീഴ്‌വണക്കത്തിന്റെ പേരിലാണ്. ഇനി ഇന്ത്യനാക്കുന്ന നാമങ്ങളില്‍ തന്നെ അതാത് കാലത്തെ ഭരണകക്ഷികളുടെ താല്‍പര്യങ്ങളും ദൃശ്യമാണ്. തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്ത് വീര സവര്‍ക്കറുടെ ഒരു കൂറ്റന്‍ പ്രതിമ ബി.ജെ.പി സ്ഥാപിക്കുന്നുവെങ്കില്‍ അതില്‍ അത്ഭുതപ്പെടാനില്ല. കോണ്‍ഗ്രസ് നെഹ്‌റുവിന്റെയോ ഇന്ദിരാ ഗാന്ധിയുടെയോ സ്ഥാപിച്ചെന്നും വരാം. എന്നാല്‍ ഇന്ത്യന്‍ ആത്മാവിനെയും മൂല്യങ്ങളെയും നിഷ്പക്ഷമായി പ്രതിഫലിപ്പിക്കുന്ന എത്ര സ്ഥാപനങ്ങളും കെട്ടിടങ്ങളും സ്മാരകങ്ങളും നമുക്കുണ്ട്?

‘ഇന്ത്യ’ എന്ന വൈദേശിക സ്വാധീനമുള്ള പേരു തന്നെ മാറ്റണമെന്ന് ആര്‍.എസ്.എസ് അനുഭാവിയായ ഒരു പത്രപ്രവര്‍ത്തകന്‍ ആവശ്യപ്പെട്ടിരുന്നു. ഹിന്ദുസ്ഥാന്‍ എന്ന നാമം ഇന്ത്യയ്ക്ക് ലഭിച്ചത് നമ്മുടെ അയല്‍ദേശങ്ങളില്‍ പലതും ‘സ്ഥാന്‍’ ആയതുകൊണ്ടാണെന്നും എന്നാല്‍ ‘ഭാരതം’ എന്ന പേരും ഒരു ഗോത്രത്തെ കുറിക്കുന്നതിനാല്‍ അനുയോജ്യമല്ലെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. അദ്ദേഹം രാജ്യത്തിന് നിര്‍ദ്ദേശിക്കുന്ന നാമം ‘ഹിന്ദു ദേശ്’ എന്നതാണ്. ഇതുകൊണ്ടുള്ള വലിയൊരു മെച്ചം എല്ലാവരും ‘ഹിന്ദുക്കള്‍’ ആവും എന്നുള്ളതാണ്. ഹജ്ജിന് പോകുന്ന മൗലവിക്കും പാസ്‌പോര്‍ട്ടില്‍ ‘ഹിന്ദു’ എന്ന പേര് കിട്ടും.

പറഞ്ഞുവരുമ്പോള്‍, ഗുരുഗ്രാം മാത്രമല്ല സംസ്‌കൃതവല്‍ക്കരണത്തിന്റെ ഇര. ഇനി ന്യൂഡല്‍ഹി ഇന്ദ്രപ്രസ്ഥവും അഹ്മദാബാദ് കര്‍ണാവതിയും അലഹാബാദ് പ്രയാഗുമൊക്കെ ആവാനിരിക്കുന്നതേയുള്ളൂ. ഭോപ്പാല്‍ ഭോജ്പാലും ജബല്‍പ്പൂര്‍ ജബലീപുരവുമായി മാറിയേക്കാം. ചുരുക്കത്തില്‍ മോദി ഭരണം അവസാനിക്കുമ്പോഴേക്കും ഇന്ത്യ തന്നെ ഒരു ഐതിഹ്യമായി മാറും. രാജ്യനിവാസികള്‍ പുരാണ കഥാപാത്രങ്ങളും.

വിവ: അനസ് പടന്ന

Related Articles