Current Date

Search
Close this search box.
Search
Close this search box.

ചരിത്രം തെറ്റുകളാല്‍ തിരുത്തപ്പെടുന്നു

aurangazeb.jpg

ആഗസ്റ്റ് 1-ന്, ഡല്‍ഹിയില്‍ നിന്നും പാര്‍ലമെന്റിലെത്തിയ മഹേഷ് ഗിരി, ഡല്‍ഹിയിലെ ഔറംഗസേബ് റോഡിന്റെ പേര് മാറ്റി ഡോ. എ.പി.ജെ അബ്ദുല്‍ കലാം റോഡ് എന്നാക്കി പുനര്‍നാമകരണം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി നല്‍കിയിരുന്നു. ഇത്തരമൊരു പുനര്‍നാമകരണത്തിനെതിരെ അംഗീകൃത നിയമങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, ആഴ്ച്ചകള്‍ക്കുള്ളില്‍ തന്നെ സംഗതി നടപ്പിലാക്കപ്പെട്ടു. അചഞ്ചലമായ നേതൃത്വത്തിന്റെ ഉറച്ച അടയാളമാണ് നാമിതുവരെ കണ്ടത്!

ഔറംഗസേബ് റോഡിന് എന്താണ് കുഴപ്പം? ഗിരിയുടെ ആധികാരിക ചരിത്രവീക്ഷത്തില്‍, ഔറംഗസേബ് ഒരുപാട് അരുതായ്മകള്‍ പ്രജകളോട് ചെയ്തുകൂട്ടിയ അതിക്രൂരനും, മര്‍ദ്ദകനുമായ ഭരണാധികാരിയാണ്. ഇത്തരമൊരാളുടെ സ്മരണ നിലനിര്‍ത്തുന്നത് വരുംതലമുറക്ക് തെറ്റായ സന്ദേശം നല്‍കുന്നതിന് ഇടയാക്കുമെത്രെ. ദയാനിധിയായ കലാമിന് സ്മരണാഞ്ജലി അര്‍പ്പിക്കുന്നതിന്റെ ഭാഗമായി പ്രസ്തുത റോഡിന് അദ്ദേഹത്തിന്റെ പേര് നല്‍കുന്നതിലൂടെ ചരിത്രത്തിന് സംഭവിച്ച ‘അബദ്ധം’ തിരുത്തുവാനും സാധിക്കും. ഏതുപോലെ, 1992 ഡിസംബര്‍ 6-ന് അയോധ്യയില്‍ നടത്തിയത് പോലെ.

മധ്യകാല ഇന്ത്യയെ കുറിച്ച് പഠനം നടത്തിയ ഒരു പ്രൊഫഷണല്‍ ചരിത്രകാരനെന്ന നിലയില്‍ – നമ്മുടെ സങ്കീര്‍ണ്ണമായ ചരിത്രത്തെ മനസ്സിലാക്കാനും കുരുക്കുകള്‍ അഴിക്കാനും ആറു ദശാബ്ദകാലത്തിനടുത്ത് സമയം ഞാന്‍ ചെലവഴിച്ചിട്ടുണ്ട്- ഗിരി എന്തടിസ്ഥാനത്തിലാണ് ചരിത്രത്തെ കുറിച്ച് സ്വയം വിധി പറയുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല.

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ചരിത്രം എല്ലാവര്‍ക്കും പ്രാപ്യമായ വിജ്ഞാനശാഖയാണ്. ചരിത്രത്തെ കുറിച്ച് ആത്മവിശ്വാസത്തോടെ സംസാരിക്കാന്‍ എല്ലാവര്‍ക്കും തുല്ല്യ അധികാരമുണ്ട്. ഒരു ആര്‍.എസ്.എസ് ശാഖയില്‍ നിന്നാണ് നിങ്ങളത് പഠിക്കുന്നതെങ്കില്‍ പ്രത്യേകിച്ചും. ഫിസിക്‌സ്, കെമിസ്ട്രി, സാമ്പത്തികശാസ്ത്രം, സോഷ്യോളജി തുടങ്ങിയ മറ്റു വിജ്ഞാനശാഖകളില്‍ നിന്നും വ്യത്യസ്തമായി, ചരിത്രവിജ്ഞാനീയത്തില്‍ അവഗാഹം നേടാന്‍ ഒരാള്‍ തന്റെ മുഴുവന്‍ ആയുസ്സും മാറ്റിവെക്കേണ്ടി വരും.

ജെയിംസ് മില്ലാണ് ആദ്യത്തെ മഹാനായ കോളോണിയല്‍ ചരിത്രകാരന്‍. അദ്ദേഹമാണ് ബ്രിട്ടീഷ് ഭരണത്തിന് മുമ്പുള്ള കാലഘട്ടങ്ങളില്‍, ഇവിടം ഭരിച്ചിരുന്ന ഭരണാധികാരികളുടെ മതത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ചരിത്രം പഠനത്തിന് വിധേയമാക്കാന്‍ നമ്മെ പഠിപ്പിച്ചത്. 1817-18-ല്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ഒരുപാട് പ്രചാരം നേടിയ ‘The History of British Rule in India’ എന്ന ചരിത്രഗ്രന്ഥത്തില്‍, ഈ ഭൂപ്രദേശത്തിന്റെ ഭൂതകാലത്തെ, ഹിന്ദു കാലഘട്ടം, മുസ്‌ലിം കാലഘട്ടം, ബ്രിട്ടീഷ് കാലഘട്ടം എന്നിങ്ങനെയാണ് വിഭജിച്ചിരിക്കുന്നത്.
 

ആധുനിക കോളോണിയല്‍ വാഴ്ച്ച പുരോഗതി കൊണ്ടുവന്നെങ്കിലും, ഇന്ത്യയെ ഇരുണ്ടയുഗത്തില്‍ തന്നെ തളച്ചിട്ട ഹിന്ദുമതത്തെയും, ഇസ്‌ലാമിനെയും അവജ്ഞയോടെയാണ് മില്‍ നോക്കി കണ്ടത്. ഇതില്‍ ഹിന്ദുമതത്തോടായിരുന്നു അദ്ദേഹത്തിന് കൂടുതല്‍ വെറുപ്പുണ്ടായിരുന്നത്. 18, 19 നൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്ന മൊണ്ടെസ്‌ക്യൂ മുതല്‍ ഹെഗല്‍, മാര്‍ക്‌സ് വരെയുള്ള മുന്‍നിര യൂറോപ്യന്‍ ചിന്തകര്‍ക്കിടയില്‍ ചില സുപ്രധാന പാഠഭേദങ്ങളോടെ നിലനിന്നിരുന്ന ഇന്ത്യയെ കുറിച്ചുള്ള പ്രബലമായ വീക്ഷണം തന്നെയായിരുന്നു അത്.

സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം പ്രമുഖ ഇന്ത്യന്‍ ചരിത്രകാരന്‍മാര്‍ ചരിത്രത്തെ മറ്റു ചില അളവുകോലുകള്‍ ഉപയോഗിച്ച് വിശകലനം ചെയ്യാന്‍ തുടങ്ങിയതോടെ, ഇന്ത്യയുടെ ഭൂതകാലത്തെ കുറിച്ചുള്ള ചിത്രം വലിയ അളവില്‍ പരിഷ്‌കരണത്തിന് വിധേയമായി. ഈ അളവുകോലുകളില്‍ ഒന്നു മാത്രമായിരുന്നു മതം. കോളോണിയല്‍ ചരിത്രവിജ്ഞാനീയ പൈതൃകത്തില്‍ നിന്നുള്ള ശ്രദ്ധേയമായ മടക്കമായിരുന്നു അത്. വര്‍ഗചിന്തയും, അതിന്റെ പേരില്‍ സമൂഹത്തില്‍ ഉയര്‍ന്നുവന്ന സംഘട്ടനങ്ങളും ഈ തിരിച്ചുവരില്‍ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. 1980-കള്‍ മുതലങ്ങോട്ട്, മുന്‍കാലങ്ങളില്‍ വര്‍ഗശ്രേണി ബന്ധം അവഗണിച്ച് തള്ളിയിരുന്ന സാമൂഹിക ഘടകങ്ങള്‍ മുഖ്യധാരയിലേക്ക് പ്രവേശിച്ചു: സംസ്‌കാരം, കുടുംബം, ലിംഗം, പ്രകൃതി, സമയം സ്ഥലം ആവാസവ്യവസ്ഥ എന്നിവയെ സംബന്ധിച്ച കാഴ്ച്ചപ്പാടുകള്‍, സാമൂഹിക-രാഷ്ട്രീയ സംഘങ്ങളുടെ ലിംഗസ്വത്വം, ഭൂതകാല നിര്‍മിതികളുടെ ചരിത്രം, കാലഘട്ടങ്ങളിലുടനീളം ചരിത്രം എങ്ങനെയാണ് വിഭാവന ചെയ്യപ്പെട്ടത്, എന്നിങ്ങനെ തുടങ്ങിയ വ്യത്യസ്തവും വൈവിധ്യവുമായ ഘടകങ്ങള്‍. മറ്റിടങ്ങളിലെ പോലെ തന്നെ ഇന്ത്യയിലും, കഴിഞ്ഞ അഞ്ചാറ് ദശാബ്ദത്തിനിടയില്‍ ചരിത്രമെഴുത്തിന്റെ ലോകത്ത് മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധമുള്ള മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്.

മതത്തിന്റെ ഏകധ്രുവത്തില്‍ കെട്ടിയിടാനുള്ള മഹത്തരവും സംഘടിതവുമായ ശ്രമത്തിന്റെ ഉപോല്‍പ്പന്നമായ ഈ രൂപാന്തരീകരണ പ്രതിഭാസത്തിനിടയിലും, ചരിത്രത്തിന്റെ ജനകീയ പ്രതിച്ഛായ കോട്ടംതട്ടാതെ നിലനിന്നു. ഗിരിയുടെ വായില്‍ നിന്ന് വന്നതും, അല്ലെങ്കില്‍ ടി.വി ഷോകളില്‍ കഴിവുതെളിയിച്ച സര്‍ജന്‍മാരും, ഡെന്റിസ്റ്റുകളുമായ ആളുകള്‍ പറയുന്ന ചരിത്രം വളരെ ലളിതമായ ഒന്നാണ്. അതുമല്ലെങ്കില്‍, ബീഹാറില്‍ വെച്ച് അലക്‌സാണ്ടര്‍ ചക്രവര്‍ത്തി തോല്‍പ്പിക്കപ്പെട്ടു, തക്ഷശില സര്‍വകലാശാല സ്ഥിതി ചെയ്തിരുന്നത് ബീഹാറിലായിരുന്നു എന്നൊക്കെ സമൂഹത്തിന് മുന്നില്‍ വിളിച്ചുപറഞ്ഞ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയെ സംബന്ധിച്ചിടത്തോളവും ചരിത്രം വളരെ അനായാസമാണ്. ചിലപ്പോള്‍ അദ്ദേഹത്തിന് തക്ഷശിലയും, നളന്ദയും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാന്‍ കഴിയാതെ പോയതായിരിക്കും.

ഇവരെ സംബന്ധിച്ചിടത്തോളം, ഭരണാധികാരികളും, മഹാന്മാരായ പുരുഷന്‍മാരും (സ്ത്രീകള്‍ വളരെ അപൂര്‍വ്വമാണ്) ചേര്‍ന്ന് രൂപപ്പെടുത്തിയ ഒന്നെന്ന നിലയിലാണ് ചരിത്രം വികസിക്കുന്നത്. പ്രൊഫഷണല്‍ ചരിത്രകാരന്‍ പരിഗണിക്കുക പോലും ചെയ്തിട്ടില്ലാത്ത ഒരു ചരിത്രധാരണയാണിത്. ഗിരിയെ പോലുള്ളവരുടെ കാഴ്ച്ചപ്പാടില്‍, ഭരണാധികാരിയുടെ രാഷ്ട്രീയ നയങ്ങള്‍ നിര്‍ണയിച്ചിരുന്ന ഏക ഘടകം മതം മാത്രമാണ്. ദശാബ്ദങ്ങള്‍ക്ക് മുമ്പ് തന്നെ ചരിത്രകാരന്‍മാര്‍ ഉപേക്ഷിച്ച ധാരണയാണിത്. ഭരണാധികാരിയുടെ ‘നയങ്ങള്‍’ അയാളുടെ ഭരണകാലത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ ഒരുപോലെയായിരിക്കും എന്നതും ഈ ലളിതവല്‍ക്കൃത ചരിത്രജ്ഞാനത്തിന്റെ അടിത്തട്ടില്‍ ഉറച്ചുകിടക്കുന്ന മറ്റൊരു ധാരണയാണ്. ഒരുപാട് കാലമായിട്ടും തെളിവ് സഹിതം വാദിച്ച് സ്ഥാപിക്കാന്‍ കഴിയാത്തതാണിത്. രണ്ട് ഉദാഹരണങ്ങള്‍ നമുക്കെടുക്കാം : അക്ബര്‍ ചക്രവര്‍ത്തിയും ഔറംഗസേബും.

അക്ബര്‍ ഉദാരവാദിയും, ഔറംഗസേബ് ‘മതപരമായ നയങ്ങളില്‍’ പിടിവാശിയുള്ളയാള്‍ എന്നുമാണ് ഈ രണ്ട് ഭരണാധികാരികളെയും കുറിച്ചുള്ള പൊതുവെയുള്ള ചിത്രം. ഇതൊക്കെയാണ് ഇവര്‍ രണ്ടു പേരെയും കുറിച്ച് ആകെ അറിയപ്പെടുന്ന കാര്യങ്ങള്‍. 1960-കളില്‍, ‘മാര്‍ക്‌സിസ്റ്റ്’ (ബി.ജെ.പിക്കാരല്ല) ചരിത്രകാരന്മാരായ ഇഖ്തിദാര്‍ ആലം ഖാന്‍, എം. അത്തര്‍ അലി എന്നിവര്‍, അക്ബറിന്റെയും ഔറംഗസേബിന്റെയും 50 വര്‍ഷക്കാലത്തെ ഭരണകാലത്തിനിടയില്‍ അവര്‍ സ്വീകരിച്ച മതനിലപാടുകളെല്ലാം തന്നെ, അന്നത്തെ മാറുന്ന രാഷ്ട്രീയ സാഹചര്യങ്ങളുടെ തേട്ടങ്ങള്‍ക്കനുസരിച്ചാണ് രൂപപ്പെടുത്തപ്പെട്ടിരുന്നതെന്ന് തുറന്ന്കാട്ടിയിരുന്നു. തങ്ങള്‍ അഭിമുഖീകരിച്ച പ്രതിസന്ധികള്‍ക്കനുസരിച്ച്, അവര്‍ ഇരുവരും ‘ഉദാരവാദികളും’, ‘കടുത്തമതഭക്തരും’ ആയി മാറിയിരുന്ന ‘ഘട്ടങ്ങളും’ ഉണ്ടായിരുന്നു. മാറ്റമില്ലാതെ തുടര്‍ന്നതും, സ്വതന്ത്രവുമായിരുന്ന ഒന്നല്ല ഭരണാധികാരിയുടെ മതനിലപാടുകള്‍ എന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. മറിച്ച്, അവയെല്ലാം കൃത്യമായ രാഷ്ട്രീയ ഉള്ളടക്കങ്ങള്‍ ഉള്ളവയായിരുന്നു. അദ്ദേഹത്തിന്റെ വ്യക്തിപരമായ മതകീയ തെരഞ്ഞെടുപ്പുകള്‍ക്കും അതില്‍ ഒരു പങ്കുണ്ട്, പക്ഷെ അവയെല്ലാം തന്നെ സാഹചര്യത്തിന്റെ തേട്ടങ്ങളാല്‍ വലയം ചെയ്യപ്പെട്ടിരുന്നു.

അതുകൊണ്ടുതന്നെയാണ്, അതിയായി ആഗ്രഹിച്ചിരുന്നുവെങ്കിലും, തന്റെ ഭരണനിര്‍വഹണത്തിന്റെ മര്‍മ്മമായി ഇസ്‌ലാമിനെ പ്രതിഷ്ഠിക്കാനുള്ള സ്വപ്‌നങ്ങളെല്ലാം ഔറംഗസേബ് ഉപേക്ഷിച്ചത്. 1966-ല്‍ രചിച്ച ‘Mughal Nobility Under Aurangzeb’ എന്ന തന്റെ പുസ്തകത്തില്‍, 1658-59 ല്‍ നടന്ന യുദ്ധത്തില്‍ ‘ഉദാരവാദിയായ’ ധാരാ ശുക്കോഹിന്റെ കൂടെയും, ‘മതസിദ്ധാന്തവാശിക്കാരനായ’ ഔറംഗസേബിന്റെ കൂടെയും അണിനിരന്ന വ്യത്യസ്ത വിഭാഗങ്ങളില്‍ പെട്ട പ്രമാണിമാരുടെ പേരുകള്‍ അത്തര്‍ അലി പട്ടികപെടുത്തിയിരുന്നു. ധാരയുടെ കൂടെ 24 ഹിന്ദു പ്രമാണിമാരാണ് ഉണ്ടായിരുന്നത്. ഔറംഗസേബിന്റെ അണിയില്‍ 21 പേരും. ഇവരില്‍ രജപുത്രവംശത്തില്‍ പെട്ട പ്രമുഖകരായ, അംബറില്‍ നിന്നുള്ള മിര്‍സാ രാജാ ജയ് സിങ് കച്ചവാഹയും, ജോധ്പൂരില്‍ നിന്നുള്ള രാജാ ജസ്‌വന്ത് സിംങ് റത്തോറും മരണം വരെ ഔറംഗസേബിന്റെ കൂടെ നിന്ന് പോരാടിയവരായിരുന്നു. ഇതില്‍ രാജാ ജസ്‌വന്ത് സിങാണ് ശിവാജിയെ പരാജയപ്പെടുത്തി ഔറംഗസേബിന്റെ സന്നിധിയില്‍ ഹാജറാക്കിയത്.

1562-ല്‍ അക്ബര്‍ ഹിന്ദുക്കളില്‍ നിന്നും ജിസ്‌യ ടാക്‌സ് പിരിക്കുന്നത് റദ്ദാക്കിയിരുന്നു. സിംഹാസനത്തിലേറി 21 വര്‍ഷം കഴിഞ്ഞതിന് ശേഷം 1679-ല്‍, ഔറംഗസേബ് ഹിന്ദുക്കള്‍ക്ക് മേല്‍ ജിസ്‌യ ടാക്‌സ് വീണ്ടും ചുമത്തി. ജസ്‌വന്ത് സിംങിന്റെ മരണത്തിന് ശേഷം, റാത്തോറുകളുമായി പ്രശ്‌നങ്ങള്‍ ഉടലെടുത്തതിനെ തുടര്‍ന്നാണ് ഔറംഗസേബ് ഇത് ചെയ്തത്.

മഥുരയിലെയും കാശിയിലെയും ഓരോ ക്ഷേത്രങ്ങള്‍ ഉള്‍പ്പെടെ 15-ഓളം ക്ഷേത്രങ്ങള്‍ തകര്‍ത്ത് അവിടങ്ങളില്‍ ഔറംഗസേബ് മസ്ജിദുകള്‍ പണിതിരുന്നു. എന്നാല്‍ വൈരുദ്ധ്യമെന്ന് പറയട്ടെ, അതേസമയം തന്നെ, ക്ഷേത്രങ്ങള്‍ നിര്‍മിക്കാനും, മഠങ്ങള്‍ സ്ഥാപിക്കാനുമായി ഔറംഗസേബ് ഭൂമിയും, സമ്പത്തും, ഗ്രാന്റുകളും ധാരാളമായി നല്‍കി. കാശിയിലും ഔറംഗസേബ് ക്ഷേത്രം നിര്‍മിച്ചിരുന്നു. ഈ ചരിത്രങ്ങളെല്ലാം വളരെ വ്യക്തമായി രേഖപ്പെടുത്തപ്പെട്ടതാണ്.

ഇതേ വൈരുദ്ധ്യം തന്നെയാണ്, 20-ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഇന്ത്യയില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു നേതാവിനെ, രാജീവ് ഗാന്ധിയെ, ഒരു രാഷ്ട്രീയ മുതല്‍കൂട്ടെന്ന നിലയില്‍ മതപിന്തുണ ഇളക്കിവിടുന്നതിലേക്ക് നയിച്ചത്. അയോധ്യയിലെ തര്‍ക്ക ഭൂമിയിലേക്കുള്ള പ്രവേശനകവാടം അദ്ദേഹമാണ് തുറന്ന് കൊടുത്തത്. അതുപോലെ, ശാബാനു കേസില്‍ സുപ്രീംകോടതി വിധി അട്ടിമറിക്കാനുള്ള മുസ്‌ലിം പുരോഹിതവൃന്ദത്തിന്റെ അന്യായമായ ആവശ്യത്തിന് മുന്നില്‍ രാജീവ് ഗാന്ധി വഴങ്ങി കൊടുത്തു. ഇതിലൂടെ രണ്ട് കൂട്ടരെയും തൃപ്തിപ്പെടുത്താനും സന്തോഷിപ്പിക്കാനും കഴിയുമെന്നാണ് രാജീവ് ഗാന്ധി കരുതിയത്; യഥാര്‍ത്ഥത്തില്‍ അദ്ദേഹം അക്കാര്യത്തില്‍ ഔറംഗസേബിനെ പോലെ പരാജയപ്പെടുകയാണുണ്ടായത്. തന്റെ ഭരണകാലഘട്ടത്തിന്റെ അവസാന പകുതി ഏതാണ്ട് മുഴുവന്‍ സമയവും, ഹിന്ദുക്കളില്‍ നിന്നും മുസ്‌ലിംകളില്‍ നിന്നുമുള്ള വിഭാഗങ്ങള്‍ക്കെതിരെ പോരാടുന്നതിനായി ഔറംഗസേബിന് മാറ്റിവെക്കേണ്ടി വന്നു.

ജെയിംസ് മില്ലാണ് ‘ഹിന്ദു’ കാലഘട്ടത്തിലേയും, ‘മുസ്‌ലിം’ കാലഘട്ടത്തിലേയും ഭരണാധികാരികളെ അവരുടെ മതബന്ധത്തെ അടിസ്ഥാനമാക്കി കൈകാര്യം ചെയ്യാന്‍ നമ്മെ പഠിപ്പിച്ചത്. അക്ബറേയും, ഔറംഗസേബിനെയും (എല്ലാവരേയും) കേവലം ‘നല്ല’ മുസ്‌ലിമും, ‘ചീത്ത’ മുസ്‌ലിമുമായാണ് നാം കാണുന്നത്. ഇതിലൂടെ നേരത്തെ സൂചിപ്പിച്ച കോളോണിയല്‍ അധ്യാപനം വ്യാപകമായി പ്രചരിപ്പിക്കാന്‍ നാം കൂട്ടുനില്‍ക്കുന്നു. തീര്‍ച്ചയായും, എല്ലാ ഹിന്ദു ഭരണാധികാരികളും നമ്മെ സംബന്ധിച്ചിടത്തോളം ‘നല്ലവര്‍’ മാത്രമാണ്. അവരെ കുറിച്ച് ഒരു ചോദ്യം പോലും നാം ചോദിക്കില്ല.

കോളോണിയല്‍ കാഴ്ച്ചപാടിലൂടെ വിലയിരുത്തപ്പെടുകയും, ‘ചീത്ത’ ഔറംഗസേബിനെ ഇകഴ്ത്താന്‍ ‘നല്ല’ മുസ്‌ലിമായ തന്റെ പേര് റോഡിന് നല്‍കുകയും ചെയ്യുന്നതിലൂടെ കലാമിന് താന്‍ ആദരിക്കപ്പെട്ടതായി തോന്നുമോ എന്ന് ആരും സംശയിച്ചേക്കാം. കരസ്ഥമാക്കിയ എണ്ണമറ്റ നേട്ടങ്ങളുടെ പേരിലല്ല താന്‍ ആദരിക്കപ്പെടുന്നതെന്ന് ജീവിച്ചിരിപ്പുണ്ടെങ്കില്‍ കലാമിന് തോന്നുമെന്ന കാര്യത്തില്‍ സംശയമില്ല.

(ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചില്‍, നാഷണല്‍ ഫെല്ലോയാണ് ലേഖകന്‍)

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles