Current Date

Search
Close this search box.
Search
Close this search box.

ഗോമാതാവിനെ സംരക്ഷിക്കാന്‍ ആര്‍.എസ്.എസ് മുന്നോട്ടു വരട്ടെ

cow8m.jpg

രാജ്യത്തുടനീളമുള്ള കര്‍ഷകര്‍ ഉല്‍പാദനക്ഷമമല്ലാത്ത പശുക്കളെ (പാല്‍ തരാത്ത) ഒഴിവാക്കിക്കൊണ്ടിരിക്കുകയാണ്. ‘ഗോമാതാവിന്റെ വിശുദ്ധി’യെക്കുറിച്ച ആര്‍.എസ്.എസ്-ബിജെപി നേതാക്കന്‍മാരുടെ പ്രചാരണത്തിനേറ്റ കനത്ത തിരിച്ചടിയാണിത്. ഗോവധത്തിന്റെ പേരില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദലിതര്‍ക്കും മുസ്‌ലിംകള്‍ക്കുമെതിരെ നിരവധി ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ ഹൈന്ദവരായ കര്‍ഷകര്‍ക്കാണ് അതിന്റെ വില കൊടുക്കേണ്ടി വരുന്നത്. മധ്യപ്രദേശില്‍ നിന്ന് ഇറങ്ങുന്ന ഒരു ഇംഗ്ലീഷ് പത്രത്തില്‍ പറയുന്നത് ഗോവധത്തിന്റെ പേരില്‍ നടന്ന ആക്രമണങ്ങള്‍ യാതൊരു ഫലവും ഉണ്ടാക്കിയിട്ടില്ല എന്നാണ്. മധ്യപ്രദേശ് സര്‍ക്കാറിന്റെ കീഴില്‍ രൂപംകൊണ്ട കമ്മറ്റി പറയുന്നത് കാലികളെ ഉപേക്ഷിക്കുന്ന കര്‍ഷകര്‍ക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കണമന്നാണ്.

‘മധ്യപ്രദേശ് സര്‍ക്കാരിന്റെ ഗോവധവിരുദ്ധ നിയമമായ ഗോവംശ് വധ് പ്രതിഷേധ് അധിനിയം (Gauvansh Vadh Pratishedh Adhiniyam) ഗോവധം നടപ്പിലാക്കുന്നവരെയും നിയമവിരുദ്ധമായി പശുക്കളെ കടത്തിക്കൊണ്ടുപോകുന്നവരെയും ശിക്ഷാനടപടികള്‍ക്ക് വിധേയമാക്കുന്നുണ്ടെങ്കിലും തെരുവുകളില്‍ തങ്ങളുടെ കാലികളെ ഉപേക്ഷിക്കുന്ന കര്‍ഷകര്‍ക്കെതിരെ ഒരു നിയമനടപടിയുമില്ല.

‘രാജ്യത്തുള്ള കാലികളില്‍ 10.27 ശതമാനവും മധ്യപ്രദേശിലാണുള്ളത്. അവിടെയാണ് കഴിഞ്ഞ കുറേ മാസങ്ങളായി തെരുവില്‍ അലഞ്ഞുനടക്കുന്ന കാലികള്‍ അധികരിച്ചിട്ടുള്ളത്. മധ്യപ്രദേശില്‍ 1.96 കോടിയോളം കാലികളുണ്ട്. അതേസമയം അലഞ്ഞുതിരിയുന്ന കാലികളുടെ എണ്ണം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

‘കാലികളെ ഉപേക്ഷിക്കുന്നവരെ ശിക്ഷിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. റോഡപകടങ്ങളില്‍ പെട്ടാണ് കാലികള്‍ കൊല്ലപ്പെടുന്നതെങ്കിലും അവയുടെ ഉടമസ്ഥര്‍ ശിക്ഷാര്‍ഹരാണ്.’ മധ്യപ്രദേശിലെ ഗോസംരക്ഷണ ബോര്‍ഡിന്റെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനും കമ്മറ്റി അംഗവുമായ സ്വാമി അഖിലേഷ് വറാനന്ദ് (Swami Akhilesh waranand) സണ്‍ഡേ എക്‌സ്പ്രസിനോട് പറഞ്ഞതാണിത്. അടുത്ത വര്‍ഷമാവുമ്പോഴേക്കും നഗരത്തിലെ തെരുവുകളില്‍ നിന്ന് കാലികളെ നീക്കം ചെയ്യുമെന്നും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി.

ഇങ്ങനെ ഉപേക്ഷിക്കപ്പെടുന്ന കാലികളെ കര്‍ഷക ഇന്ത്യയില്‍ ഉടനീളം നമുക്ക് കാണാന്‍ സാധിക്കും. കര്‍ഷകര്‍ ഉറങ്ങാതെ തങ്ങളുടെ വിളകള്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് വന്യമൃഗങ്ങളില്‍ നിന്നോ കവര്‍ച്ചക്കാരില്‍ നിന്നോ അല്ല. മറിച്ച് അലഞ്ഞുതിരിയുന്ന കാലികളില്‍ നിന്നാണ്. പ്ലാസ്റ്റിക്ക് ഭക്ഷിച്ചുകൊണ്ടും റോഡപകടങ്ങളില്‍ പെട്ടുമാണ് അവ ചത്തുവീഴുന്നത്.

മനുഷ്യര്‍ തന്നെയാണ് ഈ ദുരന്തത്തിന്റെ കാരണക്കാര്‍. അതിന്റെ ക്രെഡിറ്റ് ആര്‍.എസ്.എസ്-ബി.ജെ.പി ഭരണാധികാരികള്‍ക്കവകാശപ്പെട്ടതാണ്. ഇന്ത്യന്‍ സമൂഹത്തിനിടയില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാന്‍ ഗോമാതാവിന്റെ പരിശുദ്ധി എന്ന ആശയത്തെ പ്രചരിപ്പിക്കുകയാണ് അവര്‍ ചെയ്തത്. എന്നാല്‍ വേദകാലഘട്ടത്തിലെ ചരിത്രം ഇതിനു വിരുദ്ധമാണ് എന്നതാണ് വസ്തുത.

1900 ഫെബ്രുവരി 2ന് അമേരിക്കയില്‍ നടന്ന ഒരു മീറ്റിംഗില്‍ വെച്ച് ഹിന്ദുത്വത്തിന്റെ തത്വചിന്തകനായി ആര്‍.എസ്.എസ് പരിചയപ്പെടുത്തുന്ന സ്വാമി വിവേകാനന്ദ ഇങ്ങനെ പറയുകയുണ്ടായി: ‘പൗരാണിക ആചാരപ്രകാരം ബീഫ് കഴിക്കാത്തവന്‍ നല്ല ഹിന്ദുവല്ല എന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ അത്ഭുതപ്പെട്ടേക്കാം. ചില സന്ദര്‍ഭങ്ങളില്‍ അവന്‍ ഒരു കാളയെ അറുത്ത് ഭക്ഷിക്കേണ്ടതുണ്ടായിരുന്നു.’

വിവേകാന്ദന്‍ സ്ഥാപിച്ച രാമകൃഷ്ണ മിഷന്റെ കീഴിലുള്ള ഗവേഷണ ഗ്രന്ഥങ്ങളിലും ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. വേദകാലഘട്ടത്തെക്കുറിച്ച ചരിത്രത്തിലും സംസ്‌കാരത്തിലും അഗ്രഗണ്യനായ കുഞ്ഞന്‍ രാജ (Kunhan raja) എഴുതുന്നു: ‘ബ്രാഹ്മണരടക്കമുള്ള വേദകാലഘട്ടത്തിലെ ആര്യന്‍മാര്‍ മത്സ്യവും ഇറച്ചിയുമെല്ലാം കഴിക്കാറുണ്ടായിരുന്നു. അക്കാലത്ത് അതിഥികള്‍ക്കെല്ലാം ബീഫാണ് വിളമ്പിയിരുന്നത്. ആര്യന്‍മാര്‍ ബീഫ് കഴിച്ചിരുന്നെങ്കിലും കറവപ്പശുക്കളെ അവര്‍ കൊന്നിരുന്നില്ല. പശുവിനെ വിശേഷിപ്പിച്ചിരുന്ന പദങ്ങളിലൊന്ന് അഗ്ന്യ (Aghnya – വധിക്കാന്‍ പാടില്ലാത്തത്) എന്നായിരുന്നു. എന്നാല്‍ അതിഥിയെ വിശേഷിപ്പിച്ചിരുന്ന പദം ഗോഗ്ന (Goghna) (ആര്‍ക്കു വേണ്ടിയാണോ പശുവിനെ കൊല്ലുന്നത് അവന്‍) എന്നാണ്. കാളകളെയും വന്ധ്യത ബാധിച്ച പശുക്കളെയും കാളക്കുട്ടികളെയുമാണ് അന്ന് വധിച്ചിരുന്നത്.

അതേസമയം, വന്ധ്യത ബാധിച്ച പശുക്കളെ ഉപേക്ഷിക്കുന്ന കര്‍ഷകരെ ശിക്ഷിക്കുന്നത് അവരുടെ മുറിവുകളില്‍ ഉപ്പു പുരട്ടുന്നതിന് തുല്യമാണ്. പാവപ്പെട്ട കര്‍ഷകര്‍ക്കൊരിക്കലും ‘ഗോമാതാവ്’ ഒരു ശാപമായി മാറരുത്. പശുക്കളെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് എന്‍.സി.പി നേതാവായ ശരദ് പവാര്‍ നല്ലൊരു നിര്‍ദേശം മുന്നോട്ടുവെക്കുന്നുണ്ട്. ഉപേക്ഷിക്കപ്പെട്ട പശുക്കളെ ആര്‍.എസ്. എസ് ഓഫീസുകള്‍ സ്ഥിതി ചെയ്യുന്നിടങ്ങളിലേക്ക് കൊണ്ടുപോകാനാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. ഇനി ഈ സ്ഥലങ്ങളൊന്നും കാലികള്‍ക്ക് മതിയാവാതെ വരികയാണെങ്കില്‍ ലക്ഷക്കണക്കിന് വരുന്ന തങ്ങളുടെ അംഗങ്ങള്‍ക്കിടയില്‍ പശുവിനെ വീതിച്ച് കൊടുക്കാനാണ് അദ്ദേഹം പറയുന്നത്. ഗോമാതാവിനെ സംരക്ഷിക്കാന്‍ ആര്‍.എസ്.എസ് മുന്നോട്ടു വരേണ്ട സമയമാണിത്.

കാലികളെ സംരക്ഷിക്കാന്‍ ആര്‍.എസ്.എസിന്റെ മുമ്പില്‍ നല്ലൊരു അവസരമാണ് ഇപ്പോഴുള്ളത്. തങ്ങളുടെ പ്രവര്‍ത്തകരോട് ഒരു പശുവിനെ വീതം ഏറ്റെടുക്കാന്‍ അവര്‍ ആവശ്യപ്പെടേണ്ടതുണ്ട്. അവരതിന് തയ്യാറായില്ലെങ്കില്‍ കാലികള്‍ പട്ടിണി ബാധിച്ചും റോഡപകടങ്ങളില്‍ പെട്ടും കൊല്ലപ്പെടുകയാണുണ്ടാകുക. ആര്‍.എസ്.എസ് ഒരിക്കലും അതനുവദിക്കാന്‍ പാടില്ല. ഗോവയെപ്പോലുള്ള (അവിടെ ബീഫ് ലഭ്യമാണ്) സംസ്ഥാനങ്ങളില്‍ ഭരണം നടത്തുന്ന തങ്ങളുടെ പ്രവര്‍ത്തകരോട് ഉപേക്ഷിക്കപ്പെട്ട ഈ കാലികളെ വാങ്ങാന്‍ ആവശ്യപ്പെടേണ്ടതുണ്ട്. അതിലൂടെ മാത്രമേ അവയുടെ സംരക്ഷണം സാധ്യമാവുകയുള്ളൂ.

വിവ: സഅദ് സല്‍മി

Related Articles