Current Date

Search
Close this search box.
Search
Close this search box.

കലാകായിക വിനോദം ; വിധേയത്വമല്ല, വിവേകമാണ് വേണ്ടത്

fans.jpg

ഫുട്‌ബോള്‍ ജ്വരം മൂത്ത് അത് ഭ്രാന്തിന്റെയും ഉന്മാദത്തിന്റെയും തലത്തിലെത്തിയപ്പോള്‍ വെള്ളിയാഴ്ച്ച പള്ളിയിലെ പ്രസംഗ പീഠത്തില്‍ നിന്ന് പക്വമതിയായ ഒരു മതപണ്ഡിതന്‍ യുവാക്കളെ ഉപദേശിച്ചു. ‘കളിയും അതിനോടുള്ള ഇഷ്ടവുമാകാം, പക്ഷെ, അതൊരു ഭ്രാന്താകരുത്. എല്ലാറ്റിലുമൊരു മിതത്വം വേണം പ്രത്യേകിച്ച് വിനോദങ്ങളില്‍.’ ഇതാണ് ആ ഉപദേശത്തിന്റെ ചുരുക്കം. ദുഖകരമെന്ന് പറയട്ടെ വൈകുന്നേരം പള്ളിയുടെ മുന്നില്‍ ഒരു കൂറ്റന്‍ ഫ്ലക്സ് ബോര്‍ഡ് ‘ ഉസ്താദ് എന്തു പറഞ്ഞാലും കപ്പ് ബ്രസീലിന് തന്നെ.’

വിനോദങ്ങളോടും ആഘോഷങ്ങളോടുമുള്ള അതിരുവിട്ട അഭിനിവേശത്തിന്റെ ഒരുദാഹരണമാണ് മുകളിലത്തേത്. മനുഷ്യനിലെ സഹജമായ അഭിരുചികളെയും അഭിലാഷങ്ങളെയും പൂര്‍ണമായി അടിച്ചമര്‍ത്തുന്ന വരണ്ട ദര്‍ശനമല്ല ഇസ്‌ലാം. കലയും സര്‍ഗാത്മകവും കായികവുമായിട്ടുള്ള എല്ലാ ആവിഷ്‌കാരങ്ങളെയും തികഞ്ഞ പക്വതയോടെയും നിയന്ത്രിച്ചും സമീപിക്കാനാണ് ആവശ്യപ്പെടുന്നത്. ഏതൊരു വസ്തുവിനോടും ആവിഷ്‌കാരത്തോടുമുള്ള അന്ധമായ വിധേയത്വവും അടിമത്തവും പരമായ ജീവിതസത്യത്തില്‍ നിന്നുള്ള കടുത്ത വ്യതിചലനമായാണ് ഇസ്‌ലാം കാണുന്നത്. ഒന്നും വേണ്ട എന്നല്ല, അളവില്‍ കവിഞ്ഞ് വേണ്ട എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.

മരണ വീടിന് പോലും ഉത്സവഛായ പകരുന്ന ഇക്കാലത്ത് കച്ചവടവത്കരിക്കപ്പെടാത്തതായി ഒന്നുമില്ല. കലണ്ടറിലെ അക്കങ്ങളില്‍ ഇനി ആഘോഷത്തിനായി യാതൊന്നുമവശേഷിക്കുന്നുമില്ല. ഈ ആഘോഷങ്ങളൊന്നും വെറുതെ ഉണ്ടായതല്ല. മുതലാളിത്വത്തിന്റെയും വിപണിയുടെയും അനിവാര്യതകളാണ്. മുതലാളിത്വത്തിന് ആവശ്യം തികഞ്ഞ വിധേയത്വമുള്ള വിപണിയുടെയും വിനോദങ്ങളുടെയും അടിമകളെയാണ്. നിയന്ത്രണങ്ങള്‍ക്ക് പകരം അനിയന്ത്രിതമായ മാസ്ഹിസ്റ്റീരിയയാണ് അത് ലക്ഷ്യം വെക്കുന്നത്.

ലോക ഫുട്‌ബോള്‍ മാമാങ്കവും അതിന്റെ പേരിലുള്ള അതിരുവിട്ട ആഘോഷങ്ങളും ശുഭസൂചനയല്ല നല്‍കുന്നത്. മലപ്പുറം ജില്ലയില്‍ മാത്രം ഫ്ലക്‌സ് ബോര്‍ഡുകള്‍ അടിക്കാനും തൂക്കാനും 64 ലക്ഷത്തോളം രൂപയാണത്രെ ചിലവ്. കേരളം മൊത്തം കണക്കെടുത്താല്‍ അത് കോടികള്‍ കവിയും.

രാത്രി മുഴുവന്‍ കളി കണ്ട് പകല്‍ കിടന്നുറങ്ങി ജോലിക്ക് പോകാതെ കുടുംബങ്ങളെ കഷ്ടപ്പെടുത്തുന്നവര്‍ വേറെ. വാതുവെപ്പിലൂടെ വലിയ ചൂതാട്ടങ്ങള്‍ വഴി പെരുവഴിയിലാവുന്നവരുമുണ്ട്. സാമൂഹികവും രാഷ്ട്രീയപരവുമായ വിഷയങ്ങളില്‍ ഇവര്‍ക്ക് യാതൊരു താല്‍പര്യവുമില്ല. പകല്‍ മുഴുവന്‍ കവലകളില്‍ ഇഴകീറി പരിശോധിക്കുന്നത് കഴിഞ്ഞ കളിയുടെ നിമിഷങ്ങള്‍.

ഏതോ ഒരു രാജ്യത്തിന്റെ വക്താവായി മാറി അവരുടെ ജഴ്‌സിയും പതാകയും ഫ്ലക്‌സും നെഞ്ചിലേറ്റി, പരസ്പരം വെല്ലുവിളിച്ച് അവസാനം തന്റെ ഇഷ്ട ടീം തോല്‍ക്കുമ്പോള്‍ ഉണ്ടാകുന്ന മാനസികാഘാതം വേറെ. തീര്‍ത്തും അനാവശ്യമായ ‘സ്‌ട്രെസ്സ്’ ആണ് പല ചെറുപ്പക്കാരും ഇതിന്റെ പേരില്‍ ഏറ്റുവാങ്ങുന്നത്. വീരവാദങ്ങള്‍ പൊളിയുമ്പോഴുള്ള ജാള്യതയും വിഷാദവും വിടാതെ പിന്തുടരുന്ന ഒരുതരം മാനസികാവസ്ഥയായി ഇത് പരിണമിക്കുന്നു. കളിയുടെ സൗന്ദര്യത്തെയോ അതിലെ സര്‍ഗാത്മകതയെയോ പക്വമായി സമീപിക്കുന്നതിന് പകരം അന്ധമായ വിധേയത്വം പ്രഖ്യാപിക്കുന്നതാണ് ഇതിനെല്ലാം കാരണം. അവസാനം ശാന്തമായി ഇരുന്ന് ആലോചിക്കുമ്പോള്‍ ഇതൊക്കെ ആവശ്യമായിരുന്നോ, ഞാനെന്തൊക്കെയാണ് ഇതിന്റെ പേരില്‍ കാട്ടികൂട്ടിയതെന്ന അപകര്‍ഷതാ ബോധം വേറെയും.

മുതലാളിത്വം വെച്ച് നീട്ടുന്ന ഏത് ഉത്സവങ്ങളെയും തൊണ്ട തൊടാതെ വിഴുങ്ങുന്ന ഒരു തലമുറയാണ് വളര്‍ന്നു വരുന്നതെങ്കില്‍ ഭീകരമായ അരാഷ്ട്രീയ വത്കരണത്തിന്റെ തുടക്കമായിരിക്കുമത്. മറിച്ച് എല്ലാറ്റിനും പിറകിലെ രാഷ്ട്രീയത്തെ മനസ്സിലാക്കുകയും നിരൂപണ ബുദ്ധിയോടെ അവയെ സമീപിക്കുകയും ചെയ്യുമ്പോള്‍ നമ്മുടെ ധിഷണ കൂടുതല്‍ മിഴിവുറ്റതായി തീരുന്നു.

Related Articles