Current Date

Search
Close this search box.
Search
Close this search box.

ഒരു ഫലസ്തീനിയാവുന്നതിലെ ക്രൂരയാഥാര്‍ത്ഥ്യങ്ങള്‍

interpal.jpg

പതിമൂന്ന് വയസ്സുകാരിയായ സ്‌കൂള്‍കുട്ടിയായിരിക്കുമ്പോഴാണ് ഫലസ്തീനികള്‍ക്ക് നീതി ലഭിക്കാന്‍ വേണ്ടിയുള്ള പെറ്റീഷനില്‍ ഞാന്‍ ഒപ്പുവെക്കുന്നത്. പിന്നീട് അതെന്റെ ജീവിത ലക്ഷ്യമായി മാറി. തുടര്‍ന്നങ്ങോട്ട് ഫലസ്തീനികള്‍ക്കെതിരെ ഇസ്രായേല്‍ നടത്തിയ നെറികെട്ട അനീതികള്‍ക്കെതിരെ ലോകത്തെ ബോധ്യപ്പെടുത്തുന്ന ഒരുപാട് സംരഭങ്ങളില്‍ ഞാന്‍ പങ്കാളിയായി.

നിരപരാധികളായ ഫലസ്തീന്‍ ജനതയെ നശിപ്പിക്കാനും, തരംതാഴ്ത്താനും, ഭീകരവല്‍ക്കരിക്കാനും ഇസ്രായേല്‍ ഇനി ചെയ്യാത്തതായി ഒന്നും തന്നെയില്ല. അതിനാകട്ടെ ചില അയല്‍രാജ്യങ്ങളുടെയും, യൂറോപ്യന്‍ രാഷ്ട്രങ്ങളുടെയും അമേരിക്കയുടെയും പൂര്‍ണ്ണപിന്തുണയും സഹായവും ഇസ്രയേലിന് ഉണ്ട് താനും. ധീരനായ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ ഇസ്രായേലിനെ ‘അപ്പാര്‍ത്തീഡ്’ രാഷ്ട്രം എന്ന് വിളിച്ചത് വളരെ ശരിയായിരുന്നു; ഒലീവ് നിറത്തിന് പകരം ഫലസ്തീനികളുടെ തൊലിനിറം കറുപ്പായിരുന്നെങ്കില്‍, അവര്‍ ദിനംപ്രതി അനുഭവിക്കുന്ന അതിഭീകരമായ വിവേചനം ലോകം കുറച്ച് കൂടി വ്യക്തതയോടെ കാണുമായിരുന്നു. സയണിസ്റ്റ് രാഷ്ട്രത്തിന്റെ കോമാളിത്തരങ്ങള്‍ക്ക് എന്നെ ഞെട്ടിക്കാന്‍ കഴിയില്ലെന്നാണ് ഞാന്‍ കരുതിയിരുന്നത്, പക്ഷെ എനിക്ക് തെറ്റുപറ്റി; അക്ഷരാര്‍ത്ഥത്തില്‍ എന്റെ ശ്വാസം നിലച്ചു പോയ കാര്യങ്ങള്‍ അടുത്ത കാലത്ത് സംഭവിച്ചു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈജിപ്തില്‍ വെച്ച് പരിചയപ്പെട്ട ഒരാള്‍ എനിക്കൊരു ഈമെയില്‍ അയക്കുകയുണ്ടായി; ഇതായിരുന്നു തലകെട്ട്: ‘കാന്‍സര്‍ ബാധിച്ച ഒരു ഗസ്സക്കാരന്‍’.

വെറും 39 വാചകങ്ങള്‍ അടങ്ങിയതായിരുന്നു ആ സന്ദേശം. ഞാനത് നിങ്ങളുമായി പങ്കുവെക്കുന്നു. ‘കാന്‍സര്‍ രോഗബാധിതനായ ഒരാള്‍ ഗസ്സയിലുണ്ട്. അദ്ദേഹത്തിന് ബ്രിട്ടനില്‍ ചികിത്സാസൗകര്യമൊരുക്കാന്‍ താങ്കള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോ? മെഡിക്കല്‍ റിസള്‍ട്ട് താങ്കള്‍ക്ക് അയച്ചു തരാന്‍ തയ്യാറാണ്.’

കാന്‍സര്‍ എന്ന മാരകരോഗം ബാധിച്ച ആരെങ്കിലും നമ്മുടെ കുടുംബത്തിലോ മറ്റോ ഉണ്ടായിരിക്കും. ഫലസ്തീനികളുടെ ചെറിയ രോഗങ്ങള്‍ പോലും സുഖപ്പെടുത്താന്‍ ആവശ്യമായ മരുന്നുകളും മറ്റു സാമഗ്രികളും ഇല്ലാതെ കഷ്ടപ്പെടുന്ന ഗസ്സയിലെ ഡോക്ടര്‍മാരെ ഞാന്‍ എന്റെ കണ്ണുകൊണ്ട് നേരിട്ട് കണ്ടിട്ടുള്ളതാണ്. കാന്‍സര്‍ പോലെയുള്ള ഗുരുതരമായ രോഗം പിടിപ്പെട്ടാലുള്ള അവസ്ഥ പിന്നെ പറഞ്ഞറിയിക്കേണ്ടതില്ലല്ലൊ. രോഗികള്‍ക്ക് വേണ്ടത് നല്‍കാന്‍ ചാരിറ്റികളുടെയും മറ്റും സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന ഹോസ്പിറ്റലുകള്‍ക്കും, ക്ലിനിക്കുകള്‍ക്കും സാധിക്കാറില്ല.

ഈമെയില്‍ മുന്നില്‍ വെച്ച് ഞാന്‍ കുറച്ച് നേരം ആലോചിച്ചു. ലോകത്തിന്റെ മറ്റേതെങ്കിലും സ്ഥലത്ത് നിന്നാണ് ഈ സന്ദേശം വന്നിരുന്നതെങ്കില്‍, ഇക്കാര്യം പറഞ്ഞ് മാധ്യമങ്ങളെ സമീപിക്കാനും, ഒരു വിമാനം തയ്യാറാക്കി നിര്‍ത്താനും, ജനങ്ങളുടെ ഹൃദയങ്ങളെ തൊട്ടുണര്‍ത്തി ഈ മനുഷ്യന്റെ രോഗശമനത്തിന് വേണ്ടി പതിനായിരക്കണക്കിന് പൗണ്ട് ധനസഹായം ശേഖരിക്കാനും എനിക്ക് സാധിക്കുമായിരുന്നു. പക്ഷെ, മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് ഫലസ്തീന്‍ എന്നത് ഒരു അശ്ലീലപദമാണെന്നതാണ് യാഥാര്‍ത്ഥ്യം; അവഗണിച്ച് തള്ളേണ്ട ഒന്നാണ് ഫലസ്തീന്‍; അതുകൊണ്ട് തന്നെ അത്തരമൊരു നീക്കം നടത്തിയത് കൊണ്ട് ഒരുകാര്യവുമില്ലെന്ന് എനിക്കറിയാം. പകരം, ധീരോദാത്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒരു ചെറിയ സന്നദ്ധസഹായ സംഘടനായ ‘ഇന്റര്‍പാല്‍’-ലുമായി ഞാന്‍ ബന്ധപ്പെട്ടു.

അമേരിക്ക, ബ്രിട്ടന്‍, ഇസ്രായേല്‍ എന്നീ രാജ്യങ്ങളൊഴികെ ബാക്കിയെല്ലാവരാലും അംഗീകരിക്കപ്പെടുകയും, അഭിനന്ദിക്കപ്പെടുകയും ചെയ്ത പ്രവര്‍ത്തനങ്ങളാണ് ഇന്റല്‍പാല്‍ കാഴ്ച്ചവെച്ചു കൊണ്ടിരിക്കുന്നത്. അടച്ച് പൂട്ടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്ന വിധത്തില്‍ അവരെല്ലാം തന്നെ പ്രസ്തുത സംഘടനയെ നശിപ്പിക്കാന്‍ പരമാവധി ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. ഈ കാന്‍സര്‍ രോഗിയെ സഹായിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമെങ്കില്‍, എല്ലാവിധത്തിലുള്ള നിയമപോരാട്ടങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ച് ആരെയും ഭയപ്പെടാതെ ഉയര്‍ന്ന് വന്ന ഇന്റര്‍പാലിന് മാത്രമേ അതിന് സാധിക്കുയുള്ളുവെന്ന് എനിക്കുറപ്പുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പ്രസ്തുത ഈമെയില്‍ ഞാന്‍ ചാരിറ്റിക്ക് ഫോര്‍വേഡ് ചെയ്തു.

കാര്യങ്ങള്‍ വളരെ സന്തോഷകരമായി അവസാനിച്ചിട്ടുണ്ടെന്നായിരിക്കും നിങ്ങളിപ്പോള്‍ കരുതുന്നത്. ഫലസ്തീന്‍ അല്ലാത്ത മറ്റേതെങ്കിലും രാജ്യത്താണ് ഈ മനുഷ്യന്‍ ജനിച്ചിരുന്നതെങ്കില്‍ അതങ്ങനെ തന്നെയാകുമായിരുന്നു. പക്ഷെ, ഇന്റര്‍പാല്‍ അധികൃതരില്‍ നിന്നും തിരിച്ച് വന്ന ഈമെയില്‍ എന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച് കളഞ്ഞു.

കാര്യങ്ങള്‍ അന്വേഷിക്കാമെന്നും, പ്രസ്തുത കാന്‍സര്‍ രോഗിയെ സഹായിക്കാന്‍ കഴിവിന്റെ പരമാവധി ശ്രമിക്കാമെന്നും സംഘടന എന്നെ അറിയിച്ചു. പക്ഷെ…… ‘ചികിത്സക്ക് വേണ്ടി ഗസ്സക്ക് പുറത്തെ വിശാലമായ ലോകത്തേക്ക് പോകാനായി ഈജിപ്ഷ്യന്‍ അധികൃതരുടെയും ഇസ്രായേല്‍ അധികൃതരുടെയും അനുവാദവും കാത്ത് ഇപ്പോള്‍ തന്നെ 25,000-ത്തിലധികം ആളുകള്‍ ചെക്‌പോസ്റ്റുകളില്‍ കിടപ്പുണ്ട്. ഇവരിലെല്ലാവര്‍ക്കും കാന്‍സര്‍ എന്ന രോഗമില്ലെങ്കിലും, വളരെ ഗുരുതരമായ മറ്റു രോഗങ്ങള്‍ ബാധിച്ചവരാണ് ഇവരെല്ലാം.’

ഞെട്ടിപ്പിക്കുന്നതും, നിരാശപ്പെടുത്തുന്നതുമാണ് ഈ കണക്ക്. ഒരിക്കല്‍ കൂടി നിങ്ങളെ ഓര്‍മപ്പെടുത്തട്ടെ : ചികിത്സാവശ്യാര്‍ത്ഥം ഗസ്സക്ക് പുറത്തേക്ക് പോകാനായി അടിയന്തിര ചികിത്സ ലഭിക്കേണ്ട 25,000-ത്തിലധികം രോഗികള്‍ ഈജിപ്ഷ്യന്‍ പട്ടാള ഭരണകൂടത്തിന്റെയും, ഇസ്രായേല്‍ അധിനിവേശ സര്‍ക്കാറിന്റെയും അനുവാദവും കാത്ത് നില്‍ക്കുകയാണ്. കാന്‍സര്‍ രോഗികളോടായി പത്രമാധ്യമങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കുന്നതിന് ദിവസേന നാം സാക്ഷികളാണ്. അതിലൊന്ന് ഇപ്രകാരമാണ്, ‘നിങ്ങള്‍ക്ക് കാന്‍സര്‍ ഉണ്ടെന്ന് ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചാല്‍, ഒരു സ്‌പെഷലിസ്റ്റിനെ കാണാന്‍ രണ്ടാഴ്ച്ചയിലധികം നിങ്ങള്‍ വൈകരുത്.’ കാന്‍സര്‍ രോഗബാധിതരടക്കം, അടിയന്തര ചികിത്സ ലഭിക്കേണ്ട 25,000-ത്തിലധികം ഫലസ്തീനികളാണ് ഗസ്സയിലുള്ളത്. ഗസ്സക്ക് മേലുള്ള ഇസ്രായേലിന്റെ ഉപരോധം കാരണം അവര്‍ക്ക് ഒരു സ്‌പെഷലിസ്റ്റിനെ കാണുക അസാധ്യമാണെന്ന് നമുക്കറിയാം. അതുപോലെ തന്നെ ഇനിയവര്‍ക്ക് സ്‌പെഷലിസ്റ്റിനെ കാണാന്‍ സാധിച്ചാല്‍ തന്നെ, സമയമേറെ വൈകിയിരിക്കും.

25,000 എന്ന സംഖ്യ നിങ്ങള്‍ക്ക് ഭാവനയില്‍ കാണാന്‍ പ്രയാസമുണ്ടെങ്കില്‍, 2012-ല്‍ ലണ്ടന്‍ ഒളിപിക്‌സ് സ്റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ ജനകൂട്ടത്തിന്റെ പകുതി മനസ്സില്‍ കണ്ടു നോക്കുക.

സങ്കടകരമെന്നു പറയട്ടെ, ഫലസ്തീനില്‍ നിന്ന് വരുന്ന കണക്കുകള്‍ നിങ്ങളെ ഞെട്ടിക്കുകയും നിരാശപ്പെടുത്തുകയും തന്നെ ചെയ്യും. ഗുരുതര രോഗങ്ങള്‍ ബാധിച്ച ഒരു ജനതക്ക് അടിയന്തര ചികിത്സാ സൗകര്യങ്ങല്‍ നിഷേധിക്കപ്പെടുന്നു എന്ന വസ്തുതക്ക് മുന്നില്‍ ഇസ്രായേലിനെയും ഈജിപ്തിനെയും പിന്തുണക്കുന്ന ചില പാശ്ചാത്യ സര്‍ക്കാറുകള്‍ നാണിച്ച് തലതാഴ്ത്തുക തന്നെ ചെയ്യണം. കാരണം അവരും അവരുടെ പൗരന്‍മാരും തങ്ങളുടെ ചികിത്സാകാര്യങ്ങളില്‍ അത്രക്ക് ജാഗരൂകരാണല്ലൊ. ‘സ്വയം പ്രതിരോധത്തിന്റെയും’ ‘ഭീകരവിരുദ്ധ യുദ്ധത്തിന്റെയും’ പേരില്‍ നിരപരാധികളായ ജനതയെ ഇത്തരത്തില്‍ ശിക്ഷിക്കുന്നത് മാപ്പര്‍ഹിക്കാത്ത കുറ്റകൃത്യവും, പാശ്ചാത്യരാജ്യങ്ങളിലിരുന്ന് ചരട് വലികള്‍ നടത്തുന്നവരുടെ ധാര്‍മികതയെ ചോദ്യം ചെയ്യുന്നതുമാണ്.

ഇന്റര്‍പാല്‍ അടുത്തിടെയായി നടത്തുന്ന ഒട്ടുമിക്ക കാമ്പയിനുകളില്‍ ചികിത്സാസഹായങ്ങളും ഉള്‍പ്പെടുത്തുന്നുണ്ട്. ഗസ്സയുടെ കര, കടല്‍, വായു എന്നിവക്ക് മേല്‍ അതിഭീകരമായ രീതിയില്‍ ഉപരോധമേര്‍പ്പെടുത്തിയവരില്‍ നിന്നും സഹായവും കരുണയും പ്രതീക്ഷിക്കുന്നതിനേക്കാള്‍, ഗസ്സയുടെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് തന്നെ രോഗികളുടെ ജീവന്‍ രക്ഷിക്കുന്നതിനാണ് സാധ്യത കൂടുതല്‍. ദൗര്‍ഭാഗ്യവാനായ ആ കാന്‍സര്‍ രോഗിയെ സഹായിക്കാന്‍ കഴിയുമോ എന്ന കാര്യം സംശയകരം തന്നെയാണ്. നിരുപാധികമായി വളരെ പെട്ടെന്ന് തന്നെ ഗസ്സക്ക് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം അവസാനിപ്പിക്കേണ്ടതിന്റെ അനിവാര്യതയിലേക്കാണ് അദ്ദേഹത്തിന്റെ ദയനീയാവസ്ഥ വിരല്‍ചൂണ്ടുന്നത്. ഇസ്രായേലിനെ അതിന് നിര്‍ബന്ധിപ്പിക്കുന്നതിനുള്ള ശക്തി നമ്മുടെ സര്‍ക്കാറുകള്‍ക്കുണ്ട്, നമ്മുടെ സര്‍ക്കാറുകള്‍ അതില്‍ കാലതാമസം വരുത്തുന്നില്ലെന്ന് നാം ഉറപ്പുവരുത്തണം. ഈ മനുഷ്യനെ രക്ഷപ്പെടുത്താന്‍ നമുക്ക് ചിലപ്പോള്‍ സാധിച്ചെന്ന് വരില്ല, പക്ഷെ അദ്ദേഹത്തെ പോലുള്ള ആയിരങ്ങളെ സഹായിക്കാന്‍ നമുക്ക് കഴിഞ്ഞെന്നുവരും.

 

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles