Current Date

Search
Close this search box.
Search
Close this search box.

ഒരു ഇന്ത്യന്‍ മുസ്‌ലിമിന്റെ ഭയാശങ്കകള്‍

indian-mus.jpg

എന്റെ ഉപ്പ മുന്‍ഷി അബ്ദുല്‍ മഅ്ബൂദ് ബീഹാര്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ഒരു സര്‍ക്കാര്‍ ജോലിക്കാരനായിരുന്നു. 1947-ല്‍ ഇന്ത്യാ വിഭജനകാലത്ത് അദ്ദേഹം പാകിസ്ഥാനിലേക്ക് പലായനം ചെയ്തില്ല. കാരണം, തന്റെ രാജ്യത്ത് തനിക്കെതിരെ ഭീഷണിയുള്ളതായി അദ്ദേഹത്തിന് തോന്നിയിരുന്നില്ല. എന്തിനാണ് ഇന്ത്യ വിഭജിക്കപ്പെട്ടത് എന്നു പോലും അദ്ദേഹം ആലോചിച്ചിരുന്നില്ല. കുറച്ച് വര്‍ഷം കഴിഞ്ഞപ്പോള്‍ ഇന്ത്യാ വിഭജനം നടന്നതിന് പിന്നിലെ ഉദ്ദേശ്യങ്ങള്‍ അദ്ദേഹം മനസ്സിലാക്കി. ഇന്ത്യ ഹിന്ദുക്കള്‍ക്കും പാകിസ്ഥാന്‍ മുസ്‌ലിംകള്‍ക്കുമായി മാറിയത് അദ്ദേഹം അറിഞ്ഞു. അദ്ദേഹം അത് എങ്ങനെ മനസ്സിലാക്കി എന്ന് അറിയില്ല. എന്നാലും അത് അറിഞ്ഞതിന് ശേഷം ആകെ അങ്കലാപ്പിലായിരുന്നു ഉപ്പ. സ്വന്തം നാട്ടില്‍ അന്യനായത് പോലെ അദ്ദേഹത്തിന് തോന്നിയിരിക്കാം.

ആരോടും പരാതി പറയാതെ ഉപ്പ അടുത്തുള്ള സര്‍ക്കാര്‍ ഓഫീസില്‍ ഒരു അപേക്ഷ നല്‍കി. പാകിസ്ഥാനിലേക്ക് കുടിയേറുന്നതിനുള്ള അപേക്ഷ. പിന്നീടങ്ങോട്ട് സര്‍ക്കാറിന്റെ അംഗീകാരത്തിന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. എന്നാല്‍ പാകിസ്ഥാനിലേക്ക് കുടിയേറുക എന്നത് കടമ്പകള്‍ ഏറെ കടക്കേണ്ട ഒരു പണിയായിരുന്നു അന്ന്. മാനസികവും ശാരീരികവുമായ ധാരാളം പ്രയാസങ്ങള്‍ സഹിക്കേണ്ടി വരും. സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിയും കാത്തിരുന്നും ദിവസങ്ങള്‍ കഴിയുന്തോറും ഉപ്പയുടെ മുഖം ആകെ വിവര്‍ണമായി വന്നു.

എന്നാല്‍, ഒരു ദിവസം ഉപ്പയുടെ കൂടെ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുന്ന ഹരിഹര്‍ ഥാക്കൂര്‍ എന്നയാള്‍ ഉപ്പയെ ശ്രദ്ധിക്കാനിടയായി. ഉപ്പയുടെ വിഷമകാരണത്തെ കുറിച്ച് അദ്ദേഹം അന്വേഷിക്കുകയും ചെയ്തു. മടിച്ചു കൊണ്ടാണെങ്കിലും താന്‍ പാകിസ്ഥാനിലേക്ക് കുടിയേറുന്നതിനായി അപേക്ഷ നല്‍കി കാത്തിരിക്കുകയാണെന്ന് ഉപ്പ ഥാക്കൂറിനോട് പറഞ്ഞു. ഇതുകേട്ടപ്പോള്‍ അദ്ദേഹം വളരെ ക്ഷുഭിതനാവുകയും സ്ഫുടമായ ഭോജ്പുരിയില്‍ ഇങ്ങനെ പറയുകയും ചെയ്തു: ”സബ് മുസല്‍മാന്‍ കേ പാകിസ്ഥാന്‍ ജായേ കീ സരൂരി നാ ബാ” (എല്ലാ മുസ്‌ലിംകളും പാകിസ്ഥാനിലേക്ക് പോകണമെന്ന് നിര്‍ബന്ധമില്ലടോ). ഇന്ത്യയോ പാകിസ്ഥാനോ തെരെഞ്ഞെടുക്കാനുള്ള അവകാശം മുസ്‌ലിംകള്‍ക്കുള്ളതായി ഉപ്പ അറിഞ്ഞിരുന്നില്ല. രാഷ്ട്രീയത്തില്‍ വലിയ ശ്രദ്ധയില്ലാത്ത ആളായിരുന്നു അദ്ദേഹം.

ഹരിഹര്‍ ഥാക്കൂര്‍ തന്റെ ഘനഗംഭീര ശബ്ദത്തില്‍ തുടര്‍ന്നു: ”ഘര്‍ ബര്‍ ദൗര്‍ ഛോഡ് കേ കഹാന്‍ ജായ്‌ബെ? തൂ പഗ്‌ലാ ഗേലെ ക്യാ?” (നാടും വീടും നാട്ടുകാരെയും വിട്ട് നീ എങ്ങോട്ടു പോകും? നിനക്കെന്താ ഭ്രാന്തായോ?). എന്നിട്ട് അദ്ദേഹം ആ ഓഫീസില്‍ ചെന്ന് ഉപ്പ നല്‍കിയ അപേക്ഷ തിരിച്ചു വാങ്ങുകയും അത് കീറിക്കളഞ്ഞ് കാറ്റില്‍ പറത്തുകയും ചെയ്തു. ഇങ്ങനെയാണ് ഒരു ഹിന്ദു സഹോദരന്‍ എന്റെ കുടുംബത്തിന്റെ ഭാവി സംരക്ഷിച്ചതും അനിശ്ചിതത്വവും ആശങ്കകളും നിറഞ്ഞ ഒരു പലായനത്തില്‍ നിന്ന് ഞങ്ങളെ പിന്തിരിപ്പിച്ചതും. ഒരു ഹിന്ദു എത്രത്തോളം സുരക്ഷിതനായാണോ ഈ രാജ്യത്ത് ജീവിക്കുന്നത് അത്രത്തോളം സുരക്ഷിതനായി തന്നെ മുസ്‌ലിമിനും ഈ രാജ്യത്ത് ജീവിക്കാനുള്ള അവകാശമുണ്ടെന്ന് ഞങ്ങളെ ഓര്‍മിപ്പിച്ചത് ഹരിഹര്‍ ഥാക്കൂര്‍ എന്ന ആ ഹിന്ദു സഹോദരനായിരുന്നു.

നിങ്ങള്‍ നാടുവിട്ടു പോകേണ്ടതില്ലെന്ന് തങ്ങളുടെ മുസ്‌ലിം സഹോദരങ്ങളെ ഉപദേശിച്ച ആയിരക്കണക്കിന് സാധാരണക്കാരായ ഹിന്ദു സഹോദരന്മാര്‍ വിഭജനകാലത്ത് ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ടാകും. എന്നാല്‍ പതിറ്റാണ്ടുകള്‍ക്കിപ്പുറം, കുടുംബം പുലര്‍ത്താന്‍ കാലിവില്‍പ്പന നടത്തുകയും കഴിക്കാനായി മാംസം സൂക്ഷിക്കുകയും ചെയ്ത മുസ്‌ലിംകള്‍ നിഷ്‌കരുണം കൊല്ലപ്പെടുന്നതാണ് നാം കാണുന്നത്. ജാര്‍ഖണ്ഡില്‍ ഒരു മുസ്‌ലിം യുവാവിനെയും ബാലനെയും കൊന്ന് കെട്ടിത്തൂക്കിയപ്പോള്‍ സംസ്ഥാന മുഖ്യമന്ത്രി പറഞ്ഞത്, സംസ്ഥാനത്തൊരു നിയമമുണ്ട്, അത് കാലി മോഷണം തടയുന്ന നിയമമാണ് എന്നാണ്. കുടുംബം പുലര്‍ത്താന്‍ കാലിവില്‍പ്പന ഉപജീവനമായി സ്വീകരിച്ചതാണോ മോഷണം?

ഇന്ത്യയില്‍ നിന്ന് ആയിരത്തോളം മൈലുകള്‍ക്കപ്പുറമുള്ള ലിബിയയിലാണ് ഞാന്‍ ജോലി ചെയ്യുന്നത്. ഇന്ത്യന്‍ വാര്‍ത്തകളിലൂടെ കണ്ണോടിക്കുമ്പോള്‍ പലപ്പോഴും ഭയത്താലും സങ്കടത്താലും ഹൃദയം വിങ്ങും. സ്വന്തം നാട്ടില്‍ ഞാന്‍ സുരക്ഷിതനായിരിക്കുമോ എന്ന് എപ്പോഴും ചിന്തിക്കും. ചിലപ്പോള്‍ ഞാനും ഏതെങ്കിലും ആള്‍ക്കൂട്ടത്തിന്റെ കൈയ്യാല്‍ കൊല്ലപ്പെട്ടേക്കാം. സമുദായത്തെ ഉന്നം വെച്ച് ആസൂത്രിതമായി നടത്തപ്പെടുന്ന അക്രമങ്ങളുടെ ഇരകളാണ് ഇന്ന് മുസ്‌ലിംകള്‍. തങ്ങളുടെ ഭാവി സുരക്ഷിതമല്ലെന്ന അരക്ഷിത ബോധത്തിലേക്കാണ് അത് അവരെ നയിക്കുക. പ്രത്യേകിച്ച് എന്നെ പോലുള്ള പ്രവാസികളായ മുസ്‌ലിംകള്‍ നാട്ടില്‍ തങ്ങളെയും തങ്ങളുടെ കുടുംബങ്ങളുടെയും കാത്തിരിക്കുന്നത് എന്താണെന്ന് ആശങ്കയുള്ളവരാണ്. സ്വന്തം ജന്മനാടു പോലും അതിന്റെ മക്കളെ സംശയക്കണ്ണോടെ കാണുന്നുവെങ്കില്‍ അന്യനാട്ടില്‍ കിടന്ന് എത്ര സമ്പാദിക്കുന്നതിലും എന്ത് അര്‍ഥമാണുള്ളത്? ഇന്ത്യയില്‍ മുസ്‌ലിമായി ജീവിക്കുക എന്ന ഈ നിഗൂഢതയേക്കാള്‍ ഭയപ്പെടുത്തുന്നതായി ഇപ്പോള്‍ മറ്റൊന്നില്ല.

(ലിബിയയിലെ അല്‍-അസ്മരിയ്യ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ ഇംഗ്ലീഷ് വിഭാഗം ലക്ചററാണ് ലേഖകന്‍)

അവലംബം: The Wire

വിവ: അനസ് പടന്ന

Related Articles