Current Date

Search
Close this search box.
Search
Close this search box.

കൊടുംതണുപ്പില്‍ ഭവനരഹിതരെ ചേര്‍ത്തുപിടിച്ച് ബ്രിട്ടീഷ് മസ്ജിദുകള്‍

uk-mosque.jpg

താപനില പൂജ്യം ഡിഗ്രിയിലും താഴ്ന്നതിനെ തുടര്‍ന്ന് ദുരിതത്തിലായ തെരുവോര ജീവിതങ്ങള്‍ക്ക് മുന്നില്‍ വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുകയാണ് ബ്രിട്ടനിലെയും അയര്‍ലണ്ടിലെയും മസ്ജിദുകള്‍. തെക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ട്, തെക്കന്‍ വെയില്‍സ് എന്നിവിടങ്ങളില്‍ കനത്ത ജാഗ്രതാനിര്‍ദ്ദേശം നല്‍കപ്പെട്ട സാഹചര്യത്തിലാണ് കാരുണ്യഹസ്തവുമായി പള്ളി ഭാരവാഹികള്‍ മുന്നോട്ട് വന്നത്. ‘താപനില വളരെയധികം താഴ്ന്നിരിക്കുകയാണ്. എന്താണ് നമ്മളൊന്നും ചെയ്യാത്തത് എന്ന് ഞാന്‍ ആലോചിച്ചു’ മാഞ്ചസ്റ്ററിലെ മക്കി മസ്ജിദ് ഭാരവാഹി റബ്‌നവാസ് അക്ബര്‍ പറഞ്ഞു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒരു കൂട്ടം സന്നദ്ധപ്രവര്‍ത്തകര്‍ മാഞ്ചസ്റ്ററിലെ തെരുവില്‍ ജീവിക്കുന്ന ഭവനരഹിതര്‍ക്ക് വേണ്ടി ഭക്ഷണവും താമസസൗകര്യവും ഒരുക്കി പ്രാര്‍ത്ഥനാകേന്ദ്രങ്ങള്‍ക്ക് മുന്നില്‍ സജ്ജരായി നില്‍ക്കുകയാണ്. മാഞ്ചസ്റ്ററില്‍ തെരുവില്‍ ജീവിക്കുന്ന ഭവനരഹിതരുടെ എണ്ണം പെരുകുകയാണെന്ന് അക്ബര്‍ സാക്ഷ്യപ്പെടുത്തുന്നു.

‘കഴിഞ്ഞ എട്ടുവര്‍ഷത്തെ സര്‍ക്കാറിന്റെ ചെലവുചുരുക്കല്‍ നടപടികളുടെ ഫലമായി ജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ ലഭിക്കാതായി. തെരുവില്‍ ജീവിക്കുന്ന ജനങ്ങളെ ഇത് സാരമായി ബാധിച്ചു. തലക്ക് മുകളില്‍ ഒരു മേല്‍ക്കൂരയുണ്ടാവുക എന്നത് മാത്രമല്ല ഇതിനുള്ള പരിഹാരം. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ദുരിതമനുഭവിക്കുന്നവര്‍ ഇവരിലുണ്ട്. ഗാര്‍ഹിക പീഢനത്തിന്റെ ഇരകളും, ലഹരിക്കടിമപ്പെട്ടവരും, പൊതുഫണ്ടുകള്‍ ലഭിക്കാന്‍ മതിയായ രേഖകളില്ലാത്ത കുടിയേറ്റക്കാരുമാണ് അവര്‍.’

പള്ളിയില്‍ അന്തിയുറങ്ങിയ നാലാളുകളില്‍ ഒരാളായിരുന്നു ജാമി. ‘ഞാനൊരു ലഹരി അടിമയാണ്. ജീവിതത്തില്‍ ഇതുവരെ ഞാന്‍ ഒരു പള്ളിയില്‍ കയറിയിട്ടില്ല. കുറച്ച് ഹെറോയിന്‍ എങ്ങനെയെങ്കിലും ഒപ്പിച്ച് രാത്രി കഴിച്ചുകൂട്ടാനുള്ള ചിന്തയിലായിരുന്നു ഞാന്‍. അപ്പോഴാണ് ഒരാള്‍ വന്ന് രാത്രി പള്ളിയില്‍ കിടന്നുറങ്ങുന്നോ എന്ന് ചോദിച്ചത്.’ ജാമി പറഞ്ഞു.

‘വളരെ സന്തോഷപൂര്‍വ്വമാണ് അവര്‍ എന്നെ സ്വീകരിച്ചത്. സര്‍ക്കാര്‍ അധികൃതര്‍ക്ക് ഒരിക്കലും നല്‍കാന്‍ സാധിക്കാത്ത ഭക്ഷണവിഭവങ്ങളാണ് അവര്‍ എനിക്കായി ഒരുക്കിവെച്ചിരുന്നത്.’

പത്രങ്ങളില്‍ മസ്ജിദുകളെ കുറിച്ച് തെറ്റായ രീതിയിലുള്ള കാര്യങ്ങളാണ് എപ്പോഴും വായിച്ചിരുന്നതെന്ന് ജാമി പറഞ്ഞു.

‘മസ്ജിദുകളെ കുറിച്ച് നിങ്ങള്‍ എല്ലായ്‌പ്പോഴും തെറ്റായ വിവരങ്ങളാണ് ലഭിക്കുക. എല്ലാവരും അതുപോലെയല്ല. എന്നോടവര്‍ മതത്തെ കുറിച്ച് ഒരുവാക്കുപോലും പറഞ്ഞിട്ടില്ല. ആകെ ചോദിച്ചത് ‘വിശക്കുന്നുണ്ടോ? കുഴപ്പമൊന്നുമില്ലല്ലോ?’ എന്നാണ്.’

ലീഡ്‌സ് ഗ്രാന്‍ഡ് മസ്ജിദ്, ഓള്‍ഡ്ഹാം മസ്ജിദ്, ഫിന്‍സ്ബറി പാര്‍ക്ക് മസ്ജിദ്, കാന്റര്‍ബറി മസ്ജിദ്, അയര്‍ലാണ്ടിലെ ഇസ്‌ലാമിക് കള്‍ച്ചറള്‍ സെന്ററിന്റെ ഭാഗമായ ഡബ്ലിന്‍ ക്ലോണ്‍സ്‌കേഗ് മസ്ജിദ് എന്നിവയും ഭവനരഹിതര്‍ക്ക് വേണ്ടി വാതില്‍ തുറന്നിട്ടുണ്ട്.

‘രാത്രി സേവനം ചെയ്യുന്ന ഒരു സെക്യൂരിറ്റി ടീം ഞങ്ങള്‍ക്കുണ്ട്. ബിള്‍ഡിംഗില്‍ ആവശ്യമായ ചൂട് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള മെയിന്റനന്‍സ് ടീമും സജ്ജരാണ്.’ അയര്‍ലാണ്ട് ഇസ്‌ലാമിക്  കള്‍ച്ചറല്‍ സെന്ററിലെ കമ്മ്യൂണിറ്റി വെല്‍ഫയര്‍ ഹെഡ് സുമയ്യ കെന്ന ഡബ്ലനിലെ 98 എഫ്.എമ്മിനോട് പറഞ്ഞു.

സര്‍ക്കാര്‍ കണക്കുപ്രകാരം, കഴിഞ്ഞ വര്‍ഷം ശൈത്യകാലത്ത് രാത്രി തെരുവില്‍ ഉറങ്ങേണ്ടി വന്ന ആളുകളുടെ എണ്ണം 5000-ത്തിലധികം വരും. 2010-ലെ കണക്കിനേക്കാള്‍ ഇരട്ടിയാണിത്. നിലവിലെ കണക്കുപ്രകാരം ഏകദേശം 8000-ത്തോളം മനുഷ്യര്‍ തെരുവിലാണ് ഉറങ്ങുന്നത്. ‘കാര്യമായ മാറ്റം സംഭവിച്ചില്ലെങ്കില്‍’ 2026-ഓടെ എണ്ണം 15000 ആയി ഉയരും.

മൊഴിമാറ്റം :  ഇര്‍ഷാദ് കാളാച്ചാല്‍
അവലംബം :  aljazeera

 

Related Articles