Current Date

Search
Close this search box.
Search
Close this search box.

കലാപാന്തരീക്ഷത്തെ സര്‍ഗോത്സവം കൊണ്ട് മറികടക്കാം

p-surendran.jpg

1921ലെ മാപ്പിള ലഹളയുടെ സിരാകേന്ദ്രമായ പാപ്പിനിപ്പാറയാണ് എന്റെ ജന്മദേശം. സ്വഭാവികമായും കലാപസമയത്ത് വലിയ തോതിലുള്ള വര്‍ഗീയ ധ്രുവീകരണത്തിന് കാരണമാകാവുന്ന സംഭവങ്ങള്‍ അവിടെയും നടന്നിട്ടുണ്ട്. മന്ത്രവും വൈദ്യവുമൊക്കെയായി കഴിഞ്ഞിരുന്ന എന്റെ മുത്തച്ഛന് മുസ്‌ലിംകളില്‍ നിന്ന് വെട്ടേറ്റ കഥ അമ്മയില്‍ നിന്ന് ഞാന്‍ കേട്ടിട്ടുണ്ട്. ആളുമാറി ഏറ്റ വെട്ടായിരുന്നു അത്. മുസ്‌ലിംകളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹത്തെ തിരിച്ചറിഞ്ഞ അവര്‍ തന്നെ അദ്ദേഹത്തിന് വൈദ്യസഹായം നല്‍കിയെങ്കിലും വെട്ടുതടുത്തപ്പോള്‍ അറ്റുപോയ മൂന്ന് വിരലുകള്‍ നിവര്‍ന്ന് തന്നെ നിന്നു. നിവര്‍ന്ന് നിന്നിരുന്ന ആ മൂന്ന് വിരലിനൊപ്പം ജീവിതകാലം മുഴവന്‍ തന്റെ മുസ്‌ലിം സഹോദരങ്ങള്‍ക്കൊപ്പം അദ്ദേഹം നിവര്‍ന്ന് തന്നെ നിന്നു. മുസ്‌ലിംവിരുദ്ധത വളര്‍ത്താന്‍ ആ സംഭവം ഉപയോഗിക്കാമായിരുന്നിട്ടും അങ്ങിനെ ഒന്ന് സംഭവിച്ചില്ല. ഞങ്ങളുടെ തറവാടിന്റെ കാര്യസ്ഥസ്ഥാനം വഹിച്ചിരുന്നതും ഒരു മുസല്‍മാനായിരുന്നു. കുട്ടിക്കാലത്ത് ഞങ്ങള്‍ക്ക് നാല് അമ്മാവന്മാര്‍ക്ക് പുറമെ അഞ്ചാമാതായി ഏലായി അലവി എന്ന് പറയുന്ന ഒരു അമ്മാവന്‍ കൂടിയുണ്ടായിരുന്നു.

തറവാട് ഭാഗം വെച്ചപ്പോ അവിവാഹിതയായ വലിയമ്മ മക്കളില്ലാത്തതിനാല്‍ സ്വത്തുക്കള്‍ വില്‍ക്കാന്‍ ചുമതലപ്പെടുത്തിയത് അഞ്ചാമത്തെ ആങ്ങളയായ അലവിയെയായിരുന്നു. മഞ്ചേരിയിലെ പാപ്പിനിപ്പാറ തറവാട്ടില്‍ പോവുമ്പോള്‍ അവിടെ തൊഴുത്തിലെ പശുക്കുട്ടിയെ കണ്ടിട്ട് അമ്മ തമാശക്ക് അലവിയാക്കാനോട് എനിക്ക് ഈ പശുക്കുട്ടിനെ വട്ടംകുളത്തേക്ക് കൊണ്ടുപോയാല്‍ കൊള്ളാമെന്നുണ്ട് എന്ന് പറഞ്ഞു. 90 കിലോമീറ്ററോളം അധികം വഴിദൂരമുള്ള സ്ഥലത്തേക്ക് അതിനെ എത്തിക്കല്‍ ദുഷ്‌കരമായിരുന്നു. ഒരു ദിവസം കാണുന്നത് പറങ്ങോടന്‍ എന്ന പണിക്കാരനൊപ്പം ഈ പശുക്കുട്ടിയെയും തെളിച്ച് വട്ടംകുളത്തെ വീട്ടിലേക്ക് ഈ മനുഷ്യന്‍ കേറിവരുന്നതാണ്.

എസ്.ഐ. ആയ അമ്മാവന് അലവിയുടെ ഈ സ്വത്ത് വില്‍പന അടക്കമുള്ള ഇടപാടുകള്‍ നടത്തുന്നത് ഇഷ്ടമില്ലാത്തതിനാല്‍ വിരട്ടുകയും പോലീസ് മുറ പ്രയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അപ്പോള്‍ അലവി തന്റെ പൂക്കോട്ടുര്‍ മാപ്പിള മുറ പുറത്തെടുക്കുമെന്നും എന്നെ ഏല്‍പ്പിച്ചത് ഞാന്‍ ചെയ്തിരിക്കുമെന്നും പറഞ്ഞു. പക്ഷെ അതവിടെ അവസാനിക്കുകയും പ്രശ്‌നങ്ങളൊന്നുമില്ലാതെ തന്നെ മുന്നോട്ട് പോവുകയും ചെയ്തു.

മലപ്പുറം ബോയ്‌സ് സ്‌കൂളില്‍ ശൈഖ് സാഹിബിനൊപ്പം അഞ്ചാം ക്ലാസില്‍ പഠിക്കുന്ന സന്ദര്‍ഭത്തില്‍ വെള്ളിയാഴ്ചകളില്‍ മുസ്‌ലിംകള്‍ പള്ളിയിലേക്ക് പോവും. അതിന് സമാന്തരമായി ഒരിക്കല്‍ അരികിഴായ ക്ഷേത്രത്തില്‍ ഒരു ശാഖ ഉച്ചക്ക് നടത്തിയിട്ട് കുറച്ച് ഹിന്ദുകുട്ടികളെയൊക്കെ അങ്ങോട്ട് കൊണ്ടു പോയി. ശാഖക്ക് പോയതറിഞ്ഞ് കുട്ടിമാമനില്‍ നിന്നും പിറ്റേന്ന് പുളിവാറലിട്ട് രണ്ട് പെടകിട്ടി. കുട്ടിമാമ ഉറച്ച ദൈവവിശ്വാസിയായിരുന്നു. അതേ കുട്ടി മാമ നെല്‍കുറി നടത്തി നെല്ല് വിതരണം ചെയ്യുന്ന സമയത്ത് പ്രാര്‍ഥനക്കായി കാവും പൂജയുമെല്ലാമുള്ള തറവാട് മുറ്റത്തേക്ക് തങ്ങളെ പ്രാര്‍ഥനക്ക് വിളിക്കുകയും ചെയ്തിരുന്നു. ഒരു പ്രദേശത്തിന്റെ സാമൂഹിക ജീവിതത്തെ നാം പഠിക്കണം. മിക്കവാറും പള്ളിയിലെ നകാരത്തിന്റെ മുട്ട് കേട്ടാണ് ഹിന്ദുക്കളും സമയം നിശ്ചയിച്ചിരുന്നത്. നോമ്പ് കാലം വന്നാല്‍ ഞങ്ങള്‍ നോമ്പ് എണ്ണും. ഇരുപത്തിയേഴാം രാവു വരാന്‍. എന്തിനാണെന്നോ മുസ്‌ലിം വീടുകളില്‍ നിന്ന് തേക്കിന്റെ ഇലയില്‍ കെട്ടിയ നെയ്യപ്പം കിട്ടാന്‍.

എന്നാല്‍ മഞ്ചേരിയില്‍ ഈയിടെ നടന്ന മാര്‍ച്ചും അതിനെ പ്രതിരോധിക്കാന്‍ ഉള്ള സാഹചര്യങ്ങളും വലിയ ആശങ്കയാണുണര്‍ത്തിയത്. ഒന്നും സംഭവിക്കരുതേ എന്ന് പ്രാര്‍ഥിച്ച നിമിഷം. പറഞ്ഞ് വരുന്നത് കാസര്‍ഗോഡ് മാത്രമല്ല കേരളത്തിലുടനീളം ഇത് പതുക്കെ പതുക്കെ പടരുകയാണ്. കഴിഞ്ഞദിവസം ഉണ്ടായ ഒരനുഭവം, മുസ്‌ലിംകളുമായി അത്രയേറെ ഇടപഴകി ജീവിച്ച ഞങ്ങളുടെയൊക്കെ തറവാട്ടില്‍ നിന്ന് ഒരു കല്യാണ നിശ്ചയത്തിന് പോയപ്പോ അവിടെയുള്ള മുഖ്യമായ സംസാരം മുസ്‌ലിം വിരോധമായി മാറി. ഇത്രയേറെ പാരമ്പര്യമുള്ള ഒരു പ്രദേശത്ത് ഒരു പ്രണയ വിവാഹം ഉണ്ടാക്കിയെടുക്കുന്ന ഒരു വിള്ളല്‍ ഒരു പ്രദേശത്ത്  ആഴത്തില്‍ രൂപപ്പെട്ട് വരുന്ന ഒരു ധ്രുവീകരണത്തിന്റെ  നിഴലിലേക്ക് എത്തുകയാണ്. ഈ അപരത്വം, ഇവന്‍ നമ്മെ എപ്പോ വേണമെങ്കിലും ചതിക്കാം എന്ന് അങ്ങോട്ടുമിങ്ങോട്ട് പറയുന്ന തലത്തിലേക്ക് കാര്യങ്ങള്‍ മാറി. ഇതിന്റെ അടിസ്ഥാനം വംശീയതയാണ്. സാധാരണ രീതിയിലുള്ള രാഷ്ട്രീയ സംഘട്ടനത്തില്‍ നിന്ന് വ്യത്യസ്ഥമായി ഈ വംശീയതയിലേക്ക് പോയാല്‍ ഈ വംശീയതയുടെ മുറിപ്പാടുകള്‍ ഉണങ്ങാന്‍ കാലം കുറിച്ചെടുക്കും.

ഇനി ഗുജറാത്തില്‍ ജനിക്കാനിരിക്കുന്ന ഓരോ കുട്ടിയും ഹിന്ദുക്കളോടുള്ള ഒടുങ്ങാത്ത പകയുമായിട്ടാവും ജീവിക്കുക. വാളില്‍ ചോര ഉണങ്ങുന്നതിന് മുമ്പ് നവഖാലിയില്‍ എത്തിയ മഹാത്മാഗാന്ധിയോട് ഒരാള്‍ ചോദിച്ചത് എന്റെ മകനെ മുസ്‌ലിംകള്‍ വെട്ടി കൊന്നു. ഞാനെന്ത് ചെയ്യണം. ഗാന്ധിജി പറഞ്ഞു. തീര്‍ച്ചയായും നീ പ്രതികാരം ചെയ്യണം. അതെങ്ങിനെ ചെയ്യണം. ഹിന്ദുക്കളാല്‍ ഉപ്പയും ഉമ്മയും നഷ്ടപ്പട്ട ഒരു കുഞ്ഞിനെ നീ ദത്തെടുത്തു വളര്‍ത്തി പ്രതികാരം ചെയ്യണം. അവനെ ഉത്തമനായ ഒരു മുസല്‍മാനായി വളര്‍ത്തിയുള്ള പ്രതികാരം. അപരനെ കുറിച്ച് പറയുന്നതിന് മുമ്പ് നമ്മിലുള്ള പ്രശ്‌നങ്ങളെ കുറിച്ചും ആലോചിക്കണം. നവഖാലിയിലെ ആ ഇരുണ്ട ദിനങ്ങള്‍ ജനങ്ങള്‍ മറന്നു പോയി. ഓര്‍ക്കരുത് പിന്നെ. ചരിത്രത്തില്‍ നിന്ന് അത് എന്നന്നേക്കുമായി മാറ്റിവെക്കുണം. തലമറകളിലേക്ക് നീണ്ടു നില്‍ക്കുന്ന ഒരു ജനിതകപകയാണ് വംശീയത. പക്ഷെ ചികില്‌സിക്കണം.

ഉണ്യാല്‍ കലാപ പ്രദേശത്ത് ഒരു പരിപാടിയില്‍ ഞാന്‍ പങ്കെടുത്തിരുന്നു. ആരെയും ന്യായീകരിക്കാനോ വിമര്‍ശിക്കാനോ അല്ല അവിടെ പോയത്. മാനവികമായ ചിലകാര്യങ്ങള്‍ ഉണര്‍ത്താനാണ്. ഒരു ചെറിയ വീട് വെക്കുമ്പോ മോഹിച്ചിട്ട് കണ്ണാടി കൊണ്ടൊരു ജാലകം ഉണ്ടാക്കിയിട്ടുണ്ടാവും. ഉണ്ടാക്കുന്നയാള്‍ അതിന് പിന്നില്‍ എത്രമാത്രം വേദനിച്ചിട്ടുണ്ടാവുമെന്നറിയോ? ഒരു കല്ലെടുത്ത്  കേവലമായൊരു വിദ്വേഷത്തിന്റെ പേരില്‍ ആ ചില്ലുജാലകത്തിലേക്ക് ഒരു കല്ലെടുത്തെറിയുന്നത് ഒരു മനുഷ്യന്റെ സഹനം ഓര്‍ക്കാന്‍ പറ്റണം. അപ്പോള്‍ താനെ കൈ പിന്‍വലിക്കും.

കലാപമുള്ള പ്രദേശങ്ങളില്‍ എല്ലാം അവസാനിക്കും. പിന്നെ അവിടെ ഒന്നും നടക്കില്ല. എന്നും ആശങ്കയിലൂടെ ജീവിക്കേണ്ടി വരും. കുറച്ച് കഴിഞ്ഞാല്‍ ഒരു തരം സൈക്കോസിസ് അഥവാ കുട്ടികളും സ്ത്രീകളും ഒരു തരം മാനസിക വിഭ്രമത്തിലേക്ക് വരും. പരസ്പരവിശ്വാസമില്ലാതാവും. ഒന്നും നമുക്ക് കൈമാറാനാവില്ല. ഒരു പ്രദേശത്തിന്റെ ഈ തരത്തിലുള്ള അപകടകരമായ വിദ്വേഷത്തിലേക്ക്  ഒരു ഭൂപ്രദേശം പോവുമ്പോള്‍ സ്ത്രീകള്‍ക്ക് ചെയ്യാവുന്ന ഏറ്റവും നല്ല മാര്‍ഗ്ഗം അടുക്കളകളെ തമ്മില്‍ ബന്ധിപ്പിക്കലാണ്. ഒരു സംശയവും വേണ്ട. അടുക്കളയില്‍ നിന്നാഹാരം അങ്ങോട്ടുമിങ്ങോട്ടും കൈമാറണം. ആ തരത്തിലേക്ക് കാര്യങ്ങള്‍ മാറണം. ശാന്തമായി ജീവിക്കുന്ന പ്രദേശം എന്നുവെച്ചാല്‍ അതിനര്‍ഥം അതിന് ആരോഗ്യകരമായ ഒരു രാത്രിജീവിതം ഉണ്ടാവണം. ഏതി പാതിരാക്കും സ്ത്രീകള്‍ക്കുപോലും ഇറങ്ങി നടക്കാന്‍ സാധിക്കണം. കച്ചവട കേന്ദ്രങ്ങള്‍ എത്ര സമയം വേണമെങ്കിലും തുറന്ന് വെക്കാന്‍ സാധിക്കണം. അതിന്റെ ലക്ഷണങ്ങള്‍ മുളയിലേ നുള്ളണം.

നാദാപുരത്തെ കലാപാനന്തരം എന്നോട് ചിലര്‍ അഭിപ്രായം ചോദിച്ചു. ഞാനവരോട് പറഞ്ഞത്. രണ്ടോ മൂന്നോ ദിവസം നീണ്ടു നില്‍ക്കുന്ന സംഗീതത്തിന്റെയും നൃത്തത്തിന്റെയും ചിത്രകലയുടെയുമൊക്കെ വലിയ മഹോല്‍സവം അവിടെ നടത്തുക. അവിടെയുണ്ടായ എല്ലാ അപ്രഖ്യാപിത വിലക്കുകളും മറികടന്ന് രാവും പകലും ഒന്നായിത്തീരുന്ന ഒരു മഹോത്സവം മാറ്റാം. കാസര്‍ഗോഡിന് എനിക്ക് നിര്‍ദ്ദേശിക്കാനുള്ളതും അത്തരത്തിലുള്ള ഒരു ചികിത്സയാണ്. പോലീസിനെയും മറികടന്ന് ഇങ്ങിനെയല്ല, ഞങ്ങള്‍ മറ്റൊരു കാലത്തേക്ക് കാലെടുത്തു വെക്കാന്‍ ആഗ്രഹിക്കുന്നു എന്ന് പ്രഖ്യാപിച്ചു കൊണ്ട് ഒരു വലിയൊരു സാംസാകരികമായ കൂട്ടായ്മ നടത്തണം.     

1921 ലെ മാപ്പിള ലഹളയുടെ പശ്ചാത്തലത്തിലാണ് സുന്ദരിമാരും സുന്ദരന്മാരും എന്ന് പറയുന്ന നോവല്‍ ഉറൂബെഴുതുന്നത്. ഉറൂബ് എന്ന് പറയുന്ന പേര് അറബ് പേരാണ്. അതിലാണ് ഇരുമ്പന്‍ ഗോവിന്ദന്‍ നായര്‍ പിന്നീട് മുസല്‍മാനാവുന്നത്. കലാപസമയത്ത് അദ്ദേഹം വിവാഹിതനായിരുന്നു. ഭാര്യയെ കൂടാതെ ഒരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നെങ്കിലും വിവാഹം കഴിക്കാനായില്ല. പക്ഷെ, അദ്ദേഹത്തിനതില്‍ ഒരു കുട്ടിയുണ്ട്. അതാണ് വിശ്വനാഥന്‍. ആ വിശ്വനാഥനെ പിന്നീട് ഒരു മാഷ് വളര്‍ത്തുകയാണ്. ഈ വിശ്വനാഥന്‍ എന്ന് പറയുന്ന കുട്ടിയുടെ അന്വേഷണങ്ങളാണ് നോവലില്‍ വരുന്നത്. ആകുലത കാരണം വിശ്വനാഥന്‍ ഇനി ജീവിക്കേണ്ടതില്ല എന്ന തോന്നലില്‍ എത്തുന്നു. ആത്മഹത്യ ചെയ്യാനായി കല്ലായി പുഴയിലേക്ക് ചാടുമ്പോഴാണ് ഈ മനുഷ്യന്‍ രക്ഷിക്കുന്നത്. പിന്നീടാണ് മനസ്സിലാകുന്നത് കലാപസമയത്ത് തനിക്കുണ്ടായ കുട്ടിയാണ് വിശ്വനാഥനെന്ന്. അത് വെളിപ്പെട്ട് കേട്ടപ്പോഴും ഒരിക്കല്‍ പോലും വിശ്വനാഥന് മുസല്‍മാനായി തീര്‍ന്നു എന്നത് കൊണ്ട് തന്റെ അച്ഛനോട് യാതൊരു തരത്തിലുള്ള സ്‌നേഹക്കുറവും ഉണ്ടായില്ല. വിശ്വനാഥനെ പുത്രനായിട്ട് തന്നെ കാണുകയും തന്റെ എല്ലാ ഉത്തരവാദിത്വങ്ങളും ഈ മകനെ ഏല്‍പ്പിച്ചു കൊടുക്കുകയും ചെയ്യുന്നു. തിക്താനുഭവങ്ങളുണ്ടായിട്ടു പോലും ഉറൂബ് എന്ന് പറയുന്ന പൊന്നാനിക്കാരനായ പി.സി. കുട്ടികൃഷണന്‍ പത്തരമാറ്റ് ചൈതന്യത്തോട് കൂടിയാണ് ഈ മുസ്‌ലിം കഥാപാത്രങ്ങളെ തന്റെ നോവലില്‍ സൃഷ്ടിച്ചത്. ഈ തരത്തിലുള്ള ഓരോ ചരിത്രസംഭവും വിദ്വേഷത്തിലേക്ക് വഴിമാറിയില്ല.

ഇസ്‌ലാമിലെ വന്മല എന്ന പേരില്‍ ഇടശ്ശേരി രചിച്ച കവിതയുടെ സന്ദേശവും ഇത്തരത്തിലുള്ളതാണ്. ”നീ എന്റെ സുഹൃത്താണെങ്കില്‍ നമ്മളൊന്നിച്ചു തന്നേ നടക്കാവൂ. ഈ രാജ്യത്തിന്റെ എല്ലാ കഷ്ട നഷ്ടങ്ങളും നമ്മളൊന്നിച്ചു തന്നെ പങ്കിടണം.” ഇന്ത്യയില്‍ കലാപം നടന്നിടത്തൊക്കെ പിന്നെ എന്താണ് സംഭവിച്ചതെന്ന് നോക്കുക. ഒന്നു നാമോര്‍ക്കുക. അവിടെയൊക്കെയും അതിലേര്‍പ്പെട്ടവര്‍ പിന്നീട് വേദനിച്ചിട്ടുണ്ടാവും. ഏതെങ്കിലും ഒരു വൈകാരിക നിമിഷത്തിലാണ് ആളുകള്‍ ഈകലാപത്തിലേക്ക് എടുത്തു ചാടുന്നത്. പലപ്പോഴും ഒരേ കഷ്ട നഷ്ടങ്ങളും ദുരിതങ്ങളും അനുഭവിക്കുന്നവരാണ് ഈ കലാപ ഭൂപ്രദേശത്തുള്ളവര്‍.

കലാപം കൊണ്ട് നേട്ടം കൊയ്യുവന്നവരുമുണ്ടാകാം. ഒന്നും രണ്ടും ലോകയുദ്ധങ്ങളില്‍ യുദ്ധമുഖത്തേക്ക് ഭക്ഷണ വസ്തുക്കള്‍ എത്തിച്ചാണ് ലോകത്തെ കോര്‍പ്പറേറ്റുകള്‍ രൂപപ്പെടുന്നത്. നമ്മള്‍ വിചാരിക്കും യുദ്ധം കൊണ്ട് ആര്‍ക്കാണ് ഗുണം? തീര്‍ച്ചയായും യുദ്ധം ഗുണകരമായിത്തീരുന്ന ഒരു വിഭാഗവും ലോകത്തുണ്ട്. വലിയ കോര്‍പ്പറേറ്റുകള്‍ രൂപപ്പെടുന്നത് യുദ്ധത്തെ ഒരു അസംസ്‌കൃത വസ്തുവായി ഉപയോഗിച്ചാണ്. കലാപങ്ങളില്‍ നിന്നൊക്കെ ലാഭം കൊയ്യുന്ന മാഫിയ സംഘങ്ങളുണ്ടാവും. അവരെ തുരത്തിക്കൊണ്ട് ഒരു വലിയ മാനവികമായ ലോകം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന ശ്രമങ്ങള്‍ക്ക് എല്ലാവിധത്തിലുള്ള പിന്തുണയും പ്രഖ്യാപിക്കുന്നു.
(സൗഹൃദ കാസര്‍ഗോഡിന് എന്ന തലക്കെട്ടില്‍ സംഘടിപ്പിക്കപ്പെട്ട ടേബിള്‍ടോക്ക് ഉദ്ഘാടനം ചെയ്ത് പി.സുരേന്ദ്രന്‍ നടത്തിയ പ്രഭാഷണം)

തയ്യാറാക്കിയത്: സുഹൈറലി തിരുവിഴാംകുന്ന്

Related Articles