Current Date

Search
Close this search box.
Search
Close this search box.

കാശ്മീരി വിദ്യാര്‍ഥികള്‍ എന്‍.ഐ.ടിക്ക് അന്യരാണ്

nit-srinagar.jpg

കഴിഞ്ഞ വര്‍ഷം, ശ്രീനഗറിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (എന്‍.ഐ.ടി)-യില്‍ വെച്ച് നടന്ന തെച്ച്‌വാഗന്‍സ ആഘോഷത്തില്‍, പ്രസ്തുത പരിപാടിയിലെ മാധ്യമ പങ്കാളി എന്ന നിലയില്‍ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങാന്‍ ഈയുള്ളവനും സന്നിഹിതനായിരുന്നു. പുറംനാട്ടുകാരായ ഒരുപാട് വിദ്യാര്‍ത്ഥികളുമായി ഞാന്‍ സംസാരിച്ചിരുന്നു, അവരെല്ലാവരും തന്നെ പ്രദേശവാസികളുടെ ആതിഥ്യമര്യാദയെയും, പ്രദേശവാസികളായ വിദ്യാര്‍ത്ഥികള്‍ക്കും പുറംനാട്ടുകാരുമായ വിദ്യാര്‍ത്ഥികള്‍ക്കുമിടയിലുള്ള സൗഹൃദ്ബന്ധത്തെ കുറിച്ചും ഒരുപാട് വാഴ്ത്തുകയുണ്ടായി.

രാഷ്ട്രീയ കാര്യങ്ങള്‍ ആരും സംസാരിച്ചില്ലെന്ന് തന്നെ പറയാം. ഞാനുമായി ഇപ്പോഴും ബന്ധം കാത്തുസൂക്ഷിക്കുന്ന, ശ്രീനഗറിന് പുറത്ത് നിന്നുള്ള ഒരു വിദ്യാര്‍ത്ഥി മാത്രമാണ് കാശ്മീര്‍ വിഷയത്തെ സംബന്ധിച്ച തെറ്റിദ്ധാരണകള്‍ മാറ്റാന്‍ ഒരു കാമ്പയിന്‍ സംഘടിപ്പിക്കേണ്ടതിന്റെ അനിവാര്യതയെ കുറിച്ച് എന്നോട് സംസാരിച്ചത്.

20-20 ലോകകപ്പ് സെമിഫൈനലില്‍ വെസ്റ്റ്ഇന്‍ഡീസിനോട് തോറ്റ് പുറത്തായ ഇന്ത്യയുടെ തോല്‍വി ആഘോഷിച്ച കാശ്മീരി വിദ്യാര്‍ത്ഥികളുമായി പുറത്ത് നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടി. ഇന്ന്, പുറത്ത് നിന്നുള്ളവരുടെ ഉപരോധത്തില്‍ അകപ്പെട്ടത് പോലെയാണ് സ്ഥാപനത്തിന്റെ അവസ്ഥ. 2014-ലെ എല്ലാം തകര്‍ത്തെറിഞ്ഞ വെള്ളപ്പൊക്കത്തിന്റെ ദുരിതത്തില്‍ നിന്ന് പൂര്‍ണ്ണമായും മുക്തി നേടിയിട്ടില്ലാത്ത കാശ്മീര്‍ താഴ്‌വരയിലെ വിനോദസഞ്ചാരത്തെ ഇപ്പോഴത്തെ സംഭവം ഗുരുതരമായി ബാധിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

പ്രസ്തുത സംഭവം സ്ഥാപനത്തിലെ പ്രദേശവാസികളായ വിദ്യാര്‍ത്ഥികളുടെ സ്വഭാവത്തെ സംബന്ധിച്ച് സംശയങ്ങള്‍ ഉയര്‍ത്തുന്നതിനോടൊപ്പം തന്നെ, സംസ്ഥാനത്തെ ഭരണകക്ഷിയായ ബി.ജെ.പിയുടെ ഇരട്ടത്താപ്പും തുറന്ന് കാട്ടുന്നുണ്ട്. അതേസമയം, വിഘടനവാദ നേതാക്കളൊക്കെ തന്നെ, സമാധാനം പാലിക്കാനും, പരസ്പര സാഹോദര്യം പുനഃസ്ഥാപിക്കാനും ജനങ്ങളോട് ആഹ്വാനം ചെയ്തുകൊണ്ടിരിക്കുന്നുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ പ്രസ്തുത സംഭവത്തെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള തിടുക്കത്തിലാണെന്ന് തോന്നുന്നു. ജെ.എന്‍.യു-വിലെ പ്രതിഷേധങ്ങള്‍ ഒരു വന്‍ദേശീയ പ്രശ്‌നമാക്കി കേന്ദ്ര സര്‍ക്കാര്‍ മാറ്റിയത് എങ്ങനെയെന്നതിന് നാം സാക്ഷിയാവുകയുണ്ടായി. സന്ദര്‍ഭവശാല്‍, പാര്‍ലമെന്റ് ആക്രമണകേസില്‍ കുറ്റാരോപിതനായി വധശിക്ഷക്ക് വിധേയനാക്കപ്പെട്ട അഫ്‌സര്‍ ഗുരുവിന്റെ മരണ വാര്‍ഷികത്തിന്റെ തലേദിവസമായിരുന്നു ആ പ്രതിഷേധങ്ങള്‍ ആരംഭിച്ചത്.

സ്വാര്‍ത്ഥലാഭത്തിന് വേണ്ടി വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നവര്‍ക്കും, വര്‍ഗീയത ഒരു വില്‍പ്പനചരക്കായി കൊണ്ടു നടക്കുന്നവര്‍ക്കും അവരുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള കമ്പോളങ്ങളായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാറിയിരിക്കുന്നു എന്നതിലേക്കാണ് ജെ.എന്‍.യു-വിലെയും, എന്‍.ഐ.ടി-യിലെ സംഭവവികാസങ്ങള്‍ വളരെ വ്യക്തമായി വിരല്‍ചൂണ്ടുന്നത്.

കാശ്മീര്‍ താഴ്‌വരയിലെ സമാധാനാന്തരീക്ഷം തകര്‍ക്കണം എന്ന വാശിയുള്ള കാശ്മീര്‍-വിരുദ്ധ, ജനവിരുദ്ധ ക്ഷുദ്രശക്തികളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ആക്രമണത്തിന് വേണ്ട ഒത്താശകള്‍ നല്‍കുന്നതിലൂടെ, സംസ്ഥാനത്തിന് പുറത്ത് പഠിക്കുന്ന കാശ്മീരി വിദ്യാര്‍ത്ഥികളുടെ ജീവന്‍ കൂടിയാണ് അവര്‍ അപകടത്തിലാക്കുന്നത്.

എന്‍.ഐ.ടി സംഘര്‍ഷത്തെ കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണ കമ്മറ്റിക്ക് ഒരുപാട് വെല്ലുവിളികളെ നേരിടേണ്ടി വരും. അന്വേഷണ കമ്മറ്റി കണ്ടേത്തേണ്ട നിഗൂഡതകളില്‍ ഒന്ന് ഇതായിരിക്കും :  പുറത്തുനിന്നുള്ള തൊഴിലാളികള്‍ തുണ്ടംതുണ്ടമായി കീറിയ നിലയില്‍ കണ്ടെത്തിയ മൂവര്‍ണ്ണക്കൊടി ആരാണ് സ്ഥാപനത്തിന് അകത്തേക്ക് കൊണ്ടുവന്നത്? അതൊരു പച്ച കൊടിയായിരുന്നെങ്കില്‍, കഥ തികച്ചും വ്യത്യസ്തമായ ഒന്നാകുമായിരുന്നു.

പുറത്ത് നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഒരു പോലിസ് ഉദ്യോഗസ്ഥനെ ആക്രമിച്ച വാര്‍ത്ത ചിലപ്പോള്‍ കാശ്മീരില്‍ നിന്നും ആദ്യമായിട്ടായിരിക്കും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ലോക്കല്‍ പോലിസ് ചിത്രത്തിലേ ഉണ്ടായിരുന്നില്ല. സെന്‍ട്രല്‍ റിസര്‍വ് പോലിസ് ഫോഴ്‌സ് (സി.ആര്‍.പി.എഫ്) ന്റെ രണ്ട് കമ്പനികള്‍ അവിടെ നേരത്തെ തന്നെയുണ്ടായിരുന്നു. പിന്നീട് സഷസ്ത്ര സീമാ ബല്‍-ന്റെ മൂന്ന് കമ്പനി പട്ടാളം കൂടി വന്നു.

സുരക്ഷാ കാര്യങ്ങള്‍ മൊത്തത്തില്‍ പാരാമിലിറ്ററിക്ക് കൈമാറിയ ഇന്ത്യയിലെ ഏക കാമ്പസായിരിക്കും ചിലപ്പോള്‍ ശ്രീനഗര്‍ എന്‍.ഐ.ടി. പുറത്ത് നിന്നുള്ള വിദ്യാര്‍ത്ഥികളുടെ സാന്നിധ്യം ഒരുപാടുള്ള കാരണം കൊണ്ട് സംഘര്‍ഷം സ്ഥാപനത്തെ തീവ്രആശയക്കാരുടെ റഡാറിന് കീഴില്‍ കൊണ്ടുവന്നിട്ടുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പാരാമിലിറ്ററിയുടെ സാന്നിധ്യം സ്ഥിരാടിസ്ഥാനത്തില്‍ തുടര്‍ന്നേക്കാം.

സംസ്ഥാന അധികാരികളെ കാഴ്ച്ചക്കാരാക്കി നിര്‍ത്തി കൊണ്ട് സ്ഥാപനത്തിന്റെ അകത്തളത്തിലേക്ക് പാരാമിലിറ്ററി ഫോഴ്‌സുമായി ഇരച്ച് കയറിയ സര്‍ക്കാറിന്റെ നടപടി പുതിയ സംസ്ഥാന സര്‍ക്കാറിന്റെയും, കോളേജ് വിദ്യാര്‍ത്ഥികളുടെയും ഭാവിയെ സംബന്ധിച്ച് ചില ആശങ്കകള്‍ ഉയരാന്‍ കാരണമായി തീര്‍ന്നിട്ടുണ്ട്.

ഹുരിയ്യത്തിന്റെ തീപ്പൊരി നേതാവ് സയ്യിദ് അലി ഷാ ഗീലാനി, ന്യൂഡല്‍ഹിയില്‍ നിന്നും തിരിച്ചെത്തിയ ഉടനെ തന്നെ, വിദ്യാര്‍ത്ഥികളോട് പഠന കാര്യങ്ങളില്‍ ശ്രദ്ധചെലുത്താന്‍ വളരെ ശക്തമായ ഭാഷയില്‍ ആവശ്യപ്പെട്ടതോടൊപ്പം, ‘പുറത്ത് നിന്നുള്ള വിദ്യാര്‍ത്ഥികള്‍ നമ്മുടെ അതിഥികളാണെന്ന കാര്യം’ ഉണര്‍ത്തുകയും ചെയ്തു.

(മിതവാദ) ഹുരിയ്യത്ത് നേതാക്കളും എന്‍.ഐ.ടി വിദ്യാര്‍ത്ഥികളോട് പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനും, സൗഹാര്‍ദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും അന്തരീക്ഷം കാത്തുസൂക്ഷിക്കാനും, സ്ഥാപനത്തിന്റെ യശസ്സ് ഉയര്‍ത്തിപിടിക്കാനും, നിസ്സാരകാര്യങ്ങളെ ചൊല്ലിയുള്ള കലഹങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും ആഹ്വാനം ചെയ്യുകയുണ്ടായി.

വര്‍ഗീയ മനസ്സ് വെച്ച്  ആളുകള്‍ കാശ്മീരി വിദ്യാര്‍ത്ഥികളെ ലക്ഷ്യംവെക്കുന്നു എന്ന വസ്തുതയെയും, ചെറിയ വിഷയങ്ങളുടെ പേരില്‍ വിലപ്പെട്ട ജീവന്‍ നഷ്ടപ്പെടുന്ന തരത്തിലുള്ള ആക്രമണങ്ങള്‍ സംഘടിപ്പിക്കുന്നതിനെയും ഇന്ത്യന്‍ ഗവണ്‍മെന്റ് ഗൗരവത്തോടെ തന്നെ കാണേണ്ടതുണ്ട്.

ബീഫ് നിരോധം തൊട്ട് ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യത്തിന്റെ രാഷ്ട്രീയം വരെ, കാശ്മീരില്‍ വിവാദങ്ങള്‍ ചീഞ്ഞ് നാറികൊണ്ടിരിക്കുകയാണ്. സമരങ്ങളെല്ലാം നിരീക്ഷിക്കപ്പെട്ടിരുന്നു, ഞങ്ങള്‍ മര്‍ദ്ദിക്കപ്പെട്ടു, ഉദ്ദംപൂരിലെ റോഡുകളില്‍ വെച്ച് നമ്മുടെ സഹോദരങ്ങളെ നഷ്ടപ്പെട്ടു. ഇപ്പോള്‍ ഇതാ, സംസ്ഥാനത്തിന് പുറത്ത് നിന്നും വന്ന യുവാക്കള്‍ നമ്മുടെ മേല്‍ കുതിരകയറുന്നു.

ചോദ്യമിതാണ്, കേന്ദ്രസര്‍ക്കാറിന്റെ ഇത്തരം മേലാളന്‍കളിക്ക് എങ്ങനെയാണ് കാശ്മീര്‍ ഇരയായി മാറിയത്? ഉത്തരങ്ങള്‍ അനവധിയാണ്, പക്ഷെ ഞാന്‍ കരുതുന്നത്, ബി.ജെ.പിയും പി.ഡി.പിയും തമ്മിലുള്ള സഖ്യം ഇതിനെ വഷളാക്കും.

എന്‍.ഐ.ടി-യില്‍ നിലവില്‍ ഏകദേശം 3000 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നത്. കോളേജിലെ 50 ശതമാനം സീറ്റും ജമ്മുകാശ്മീരിന് പുറത്ത് നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് സംവരണം ചെയ്തിരിക്കുന്നത്. ബാക്കി 50 ശതമാനം സീറ്റ് മുസ്‌ലിം ഭൂരിപക്ഷ കാശ്മീര്‍ താഴ്‌വരയില്‍ നിന്ന് വരുന്ന വിദ്യാര്‍ത്ഥികള്‍ക്കും, ഹിന്ദു ഭൂരിപക്ഷ ജമ്മു-ലഡാക്കില്‍ നിന്ന് വരുന്ന വിദ്യാര്‍ത്ഥികള്‍ക്കുമായി മാറ്റി വെച്ചിരിക്കുകയാണ്.

ഇന്ത്യയിലെ ദേശീയതയുമായി ബന്ധപ്പെട്ട സംവാദത്തില്‍ ഏറ്റവും പുതിയ ശ്രദ്ധാകേന്ദ്രമായി എന്‍.ഐ.ടി മാറിയിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍, സ്ഥിതിഗതികള്‍ നിയന്ത്രണത്തില്‍ കൊണ്ടുവരേണ്ടതുണ്ട്, ലാത്തി കൊണ്ടോ, കുരുമുളക് ഗ്യാസ് കൊണ്ടോ അല്ല, വിദ്യാര്‍ത്ഥികള്‍ക്കും, മേലധികാരികള്‍ക്കുമിടയിലുള്ള രണ്ട് സംഘങ്ങള്‍ തമ്മിലുള്ള സംവാദത്തിലൂടെയും ചര്‍ച്ചയിലൂടെയുമാണ് അത് സാധ്യമാകേണ്ടത്. നിര്‍ഭാഗ്യവശാല്‍, കാശ്മീരിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് ഏര്‍പ്പെടുത്തിയ നിരോധനത്തിനെതിരെ മുന്നോട്ട് വരാന്‍ ആരും തയ്യാറായിട്ടില്ല. ഒരു കനയ്യ കുമാറിനെയോ അല്ലെങ്കില്‍ ഒരു ഉമര്‍ ഖാലിദിനെയോ ഇറക്കുമതി ചെയ്യാന്‍ സാധിച്ചിരുന്നെങ്കില്‍.

വിവ:  ഇര്‍ഷാദ് കാളാച്ചാല്‍

Related Articles