Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിലേക്ക് തിരിഞ്ഞു നടക്കുന്ന സ്‌പെയിന്‍

spain.jpg

നഴ്‌സറി ക്ലാസുകളിലും പ്രൈമറി, സെക്കന്ററി ക്ലാസുകളിലും മുസ്‌ലിം വിദ്യാര്‍ഥികള്‍ ഇസ്‌ലാമിക വിദ്യാഭ്യാസം നേടിയിരിക്കണമെന്ന് സ്പാനിഷ് സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിക്കുകയുണ്ടായി. ഉത്തരവ് പുറപ്പെടുവിക്കുക മാത്രമല്ല അതിനാവശ്യമായ സിലബസിന്റെ കരടു രൂപവും സര്‍ക്കാര്‍ രാജ്യത്തെ മുസ്‌ലിം നേതാക്കള്‍ക്ക് തയ്യാറാക്കി നല്‍കിയിരിക്കുകയാണ്. സ്‌പെയിനിലെ മുസ്‌ലിം കുട്ടികള്‍ തീവ്രവാദത്തിലേക്ക് നീങ്ങരുത് എന്ന ലക്ഷ്യമാണ് സര്‍ക്കാര്‍ പുതിയ പരിഷ്‌കരണത്തിലൂടെ വെച്ചുപുലര്‍ത്തുന്നത്. ഇസ്‌ലാമിന്റെ യഥാര്‍ത്ഥ അധ്യാപനങ്ങള്‍ ചെറിയ പ്രായം മുതല്‍ക്ക് തന്നെ ലഭിക്കുകയാണെങ്കില്‍ കുട്ടികള്‍ തീവ്രവാദ ബന്ധമുള്ളവരായി മാറില്ലെന്ന് സര്‍ക്കാര്‍ പ്രത്യാശിക്കുന്നു. സര്‍ക്കാറിന് കീഴിലെ ഇസ്‌ലാമിക് കമ്മീഷന്‍ ഓഫ് സ്‌പെയിന്‍ തയ്യാറാക്കിയ സിലബസ് വിദ്യാഭ്യാസ വകുപ്പും അംഗീകരിച്ചു കഴിഞ്ഞു.  

മതേതരവാദികള്‍ ശക്തമായ സ്‌പെയിനില്‍ ക്രിസ്ത്യന്‍ ചിഹ്നങ്ങള്‍ പോലും ഔദ്യോഗിക സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെടുമ്പോഴാണ് രാജ്യത്തെ മുസ്‌ലിംകള്‍ക്കിടയില്‍ സര്‍ക്കാര്‍ ചെലവില്‍ ഇസ്‌ലാമിക വിദ്യാഭ്യാസം നിര്‍ബന്ധമാക്കി കൊണ്ട് പുതിയ നിയമം വരുന്നത്. യൂറോപ്പിലാദ്യമായാണ് ഒരു മതേതര സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തോടൊപ്പം തന്നെ മദ്രസാ വിദ്യാഭ്യാസവും ഏര്‍പ്പെടുത്തുന്നത്. ഇനി സ്പാനിഷ് നിവാസികള്‍ രാജ്യത്തെ 300,000 മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് ഇസ്‌ലാം പഠിക്കുന്നതിനുള്ള ചെലവും അധിക നികുതിയായി നല്‍കേണ്ടിവരും. വിശദമായ സിലബസും ടെക്സ്റ്റ് ബുക്കുകളും അധ്യാപകരെയും തീരുമാനിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം രാജ്യത്തെ മുസ്‌ലിം സംഘടനകള്‍ക്ക് നല്‍കുകയാണ് സ്പാനിഷ് സര്‍ക്കാര്‍ ചെയ്യുന്നത്.

ഖുര്‍ആന്‍, ഹദീഥ്, കര്‍മശാസ്ത്രം, ഇസ്‌ലാമിക ദര്‍ശനം, സംസ്‌കാരം, ചരിത്രം എന്നിവ സിലബസില്‍ ഉള്‍പ്പെടുത്തണമെന്നും ബഹുസ്വരതയുടെയും അഖണ്ഡതയുടെയും മതസൗഹാര്‍ദ്ദത്തിന്റെയും ഇസ്‌ലാമിക പാഠങ്ങള്‍ വിദ്യാര്‍ഥികള്‍ പഠിപ്പിക്കപ്പെടണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നു. 3 വയസ്സ് മുതല്‍ 6 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ‘അല്ലാഹു അല്ലാതെ വേറെ ഇലാഹ് ഇല്ലെന്നും മുഹമ്മദ് അവന്റെ അന്ത്യപ്രവാചകന്‍ ആണെന്നും’ ഉള്ള ശഹാദത്ത്(സത്യസാക്ഷ്യം) മനസ്സില്‍ ഉറപ്പാകുന്ന തരത്തിലുള്ള പഠനരീതികളാണ് തെരെഞ്ഞെടുക്കേണ്ടതെന്ന് നിര്‍ദ്ദേശങ്ങളില്‍ പറയുന്നു. ഖുര്‍ആനും സുന്നത്തും ഇസ്‌ലാമിന്റെ ആത്യന്തിക പ്രമാണങ്ങളായി പരിചയപ്പെടുത്തി ഖുര്‍ആനിന്റെ പാരായണവും നഴ്‌സറി ക്ലാസുകളില്‍ പഠിപ്പിക്കപ്പെടണം. ചെറിയ ചെറിയ ഹദീഥുകള്‍ നഴ്‌സറി ക്ലാസുകളില്‍ തന്നെ കുട്ടികള്‍ മനപ്പാഠമാക്കണം. ഖുര്‍ആനില്‍ വന്ന ചരിത്രകഥകളും പ്രവാചക കഥകളും കുട്ടികള്‍ക്ക് പരിചപ്പെടുത്തണം.

6 മുതല്‍ 12 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് (പ്രൈമറി) മുഹമ്മദ് നബിയെ അന്ത്യപ്രവാചകനായി പരിചയപ്പെടുത്തുന്ന സിലബസാണ് കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നത്. കൂടാതെ ഖുര്‍ആന്‍ അറബിയിലും സ്പാനിഷിലും പഠിപ്പിക്കപ്പെടണം. സ്പാനിഷ് ഭാഷയിലും സംസ്‌കാരത്തിലുമുള്ള അറബി സ്വാധീനം മനസ്സിലാക്കാനും പരിചയപ്പെടാനും കുട്ടികള്‍ക്ക് അവസരമുണ്ടാക്കണം. അമുസ്‌ലിംകളുമായി പ്രവാചന്‍(സ) വെച്ചുപുലര്‍ത്തിയിരുന്ന നയതന്ത്രബന്ധത്തെ കുറിച്ചും സിലബസില്‍ ഉള്‍പ്പെടുത്തണം. ഇസ്‌ലാമിനോടൊപ്പം തന്നെ ജൂത മതത്തെയും ക്രൈസ്തവതയെയും ഈ ഘട്ടത്തില്‍ കുട്ടികള്‍ മനസ്സിലാക്കണം. ഇസ്‌ലാം സമാധാനത്തിന്റെ മതമാണെന്നും പ്രവാചകന്‍ പഠിപ്പിച്ചതും സമാധാനമാണെന്നും കലഹങ്ങളെയും അസമത്വമങ്ങളെയും ഇസ്‌ലാം നിരാകരിക്കുന്നു എന്ന തരത്തിലുള്ള പാഠമാണ് പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക് കൈമാറേണ്ടതെന്നും കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നു.  

ഒരു കുട്ടിയുടെ മാനസിക വളര്‍ച്ചയില്‍ 12 മുതല്‍ 18 വയസ്സ് വരെയുള്ള നിര്‍ണായകമായ കാലയളവില്‍ സാമൂഹ്യ പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും കലഹങ്ങളെയും പ്രവാചന്‍ എങ്ങനെ നേരിട്ടു എന്ന പാഠങ്ങളാണ് വിദ്യാര്‍ഥികള്‍ പഠിക്കേണ്ടത്. പ്രവാചകന്റെ യുദ്ധങ്ങളെ കുറിച്ചും അതില്‍ പ്രവാചകന്‍ സ്വീകരിച്ച നയ നിലപാടുകളെ കുറിച്ചും പ്രത്യേകം പഠിപ്പിക്കപ്പെടും. സാമൂഹ്യ ബന്ധങ്ങളില്‍ ഖുര്‍ആനും ഹദീഥും പഠിപ്പിക്കുന്ന പാഠങ്ങളും കുട്ടികള്‍ മനസ്സിലാക്കണം. ആധുനിക പ്രശ്‌നങ്ങളിലുള്ള കര്‍മശാസ്ത്ര വിധികളും സാമ്പത്തിക രംഗത്തുള്ള ഇസ്‌ലാമിക നിയമാവലികളും മര്യാദകളും സിലബസില്‍ ഉള്‍പ്പെടുത്തണം. പലിശ രഹിത സംവിധാനങ്ങളെ പറ്റിയും ഇസ്‌ലാമിക് ബാങ്കിംഗിന്റെ പ്രാഥമിക പാഠങ്ങളും പഠനവിഷയങ്ങളായി കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നു. അല്‍-അന്‍ദുലുസിനെ സ്‌പെയിനില്‍ നിന്ന് സ്വതന്ത്രമാക്കുക എന്നത് ഐ.എസിന്റെ അജണ്ടയായത് കൊണ്ട് അന്‍ദുലുസ് ചരിത്രവും സംസ്‌കാരവും വിദ്യാര്‍ഥികള്‍ വിഷദമായി പഠിക്കണം എന്നാണ് നിര്‍ദ്ദേശം.

സ്പാനിഷ് ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 27.3 പ്രകാരം രാജ്യത്തെ മതവിഭാഗങ്ങള്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസത്തോടൊപ്പം തന്നെ മത വിദ്യാഭ്യാസവും കുട്ടികള്‍ക്ക് നല്‍കാന്‍ അവകാശമുളളതായി വ്യക്തമാക്കുന്നു. രാജ്യത്തെ മുസ്‌ലിംകളും കത്തോലിക്ക് ക്രിസ്ത്യാനികളും ഇത് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ചെലവില്‍ ആദ്യമായാണ് സ്‌പെയിനില്‍ ഒരു മതം പബ്ലിക്ക് സ്‌കൂളുകളില്‍ പഠനവിഷയമാകുന്നത്. 1992-ല്‍ ഫെലിപ്പെ ഗോണ്‍സാലെസിന്റെ സോഷ്യലിസ്റ്റ് സര്‍ക്കാര്‍ രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലുള്ള കത്തോലിക് ക്രിസ്ത്യന്‍ മേല്‍കോയ്മ അവസാനിപ്പിക്കാന്‍ ഉദ്ദേശിച്ചുകൊണ്ട് ഇസ്‌ലാമിനെ ന്യൂനപക്ഷ പദവിയിലേക്ക് ഉയര്‍ത്തിയിരുന്നു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ തന്നെ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് മതവിദ്യാഭ്യാസം നേടാന്‍ അവകാശം നല്‍കുന്ന പ്രത്യേക ആര്‍ട്ടിക്കിള്‍ ഭരണഘടനയില്‍ പ്രത്യേകം എഴുതിച്ചേര്‍ത്തിരുന്നു. അതുപോലെ രാജ്യത്തെ ഇവാഞ്ചലിക്കല്‍ ക്രിസ്ത്യാനികളെയും സര്‍ക്കാര്‍ അംഗീകരിക്കുകയും അവരുടെ മതവിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്ന നിയമം കൊണ്ടുവരികയും ചെയ്തിരുന്നു. എന്നാല്‍ 1992-ലെ കരാര്‍ പാലിക്കുന്നതില്‍ നിവലിലെ സ്പാനിഷ് സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന മുസ്‌ലിം സംഘടനകളുടെ പരാതിയാണ് സര്‍ക്കാറിന്റെ പുതിയ തീരുമാനത്തില്‍ കലാശിച്ചത്. സിറിയയില്‍ നിന്ന് സ്‌പെയിനിലേക്ക് കുടിയേറിയ രിയായ് താതാരി ആണ് സ്പാനിഷ് ഇസ്‌ലാമിക് കമ്മീഷന്റെ നിലവിലെ പ്രസിഡണ്ട്. തലസ്ഥാന നഗരമായ മാഡ്രിഡിലെ ഏറ്റവും വലിയ രണ്ടാമത്തെ മുസ്‌ലിം പള്ളിയായ അബൂബക്കര്‍ മസ്ജിദിലെ ഇമാമാണ് അദ്ദേഹം.

2015-ലെ മുനിസിപ്പല്‍ തെരെഞ്ഞെടുപ്പുകളില്‍ മുസ്‌ലിം മസ്ജിദുകള്‍ക്കെതിരെയും മുസ്‌ലിം കുട്ടികളുടെ മതവിദ്യാഭ്യാസത്തിനെതിരെയും നില്‍ക്കുന്ന ആര്‍ക്കും വോട്ടു നല്‍കരുതെന്ന് താതാരി മുസ്‌ലിം സമൂഹത്തോട് ആഹ്വാനം ചെയ്യുകയുണ്ടായി. ഖുര്‍ആനിന്റെയും ഹദീഥിന്റെയും രാഷ്ട്രീയ വ്യാഖ്യാനത്തില്‍ ശക്തമായി വിശ്വസിക്കുന്ന താതാരി രാജ്യത്തെ പൊതു സമൂഹത്തിനിടയില്‍ തന്നെ സര്‍വസമ്മതനാണ്. പുതിയ പരിഷ്‌കാരങ്ങള്‍ രാജ്യത്ത് മതമൗലികവാദം വളര്‍ത്താനേ ഉപകരിക്കൂ എന്നാണ് പാശ്ചാത്യ വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിക്കുന്നത്. എന്നാല്‍ സ്‌പെയിന്‍ ഇസ്‌ലാമിന്റെ ഏറ്റവും സുരക്ഷിതമായ ഗേഹമായി മാറുന്നതിനുള്ള ചുവടുവെപ്പുകളാണ് ഇവയെന്നാണ് സ്‌പെയിനിലെ മുസ്‌ലിം സമൂഹം പ്രത്യാശിക്കുന്നത്.

വിവ: അനസ് പടന്ന

Related Articles