Current Date

Search
Close this search box.
Search
Close this search box.

എന്തുകൊണ്ട് ഞാന്‍ മോദി വിരോധിയായി?

modi2.jpg

ഇന്ന് എന്റെ ഒരു കൂട്ടുകാരന്‍ ഫേസ്ബുക്കിലൂടെ ചോദിച്ചു: ‘അഞ്ചാറ് മാസമായി നിങ്ങളുടെ പോസ്റ്റുകള്‍ ഞാന്‍ ശ്രദ്ധിക്കുന്നു. നിങ്ങളുടെ പോസ്റ്റുകള്‍ മോദിക്കും ബി.ജെ.പിക്കും എതിരാണെന്ന് അവ പരിശോധിച്ചപ്പോള്‍ എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചു. അതിന് ശക്തമായ വല്ല കാരണവും ഉണ്ടോ, അതല്ല മുസ്‌ലിം ആയതു കൊണ്ട് ബി.ജെ.പി വിരുദ്ധരാവണമെന്നുണ്ടോ?’

എന്തുകൊണ്ട് ഞാന്‍ നരേന്ദ്ര മോദിയെ എതിര്‍ക്കുന്നു എന്ന എന്റെ കൂട്ടുകാരന്റെ ചോദ്യത്തിന് നല്‍കിയ മറുപടിയാണ് ഇവിടെ കൊടുക്കുന്നത്. എന്റെ പോസ്റ്റുകള്‍ ആരെയെങ്കിലും സന്തോഷിപ്പിക്കാനോ അല്ലെങ്കില്‍ ആരെയെങ്കിലും അവഹേളിക്കാനോ അല്ലെന്ന് വ്യക്തമാക്കട്ടെ. എന്റെ പോസ്റ്റുകള്‍ മോദിക്കെതിരാണ്, എന്നാല്‍ അവയെല്ലാം ബി.ജെ.പി വിരുദ്ധമല്ല.

മുമ്പ് ഞാന്‍ കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, നിതീഷ്, ശിവസേന, എം.എന്‍.എസ് തുടങ്ങിയവക്കെതിരെയെല്ലാം എഴുതിയിരുന്നു. ഒമ്പത് മാസം മുമ്പ് മോദി പ്രധാനമന്ത്രിയായി തെരെഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ ദേശീയോദ്ഗ്രഥനത്തിനായി ഒരു പ്രവര്‍ത്തനവും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. ‘കലാപമുണ്ടാക്കി ഭരിക്കുക’ എന്നതിലാണ് മോദി വിശ്വസിക്കുന്നത്. ബ്രിട്ടീഷുകാര്‍ സ്വീകരിച്ച ‘ഭിന്നിപ്പിച്ച് ഭരിക്കുക’ എന്നതിന് സമാനമായ രീതിയാണത്.

2002 ലെ ഗുജറാത്ത് കലാപത്തിന് ശേഷമാണ് മോദിയില്‍ ഈ വികാരം ആരംഭിക്കുന്നത്. അന്ന് ഡല്‍ഹിയില്‍ എന്റെ യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസത്തിന്റെ ആദ്യദിനങ്ങളിലായിരുന്ന എനിക്ക് രാഷ്ട്രീയത്തെ കുറിച്ച് വളരെ കുറച്ച് മാത്രമേ അറിയുമായിരുന്നുള്ളൂ. എങ്കിലും ഗുജറാത്ത് കലാപ സമയത്തും ശേഷവും ഡല്‍ഹിയില്‍ നിരവധി പ്രതിഷേധ റാലികളും ധര്‍ണകളും നടന്നിരുന്നു. ഒരു വിദ്യാര്‍ഥിയെന്ന നിലയില്‍ പലതിലും ഞാന്‍ പങ്കെടുക്കുകയും ചെയ്തു. അത്തരത്തില്‍ ജെ.എന്‍.യു വില്‍ നടന്ന ഒരു പരിപാടിയില്‍ നഫീസ അലി, നന്ദിത ദാസ് അടക്കമുള്ള പല സാമൂഹ്യ പ്രവര്‍ത്തകരുടെയും വാക്കുകള്‍ ശ്രവിക്കാന്‍ എനിക്ക് അവസരം കിട്ടി. ഗുജറാത്തിലെ ദാരുണമായ അവസ്ഥ വിവരിച്ചപ്പോള്‍ നന്ദിത ദാസ് പലതവണ പൊട്ടിക്കരഞ്ഞു പോയി. ന്യൂനപക്ഷങ്ങളെ അക്രമിക്കാന്‍ അനുവദിക്കുക മാത്രമല്ല മോദി ചെയ്തത്, കൂട്ടക്കൊലക്ക് ശേഷം റിലീഫ് സഹായവുമായി ചെന്ന ട്രക്കുകള്‍ക്ക് പ്രവേശനാനുമതി നിഷേധിക്കുകയും ചെയ്തു. ജെ.എന്‍.യുവില്‍ വെച്ച് നന്ദിതാ ദാസില്‍ നിന്ന് ഞാന്‍ കേട്ട വാക്കുകളാണിത്. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്ക് എങ്ങനെ ഇത്രത്തോളം ക്രൂരനാവാന്‍ സാധിക്കും?

അതിലുപരിയായി എല്ലാം നഷ്ടപ്പെട്ട ന്യൂനപക്ഷങ്ങള്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ മാസങ്ങളോളം താമസിക്കാന്‍ നിര്‍ബന്ധിതരായി. ഒരു പ്രത്യേക സമുദായത്തെ അവഹേളിച്ചു കൊണ്ട് മോദി ആ ക്യാമ്പുകളെ വിശേഷിപ്പിച്ചത് ‘കുട്ടികളെയുണ്ടാക്കുന്ന ഫാക്ടറികള്‍’ എന്നായിരുന്നു. 2002 കൂട്ടകൊലക്ക് ശേഷം മോദി ഗൗരവ് യാത്ര നടത്തി. സാക്ഷി മഹാരാജും സാധ്‌വി പ്രാചിയുമൊന്നും മോദിക്ക് മുന്നില്‍ ഒന്നുമല്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു വിഷം വമിക്കുന്ന അദ്ദേഹത്തിന്റെ അന്നത്തെ സംസാരം.

ഗുജറാത്ത് നമുക്ക് പൊറുക്കുകയും മറക്കുകയും ചെയ്തു കൂടേ എന്നതാണ് ഇപ്പോഴത്തെ ചോദ്യം. അതെ, നമുക്ക് രാഷ്ട്രത്തിന്റെ വിശാലമായ താല്‍പര്യങ്ങള്‍ക്കായി നമുക്ക് ചിന്തിക്കാം. ഒരു പ്രധാനമന്ത്രിയെന്ന നിലയില്‍ മോദി മാറുമെന്നും 2014 തെരെഞ്ഞെടുപ്പിന് മുമ്പ് നടത്തിയ വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിക്കുമെന്നുമാണ് നമ്മില്‍ മിക്കവരും വലിയൊരു വിഭാഗം സമ്മതിദായകരും കരുതിയിരുന്നത്.

2014 തെരെഞ്ഞെടുപ്പിന് മുമ്പും ഞാന്‍ മോദിയെ വിമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ മോദിയെ കുറിച്ച എന്റെ പ്രതീക്ഷകള്‍ തെറ്റായിരിക്കട്ടെ എന്നായിരുന്നു ഞാന്‍ മോഹിച്ചത്. 2014 മെയ് 16-ന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യം വിലയിരുത്തുമ്പോള്‍ അധികാരം ലഭിക്കുന്നതിന് മുമ്പുള്ള അതേ മോദി തന്നെയാണ് ഇപ്പോഴുമെന്ന് മനസ്സിലാക്കാം. അദ്ദേഹം വിഷം തുപ്പിയില്ലെങ്കിലും തന്റെ പാര്‍ട്ടി സഹകാരികളായ സാക്ഷി മഹാരാജ്, സാധ്‌വി പ്രാചി, യോഗി ആദിത്യനാഥ് തുടങ്ങിയവരെ എല്ലാ വിധത്തിലും അതിന് അനുവദിക്കുകയായിരുന്നു. അവര്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ, പ്രത്യേകിച്ചും മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും എതിരെ വിഷം വമിച്ചു.

ദേശീയ തലസ്ഥാനത്ത് അദ്ദേഹത്തിന്റെ മൂക്കിന് താഴെ ചര്‍ച്ചുകള്‍ക്ക് നേരെ നിരവധി അക്രമണങ്ങളുണ്ടായി. ഈ അക്രമിസംഘങ്ങളെയും സാമൂഹ്യ വിരുദ്ധ ശക്തികളെയും നിലക്ക് നിര്‍ത്തേണ്ട ഉത്തരവാദിത്വം ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ പ്രധാനമന്ത്രി എന്ന നിലക്ക് അദ്ദേഹത്തിനുണ്ടെന്ന് നിങ്ങള്‍ കരുതുന്നില്ലേ. 2014 മെയ് മാസത്തിന് മുമ്പ് നേരിട്ടുള്ള വിദേശ നിക്ഷേപത്തെയും ആണവകരാറിനെയും കുറിച്ച് ബി.ജെ.പിക്കുണ്ടായിരുന്ന നിലപാടല്ല അദ്ദേഹമിപ്പോള്‍ പറയുന്നത്. ഇത്തരം കലുഷിതമായ അന്തരീക്ഷമുള്ള ഒരു രാജ്യത്ത് നിക്ഷേപം നടത്താന്‍ വിദേശ കമ്പനികളും രാഷ്ട്രങ്ങളും രണ്ടുവട്ടം ആലോചിക്കുമെന്ന് സമ്പദ്ഘടനയെയും രാഷ്ട്രീയത്തെയും കുറിച്ച് കുറച്ചൊക്കെ മനസ്സിലാക്കിയിട്ടുള്ള എന്നെ പോലുള്ള ഒരു സാധാരണക്കാരന് പറയാന്‍ സാധിക്കും. കഴിഞ്ഞ ആറുമാസത്തില്‍ വിദേശ നിക്ഷേപത്തില്‍ വലിയ വീഴ്ച്ചയാണ് വന്നിട്ടുള്ളതെന്നാണ് റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ആര്‍.എസ്.എസിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഇന്ത്യന്‍ ജനതയെ മെരുക്കിയെടുക്കാന്‍ താല്‍പര്യപ്പെടുന്ന ഒരു ഏകാധിപതിയെ കുറിച്ച വ്യക്തമായ സൂചനകളായിരുന്നു ഡല്‍ഹി തെരെഞ്ഞെടുപ്പുകാലത്തെ അദ്ദേഹത്തിന്റെ പെരുമാറ്റം പ്രകടമാക്കിയത്. ഗര്‍വാപസി, ലൗജിഹാദ് തുടങ്ങിയ വിഷയങ്ങളെ കുറിച്ച് മാസങ്ങളായി അദ്ദേഹം മൗനം പാലിക്കുകയാണ്. തെരെഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹം വാചാലനായിരുന്ന ഗുജറാത്ത് മോഡല്‍ ഇതായിരുന്നുവോ?

എന്റെ അഭിപ്രായത്തില്‍ മോദി ഒരു വാചകകസര്‍ത്തുകാരന്‍ മാത്രമാണ്. വ്യവസായ മാധ്യമ രംഗത്തെ കൂട്ടാളികളുടെ സഹായത്തോടെ ഇന്ത്യന്‍ സമ്മതിദായകരെ തെറ്റിധരിപ്പിക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. മോദിയെ നല്ല ഒരു ഭരണാധികാരിയായി അവതരിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍ക്കും വ്യവസായികള്‍ക്കും അവരുടെ നിഷിപ്ത താല്‍പര്യങ്ങുണ്ട്. അദ്ദേഹത്തിന്റെ ഉദ്ദേശ്യത്തെ വിലയിരുത്താന്‍ ഒമ്പത് മാസം തന്നെ മതിയായ കാലയളവാണ്.

ഇപ്പോള്‍ നടന്ന ഡല്‍ഹി തെരെഞ്ഞെടുപ്പ് ഫലം തീര്‍ച്ചയായും മോദി സര്‍ക്കാറിനുള്ള ജനഹിതപരിശോധനയാണ്. മോദി തന്റെ ഉത്തരവാദിത്വത്തില്‍ ശ്രദ്ധ ചെലുത്തി രാഷ്ട്രത്തിന്റെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കണമെന്നാണ് നാം ആഗ്രഹിക്കുന്നത്. ചുരുങ്ങിയത് വിദേശയാത്രകള്‍ കുറക്കുകയെങ്കിലും വേണം. വിദേശകാര്യം കൈകാര്യം ചെയ്യാന്‍ സുഷമ സ്വരാജിന് തന്നെ ശേഷിയുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. സാധു, സാധ്‌വി, മുല്ലാ, ബാബാമാരെയെല്ലാം സര്‍ക്കാറിന് പുറത്താക്കണമെന്നാണ് നരേന്ദ്രമോദിയോടുള്ള എന്റെ ആത്മാര്‍ത്ഥമായ അപേക്ഷ. യഥാര്‍ത്ഥത്തില്‍ ഞങ്ങള്‍ക്ക് വേണ്ടത് വികസനമാണ്, ഇന്ത്യയെ വിഭജിക്കലല്ല.
(യു.കെയിലെ സൗത്ത്ആംപ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ മെഡിസിന്‍ വിഭാഗത്തില്‍ പോസ്റ്റ് ഡോക്ടറല്‍ സയന്റിസ്റ്റാണ് ഡോ. മുംതാസ് നൈയെര്‍)

അവലംബം : muslimmirror

Related Articles