Current Date

Search
Close this search box.
Search
Close this search box.

ഒരു അമേരിക്കന്‍ മാതാവ് മകനോട്

american-mom.jpg

പൊന്നു മോനേ, നിനക്ക് പത്തു വയസ്സായി. എന്നാല്‍ നിന്നോട് ഇതുവരെ ഞാന്‍ മനസ്സുതുറന്ന് സംസാരിച്ചിട്ടില്ല. പ്രായപൂര്‍ത്തിയെ കുറിച്ചോ കൗമാരത്തെ കുറിച്ചോ ഉള്ള സംസാരമല്ല ഞാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ അധിക ഉമ്മമാരും തങ്ങളുടെ വളരുന്ന ആണ്‍മക്കളോട് ഉപദേശിക്കാന്‍ മറക്കുന്ന കാര്യങ്ങളാണ് എനിക്ക് നിന്നോട് പറയാനുള്ളത്.

നിന്റെ ഉപ്പ ഒരു കണ്ടുപിടുത്തക്കാരനാണ്. വീട് നിറയെ അദ്ദേഹം നിര്‍മ്മിച്ച യന്ത്രങ്ങളും ഉപകരണങ്ങളുമാണല്ലോ. സ്‌കൂളില്‍ പഠിക്കുന്ന കാലം മുതലേ അദ്ദേഹം ഇങ്ങനെ ഓരോ വസ്തുക്കള്‍ നിര്‍മിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ആ കഴിവുകള്‍ ഞങ്ങള്‍ക്കിഷ്ടമാണ്. ഒന്നുമില്ലാത്തവയില്‍ നിന്ന് നീ പുതുതായി എന്തെങ്കിലും നിര്‍മ്മിക്കുമ്പോഴും ഇതേ സന്തോഷമാണ് ഞങ്ങള്‍ക്കുണ്ടാകുന്നത്.

സെപ്റ്റംബര്‍ 11-ലെ ആക്രമണത്തിനും എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പാണ് നിന്റെ ഉപ്പ ജനിച്ചത്. എന്നാല്‍, നീ വിശ്വസിക്കുന്ന മതത്തിനെതിരെ കോടികള്‍ ചെലവഴിച്ച് ഗൂഢാലോചനകള്‍ നടന്നുകൊണ്ടിരിക്കുന്ന ഒരു കാലത്താണ് നീ വളരുന്നത്. നിനക്ക് ഒരു സാധാരണ കുട്ടിയെ പോലെ വളരുന്നത് എളുപ്പമാകില്ല. നിന്റെ ഓരോ ചെയ്തികള്‍ക്കും നീ ചോദ്യം ചെയ്യപ്പെടും. അപരിചിതരായ ആളുകളെ സൂക്ഷിക്കുക. തങ്ങളുടെ ഇംഗിതങ്ങള്‍ക്കനുസരിച്ച് നിന്റെ ശരീരത്തെ ഉപയോഗപ്പെടുത്തുന്നവരെ മാത്രമല്ല, തങ്ങളുടെ നീചമായ തന്ത്രങ്ങള്‍ക്ക് നിന്നെ ഉപയോഗപ്പെടുത്തുന്നവരെയും. നീതിയെ കുറിച്ചും സമാധാനത്തെ കുറിച്ചുമൊക്കെ സംസാരിച്ചു കൊണ്ടായിരിക്കും അവര്‍ നിന്നെ സമീപിക്കുക. ചിലപ്പോള്‍, ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കാനും അവര്‍ നിന്നെ ക്ഷണിച്ചേക്കാം. അവിടെ നമ്മുടെ സമുദായത്തിലുള്ളവര്‍ ചെയ്ത് കൂട്ടുന്ന ഭീകരതകള്‍ കാണിച്ച് അവര്‍ നിന്നോട് വാചാലരാവും. നിന്നോട് അവയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ ആരായും. എന്നിട്ട് നിന്നെ അടുത്തുള്ള എഫ്.ബി.ഐ കേന്ദ്രത്തിന് വേണ്ടി ഒറ്റിക്കൊടുക്കും. അവരാകട്ടെ ഒരു ക്രിസ്മസ് ട്രീയിലോ ഷോപ്പിംഗ് മാളിലോ ബോംബ് വെച്ച് സ്‌ഫോടനം നടത്തി നിന്നെ ആ കേസില്‍ കുരുക്കും. പിന്നെ ഉമ്മയുടെയോ ഉപ്പയുടെയോ കണ്ണെത്താത്ത, ഞങ്ങളുടെ കരസ്പര്‍ശമേല്‍ക്കാത്ത ഒരു അജ്ഞാത കേന്ദ്രത്തില്‍ അവര്‍ നിന്നെ തടവിലാക്കും.

എവിടെയും സൂക്ഷമതയോടെ പെരുമാറുക. സാമൂഹ്യമാധ്യമങ്ങളിലോ ഓണ്‍ലൈന്‍ ചാറ്റിംഗുകളിലോ വികാരത്തിന് അടിമപ്പെട്ട് അഭിപ്രായങ്ങള്‍ പങ്കുവെക്കരുത്. എന്തുണ്ടെങ്കിലും നിനക്ക് എന്നോട് പറയാം. അതുകൊണ്ടാണ് നന്മയുള്ള സ്ത്രീ-പുരുഷന്മാര്‍ ഒത്തുകൂടുന്ന യോഗങ്ങളിലും പരിപാടികളിലും ഞാന്‍ നിന്നെയും കൂടെ കൂട്ടുന്നത്. സമൂഹത്തില്‍ എന്ത് അരുതായ്മകള്‍ കണ്ടാലും നീ അല്ലാഹുവിനോട് സഹായം തേടുക. എന്നിട്ട് ഹലാലായ മാര്‍ഗങ്ങളിലൂടെ മാത്രം അതിന് പരിഹാരം കാണാന്‍ ശ്രമിക്കുക.

നമ്മുടെ ഇമാമുമാരില്‍ നിന്നും പണ്ഡിതന്മാരില്‍ നിന്നുമാണ് നീ ദീന്‍ പഠിക്കേണ്ടത്. നമ്മുടെ പള്ളികളില്‍ ഇമാമുകളായ, നമ്മുടെ കൂടെ പെരുന്നാളിന് കൂടുന്ന, നമ്മുടെ ജനാസകളില്‍ പങ്കുകൊള്ളുന്ന, നമുക്ക് വേണ്ടി പ്രഭാഷണങ്ങളും പഠനക്ലാസുകളും നടത്തുന്ന ആളുകള്‍. അവര്‍ ദീനിനെ കുറിച്ച് അവഗാഹമുള്ളവരാണ്. നമ്മുടെ മതത്തെ കുറിച്ചും വിശ്വാസത്തെ കുറിച്ചും ഇന്റര്‍നെറ്റ് നിനക്ക് ഉത്തരങ്ങള്‍ തരുന്ന അവസ്ഥ ഉണ്ടാകരുത്. ഖുര്‍ആനിക ആയത്തുകളിലോ മറ്റോ നിനക്ക് വല്ല സംശയവുമുണ്ടെങ്കില്‍ എന്നോടോ നിന്റെ ഉപ്പയോടൊ നിനക്ക് ചോദിക്കാം. നിന്റെ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരങ്ങളും ഞങ്ങള്‍ കണ്ടെത്തി തരാം.

നിനക്ക് പോലീസുകാരെ ഇഷ്ടമാണെന്ന് എനിക്കറിയാം. നീ കുട്ടിയായിരുന്നപ്പോള്‍, എവിടെയെങ്കിലും വെച്ച് നിനക്ക് വഴിതെറ്റിയാല്‍ പോലീസ് യൂണിഫോം നോക്കിയാല്‍ മതി എന്ന് ഞാന്‍ നിന്നോട് പറയാറുണ്ടായിരുന്നു. എനിക്ക് തിരിച്ചു കിട്ടുന്നത് വരെ നിനക്ക് സുരക്ഷിതമായ അഭയം അതാണ്. പോലീസുകാര്‍ നിന്നെ സംരക്ഷിക്കാനുള്ളവരാണ്. എന്നാല്‍ ഈ മാറിയ സാഹചര്യത്തില്‍ നീ ചെയ്യുന്ന നിസ്സാരമായ കാര്യങ്ങള്‍ പോലും അവര്‍ക്ക് ഭീഷണിയായി തോന്നിയേക്കാം. ഓമനത്തമുള്ള ഒരു കുട്ടിയില്‍ നിന്ന് ബലിഷ്ഠനായ ഒരു യുവാവായി നീ മാറുമ്പോഴേക്കും മറ്റുള്ളവര്‍ നിന്നെ അപകടകാരിയായി കണ്ടുതുടങ്ങും. ഹോളിവുഡ് സിനിമകളിലൂടെ മാധ്യമ കുപ്രചരണങ്ങളിലൂടെയും അവരുടെ മനസ്സാകെ പരിവര്‍ത്തിക്കപ്പെട്ടിരിക്കുകയാണ്. കുട്ടികളെയൊക്കെ കൊല്ലുന്ന നരഭോജികളായിട്ടാണ് നമ്മെ അവര്‍ കാണുന്നത്. നമ്മുടെ രാഷ്ട്രീയക്കാരും നേതാക്കന്മാരും അവരുടെ വോട്ടുബാങ്കായി ഈ സാഹചര്യത്തെ ഉപയോഗിക്കുന്നു. നമ്മുടെ പ്രസിഡന്റ് താമസിക്കുന്ന വൈറ്റ്ഹൗസില്‍ തീവ്രവാദത്തെ കുറിച്ച് ഒരു ഉച്ചകോടി നടന്നു. അതില്‍ നമ്മള്‍ മുസ്‌ലിംകളെ കുറിച്ചും ചര്‍ച്ച ചെയ്തിരുന്നു. നമ്മെ സംശയക്കണ്ണോടെ നോക്കാനാണ് അവര്‍ കൂട്ടായി തീരുമാനിച്ചത്.

നിനക്ക് എപ്പോഴെങ്കിലും പോലീസുമായി സംസാരിക്കേണ്ട അവസ്ഥ വന്നാല്‍ നീ അവരോട് മാതാപിതാക്കളുമായി ബന്ധപ്പെടാന്‍ പറയണം. സ്വയം പര്യാപ്തനായി കാര്യങ്ങള്‍ നടത്തരുത്. ഓടിരക്ഷപ്പെടാന്‍ ശ്രമിക്കരുത്. പ്രതിരോധിച്ചു നില്‍ക്കുകയും ചെയ്യരുത്. പോലീസ് കറുത്ത വര്‍ഗ്ഗക്കാരായ കുട്ടികളോട് മാത്രമേ ഇങ്ങനൊക്കെ ചെയ്യൂ എന്ന് നിനക്ക് തോന്നിയേക്കാം. നിന്നോട് യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇതു വളരെ പ്രയാസമായും നിനക്ക് തോന്നും. എന്നാല്‍ ഓരോ ദിവസവും ഇതുപോലുള്ള അവസ്ഥകളിലൂടെ കടന്നുപോകുന്ന നമ്മുടെ സഹോദരീ സഹോദരന്മാരെ കുറിച്ച് ഒന്നോര്‍ത്ത് നോക്കൂ. രാജ്യത്തെ കുറേ ഉമ്മമാര്‍ തങ്ങളുടെ മക്കളോട് ഇങ്ങനെ ഉപദേശങ്ങള്‍ നല്‍കുന്നുണ്ടാകാം. കാരണം നമ്മുടെ നാട്ടില്‍ വര്‍ണ്ണവെറിയും മതവിദ്വേഷവും വളര്‍ന്നുവരികയാണ്.

ഈജിപ്ത് പോലുള്ള രാജ്യങ്ങളില്‍ പോലീസുകാരും സൈന്യവും നമ്മെ പോലുള്ള മുസ്‌ലിം സഹോദരന്മാരോട് ചെയ്തുകൊണ്ടിരിക്കുന്നത് നാം അറിയാറുണ്ട്. ലോകത്തെല്ലായിടത്തും മുസ്‌ലിംകള്‍ക്കെതിരെ അനീതികള്‍ നടമാടുന്നു. ഒരുനാള്‍ നിനക്ക് നേരെയും ഇങ്ങനെ സംഭവിക്കാനിടയായാല്‍ നീ തളര്‍ന്നുപോവാതിരിക്കാനാണ് ഞാന്‍ ഇതൊക്കെ പറയുന്നത്. പുതിയ ആശയങ്ങളും കണ്ടെത്തലുകളും സ്‌കൂളില്‍ അവതരിപ്പിക്കുമ്പോള്‍ സൂക്ഷിക്കുക. വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ നീ ശ്രദ്ധിക്കണം. തമാശകള്‍ പറയുമ്പോള്‍ പോലും നീ സൂക്ഷിക്കണം. മുസ്‌ലിം വിദ്വേഷം എന്നത് അവിശ്വനീയമായ ഒരു യാഥാര്‍ത്ഥ്യമാണ്.

എന്നാല്‍ നിന്റെ പ്രതിഭയെയും കഴിവിനെയും നീ കൈമോശം വരുത്തരുത്. നിന്റെ ചിന്തയും കണ്ടെത്തലുകളും വരും തലമുറക്ക് മുതല്‍ക്കൂട്ടായി തീരട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എന്നും നന്മക്കും നീതിക്കും വേണ്ടി മാത്രമേ നീ നിലകൊള്ളാവൂ. നിന്റെ കുട്ടികള്‍ക്ക് മുഹമ്മദ് എന്ന പേരു നല്‍കാന്‍ നീ മടിക്കരുത്. ഉച്ചത്തില്‍ തക്ബീര്‍ ചൊല്ലുന്നത് നീ ഭയക്കരുത്. മസ്ജിദുകളില്‍ പോകുന്നതിനും നിനക്ക് പേടി വേണ്ട. സമത്വ സുന്ദരമായ നമ്മുടെ ആദര്‍ശത്തിലേക്ക് ലോകത്തെ ക്ഷണിക്കാനും നീ വൈമുഖ്യം കാണിക്കരുത്. പ്രവാചകനും അനുയായികളും എത്ര പ്രതിസന്ധി നിറഞ്ഞ ഘട്ടങ്ങളില്‍ പോലും തങ്ങളുടെ ആദര്‍ശം പ്രബോധനം ചെയ്തിരുന്നു. അല്ലാഹു പറയുന്നു: ”അവന്‍ ഉദയാസ്തമയ സീമകള്‍ക്കുടമയാകുന്നു. അവനല്ലാതെ ദൈവമില്ല. അതിനാല്‍ നീ അവനെത്തന്നെ കൈകാര്യാധികാരിയാക്കുക. ജനത്തിന്റെ ജല്‍പനങ്ങള്‍ ക്ഷമിക്കുക. അവരില്‍നിന്ന് മാന്യമായി അകന്നുനില്‍ക്കുക.” (അല്‍-മുസ്സമ്മില്‍ 9, 10).

രാത്രിയുടെ അന്ത്യയാമങ്ങളില്‍ എഴുന്നേറ്റു നിന്ന് കരഞ്ഞു പ്രാര്‍ത്ഥിക്കാന്‍ അവന്‍ നമ്മോട് കല്‍പിച്ചു. അവന്‍ സദാ നമ്മെ സംരക്ഷിക്കും. അല്ലാഹു നിന്നോടൊപ്പമുണ്ട്. നീ അവനില്‍ വിശ്വാസമര്‍പ്പിക്കുക. അവനില്‍ മാത്രം. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. – എന്ന് പ്രിയപ്പെട്ട ഉമ്മ

വിവ: അനസ് പടന്ന

Related Articles