Current Date

Search
Close this search box.
Search
Close this search box.

കളം വാഴാന്‍ കളം മാറ്റിച്ചവിട്ടുന്ന ആര്‍.എസ്.എസ്

rss.jpg

ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തിന് ഉത്തര്‍പ്രദേശില്‍ നിന്നും ആദ്യഘട്ടത്തില്‍ ലഭിച്ചിരുന്ന വമ്പിച്ച പിന്തുണയില്‍ ഇപ്പോള്‍ വന്‍ ഇടിവ് വന്നിരിക്കുകയാണ്. കണക്കൂട്ടലുകള്‍ അനുസരിച്ച് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് അതൊരു ഭീഷണിയായി തീരും. ഇതാണ് യു.പിയില്‍ നടത്തിയ യോഗങ്ങളില്‍ നിന്നും ബി.ജെ.പിയുടെ മാതൃസംഘടനയായ ആര്‍.എസ്.എസ്സിന് മനസ്സിലാക്കാന്‍ സാധിച്ചത്.

നോട്ട് പിന്‍വലിക്കലിനോട് സംഘ്പരിവാര്‍ അംഗങ്ങളില്‍ നിന്ന് തന്നെ മുറുമുറുപ്പ് ഉയര്‍ന്ന് വരുന്ന സാഹചര്യത്തിലാണ് സംഘടനയുടെ പ്രാദേശിക തലങ്ങളിലേക്ക് കടന്ന് ചെന്ന് സ്ഥിതിഗതികള്‍ അന്വേഷിക്കാന്‍ ആര്‍.എസ്.എസ് തീരുമാനിക്കുന്നത്. നോട്ട് പിന്‍വലിക്കലിനുള്ള പിന്തുണ കുറയുന്നതിന്റെ സൂചനകള്‍ ബി.ജെ.പിയും വിശ്വഹിന്ദു പരിഷത്തും അടക്കമുള്ള സംഘ്പരിവാര്‍ സംഘങ്ങളുടെ നേതാക്കളെ വിളിച്ച് ചേര്‍ത്ത് ആര്‍.എസ്.എസ് ജോയന്റ് ജനറല്‍ സെക്രട്ടറിമാരായ ദത്തത്രേയ ഹൊസാബ്ലെയും കൃഷ്ണ ഗോപാലും നടത്തിയ ആദ്യ യോഗത്തില്‍ തന്നെ പുറത്ത് വന്നിരുന്നു. മോദിയുടെ ലോകസഭാ മണ്ഡലമായ വരാണസിയില്‍ വെച്ചാണ് പ്രസ്തുത യോഗം നടന്നത്.

‘ഗോരക്ഷാ പ്രാന്ത്, കാശി പ്രാന്ത് തുടങ്ങിയ സംഘ്പരിവാര്‍ സംഘങ്ങളുടെ നേതാക്കളും യോഗത്തില്‍ പങ്കെടുത്തിരുന്നു. നോട്ട് പിന്‍വലിക്കലിനെ സംബന്ധിച്ച പൊതുജനവികാരം അറിയാനും, വരാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ ആര്‍.എസ്.എസ്സിന്റെ വിവിധ ഘടകങ്ങളുടെ വോട്ട് ബി.ജെ.പിക്ക് ഉറപ്പുവരുത്തുകയുമായിരുന്നു യോഗത്തിന്റെ പ്രധാന ലക്ഷ്യം.’ യോഗത്തില്‍ പങ്കെടുത്ത ഒരു മുതിര്‍ന്ന ആര്‍.എസ്.എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

നോട്ട് പിന്‍വലിക്കലിന് എതിരെയുള്ള പൊതുജനവികാരം വളരെയധികം ശക്തിപ്രാപിച്ച് വരികയാണ് എന്നായിരുന്നു വരാണസിയിലെ യോഗത്തില്‍ പങ്കെടുത്ത ഭൂരിഭാഗം പരിവാര്‍ നേതാക്കളുടെയും അഭിപ്രായമെന്ന് ആര്‍.എസ്.എസ് വക്താവ് പറയുകയുണ്ടായി. ‘പൊതുജനങ്ങളുടെ ദുരിതങ്ങളെ എത്രയും പെട്ടെന്ന് അഭിസംബോധന ചെയ്തില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ ജനവികാരം ഇളകിമറിയുമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ ദത്തത്രേയജിയെയും കൃഷ്ണ ഗോപാല്‍ജിയെയും ബോധ്യപ്പെടുത്തിയിട്ടുണ്ട്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രാദേശിക ഭരണ സൗകര്യത്തിന് വേണ്ടി രാജ്യത്തെ വിവിധ പ്രാന്തുകളായാണ് ആര്‍.എസ്.എസ് വിഭജിച്ചിട്ടുള്ളത്. ഉദാഹരണത്തിന് ഉത്തര്‍പ്രദേശ് ആറ് പ്രാന്തുകളായി വിഭജിക്കപ്പെട്ടിട്ടുണ്ട്. ഗോരക്ഷാ പ്രാന്ത്, കാശി പ്രാന്ത്, ബ്രജ് പ്രാന്ത്, അവഥാ പ്രാന്ത്, കാന്‍പൂര്‍ പ്രാന്ത്, മീറത്ത് പ്രാന്ത് എന്നിവയാണ് അവ. ഇതേ പോലെയുള്ള യോഗങ്ങളില്‍ മറ്റു പ്രാന്തുകളിലും നടത്തുമെന്നാണ് ആര്‍.എസ്.എസ് വക്താവ് പറഞ്ഞത്.

അടുത്ത ദിവസങ്ങളില്‍ തന്നെ രാജ്യത്തുടനീളം യോഗങ്ങള്‍ സംഘടിപ്പിക്കാനാണ് ആര്‍.എസ്.എസ്സിന്റെ തീരുമാനം. പക്ഷെ അടുത്ത വര്‍ഷം ആദ്യത്തില്‍ തെരഞ്ഞെടുപ്പുകള്‍ നടക്കാന്‍ പോകുന്ന പഞ്ചാബ്, ഉത്തരാഗഡ്, ഗോവ, മണിപ്പൂര്‍, ഏറ്റവും പ്രധാനമായി ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലായിരിക്കും ആര്‍.എസ്.എസ് മുഖ്യമായും ശ്രദ്ധകേന്ദ്രീകരിക്കുക.

നോട്ട് അസാധുവാക്കല്‍ നടപ്പില്‍ വരുത്തിയതിന് ശേഷം ജനങ്ങളുടെ ദുരിതങ്ങളെയും ബുദ്ധിമുട്ടുകളെയും കുറിച്ച് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നുവെങ്കിലും, ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ തീരുമാനത്തിന് എല്ലാവിധ പിന്തുണയും നല്‍കിയ ആര്‍.എസ്.എസ് അനുബന്ധ സംഘടനകള്‍, ഇപ്പോള്‍ ആശങ്കാകുലരായിട്ടുണ്ട്.

ഉദാഹരണത്തിന്, ആര്‍.എസ്.എസ്സിന്റെ തൊഴിലാളി സംഘടനയായ ഭാരതീയ മസ്ദൂര്‍ സംഘിന്റെ പ്രസിഡന്റ് ബായ്ജ് നാഥ് റായ് ദി ടെലഗ്രാഫിനോട് പറഞ്ഞത്, ‘മോദി പ്രധാനമന്ത്രിയായതിന് ശേഷം സൃഷ്ടിക്കപ്പെട്ട തൊഴിലവസരങ്ങളേക്കാള്‍ എത്രയോ കൂടുതലാണ് തൊഴില്‍ നഷ്ടപ്പെട്ടവരുടെ എണ്ണം, കൂടാതെ നോട്ട് അസാധുവാക്കല്‍ സാഹചര്യം കൂടുതല്‍ വഷളാക്കുകയും ചെയ്തു.’ എന്നാണ്.

‘പുതിയ സര്‍ക്കാറിന്റെ കീഴില്‍, 135000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നത് ശരിയാണ്, പക്ഷെ 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു. ‘നോട്ട് അസാധുവാക്കല്‍ മൂലം അസംഘടിത മേഖലയില്‍ നിരവധി തൊഴില്‍ നഷ്ടങ്ങള്‍ ഉണ്ടായതിന്റെ റിപ്പോര്‍ട്ടുകള്‍ നമ്മുടെ പക്കലുണ്ട്. പക്ഷെ എത്രത്തോളം ആഴമേറിയതാണ് ഇതിന്റെ ആഘാതമെന്ന് സൂക്ഷമമായി ഇനിയും വിലയിരുത്തേണ്ടതുണ്ട്.’

നോട്ട് അസാധുവാക്കിയത് മുതല്‍ക്ക് മോദി സര്‍ക്കാര്‍ രായ്ക്കുരായ്മാനം പാടി കൊണ്ടിരിക്കുന്ന ‘കാഷ്‌ലസ്സ്’ സംഗതി ഇന്ത്യയില്‍ പ്രായോഗികമാവുന്ന ഒന്നല്ലെന്നാണ് ആര്‍.എസ്.എസിന്റെ സാമ്പത്തിക വിഭാഗമായ സ്വദേശി ജാഗരണ്‍ മഞ്ചിന്റെയും, കാര്‍ഷിക വിഭാഗമായ ഭാരതീയ കിസാന്‍ സംഘിന്റെയും വക്താക്കളെ ഉദ്ദരിച്ച് അതേ ലേഖനത്തില്‍ കാണാന്‍ സാധിക്കും.

കറന്‍സിയുടെ ദൗര്‍ലഭ്യം മൂലം തെരുവ് കച്ചവടക്കാരും, അഭയാര്‍ത്ഥി തൊഴിലാളികളും, ചെറുകിട വില്‍പ്പനക്കാരും അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ബി.ജെ.പി എം.പിമാരുടെ ഭയമേറ്റിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

പ്രാദേശിക തലത്തില്‍ നടത്തുന്ന യോഗങ്ങളിലൂടെ സ്വരൂപിക്കുന്ന അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ബി.ജെ.പി തന്ത്രങ്ങള്‍ മെനയുകയെന്ന് ആര്‍.എസ്.എസ് വക്താക്കള്‍ പറഞ്ഞു.

കടപ്പാട്: scroll.in
മൊഴിമാറ്റം: irshad shariathi

Related Articles