Current Date

Search
Close this search box.
Search
Close this search box.

എത്രത്തോളം ആത്മാര്‍ഥമാണ് മുത്വലാഖ് ഫോബിയ?

muslim-woman.jpg

മുത്വലാഖിന് വേണ്ടി വാദിക്കുന്ന ഒരാളല്ല ഞാന്‍. ഇസ്‌ലാമിക നിയത്തില്‍ വരുത്തിയിട്ടുള്ള വളച്ചൊടിക്കലായിട്ടാണ് ഞാനതിനെ മനസ്സിലാക്കുന്നത്. അതേസമയം ഒരു സമുദായത്തിന്റെയോ വിഭാഗത്തിന്റെയോ വ്യക്തിനിയമങ്ങളില്‍ ഭരണകൂടം ഇടപെടുന്നത് എനിക്ക് അംഗീകരിക്കാനാവില്ല. മുത്വലാഖ് നിയമം മൂലം നിരോധിച്ചാലും പണ്ഡിതന്‍മാരുടെ പിന്തുണയില്ലാതെ അത് നടപ്പാക്കാനാവില്ലെന്നതാണ് യാഥാര്‍ഥ്യം. മുസ്‌ലിം സമൂഹത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള താല്‍പര്യത്തില്‍ കവിഞ്ഞ മുസ്‌ലിം സ്ത്രീയുടെ ക്ഷേമമൊന്നും മുത്വലാഖിനെതിരെയുള്ള ഒച്ചപ്പാടുകളില്‍ ഇല്ല. ഒരു നിരോധനം നടപ്പാക്കിയാല്‍ തന്നെ പ്രശംസനീയമായ ഫലമൊന്നും പ്രായോഗിക രംഗത്ത് അതുണ്ടാക്കുകയുമില്ല. ബന്ധം പുനരാരംഭിക്കാന്‍ താല്‍പര്യപ്പെടുന്ന ദമ്പതികള്‍ക്ക് ഒരു പക്ഷേ നിരോധനം സഹായകമായേക്കും. എന്നാല്‍ അതിന് ഒരു നിരോധനത്തിന്റെ ആവശ്യമില്ല. മുത്വലാഖ് അംഗീകരിക്കാത്ത വിഭാഗത്തിലെ മുഫ്തിമാരെ സമീപിച്ചാല്‍ തീരാവുന്നതേ ഉള്ളൂ അത്.

കൃത്യമായ കോര്‍പറേറ്റ്, വര്‍ഗീയ അജണ്ടകളോടെയാണ് ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയിരിക്കുന്നത്. അതിന് മതിയായ തെളിവുകളാണ് കഴിഞ്ഞ രണ്ടര വര്‍ഷത്തെ ഭരണം നല്‍കുന്നത്. മാധ്യമങ്ങളില്‍ വര്‍ഗീയ വിഷയങ്ങളില്ലാതെ ഒരു ദിവസം പോലും കടന്നു പോയിട്ടില്ലെന്ന് തന്നെ പറയാം. എന്നാല്‍ മതപരമോ വര്‍ഗീയമോ ആയ അജണ്ടയുടെ ഭാഗത്തു നിന്നും കോര്‍പറേറ്റ് അജണ്ട വെല്ലുവിളി നേരിടുന്ന സാഹചര്യത്തില്‍ കോര്‍പറേറ്റ് അജണ്ടയാണ് അതിജയിക്കുന്നത്. രാജ്യത്തെ മദ്യത്തിന്റെ ഉപയോഗവും വേശ്യാവൃത്തിയും ഹിന്ദു ധര്‍മമാണ് തങ്ങളുടെ പ്രചോദനം എന്ന് വീമ്പുപറയുന്ന പാര്‍ട്ടിയുടെ സര്‍ക്കാറിന് പരിഗണനാ വിഷയമാവുന്നില്ലെങ്കില്‍ എന്ത് വിശദീകരണമാണ് അതിനുള്ളത്? മറ്റാരെക്കാളും സ്ത്രീകളെ ബാധിക്കുന്ന പ്രശ്‌നങ്ങളാണവ. മദ്യത്തിനും വേശ്യാവൃത്തിക്കും സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്താന്‍ എന്തുകൊണ്ട് പിന്തുണ ലഭിക്കുന്നില്ല? ഹിന്ദു വിഭാഗത്തില്‍ പെട്ടവരടക്കമുള്ള സ്ത്രീകള്‍ക്ക് അവരുടെ രക്ഷിതാക്കളുടെ സ്വത്തില്‍ നിന്നുള്ള ഓഹരി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ല? എന്തുകൊണ്ട് സര്‍ക്കാര്‍ ഭ്രൂണഹത്യക്കെതിരെ ശക്തമായി രംഗത്ത് വരുന്നില്ല? എന്തുകൊണ്ട് അവരുടെ താല്‍പര്യം മുത്വലാഖിന്റെ ഇരകളില്‍ ഒരുതുങ്ങുന്നു?

വേശ്യാവൃത്തി വര്‍ധിക്കുന്നു എന്ന് മാത്രമല്ല, എച്ച്.ഐ.വി വൈറസിന് വളരാനുള്ള വിശാലമായ ആവാസവ്യവസ്ഥ അതൊരുക്കുകയും ചെയ്യുന്നു. നുപൂര്‍ ദോഗ്ര തയ്യാറാക്കിയ Prostitution in India: The Staggering Numbers And The Stagnant Legality എന്ന തലക്കെട്ടിലുള്ള റിപോര്‍ട്ട് പറയുന്നു: ”ഇന്ത്യയില്‍ 40,000 കോടി വാര്‍ഷിക വരുമാനമുള്ള ബിസിനസാണിന്ന് വേശാവൃത്തി. ഈ പണമെല്ലാം എന്തിനാണ് ഉപയോഗപ്പെടുത്തപ്പെടുന്നതെന്ന് ആര്‍ക്കും അറിയില്ല. ഭീകരമായ കുറ്റകൃത്യങ്ങളിലേക്കാണ് ഈ കള്ളപ്പണം ഒഴുക്കപ്പെടുന്നത്. സമൂഹത്തിനും സമ്പദ്‌വ്യവസ്ഥക്കും മാരകമായ പരിക്കാണത് ഏര്‍പിക്കുക. ഒരു സര്‍വേ പ്രകാരം ഇന്ത്യയില്‍ ഒരു ദശലക്ഷത്തോളം ലൈംഗിക തൊഴിലാളികളാണുള്ളത്. അതില്‍ ഒരു ലക്ഷം മുംബൈയില്‍ തന്നെയാണുള്ളത്. ഇന്ത്യയില്‍ ലൈംഗിക വ്യാപാരത്തിന്റെ ഭാഗമായ മൂന്ന് ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ കുട്ടികളുണ്ട്. ബംഗളൂരു അടക്കമുള്ള അഞ്ച് നഗരങ്ങളിലാണ് രാജ്യത്തെ 80 ശതമാനം കുട്ടി വേശ്യകളുള്ളത്. ഇന്ത്യയില്‍ വ്യഭിചാരം എത്രത്തോളം വ്യാപകമാണിതെന്നാണിത് കാണിക്കുന്നത്.

‘ലൈംഗിക തൊഴിലാളി’കളായി രെജിസ്റ്റര്‍ ചെയ്തവരുടേത് മാത്രമാണ് ഔദ്യോഗിക കണക്കുകളില്‍ വരുന്നത്. യഥാര്‍ഥ സംഖ്യകള്‍ അതിനും എത്രയോ മുകളിലായിരിക്കുമെന്നതാണ് വസ്തുത. ടൈംസ് ഓഫ് ഇന്ത്യയില്‍ വന്ന ഒരു റിപോര്‍ട്ട് നോക്കുക: ”ഇന്ത്യയില്‍ മൂന്ന് ദശലക്ഷത്തിലേറെ ലൈംഗിക തൊഴിലാളികളുണ്ടെന്ന് 2007ല്‍ വനിതാ ശിശു ക്ഷേമ മന്ത്രാലയം റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. അതില്‍ 35.47 ശതമാനവും 18 വയസ്സിന് മുമ്പ് ഈ രംഗത്തേക്ക് കടന്നു വന്നവരാണ്. 1997നും 2004നും ഇടയില്‍ വേശ്യകളുടെ എണ്ണത്തില്‍ 50 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്.”

”രാജ്യത്ത് രെജിസ്റ്റര്‍ ചെയ്ത 688,751 ലൈംഗിക തൊഴിലാളികളുണ്ട്. അവര്‍ക്ക് ലൈംഗികമായി പകരുന്ന രോഗങ്ങളില്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്ന് നിര്‍ബന്ധമൊന്നുമില്ല.” ഈ രണ്ട് വിവരങ്ങളും -വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷക്ക് സര്‍ക്കാര്‍ നല്‍കിയ മറുപടി – ചേര്‍ത്ത് വായിക്കുമ്പോള്‍ ഇന്ത്യയിലെ എച്ച്.ഐ.വി വ്യാപനത്തെ സംബന്ധിച്ച കടുത്ത മുന്നറിയിപ്പാണത് നല്‍കുന്നത്.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം ലൈംഗിക തൊഴിലാളികളുള്ളതെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ മറുപടി വെളിപ്പെടുത്തുന്നു. ഏറ്റവും ചുരുങ്ങിയത് ഔദ്യോഗിക കണക്കുകളിലെങ്കിലും അതങ്ങനെയാണ്. ഒരു ലക്ഷത്തില്‍ പരം രജിസ്റ്റര്‍ ചെയ്ത ലൈംഗിക തൊഴിലാളികളുള്ള ആന്ധ്രപ്രദേശാണ് അതില്‍ മുന്‍പന്തിയിലുള്ളത്. അതേസമയം കര്‍ണാടകയില്‍ 79,000 ലൈംഗിക തൊഴിലാളികളുണ്ട്. അവക്കു പുറകെ തമിഴ്‌നാട്, മഹാരാഷ്ട്ര, വെസ്റ്റ്ബംഗാള്‍ എന്നീ സംസ്ഥാനങ്ങളുമുണ്ട്. ഏറ്റവും കുറവ് ലൈംഗിക തൊഴിലാളികളുള്ളത് ജമ്മു കശ്മീരിലാണ്. 259 പേരാണ് അവിടെയുള്ളത്.

മെട്രോ നഗരങ്ങളില്‍ ഡല്‍ഹിയാണ് ഏറ്റവും മുന്‍നിരയില്‍. തലസ്ഥാനമാണെങ്കിലും ജി.ബി റോഡ് എന്ന അറിയപ്പെടുന്ന ചുവന്ന തെരുവ് തന്നെ അവിടെയുണ്ട്. 37,900 ലൈംഗിക തൊഴിലാളികളാണ് അവിടെയുള്ളത്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലേതിനേക്കാള്‍ കൂടുതലാണിത്.

വേശ്യാവൃത്തിയിലേര്‍പ്പെടുന്ന സ്ത്രീകളെ മാത്രമല്ല, നൂറുകണക്കിന് മറ്റു സ്ത്രീകളെയും അവരുടെ കുടുംബങ്ങളെയും പരോക്ഷമായി ബാധിക്കുന്ന വിഷയമാണിത്. ഇന്ത്യയില്‍ മൂന്ന് ലക്ഷത്തിലേറെ എയ്ഡ്‌സ് ബാധിതരുണ്ടെന്നാണ് കണക്ക്. വേശ്യാവൃത്തിയിലേര്‍പ്പെട്ട സ്ത്രീകള്‍ മാത്രമല്ല അക്കൂട്ടത്തിലുള്ളത്. തങ്ങളുടെ ഭര്‍ത്താക്കന്‍മാരുടെയോ കാമുകന്‍മാരുടെയോ വേശ്യകളുമായുള്ള സഹവാസം മൂലം രോഗം കിട്ടിയ എത്രയോ പേരുണ്ട്. അതിനും പുറമെ ഒരു തരത്തില്‍ വഴിയാധാരമാക്കപ്പെട്ട എയ്ഡ്‌സ് ബാധിതകരുടെ ഭാര്യമാരായ നിരവധി സ്ത്രീകളുമുണ്ട്.

എന്നാല്‍ എന്തുകൊണ്ട് സര്‍ക്കാര്‍ വേശ്യാവൃത്തിക്കും അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ക്കും അശ്ലീലതക്കും വിലക്കേര്‍പ്പെടുത്തുന്നില്ല? അവക്ക് നിരോധനമേര്‍പ്പെടുത്തിയാല്‍ തങ്ങളുടെ കച്ചവട താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാവും. പ്രസ്തുത വ്യാപാര താല്‍പര്യം ഉയര്‍ത്തിപ്പിടിക്കുന്ന ഫെമിനിസത്തിന്റെ പ്രായോജകരാവാന്‍ മാത്രമേ അവര്‍ക്ക് സാധിക്കൂ. സ്ത്രീകളുടെ യഥാര്‍ഥ അവകാശങ്ങള്‍ക്ക് വേണ്ടിയല്ല അവര്‍ നിലകൊള്ളുന്നത്.

മദ്യത്തിന്റെ കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ. ചെന്നൈയിലെ രംഗനാഥന്‍ ക്ലിനിക്കല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ വ്യക്തമാക്കുന്നു: ”ഇന്ത്യയില്‍ 62.5 ദശലക്ഷം മദ്യത്തിന്റെ ഉപയോക്താക്കള്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യയിലെ വര്‍ധിച്ച ജനസംഖ്യ കാരണം, ആല്‍ക്കഹോള്‍ ഉല്‍പന്നങ്ങളുടെ ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ മാര്‍ക്കറ്റായിട്ടാണ് ഇന്ത്യ കണക്കാക്കപ്പെടുന്നത്. അന്താരാഷ്ട്ര മദ്യ കമ്പനികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ കാരണവും അതാണ്. ആല്‍ക്കഹോളിന്റെ മാര്‍ക്കറ്റിന് വര്‍ഷത്തില്‍  6 ശതമാനം ക്രമാനുഗത വളര്‍ച്ചയുണ്ടെന്നാണ് റിപോര്‍ട്ട് വ്യക്തമാക്കുന്നത്. അത് എട്ട് ശതമാനത്തിലേക്ക് ഉയരുമെന്നും കണക്കാക്കപ്പെടുന്നു.

ആല്‍ക്കഹോളും പൊതുജനാരോഗ്യവും സംബന്ധിച്ച റിപോര്‍ട്ടില്‍ ഡോ. വിവേക് ബെനെഗല്‍ മദ്യമുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് വിവരിക്കുന്നുണ്ട്. മദ്യം അത് ഉപയോഗിക്കുന്നവരെ മാത്രമല്ല കൊല്ലുന്നത്. ആക്‌സിഡന്റുകളിലും കൊലപാതകങ്ങളിലും ആത്മഹത്യയിലും ബലാല്‍സംഗങ്ങളിലുമെല്ലാം പ്രധാന വില്ലനായി അത് നിലകൊള്ളുന്നു. ഒരു റിപോര്‍ട്ട് പറയുന്നു: ഇന്ത്യയില്‍ ഓരോ വര്‍ഷവും 1.34 ലക്ഷം വിപത്തുകളാണ് റോഡപകടങ്ങളിലുണ്ടാവുന്നത്. അതില്‍ 70 ശതമാനവും മദ്യപിച്ച് വാഹനമോടിക്കുന്നതിന്റെ ഫലമാണ്. വിലപ്പെട്ട ജീവനുകളെ അപായപ്പെടുത്തുന്നതില്‍ ഹൈവേകളില്‍ കൂണ്‍പോലെ മുളച്ചിരിക്കുന്ന മദ്യവില്‍പന കേന്ദ്രങ്ങള്‍ക്ക് പങ്കില്ലേ എന്ന ചോദ്യമാണ് ഇവിടെ ഉയര്‍ത്താനുള്ളത്.

അതിലുപരിയായി ഹിന്ദുക്കളും മുസ്‌ലിംകളും അടക്കമുള്ള ഇന്ത്യയിലെ ബഹുഭൂരിപക്ഷവും മദ്യം നിരോധിക്കണമെന്നാവശ്യപ്പെടുന്നവരാണ്. വളരെ ചുരുക്കം സ്ത്രീകളൊഴിച്ച് ഒട്ടുമിക്ക സ്ത്രീകളും മദ്യം നിരോധിക്കണമെന്ന് അഭിപ്രായപ്പെടുന്നവരാണ്. കേരളത്തിലെ 98 ശതമാനം സ്ത്രീകളും 86 പുരുഷന്‍മാരും മദ്യ നിരോധനത്തെ അനുകൂലിക്കുന്നവരാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ ഒരു റിപോര്‍ട്ട് പറയുന്നത്.

സ്ത്രീകളെ പരിഗണിക്കുകയും ഹിന്ദു ധര്‍മമനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു സര്‍ക്കാറായിരുന്നു കാലതാമസം വരുത്താതെ അതിന് നിരോധനം ഏര്‍പ്പെടുത്തുകയാണ് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ മതത്തേക്കാള്‍ അത് കൂറു പുലര്‍ത്തുന്നത് മാര്‍ക്കറ്റിനോടാണ്. സ്ത്രീകളുടെ സ്ഥാനത്തിലും അത് തന്നെയാണ് അവസ്ഥ. ടെലിവിഷന്‍ സീരിയലുകളിലും പരസ്യങ്ങളിലുമുള്ള നഗ്നതാ പ്രദര്‍ശനവും ആഭാസങ്ങളും കഴിഞ്ഞ വര്‍ഷങ്ങളില്‍ വര്‍ധിക്കുകയാണ് ഉണ്ടായിട്ടുള്ളത്. ലൈംഗികമായ പ്രകോപനം സൃഷ്ടിക്കുന്ന വസ്ത്രങ്ങളും വസ്തുക്കള്‍ക്കും മേല്‍ ഒരു നിയന്ത്രണവും അവര്‍ ഏര്‍പ്പെടുത്തുന്നില്ല. അത് ലൈംഗികാതിക്രമങ്ങള്‍ കുതിച്ചുയരുന്നതിന് കാരണമാകുന്നുണ്ടെങ്കിലും മാര്‍ക്കറ്റും മീഡിയകളും അതിനവരെ അനുവദിക്കുകയില്ല.

സ്ത്രീകളുടെ അവകാശം ഉറപ്പാക്കുന്നതില്‍ മോദി സര്‍ക്കാര്‍ ആത്മാര്‍ഥമായി താല്‍പര്യം കാണിക്കുന്നുവെങ്കില്‍ മതത്തിന്റെ അതിരുകള്‍ക്കപ്പുറം സ്ത്രീകള്‍ക്ക് അവരുടെ രക്ഷിതാക്കളുടെ സ്വത്തിലുള്ള അവകാശം ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കണം. മുസ്‌ലിം സമുദായത്തില്‍ മാത്രമല്ല വീഴ്ച്ചകളുള്ളത്. ഹിന്ദു സമൂഹത്തിലും ഗുരുതരമായ വീഴ്ച്ചകളുണ്ട്. ഏത് ഹിന്ദു സ്ത്രീക്കും തന്റെ രക്ഷിതാവിന്റെ സ്വത്തില്‍ ഓഹരി ലഭിക്കുന്നതിനുള്ള പുതിയ നിയമം ഉണ്ടായിരിക്കെ തന്നെയുള്ള അവസ്ഥയെ കുറിച്ച് Property: Daughter has share but father has will എന്ന തലക്കെട്ടില്‍ ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച റിപോര്‍ട്ടില്‍ പറയുന്നു: ”….. ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തിലെ ആറാം വകുപ്പനുസരിച്ച് മകനും മകള്‍ക്കും മാതാപിതാക്കളുടെ സ്വത്തില്‍ തുല്യാവകാശവും ബാധ്യതയുമാണുള്ളതെങ്കിലും രാജ്യത്ത് അത് നടപ്പാക്കിയതിന്റെ വളരെ ചുരുക്കം വിവരങ്ങള്‍ മാത്രമേ ലഭ്യമായിട്ടുള്ളൂ.” 2005ല്‍ വന്നിട്ടുള്ള ഈ ഭേദഗതി പ്രായോഗിക രംഗത്ത് കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടാക്കിയില്ലെന്നതാണ് യാഥാര്‍ഥ്യം.

ചുരുക്കത്തില്‍, മുത്വലാഖ് വിഷയത്തില്‍ വിവാദങ്ങളുണ്ടാക്കുന്നതിന് പകരം വേശ്യാവൃത്തിയും ഭ്രൂണഹത്യയും മദ്യം കൊണ്ടുണ്ടാകുന്ന ദുരന്തങ്ങളും ഉന്മൂലനം ചെയ്യുന്നതിനുള്ള ശക്തമായ കാല്‍വെപ്പുകള്‍ സ്വീകരിക്കാനും സ്ത്രീക്ക് അവരുടെ രക്ഷിതാക്കളില്‍ നിന്നും സഹോദരങ്ങളില്‍ നിന്നുമുള്ള ന്യായമായ അവകാശങ്ങള്‍ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്താനുമാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടത്.

മൊഴിമാറ്റം: നസീഫ്

Related Articles