Current Date

Search
Close this search box.
Search
Close this search box.

എന്നെ പീഢിപ്പിച്ച സീസിക്കാണ് ബ്രിട്ടന്‍ സ്വീകരണം നല്‍കുന്നത്

muhammad-sulthan.jpg

ഈജിപ്ഷ്യന്‍ സൈന്യം ‘ജനാധിപത്യം പുനസ്ഥാപിക്കുന്നു’ എന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി പ്രസ്താവനയിറക്കിയതിന് ശേഷം പതിമൂന്നാം ദിവസം, അതേ ഈജിപ്ഷ്യന്‍ സൈന്യം കെയ്‌റോയില്‍ സമാധാനപരമായി പ്രതിഷേധ പ്രകടനം നടത്തിയവര്‍ക്ക് നേരെ അകാരണമായി വെടിയുതിര്‍ക്കുകയുണ്ടായി. ഇഞ്ചുകളുടെ വ്യത്യാസത്തിനാണ് ഒരു വെടിയുണ്ട എന്റെ തലയോട്ടി തുളച്ച് കയറാതെ ലക്ഷ്യം തെറ്റിപ്പോയത്. 2013 ആഗസ്റ്റിലെ ഇതേ ദിവസം വെടിയുണ്ടക്ക് പക്ഷെ ലക്ഷ്യം തെറ്റിയില്ല. അതെന്റെ കൈ തുളച്ച് കടന്നുപോയി. എന്റെ അമേരിക്കന്‍ പാസ്‌പോര്‍ട്ടിന് പോലും (ഞാനൊരു ഈജിപ്ഷ്യന്‍-അമേരിക്കന്‍ പൗരനാണ്) എന്നെ രക്ഷിക്കാനായില്ല. ബ്രിട്ടോണ്‍ മിക്ക് ഡിയേന്‍ അടക്കം രണ്ട് കാമറാമാന്‍മാര്‍ തലക്ക് ഗുരുതരമായി വെടിയേറ്റ് വീണതിന് മിനുറ്റുകള്‍ക്ക് ശേഷമാണ് വെടിയുണ്ട എന്നെയും തേടിയെത്തിയത്. ‘ഈജിപ്തിന്റെ ആധുനിക ചരിത്രത്തിലെ ഏറ്റവും രക്തപങ്കിലമായ ദിനം’ എന്നാണ് ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് പ്രസ്തുത സംഭവത്തെ വിശേഷിപ്പിച്ചത്. ഈജിപ്ഷ്യന്‍ സൈന്യത്തിന്റെ ‘ജനാധിപത്യ പുനഃസ്ഥാപന ശ്രമങ്ങള്‍’ മറ്റു മാധ്യമപ്രവര്‍ത്തകരോടൊപ്പം കവര്‍ ചെയ്തു എന്ന ഒറ്റ കാരണത്താലാണ് എനിക്ക് നേരെ അവര്‍ വെടിയുതിര്‍ത്തത്. ഈജിപ്തിന്റെ ചരിത്രത്തില്‍ ആദ്യമായി ജനാധിപത്യപരമായി തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ സര്‍ക്കാറിനെ അട്ടിമറിച്ച പട്ടാളത്തിനെതിരെ സമാധാനപരമായി കുത്തിയിരുപ്പ് സമരം നടത്തുന്നവരെ തോക്കും ലാത്തിയും ഉപയോഗിച്ച് പിരിച്ചുവിടുന്നതാണ് അവരുടെ ‘ജനാധിപത്യ സംസ്ഥാപനം’.

കെറിയുടെ പ്രസ്താവന കഴിഞ്ഞ് ഇരുപത്തഞ്ച് ദിവസങ്ങള്‍ക്ക് ശേഷം, മറ്റു മൂന്ന് മാധ്യമപ്രവര്‍ത്തകരോടൊപ്പം എന്റെ കുടുംബവീട്ടില്‍ വെച്ചാണ് ഞാന്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. തുടര്‍ന്ന് അടുത്ത 21 മാസം ഞാനും, എന്റെ കൂടെയുണ്ടായിരുന്ന രാഷ്ട്രീയ തടവുകാരും വിവിധതരത്തിലുള്ള മാനസികവും ശാരീരികവുമായ പീഢന-മര്‍ദ്ദനങ്ങള്‍ക്ക് വിധേയരായി. ഞാന്‍ മോചിതനായിട്ട് ഇപ്പോള്‍ അഞ്ചു മാസങ്ങള്‍ കഴിഞ്ഞിട്ട് പോലും അതേല്‍പ്പിച്ച ആഘാതത്തില്‍ നിന്നും മുക്തനാവാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. തടവുകാരെ കുത്തിനിറച്ച ജയില്‍മുറിക്കുള്ളില്‍ വെച്ചാണ് അവര്‍ ഞങ്ങള്‍ക്ക് ‘പാര്‍ട്ടി’ തന്നിരുന്നത്. ഗാര്‍ഡുകളും ഓഫീസര്‍മാരും രണ്ട് വരികളിലായി നിലയുറപ്പിക്കും. എന്നിട്ട് അവര്‍ക്കിടയിലൂടെ ഞങ്ങളോട് ഓടാന്‍ പറയും. അന്നേരം ബാറ്റണ്‍, ചാട്ടവാര്‍, ബെല്‍റ്റ് എന്നിവ ഞങ്ങളുടെ ദേഹത്ത് വന്ന് പതിക്കാന്‍ തുടങ്ങും. ഇപ്പോഴും മുറിഞ്ഞു തന്നെയിരിക്കുന്ന എന്റെ കൈയ്യില്‍ മണിക്കൂറുകളോളം അവര്‍ അടിക്കുമായിരുന്നു.

കുറച്ച് മാസങ്ങള്‍ കഴിഞ്ഞതിന് ശേഷം എന്റെ കൈയ്യില്‍ നിന്നും രണ്ട് മെറ്റല്‍ പ്ലേറ്റുകള്‍ നീക്കം ചെയ്യുന്നതായി ജയിലില്‍ വെച്ച് ഞാനൊരു ശാസ്ത്രക്രിയക്ക് വിധേയനായി. എന്റെ കൂടെ ജയില്‍ മുറിയില്‍ കഴിഞ്ഞിരുന്നവരില്‍ ഒരാളാണ് ഡോക്ടറുടെ വേഷമെടുത്തണിഞ്ഞത്, ഒരു റേസര്‍ ബ്ലേഡും, പ്ലയറുമായിരുന്നു അദ്ദേഹത്തിന്റെ ശാസ്ത്രക്രിയാ ഉപകരണങ്ങള്‍. അന്യായമായ തടങ്കലില്‍ പ്രതിഷേധിച്ച് അനിശ്ചിത കാല നിരാഹാരസമരം ആരംഭിച്ചതിന് ശേഷമാണ്, അതീവസുരക്ഷയൊരുക്കിയ ഏകാന്ത തടവറയിലേക്ക് ‘മെഡിക്കല്‍ നിരീക്ഷണത്തിന്റെ’ പേരില്‍ എന്നെ അവര്‍ മാറ്റിപാര്‍പ്പിച്ചത്. പത്ത് തവണ ഞാന്‍ മരണത്തെ മുഖാമുഖം കണ്ടിരുന്നു.

പിന്നീട് ജയിലിന്റെ ഒരു മൂലയില്‍ കേവലം 2.5 മീറ്റര്‍ നീളവും 3 മീറ്റര്‍ വീതിയുമുള്ള ജനാലയില്ലാത്ത ഒരു മുറിയിലേക്ക് ഞാന്‍ മാറ്റപ്പെട്ടു. അവിടെ 163 ദിവസത്തെ മാനസിക പീഡനത്തിന് ഞാന്‍ വിധേയനായി. ഒരുമനുഷ്യകുഞ്ഞിനെ കാണാനോ സംസാരിക്കാനോ അവര്‍ എന്നെ അനുവദിച്ചില്ല. ഇടക്ക് ഓഫീസര്‍മാര്‍ വന്ന് എന്റെ മുറിയിലേക്ക് റേസര്‍ ബ്ലേഡുകളും, ഇലക്ട്രിക്ക് വയറുകളും ഇട്ടു തന്ന് എന്നോട് ആത്മഹത്യ ചെയ്‌തോളാന്‍ പറയും. അവര്‍ എന്റെ നേര്‍ക്ക് ആര്‍ത്തട്ടഹസിക്കും. എന്റെ പിതാവും ഒരു രാഷ്ട്രീയ തടവുകാരനാണ്. അദ്ദേഹത്തെ വരെ അവര്‍ എനിക്കെതിരെയുള്ള ആയുധമായി ഉപയോഗിച്ചു.

കെറി അന്ന് നടത്തിയ പ്രസ്താവനക്ക് ശേഷം 643 ദിവസങ്ങള്‍ കഴിഞ്ഞതിന് ശേഷമാണ് ഞാന്‍ ജയില്‍ മോചിതനായി അമേരിക്കയിലെത്തിയത്. എന്റെ കേസിന്റെ കുപ്രസിദ്ധിയും, അന്താരാഷ്ട്ര ഇടപെടലും കാരണമായി എനിക്ക് സഹിക്കേണ്ടി പീഢനങ്ങളെല്ലാം തന്നെ അമേരിക്കന്‍ എംബസിയുടെ പരിപൂര്‍ണ്ണ അറിവോടെ സംഭവിച്ചതാണ്. ആരാലും അറിയപ്പെടാത്ത, യാതൊരുവിധ അന്താരാഷ്ട്ര ബന്ധങ്ങളുമില്ലാത്ത നിര്‍ഭാഗ്യവാന്‍മാരായ 40000-ത്തില്‍ അധികം വരുന്ന രാഷ്ട്രീയ തടവുകാരുടെ ഉത്തരവാദിത്വമേറ്റെടുക്കാന്‍ ആരും തന്നെയില്ല; എന്‍.ജി.ഒ-കളെയും മനുഷ്യാവകാശ സംഘടനകളെയും ഈജിപ്തില്‍ നിന്നും ആട്ടിയോടിച്ചു; ഭരണകൂടം പറയുന്നതിന് വിപരീതമായി ഏതെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ വസ്തുതകള്‍ സത്യസന്ധതയോടെ റിപ്പോര്‍ട്ട് ചെയ്യാന്‍ ഒരുമ്പെട്ടാല്‍ തടവറയാണ് ഏറ്റവും ചുരുങ്ങിയത് അവര്‍ക്ക് ലഭിക്കുക.

ഞാന്‍ ജയില്‍ മോചിതനായി മുപ്പത് ദിവസങ്ങള്‍ക്ക് ശേഷം, ബ്രിട്ടനില്‍ താന്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന തീവ്രവാദ വിരുദ്ധ യുദ്ധതന്ത്രം ഡേവിഡ് കാമറൂണ്‍ പ്രഖ്യാപിക്കുകയുണ്ടായി. ലോകത്തിലെ ഏറ്റവും പുരാതനമായ പാര്‍ലമെന്ററി ജനാധിപത്യ രാജ്യത്ത് ഈജിപ്ഷ്യന്‍ പ്രസിഡന്റ് ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ സീസീക്ക് ചുവപ്പ് പരവതാനി വിരിച്ചു കൊടുക്കാനുള്ള തീരുമാനം, അണക്കേണ്ട തീ ആളിക്കത്തിക്കുന്നതിന് തുല്ല്യമാണെന്ന് മനസ്സിലാക്കുന്നതില്‍ കാമറൂണ്‍ ഒരു തികഞ്ഞ പരാജയം തന്നെയാണ്. ഈജിപ്ഷ്യന്‍ തടവറകളില്‍ നിറഞ്ഞ് കൊണ്ടിരിക്കുന്ന നൈരാശ്യം എന്താണെന്ന് അനുഭവിച്ചറിഞ്ഞവരില്‍ ഒരാളാണ് ഞാന്‍. പരിഷ്‌കൃത ലോകം അതിന്റെ എല്ലാ മൂല്യങ്ങളും ധാര്‍മികവിചാരങ്ങളും കൈയ്യൊഴിഞ്ഞിരിക്കുന്നെന്നും, പട്ടാളം ഭരിക്കുന്ന രാജ്യത്ത് നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ മനഃപ്പൂര്‍വ്വം കണ്ടില്ലെന്ന് നടിക്കുകയാണെന്നും സൂചിപ്പിച്ചു കൊണ്ടുള്ള ഈജിപ്ഷ്യന്‍ അധികൃതരില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ എനിക്ക് ലഭിക്കുന്നുണ്ട്.

മോചിതനായി 61 ദിവസങ്ങള്‍ക്ക് ശേഷം, തടവറയിലെ അവസ്ഥകള്‍ വിവരിച്ചു കൊണ്ട് ജോണ്‍ കെറിക്ക് ഞാന്‍ എഴുതിയിരുന്നു. ജനാധിപത്യത്തിലുള്ള ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്ന നയങ്ങളില്‍ മാറ്റം വരുത്തുന്ന കാര്യം പരിഗണിക്കണമെന്ന് ഞാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. പട്ടാള ഭരണകൂടം ഈജിപ്ഷ്യന്‍ ജനതക്കിടയില്‍ ധ്രൂവീകരണം സൃഷ്ടിച്ചിരിക്കുകയാണ്. രാഷ്ട്രീയം, മാധ്യമങ്ങള്‍, സിവില്‍ സമൂഹം എന്നിവയിലൂടെ സമാധാനപരമായി അഭിപ്രായവും, എതിരഭിപ്രായവും പ്രകടിപ്പിക്കാനുള്ള എല്ലാവിധ അവസരങ്ങളും നിഷേധിക്കപ്പെട്ടു. അതിന്റെ ഭാഗമായി ഒരുപാട് പേര്‍ കൊല്ലപ്പെട്ടു, അപ്രത്യക്ഷരായി, തടവിലടക്കപ്പെട്ടു, നാടുകടത്തപ്പെട്ടു. പ്രതിഷേധ പ്രകടന-വിരുദ്ധ, ഭീകരവാദ വിരുദ്ധ നിയമങ്ങള്‍ അര്‍ത്ഥപൂര്‍ണ്ണമായ സംവാദങ്ങള്‍ക്കുള്ള എല്ലാ ഇടങ്ങളെയും ഈജിപ്തില്‍ ഇല്ലാതാക്കി.

ഇസ്‌ലാമിസ്റ്റുകളെ മാത്രമല്ല പട്ടാള ഭരണകൂടം ലക്ഷ്യമിട്ടിരിക്കുന്നത്. ഒരുവിധത്തിലുള്ള പ്രത്യയശാസ്ത്ര-രാഷ്ട്രീയ എതിര്‍ശബ്ദങ്ങളെയും പട്ടാള ഭരണകൂടം വെച്ചുപൊറുപ്പിക്കില്ല. മൗലികവാദത്തിന് വളരാണുള്ള ഏറ്റവും അനുകൂലമായ സാഹചര്യമാണ് ഈജിപ്തില്‍ ഇപ്പോഴുള്ളത്. സീസിയുടെ അക്രമഭരണത്തിന് നേര്‍ക്ക് ലോകം മൗനം പാലിക്കുന്നതിന് സാക്ഷിയായി കൊണ്ടിരിക്കുന്ന ഈജിപ്ഷ്യന്‍ യുവത ജനാധിപത്യമൂല്യങ്ങളെ ചോദ്യം ചെയ്തു തുടങ്ങിയിട്ടുണ്ട്. ഭീകരവാദത്തെ കാര്യക്ഷമമായി നേരിടുന്നതിന് പകരം എല്ലാവിധ രാഷ്ട്രീയ എതിര്‍ശബ്ദങ്ങളെയും ശ്വാസംമുട്ടിച്ച് ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ അതിന്റെ മുഴുവന്‍ വിഭവങ്ങളും ഉപയോഗിക്കുന്നത്. എന്റെ നിരാഹാര സമരം ഓരേ സമയം ഭരണകൂട ഭീകരതെക്കെതിരെയും, ഭീകരവാദത്തിനെതിരെയുമുള്ള പ്രതിരോധമായിരുന്നു. പക്ഷെ ആയിരക്കണക്കിന് വരുന്ന തടവുകാരെ സംബന്ധിച്ചിടത്തോളം സ്ഥിതി ഇതല്ല. എന്നിരുന്നാലും അവര്‍ പ്രതീക്ഷ കൈവിടുന്നില്ല.

ആധുനിക ലോകത്തിന്റെ മൂല്യങ്ങളെയും തത്വങ്ങളെയും താറടിക്കുക മാത്രമല്ല, ബ്രിട്ടന്റെ സുരക്ഷക്കും, സാമ്പത്തിക-രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കും, ഈജിപ്തിന്റെ ഭാവിയില്‍ നിക്ഷേപം നടത്താനിരിക്കുന്നവര്‍ക്കും ഭീഷണിയാണ് സീസിയുടെ ബ്രിട്ടന്‍ സന്ദര്‍ശനം. ഇനി സീസിയുടെ ബ്രിട്ടന്‍ സന്ദര്‍ശനം റദ്ദാക്കാന്‍ കാമറൂണ്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍, തന്റെ തന്നെ ഭീകരവാദ-വിരുദ്ധ നയത്തിന്റെ പേരിലായിരിക്കണം കാമറൂണ്‍ അത് ചെയ്യേണ്ടത്.

വിവ: ഇര്‍ഷാദ് കാളാച്ചാല്‍
അവലംബം: THE GUARDIAN

Related Articles