Current Date

Search
Close this search box.
Search
Close this search box.

ഈ അമ്മമാര്‍ക്ക് വേണ്ടി ഭാരത മാതാവ് കണ്ണീരൊഴുക്കുമോ?

mom-victim.jpg

1976-നും 1983-നും ഇടയിലെ അര്‍ജന്റീനയിലെ പട്ടാള ഭരണത്തിനിടെ, പട്ടാളത്താല്‍ കൊലചെയ്യപ്പെടുകയും, കാണാതാവുകയും ചെയ്ത തങ്ങളുടെ മക്കള്‍ക്ക് വേണ്ടി ഒരു കൂട്ടം മാതാക്കള്‍ പ്രതിഷേധിച്ചു കൊണ്ട് രംഗത്ത് വരികയുണ്ടായി. ‘Mothers of the Plaza de Mayo’ എന്നാണ് ആ മാതാക്കള്‍ അറിയപ്പെട്ടത്. അവര്‍ ഭരണകൂട ഭീകരതക്കെതിരെ വെല്ലുവിളി ഉയര്‍ത്തുകയും, എല്ലാ ആഴ്ച്ചയും പ്രസിഡന്റിന്റെ കൊട്ടാരത്തിന് മുന്നില്‍ ഒത്തുകൂടുകയും നീതിക്ക് വേണ്ടി ശബ്ദിക്കുകയും ചെയ്തു.

ആ മാതാക്കളുടെ ധീരമായ ചെറുത്തുനില്‍പ്പിന് മുന്നില്‍ ഗത്യന്തരമില്ലാതെ, തങ്ങള്‍ തട്ടിക്കൊണ്ടു പോയി പീഢനത്തിന് ഇരയാക്കിയ ആയിരക്കണക്കിന് വരുന്ന അര്‍ജന്റീനക്കാരെ കുറിച്ചുള്ള വിവരങ്ങള്‍ സൈന്യത്തിന് പുറത്ത് വിടേണ്ടി വന്നു. കൂടാതെ, 1970കളിലും 80കളിലും ലാറ്റിനമേരിക്കയില്‍ ഉടനീളം സംഭവിച്ച മനുഷ്യാവകാശ ലംഘനങ്ങളിലേക്കും, തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ ഗവണ്‍മെന്റുകളിലെ അട്ടിമറിച്ചതിലേക്കും ലോകത്തിന് ശ്രദ്ധതിരിക്കേണ്ടിയും വന്നു.

സാമൂഹിക വ്യവഹാരത്തില്‍, കുഞ്ഞിനെ വളര്‍ത്തുക എന്ന കേവല ദൗത്യത്തിന് അപ്പുറത്തേക്ക് കരുണാവാരിധിയായ ഒരു മാതാവിന്റെ കര്‍മ്മമണ്ഡലം വളരുന്നത് അപൂര്‍വ്വമാണ്. സാമൂഹ്യമണ്ഡലത്തിലെ പുറംപ്രതലങ്ങളില്‍ പുരുഷന് തന്നെയാണ് മേധാവിത്വം ഉള്ളത്.

പക്ഷെ നിശബ്ദത ഭഞ്ജിച്ച് കൊണ്ട് രംഗത്ത് വന്ന സ്ത്രീകളുണ്ട്, അവരുടെ പ്രവര്‍ത്തനങ്ങള്‍ എല്ലായ്‌പ്പോഴും ദുര്‍വ്യാഖ്യാനിക്കപ്പെട്ടിട്ടുമുണ്ട്.

നമ്മുക്ക് ഇന്ത്യയിലേക്ക് മടങ്ങി വരാം. ‘ഇന്ത്യന്‍ സൈന്യം ഞങ്ങളെ ബലാത്സംഗം ചെയ്തു’ എന്ന് എഴുതിയ ബാനര്‍ പിടിച്ച്, വസ്ത്രങ്ങള്‍ സ്വയം ഉരിഞ്ഞ് നഗ്നരായി ഇംഫാലിലെ ‘അസ്സാം റൈഫിള്‍സ്’-ന്റെ ഹെഡ്‌ക്വോട്ടേഴ്‌സിന് മുന്നില്‍ വന്ന് നിന്ന ഒരു സംഘം മണിപ്പൂരി അമ്മമാരുടെ ചിത്രം ഓര്‍ക്കുന്നുണ്ടോ. 2004-ല്‍ തംങ്ക്ജം മനോരമയെന്ന പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചു കൊണ്ടാണ് ആ അമ്മമാര്‍ വസ്ത്രമുരിഞ്ഞത് ‘ഞങ്ങളെ കൂടി ബലാത്സംഗം ചെയ്‌തോളു’ എന്ന പറഞ്ഞ് തെരുവിലിറങ്ങിയത്. മാതൃത്വത്തിന് പുതിയ അര്‍ത്ഥതലങ്ങള്‍ രചിക്കുകയായിരുന്നു അവര്‍. ‘സംഘര്‍ഷ മേഖലകളില്‍’ സൈന്യത്തിന് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന അഫ്‌സ്പ പോലെയുള്ള ഭരണകൂട പീഢന ഉപകരണങ്ങള്‍ക്കെതിരെ മൗലികമായ ചോദ്യങ്ങള്‍ ഉന്നയിക്കുകയായിരുന്നു ആ അമ്മമാര്‍.

കാശ്മീരില്‍, തങ്ങളുടെ മക്കള്‍ക്ക് എന്തു പറ്റിയെന്ന് സൈന്യത്തോട് നിരന്തരം ധൈര്യസമേതം ചോദിച്ചു കൊണ്ടിരിക്കുകയാണ് അവിടത്തെ ആയിരക്കണക്കിന് വരുന്ന അമ്മമാര്‍. ദശാബ്ദങ്ങളായി അവര്‍ക്ക് അവരുടെ മക്കളെ കുറിച്ച് യാതൊരു വിവരവുമില്ല.

1970-കളില്‍, ബംഗാളി എഴുത്തുകാരി മഹാശ്വാതാ ദേവി നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ പശ്ചാതലത്തില്‍ എഴുതിയ ‘ഹാജര്‍ ചുരാശിര്‍ മാ’ എന്ന നോവലില്‍, ഒരു അമ്മയുടെ കഥ പറയുന്നുണ്ട്. ഭരണകൂടം ആ അമ്മയുടെ മകനെ ക്രൂരമായി കൊലചെയ്തിരുന്നു. ആ മൃതദേഹത്തെ കേവലം ഒരു സംഖ്യയിലേക്ക് ചുരുക്കയും ചെയ്തു- 1084. നായികയായ സുജാത ഭരണകൂടത്തിനെതിരെ പോരാടുന്നു. അതേ സമയം ഭരണകൂടം അവരോട് പറഞ്ഞത് ‘രാജ്യദ്രോഹിയായ’ മകനെ മറക്കാനാണ്.

കഴിഞ്ഞ വാരാന്ത്യത്തില്‍, മാതൃദിനത്തില്‍, ഒരു സംഘം ധീരരായ അമ്മമാര്‍ ജവഹര്‍ ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി കാമ്പസിലേക്ക് കടന്നു വരികയുണ്ടായി. അവരില്‍ ചിലര്‍ വീല്‍ചെയറിലായിരുന്നു വന്നത്. യൂണിവേഴ്‌സിറ്റ് അധികാരികളുടെയും, ഗവണ്‍മെന്റിന്റെയും ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചു കൊണ്ട് രണ്ട് ആഴ്ച്ചത്തോളമായി അനിശ്ചിതകാല നിരാഹാരസമരം കിടക്കുന്ന തങ്ങളുടെ മക്കള്‍ക്കും, പേരമക്കള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടായിരുന്നു ആ അമ്മമാര്‍ എത്തിയത്.

‘രാജ്യത്തുടനീളം വിദ്യാര്‍ത്ഥികളെ വേട്ടയാടുന്നതിനെതിരെയും, അവരുടെ ആരോഗ്യത്തിനും ക്ഷേമത്തിനും യാതൊരു വിലയും നല്‍കാത്ത അധികാരികള്‍ക്കും എതിരെയാണ് ഞങ്ങള്‍ നിലകൊള്ളുന്നത്.’ ആ അമ്മമാര്‍ തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല, ഇന്ത്യയിലെ ജനാധിപത്യ, ലിബറല്‍ സ്ഥാപനങ്ങള്‍ക്ക് എതിരെ നടക്കുന്ന എല്ലാവിധ ആക്രമണങ്ങള്‍ക്കുമെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കും അവര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

ഹൈദരാബാദില്‍, ദലിത് ഗവേഷകന്‍ രോഹിത്ത് വെമുലയുടെ അമ്മ രാധിക, തന്റെ മകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കൊണ്ട് നടന്ന പന്തംകൊളുത്തി പ്രകടനത്തില്‍ പങ്കെടുക്കുകയുണ്ടായി. തികച്ചും ധീരതയാര്‍ന്ന ഒരു അപൂര്‍വ്വ രംഗമായിരുന്നു അത്. മാതൃത്വത്തിന് പുതിയ അര്‍ത്ഥതലങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ മികച്ച ഒരു ഉദാഹരണമെന്നോണം, കഴിഞ്ഞ ആഴ്ച്ച കേരളം സന്ദര്‍ശിച്ച രാധിക, ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട ദലിത് വിദ്യാര്‍ത്ഥി ജിഷയുടെ അമ്മയെ പോയി കണ്ടിരുന്നു. ഇന്ത്യയിലെ ജാതിയധിഷ്ഠിത അതിക്രമത്തിന്റെ ഏറ്റവും പുതിയ ഇരയാണ് ജിഷ.

അടുത്തിടെ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി, രോഹിത്ത് വെമുലയെ മരണത്തിലേക്ക് തള്ളിവിട്ടത്തിന്റെ ഉത്തരവാദിത്വം നിഷേധിച്ചു കൊണ്ട്, പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ ‘എന്റെ മോന്‍’ എന്നാണ് രോഹിത്തിന്റെ വിശേഷിപ്പിച്ചത്. ഒരു വനിതാ മന്ത്രിയെന്ന നിലയിലും ഒരു അമ്മയെന്ന നിലയിലുമുള്ള അവരുടെ വാദത്തെ വെമുലയുടെ മരണത്തില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ വളരെ പെട്ടെന്ന് തന്നെ തള്ളിക്കളഞ്ഞു. ഇന്ത്യന്‍ ഭരണകൂടം ഒരു അമ്മയായാണ് സ്വയം അവതരിപ്പിക്കുന്നത്. ഭാരത് മാതാ കീ ജയ് വിവാദത്തില്‍ നിന്നും അത് വ്യക്തമായതാണ്.

അപ്പോള്‍, രാജ്യത്ത് പോരാട്ടത്തിലേര്‍പ്പെട്ടു കൊണ്ടിരിക്കുന്ന മാതൃത്വത്തെയും, ഭരണകൂട ഭീകരതക്കെതിരെ പ്രതിഷേധിക്കുന്ന അനേകം വരുന്ന അമ്മമാരെയും നാം എങ്ങനെയാണ് സമാധാനിപ്പിക്കുക? ഇന്ത്യയിലെ മാതൃത്വം നവഐക്യദാര്‍ഢ്യ സമവാക്യങ്ങള്‍ സൃഷ്ടിക്കുന്നതിന് നാം സാക്ഷികളായി കൊണ്ടിരിക്കുകയാണ്, അപ്പോള്‍ ചോദ്യമിതാണ്: ഭാരതമാതാവിന്റെ പേരില്‍ ഒരുപാട് അനുഭവിക്കേണ്ടി വന്ന ഈ അമ്മമാര്‍ ഇനി, ഭാരതമാതാവിനെ ആദരിക്കുകയും, ഭാരത മാതാ കീ ജയ് എന്ന് വിളിക്കുകയും ചെയ്യുമോ?

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles