Current Date

Search
Close this search box.
Search
Close this search box.

എന്തു കൊണ്ട് ഇന്ത്യ വിഭജിക്കപ്പെട്ടു?

split.jpg

1947-ല്‍ ഇന്ത്യാ വിഭജനത്തിലേക്ക് നയിച്ച ‘ചരിത്ര വസ്തുതകളെ’ സംബന്ധിച്ച് ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ജനങ്ങള്‍ ‘പൂര്‍ണ്ണ ബോധ്യമുള്ളവരാണ്’ എന്ന് എനിക്കുറപ്പുണ്ട്. പക്ഷെ ഈ മൂന്ന് രാഷ്ടങ്ങളിലും അവതരിപ്പിക്കപ്പെട്ട ‘വസ്തുതകളുടെ’ സ്വഭാവം എന്തായിരുന്നു?

ഞാനൊരു ചരിത്രകാരനല്ല. ഒരു സോഷ്യോളജി വിദ്യാര്‍ത്ഥി എന്ന നിലയില്‍ വീക്ഷണങ്ങള്‍ മനസ്സിലാക്കാനുള്ള കഴിവ് എനിക്കുണ്ട്. ഒരിക്കല്‍ ജിന്ന പറയുകയുണ്ടായത്രെ, ‘എന്റെ ടൈപ്പ്‌റൈറ്ററിന്റെയും സെക്രട്ടറിയുടെയും സഹായത്താല്‍ ഞാനൊറ്റക്കാണ് പാകിസ്താന്‍ നേടിയെടുത്തത്,’! ഭയങ്കരം തന്നെ! ഒരാളുടെ കാരണത്താല്‍ മഹത്തായൊരു നാഗരികത വിഭജിക്കപ്പെട്ടു? വ്യത്യസ്തമായ പാഠപുസ്തകങ്ങളിലൂടെ ഇന്ത്യയിലെ വിദ്യാര്‍ത്ഥികള്‍ ഇന്നും വിശ്വസിച്ച് പോരുന്ന ഒരു സംഗതിയാണിത്.

ഓര്‍മപ്പെടുത്താന്‍ വേണ്ടി മാത്രം പറയട്ടെ – ഒരു ‘കലാപ’മായിരുന്നില്ല  1857-ല്‍ നടന്നത് ; നമ്മുടെ പ്രഥമ സ്വാതന്ത്ര്യ പോരാട്ടത്തെ അവഹേളിക്കുന്നത് ദയവായി നിര്‍ത്തൂ. ഇന്ത്യക്കാര്‍ ഒരുമിച്ചു നിന്ന് ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടി. ഇന്ത്യന്‍ മണ്ണില്‍ നിന്നും ബ്രിട്ടീഷുകാരെ തുരത്തിയോടിക്കുക എന്നതായിരുന്നു 1857-ലെ പ്രഥമ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ മുഖ്യലക്ഷ്യം. ദ്വിരാഷ്ട്ര സിദ്ധാന്തത്തെ സംബന്ധിച്ച ഒരു വിദൂരചിന്ത പോലും അന്ന് രൂപപ്പെട്ടിണ്ടായിരുന്നില്ല.

ഇന്ത്യയിലെ ഹിന്ദു-മുസ്‌ലിം ഐക്യവും മിശ്രസംസ്‌കാരത്തിന്റെ ശക്തിയും ശരിയാംവണ്ണം മനസ്സിലാക്കിയത് കൊണ്ടാണ് ബ്രിട്ടീഷുകാര്‍ ‘വിഭജിച്ച് ഭരിക്കുക’ എന്ന നയം സ്വീകരിച്ചത്. 1905-ലെ ബംഗാള്‍ വിഭജനത്തില്‍ ഇന്ത്യാ വിഭജനത്തിന്റെ വിത്തുകളുണ്ടായിരുന്നു.

ധാക്കയിലെ അന്നത്തെ നവാബ് (ഒരു മുസ്‌ലിമായിരുന്നു) ബ്രിട്ടീഷുകാരില്‍ നിന്നും 5 ലക്ഷം രൂപ കടം വാങ്ങിയിരുന്നു എന്നത് അധികമാരും അറിയാത്ത വസ്തുതയാണ്. പ്രസ്തുത ലോണ്‍ പാസാകണമെങ്കില്‍ നവാബിന് ബംഗാള്‍ വിഭജനത്തിന്റെ കാര്യത്തില്‍ ബ്രിട്ടീഷുകാരെ പിന്തുണക്കേണ്ടതുണ്ടായിരുന്നു.

1911-നും 1947-നും ഇടക്കുള്ള ചരിത്രമെന്നത് നിറയെ നിര്‍മിക്കപ്പെട്ട സത്യങ്ങളായിരുന്നു. എ.ഐ.സി.സിയിലേക്ക് സുബാഷ് ചന്ദ്രബോസിനെ തെരഞ്ഞെടുക്കുന്നതിനെ എന്തുകാരണത്താലാണ് മഹാത്മാ ഗാന്ധി എതിര്‍ത്തത് എന്ന് മനസ്സിലാക്കാന്‍ ശ്രമിച്ച് നോക്കൂ. മഹാത്മാ ഗാന്ധിയുടെ പക്കല്‍ വ്യക്തമായൊരു കാരണമുണ്ടായിരുന്നു എന്ന് എനിക്കുറപ്പുണ്ട്, പക്ഷെ ഗാന്ധിയന്‍മാര്‍ ഇന്ത്യന്‍ ജനതക്ക് അത് വിശദീകരിച്ചു കൊടുക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല.

രണ്ടാം ലോക മഹായുദ്ധം നടക്കുന്ന സമയത്ത്, ബ്രിട്ടന്‍ ആക്രമിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്, റൂസ്‌വെല്‍റ്റ് ഉടമ്പടിക്ക് ശേഷം ബ്രിട്ടനെ സഹായിക്കാന്‍ അമേരിക്ക തീരുമാനിച്ചു, യുദ്ധത്തിന് ശേഷം ഇന്ത്യ സ്വതന്ത്രമാവുമെന്ന് ഉറപ്പായിരുന്നു. അപ്പൊ പിന്നെ ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ ക്രെഡിറ്റ് ആര്‍ക്കെങ്കിലും അവകാശപ്പെടാന്‍ സാധിക്കുമോ.

എ.ഐ.സി.സിയുടെ പ്രസിഡന്റും ഇന്ത്യന്‍ മുസ്‌ലിംകളുടെ പ്രതിനിധിയുമായിരുന്ന മൗലാന അബുല്‍ കലാം ആസാദ് മരണം വരേക്കും ഇന്ത്യാ വിഭജനത്തിന് എതിരായിരുന്നു. ഇതേ നിലപാട് തന്നെയാണ് ആര്‍.എസ്.എസ്സും, ദയൂബന്ദ് പണ്ഡിതന്‍മാരും സ്വീകരിച്ചത്.

എ.ഐ.സി.സിയുടെ അവസാന തെരഞ്ഞെടുപ്പില്‍, മൊത്തം 13 വോട്ടില്‍ 12-ഉം സര്‍ദാര്‍ വല്ലഭായ് പട്ടേലിനായിരുന്നു ലഭിച്ചത്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന് ലഭിച്ചത് കേവലം ഒരു വോട്ട് മാത്രം. പിന്നെ എങ്ങനെയാണ് സര്‍ദാര്‍ വല്ലഭായ് പട്ടേലിന് പകരം പണ്ഡിറ്റ് ജവര്‍ഹര്‍ ലാല്‍ നെഹ്‌റു പ്രസിഡന്റായത്? ഇതിന്റെ ഉത്തരം ഞാന്‍ ഇന്ത്യന്‍ ചരിത്ര പണ്ഡിതന്‍മാര്‍ക്ക് വിട്ടു കൊടുക്കുന്നു.

ജിന്ന ഇന്ത്യന്‍ മുസ്‌ലിംകളെയാണ് പ്രതിനിധീകരിച്ചതെന്ന് എല്ലാവരും വിശ്വസിപ്പിക്കപ്പെട്ടു. അതേസമയം ദയൂബന്ദും, മൗലാന അബുല്‍ കലാം ആസാദും ഇന്ത്യാ വിഭജനത്തിന് എതിരായിരുന്നു എന്നതാണ് വസ്തുത.

ആരെയാണ് പണ്ഡിറ്റ് ജവഹര്‍ ലാല്‍ നെഹ്‌റു പ്രതിനിധീകരിച്ചത്? ഹിന്ദുക്കളെയാണോ? തീര്‍ച്ചയായും അല്ല. കാരണം ആര്‍.എസ്.എസ്സും, ഹിന്ദു മഹാസഭയും തുടക്കം തൊട്ടോ ഇന്ത്യയെ വിഭജിക്കുന്നതിന് എതിരായിരുന്നു.

മഹാത്മാ ഗാന്ധിയെ പിന്‍പറ്റുന്ന ആളായിരുന്നു പണ്ഡിറ്റ് ജവഹര്‍ ലാല്‍ നെഹ്‌റു എങ്കില്‍, പിന്നെന്തു കൊണ്ടാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം മഹാത്മ ഗാന്ധി ‘നിര്‍ദ്ദേശിച്ചത്’ പോലെ കോണ്‍ഗ്രസ്സിനെ പിരിച്ചു വിടാതിരുന്നത്?

ഇന്ത്യയെ വിഭജിക്കാന്‍ ഈ ‘നേതാക്കള്‍’ തീരുമാനിച്ചുറപ്പിച്ച സമയത്ത്, ഇന്ത്യയിലെ ജനങ്ങളുടെ ആഗ്രഹം അവര്‍ പരിഗണിച്ചിരുന്നോ? പാകിസ്താനിലേക്ക് പോകുന്നതിന് പകരം എന്തു കൊണ്ടാണ് കൂടുതല്‍ മുസ്‌ലിംകളും ഇന്ത്യയില്‍ തന്നെ തങ്ങിയത്? ‘ഇന്ത്യാ വിഭജനം അനിവാര്യമായിരുന്നെങ്കില്‍’  പിന്നെന്തു കൊണ്ടാണ് മാറ്റം സമാധാനപൂര്‍ണ്ണമാവാതിരുന്നത്? എന്തുകൊണ്ടാണ് തങ്ങളുടേതല്ലാത്ത കുറ്റത്തിന്റെ പേരില്‍ ദശലക്ഷകണക്കിന് വരുന്ന ഹിന്ദുക്കളും, സിഖുകളും, മുസ്‌ലിംകളും മരണപ്പെട്ടത്? ഇതാണോ സ്വാതന്ത്ര്യം? (ബ്രിട്ടീഷുകാര്‍ നല്‍കിയ) സൈന്യത്തിന് മേലുള്ള നിയന്ത്രണം ആര്‍ക്കായിരുന്നു?

1947 ആഗസ്റ്റ് 14-ന് വൈകീട്ട് എന്താണ് സംഭവിച്ചതെന്ന് ഏറിയോ കുറഞ്ഞോ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അതിന് ശേഷം എന്താണ് സംഭവിച്ചത് – നമുക്ക് പരിശോധിക്കാം :

ഇന്ത്യ
സര്‍ദാര്‍ വല്ലഭായ് പട്ടേലില്‍ നിന്നും കടുത്ത എതിര്‍പ്പ് ഉണ്ടായിരുന്നെങ്കിലും, സിവില്‍ സര്‍വ്വീസ് എന്ന് പറയപ്പെടുന്ന സംവിധാനം ‘നിലനിര്‍ത്താന്‍’ തന്നെ പണ്ഡിറ്റ് ജവഹര്‍ ലാല്‍ നെഹ്‌റു തീരുമാനിച്ചു. ബ്രിട്ടീഷുകാര്‍ രൂപം നല്‍കിയ കോണ്‍സ്റ്റിറ്റിയുന്റ് അസംബ്ലിയാണ് ഇന്ത്യന്‍ ഭരണഘടനയുടെ അവസാന രൂപം തയ്യാറാക്കിയത്. ഇന്ത്യന്‍ ജനതയുടെ ആഗ്രഹാഭിലാഷങ്ങളെ പ്രതിനിധീകരിക്കുന്ന ഒന്നായിരുന്നില്ല പ്രസ്തുത ഭരണഘടന. 1857-ന് ശേഷം ഇന്ത്യക്കാരെ അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷുകാര്‍ എഴുതിയുണ്ടാക്കിയ ഐ.പി.സിയും സി.ആര്‍.പി.സിയും അങ്ങനെ തന്നെ നിലനിര്‍ത്തപ്പെട്ടു. ഇന്ത്യ ഇന്നും ഒരു പോലിസ് സ്‌റ്റേറ്റായി തന്നെ തുടരുന്നു.

കാശ്മീര്‍ തര്‍ക്കം ഇന്നും ഇന്ത്യക്ക് ഭീഷണിയുയര്‍ത്തി കൊണ്ട് പരിഹരിക്കപ്പെടാതെ തുടരുകയാണ്. ഇന്ത്യയില്‍ തന്നെ ജീവിക്കാന്‍ തീരുമാനിച്ച ‘സ്വാതന്ത്ര്യ’ കാലത്തെ വിദ്യാസമ്പന്നരും, സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവരുമായിരുന്ന ഭൂരിപക്ഷം മുസ്‌ലിംകളും അവരുടെ സ്വന്തം നാട്ടില്‍ അഭയാര്‍ത്ഥികളും രണ്ടാം കിട പൗരന്മാരുമാകാന്‍ വിധിക്കപ്പെട്ടു.

എല്ലാ വര്‍ഷവും ആഗസ്റ്റ് 15-ന് മതാത്മകമായി തന്നെ നാം സ്വാതന്ത്ര്യ ദിനം ആചരിക്കുന്നുണ്ട്.  1947-കളില്‍ പൊലിഞ്ഞ ഇന്ത്യന്‍ ജീവനുകളെ കുറിച്ചോര്‍ത്തൊന്ന് വിതുമ്പാന്‍ പോലും നമുക്ക് സമയമില്ല. ഇന്നും നാം സ്വാതന്ത്ര്യത്തില്‍ നിന്നും ഏറെ അകലെയാണ്. രാജ ഭരണകാലത്തേത് പോലെ തന്നെ സാധാരണ പൗരന്‍മാര്‍ക്ക് ഗവണ്‍മെന്റിനെ ഭയമാണ്. ബ്രിട്ടീഷ് ഭരണകാലത്തെ അധികാരം പോലിസ് ഇന്നും അനുഭവിച്ചാസ്വദിക്കുന്നു.

പാകിസ്താന്‍
നിര്‍ഭാഗ്യകരമെന്നു പറയട്ടെ, രൂപീകരണ സമയത്ത് തന്നെ, എല്ലാ മുസ്‌ലിംകളെയും ഉള്‍ക്കൊള്ളാനുള്ള സ്ഥലവിശാലത പ്രസ്തുത മേഖലയില്‍ ഇല്ലെന്ന് പഞ്ചാബ്, സിന്ധ് എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്‌ലിംകള്‍ അന്ന് തുറന്ന് പ്രഖ്യാപിച്ചിരുന്നു. അതിനാല്‍ ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നും പലായനം ചെയ്ത് വന്ന ഭൂരിഭാഗം മുസ്‌ലിംകള്‍ക്കും കിഴക്കന്‍ പാകിസ്താനിലേക്ക് പോവുകയല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നുമില്ലാതായി.

ഇന്ത്യയുടെ ‘സഹായത്താല്‍’ കിഴക്കന്‍ പാകിസ്താന്‍ പിന്നീട് ബംഗ്ലാദേശ് ആയി മാറി. പാകിസ്താന്‍ എന്നത് ഇന്നും ഒരു ആശയമായി തന്നെ ‘തുടരുന്നു’. പാകിസ്താന്‍ ഇന്നും ഭരിച്ചു കൊണ്ടിരിക്കുന്ന പട്ടാളത്തില്‍ നിന്നും ഇതുവരെ പാകിസ്താന്‍ ജനതക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ടില്ല.

ബംഗ്ലാദേശ്
ഇന്ത്യന്‍ മണ്ണില്‍ നിന്നും ജന്മം കൊണ്ട ഏറ്റവും പുതിയ ‘ജനത’. ജല ലഭ്യത കൊണ്ട് സമ്പന്നമാണെങ്കിലും ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും ദരിദ്രരായ മുസ്‌ലിം ജനവിഭാഗം തിങ്ങിതാമസിക്കുന്നത് ഇവിടെയാണ്.

ദശലക്ഷകണക്കിന് ആളുകളുടെ ജീവന്‍ മാത്രമല്ല ഇന്ത്യാ വിഭജനത്തിലൂടെ പൊലിഞ്ഞു പോയത്. അതുമൂലം മഹത്തായ ഒരു നാഗരികതക്ക് സംഭവിച്ച സംസ്‌കാരിക നഷ്ടം ഒരിക്കലും തിട്ടപ്പെടുത്താന്‍ സാധിക്കില്ല. ഉദാഹരണത്തിന്, മുസ്‌ലിം വാസ്തുശില്‍പികളായിരുന്നു തലമുറകളോളം എല്ലാ ജൈന ക്ഷേത്രങ്ങളും നിര്‍മിച്ചിരുന്നത്. വിഭജനാനന്തരം, ഈ വാസ്തുശില്‍പികളെല്ലാം പാകിസ്താനിലേക്ക് പോവുകയുണ്ടായി. ഇപ്പോള്‍ ആ സമൂഹം അവിടത്തെ മുഖ്യ ഭിക്ഷാടകരാണ്. പാതിവഴിയില്‍ നിര്‍മാണം നിര്‍ത്തിവെക്കേണ്ടി വന്ന അന്നത്തെ ആ മനോഹര ജൈന ക്ഷേത്രങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ പിന്നീട് ഒരു വാസ്തുശില്‍പിയും അവശേഷിച്ചില്ല.

ഇരുഭാഗത്തും സംഭവിച്ച ആള്‍നാശം, മുസ്‌ലിംകള്‍ക്കെതിരെ ഹിന്ദുക്കളുടെയും സിഖുകാരുടെയും ഹൃദയങ്ങളില്‍ വെറുപ്പ് ആഴത്തില്‍ പടര്‍ന്ന് പിടിക്കുന്നതിന് ഇടയാക്കി. പാകിസ്താനിലേക്ക് പോകാതെ ഇന്ത്യയില്‍ തന്നെ തങ്ങിയ മുസ്‌ലിംകളാണ് പിന്നീട് ഇതിന്റെ ദുരിതപൂര്‍ണ്ണമായ ഭവിഷ്യത്തുകള്‍ അനുഭവിക്കേണ്ടി വന്നത്.

കഴിഞ്ഞത് കഴിഞ്ഞു. ഇന്നലെയും ഇന്നുമായി നമ്മെ ഭരിച്ചു കൊണ്ടിരിക്കുന്ന നേതാക്കള്‍ നമ്മുടെ അഭിപ്രായങ്ങളെയും ആഗ്രഹാഭിലാഷങ്ങളെയുമല്ല പ്രതിനിധീകരിച്ചതെന്ന് നാം ഇന്ത്യന്‍ ജനത (1857-ലെ ഇന്ത്യ) അനിവാര്യമായും തിരിച്ചറിയേണ്ടതുണ്ട്.

ഭീരവാദം മുന്‍നിര്‍ത്തി പ്രതിരോധത്തിന്റെയും യുദ്ധത്തിന്റെയും പേരില്‍ ഇന്ത്യയും പാകിസ്താനും ചിലവഴിക്കുന്ന പണം, ഇന്നും ഒരുപാട് പേരുടെ ജീവന്‍ അപഹരിക്കുന്നുണ്ട്. ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ മരിച്ചു വീഴുന്ന ഓരോരുത്തരും നമ്മുടെ കുടുംബക്കാര്‍ തന്നെയാണെന്ന് ഓര്‍ക്കുക. അവര്‍ക്ക് വേണ്ടി നാം കണ്ണീര്‍ പൊഴിക്കണം. അതാണ് മൗലാന അബുല്‍ കലാം ആസാദ് നമുക്ക് കാണിച്ചു തന്ന വഴി.

ചുരുക്കം ചില നേതാക്കള്‍ തമ്മില്‍ അഭിപ്രായഭിന്നതകള്‍ സംഭവിച്ചില്ലായിരുന്നെങ്കില്‍, ഇന്ത്യ അല്ലെങ്കില്‍ ഹിന്ദുസ്ഥാന്‍ ഒരിക്കലും വിഭജിക്കപ്പെടുമായിരുന്നില്ല. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയാവാന്‍ മനക്കോട്ട കെട്ടിയ രണ്ടു പേരില്‍ ഒരാളെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇന്ത്യ രണ്ടായി വിഭജിക്കപ്പെട്ടത്. ബാക്കിയെല്ലാം അതിന്റെ അനന്തരഫലങ്ങള്‍ മാത്രം.

വിഭജനം കൃത്രിമമായി ഉണ്ടാക്കിയതാണ്. ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ ജീവിക്കുന്നവരെല്ലാം ഹൃദയം കൊണ്ട് ഹിന്ദുസ്ഥാനികള്‍ തന്നെയാണ്. തീര്‍ച്ചയായും നാം വീണ്ടും ഒന്നിക്കുക തന്നെ ചെയ്യും.

‘സാരേ ജഹാംസെ അച്ഛാ
ഹിന്ദുസ്ഥാന്‍ ഹമാരാ’

അവലംബം:  scratchmysoul.com

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles