Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിനെ കുറിച്ച് അമേരിക്കക്കാരുടെ ഏഴ് ചോദ്യങ്ങള്‍

Akbar-Hossain.jpg

ഇസ്‌ലാമിനെ കുറിച്ച് പെന്‍സില്‍വാനിയയിലെ വ്യത്യസ്ത ആളുകളുമായി ഞാന്‍ നടത്തിയ സംഭാഷണങ്ങളില്‍ പ്രധാനമായും ഏഴ് ചോദ്യങ്ങളാണ് ഉയര്‍ന്നു വരാറുള്ളത്. മുസ്‌ലിംകള്‍ക്കെതിരായ കുറ്റകൃത്യങ്ങളെ അപലപിച്ചുകൊണ്ട് കഴിഞ്ഞ ഡിസംബറില്‍ The Philadelphia Inquirer പത്രത്തിലേക്ക് ഞാനൊരു പ്രതികരണമെഴുതിയിരുന്നു. ഇസ്‌ലാമിനെ കുറിച്ച് പഠിക്കാനോ ഒരു മുസ്‌ലിമുമായി കൂടിക്കാഴ്ച്ച നടത്താനോ താല്‍പര്യമുള്ള ഏതൊരാള്‍ക്കും ഒരുമിച്ചിരുന്ന് കാപ്പി കുടിക്കാനുള്ള അവസരം ഞാനതില്‍ വാഗ്ദാനം ചെയ്തിരുന്നു. അതേത്തുടര്‍ന്ന് ആയിരക്കണക്കിന് പ്രതികരണങ്ങളാണ് എനിക്ക് ലഭിച്ചത്.

കോഫി സംഭാഷണങ്ങളിലൂടെ ആളുകളെ ഇസ്‌ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യിക്കലോ ഇസ്‌ലാം പഠിപ്പിച്ചു കൊടുക്കലോ അല്ല എന്റെ ലക്ഷ്യം. മറിച്ച് ഇസ്‌ലാമിനെക്കുറിച്ച് നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ നീക്കം ചെയ്യുക എന്നതാണ്.

ഞാനൊരു ഇസ്‌ലാമിക പണ്ഡിതനൊന്നുമല്ല. എന്റെ സംഭാഷണങ്ങളില്‍ മുഴുവന്‍ മുസ്‌ലിംകളെയും പ്രതിനിധീകരിച്ചു കൊണ്ടല്ല ഞാന്‍ സംസാരിക്കാറുള്ളത്. അമേരിക്കയില്‍ വളര്‍ന്ന ഒരു മുസ്‌ലിമെന്ന നിലയില്‍ ഇസ്‌ലാമിനെ കുറിച്ച എന്റെ പരിമിതമായ ധാരണകളുടെ അടിസ്ഥാനത്തിലാണ് ഞാന്‍ മറുപടികള്‍ നല്‍കാറുള്ളത്. ഞാനിവിടെ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളെക്കുറിച്ചെല്ലാം ഒരുപാട് പുസ്തകങ്ങള്‍ നിലവിലുണ്ട്. ചിന്തോദ്ദീപകവും ആകര്‍ഷണീയവുമായ ചില ചോദ്യങ്ങളെയാണ് ഞാനിവിടെ നല്‍കുന്നത്. ചോദ്യങ്ങളും എന്റെ മറുപടികളും ചുവടെ കൊടുക്കുന്നു.

1 എന്തുകൊണ്ടാണ് ഇസ്‌ലാം ഹിംസാത്മകമാകുന്നത്?
ഇതൊരു ന്യായമായ ചോദ്യമാണെന്ന് ഞാന്‍ കരുതുന്നില്ല. മുസ്‌ലിംകള്‍ നടത്തുന്ന ആക്രമണങ്ങള്‍ മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കാറുണ്ടെങ്കിലും ഇതര മതഗ്രൂപ്പുകളേക്കാള്‍ അക്രമകാരികള്‍ മുസ്‌ലിംകളാണെന്നതിന് ഒരു തെളിവുമില്ല. ‘മുസ്‌ലിം ഭീകരരേക്കാള്‍’ അമുസ്‌ലിം രാഷ്ട്രങ്ങളിലുള്ള വ്യത്യസ്തങ്ങളായ മിലിട്ടറി സംഘങ്ങളാണ് മനുഷ്യരെ കൊന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ മുസ്‌ലിംകള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ നടത്തുന്ന ആക്രമണങ്ങളെ അവഗണിക്കുകയല്ല ഇവിടെ ചെയ്യുന്നത്. അതേസമയം, മുസ്‌ലിംകള്‍ നടത്തുന്ന ആക്രമണങ്ങള്‍ ഭീകരപ്രവര്‍ത്തനമായി വിശേഷിപ്പിക്കപ്പെടുകയും മറ്റുള്ളവരുടെ കുറ്റകൃത്യങ്ങളെ അങ്ങനെ കാണാതിരിക്കുകയും ചെയ്യുന്ന വൈരുദ്ധ്യത്തെക്കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത്.

തീര്‍ച്ചയായും ഖുര്‍ആനിക അധ്യാപനങ്ങള്‍ ഇസ്‌ലാമിക പ്രചാരണത്തിന് വേണ്ടി അക്രമമാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കുന്നുണ്ട്. (അധ്യായം: 5:53) പ്രവാചകന്‍(സ) പഠിപ്പിക്കുന്നത് യുദ്ധവും അക്രമവുമെല്ലാം അവസാന മാര്‍ഗ്ഗമെന്ന നിലക്ക് മാത്രമേ അവലംബിക്കാന്‍ പാടുള്ളൂ എന്നാണ്. രക്തച്ചൊരിച്ചിലുകള്‍ ഒന്നുമില്ലാതെയാണ് പ്രവാചകന്‍ മക്ക കീഴടക്കിയത്. പ്രവാചകന്റെ നയതന്ത്രവും ഹുദൈബിയ സന്ധിയുമാണ് മഹത്തായ മക്കാവിജയത്തിലേക്ക് നയിച്ചത്. ലോകത്തുടനീളമുള്ള ഭൂരിപക്ഷം മുസ്‌ലിംകളും ഈ മാതൃകയെയാണ് പിന്തുടരുന്നത്. ശത്രുതാപരമായ അന്തരീക്ഷങ്ങളിലെല്ലാം നമ്മള്‍ നയന്ത്രവും ചര്‍ച്ചയും പരസ്പര സഹവര്‍ത്തത്വവും മുറുകെപ്പിടിക്കണമെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.

2. യഥാര്‍ത്ഥത്തില്‍ എന്തൊക്കെയാണ് ഇസ്‌ലാമിലെ വിശ്വാസങ്ങള്‍?
ഇസ്‌ലാമിക പ്രമാണങ്ങളെക്കുറിച്ച് ആകാംക്ഷയുള്ളവരില്‍ നിന്നാണ് എപ്പോഴും എനിക്കീ ചോദ്യം ലഭിക്കാറുള്ളത്. ജൂതരെയും ക്രൈസ്തവരെയും പോലെ ഏകദൈവവിശ്വാസമാണ് മുസ്‌ലിംകള്‍ പിന്തുടരുന്നത് എന്ന് മിക്കപേര്‍ക്കും അറിയുകയില്ല. അല്ലാഹു എന്നത് ദൈവം എന്ന പദത്തിന്റെ അറബി പദം മാത്രമാണ്. അല്ലാതെ വേറൊരു ദൈവമല്ല. അതുപോലെ വ്യത്യസ്തങ്ങളായ സംസ്‌കാരങ്ങളുടെയും വിഭാഗങ്ങളുടെയും അടിസ്ഥാനത്തില്‍ മുസ്‌ലിംകള്‍ വ്യത്യസ്ത വിശ്വാസങ്ങളും വെച്ചുപുലര്‍ത്തുന്നുണ്ട് എന്ന വസ്തുതയും നാം മനസ്സിലാക്കേണ്ടതുണ്ട്. അതേസമയം എല്ലാ മുസ്‌ലിംകളും നിര്‍ബന്ധമായും അനുവര്‍ത്തിക്കേണ്ട അഞ്ച് കര്‍മ്മങ്ങള്‍ ഇസ്‌ലാമിലുണ്ട്. അഞ്ച് സ്തംഭങ്ങള്‍ എന്നാണവ അറിയപ്പെടുന്നത്:

i ശഹാദത്ത് (അല്ലാഹുവല്ലാതെ വേറൊരു ദൈവമില്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുക)
ii സ്വലാത്ത് (അഞ്ച് നേരത്തെ നമസ്‌കാരം)
iii സക്കാത്ത് (സമ്പത്തിന്റെ 2.5 ശതമാനം ദാനം ചെയ്യുക)
iv സൗം (റമദാന്‍ മാസത്തില്‍ നോമ്പ് നോല്‍ക്കുക)
v ഹജ്ജ് (സമ്പത്തുകൊണ്ടും ശരീരംകൊണ്ടും സാധ്യമാണെങ്കില്‍ ജീവിതത്തിലൊരിക്കല്‍ മക്കയിലെ പരിശുദ്ധ ഭൂമിയിലേക്ക് തീര്‍ത്ഥാടനം ചെയ്യുക)

3. സുന്നി, ശിയാ വിഭാഗങ്ങള്‍ തമ്മിലുള്ള വ്യത്യാസമെന്താണ്?
ഈ രണ്ട് വിഭാഗങ്ങളും വ്യത്യസ്തങ്ങളായ പ്രമാണങ്ങളെ പിന്തുടരുന്നവരാണെങ്കിലും ഇസ്‌ലാമിന്റെ അഞ്ച് സ്തംഭങ്ങള്‍, അല്ലാഹുവിന്റെ ഏകത്വം, പ്രവാചകന്‍(സ) യുടെ അധ്യാപനങ്ങള്‍ എന്നിവയിലെല്ലാം രണ്ടുകൂട്ടരും ഒരുപോലെ വിശ്വസിക്കുന്നുണ്ട്. പ്രവാചകന്റെ മരണശേഷം ആര്‍ക്കാണ് നേതൃത്വമേറ്റെടുക്കാനുള്ള അവകാശം എന്ന വിഷയത്തിലാണ് പ്രധാനമായും സുന്നികളും ശിയാക്കളും തമ്മില്‍ അഭിപ്രായ വിത്യാസങ്ങള്‍ നിലനില്‍ക്കുന്നത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ശിയാക്കള്‍ വിശ്വസിക്കുന്നത് പ്രവാചകന്റെ പരമ്പരയിലുള്ളവരായിരിക്കണം മുസ്‌ലിം സമുദായത്തെ നയിക്കേണ്ടിയിരുന്നത് എന്നാണ്. അതേസമയം മുസ്‌ലിം സമൂഹത്തിന് അവര്‍ക്കിഷ്ടമുള്ളവരെ നേതാവായി തെരെഞ്ഞെടുക്കാം എന്നാണ് സുന്നികള്‍ പറയുന്നത്. പ്രവാചകന്റ മരണശേഷം അവിടുത്തെ സന്തതസഹചാരിയായിരുന്ന അബൂബക്കര്‍(റ) നേതൃത്വം ഏല്‍പിക്കുന്നതിനോട് ചിലയാളുകള്‍ വിയോജിക്കുകയുണ്ടായി. അവരാവശ്യപ്പെട്ടത് പ്രവാചകന്റെ പിതൃവ്യപുത്രനായ അലി(റ) വിനെ നേതാവാക്കണമെന്നായിരുന്നു. ഇന്ന് ലോകത്ത് ജീവിക്കുന്ന 160 കോടി മുസ്‌ലിംകളില്‍ 80 ശതമാനവും സുന്നികളാണ്. ഇറാനിലും ഇറാഖിലുമാണ് ധാരാളം ശിയാ മുസ്‌ലിംകള്‍ ജീവിക്കുന്നത്.

4) സത്രീകളെന്തിനാണ് തല മറക്കുന്നത്?
ഞാന്‍ മനസ്സിലാക്കുന്നത് ഒരു പുരുഷനും സ്ത്രീകളുടെ ഹിജാബിനെക്കുറിച്ച് സംസാരിക്കാനുള്ള യോഗ്യതയില്ല എന്നാണ്. അതേസമയം ഇസ്‌ലാമിലെ സ്ത്രീ-പുരുഷ സമത്വത്തെക്കുറിച്ച ചോദ്യം കൂടിയാണിത് എന്ന് ഞാന്‍ കരുതുന്നു. പുരുഷന്‍മാരില്‍ നിന്നും സ്ത്രീകളില്‍ നിന്നും ഇസ്‌ലാം ആവശ്യപ്പെടുന്നത് അടക്കവും ഒതുക്കവുമാണ്. മിക്കയാളുകളും കരുതുന്നത് പോലെ ഹിജാബ് ധരിക്കാന്‍ ഒരിക്കലും ഇസ്‌ലാം സ്ത്രീകളെ നിര്‍ബന്ധിക്കുന്നില്ല. സ്വതന്ത്രമായ തെരെഞ്ഞെടുപ്പാണത്. എന്റെ ഉമ്മയും ചില സുഹൃത്തുക്കളും ഹിജാബ് ധരിക്കുന്നവരാണ്. എന്നാല്‍ എന്റെ സഹോദരിയും മറ്റുചില സുഹൃത്തുക്കളും അത് ധരിക്കാറില്ല. അതേസമയം ചിലയിടങ്ങളില്‍ പാരമ്പര്യവും സംസ്‌കാരവും മതവുമായി കലര്‍ന്നതിനാലും പുരുഷാധിപത്യ പ്രവണതകള്‍ നിലനില്‍ക്കുന്നതിനാലും ഒരുപക്ഷേ ഹിജാബ് ഒരു നിര്‍ബന്ധിത മതവസ്ത്രമാണ് എന്ന് നാം കരുതിയേക്കാം. ഇതിന് വിരുദ്ധമായി ചില മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ (ഉദാ: ഈജിപ്ത്, ലബനാന്‍, മൊറോക്കോ) മുസ്‌ലിം സ്ത്രീകള്‍ ഹിജാബ് ധരിക്കുന്നത് നിരോധിച്ചിരിക്കുകയാണ്. അപരിഷ്‌കൃതവും പാശ്ചാത്യ ജീവിതശൈലിയുമായി ഒത്തുപോകാത്ത വസ്ത്രവുമാണ് ഹിജാബ് എന്നതാണ് അതിനു പറയപ്പെടുന്ന കാരണങ്ങള്‍.

ചില സ്ത്രീകള്‍ പറയുക ഹിജാബ് സ്വാതന്ത്ര്യത്തിന്റെ അടയാളമാണ് എന്നാണ്. മറ്റുചില സ്ത്രീകളെ സബന്ധിച്ചിടത്തോളം ഹിജാബ് മാന്യതയുടെ വസ്ത്രമാണ്. വേറെചിലരാകട്ടെ, ഹിജാബ് ധരിക്കുന്നതിന് തന്നെ എതിരാണ്. അവര്‍ പറയുന്നത് തല മറക്കുന്നതുമായി ബന്ധപ്പെട്ട ഏത് നിയമവും പാരമ്പര്യവും സംസ്‌കാരവുമായി ബന്ധപ്പെട്ടതാണെന്നും മതത്തിന് അതില്‍ പങ്കൊന്നുമില്ലെന്നുമാണ്. അതേസമയം, പാശ്ചാത്യ സംസ്‌കാരത്തെ മുമ്പില്‍ വെച്ചാണ് ഇത്തരത്തിലുള്ള ഒരു വാദവും ഈ ചോദ്യവും രൂപപ്പെടുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം.

5. മുസ്‌ലിംകള്‍ക്കെതിരെ എനിക്കൊരു പ്രശ്‌നവുമില്ല. എന്നാല്‍ അമേരിക്കയില്‍ ശരീഅത്ത് നിയമം ഞാനാഗ്രഹിക്കുന്നില്ല.
ശരീഅത്ത് അമേരിക്കയിലേക്ക് വരുന്നൊന്നുമില്ല. അതൊരു വലിയ തെറ്റിദ്ധാരണയാണ്. എന്താണ് ശരീഅത്ത് എന്ന് മനസ്സിലാക്കാതെയാണ് ആളുകള്‍ അതിനെ ഭയപ്പെടുന്നത്. ഏഴ് രാഷ്ട്രങ്ങള്‍ ശരീഅത്തിനെതിരെ നിയമങ്ങള്‍ പാസ്സാക്കുകയുണ്ടായി. അമേരിക്കയിലെ രാഷ്ട്രീയക്കാര്‍ തങ്ങളുടെ രാഷ്ട്രത്തെ ശരീഅത്തിന്റെ ആപത്തില്‍ നിന്നും സംരക്ഷിക്കും എന്ന് പ്രതിജ്ഞയെടുത്തിരിക്കുകയാണ്.

ശരീഅത്ത് എന്നത് ഇസ്‌ലാമിക നിയമമല്ല എന്നാണ് നാം ആദ്യമായി മനസ്സിലാക്കേണ്ടത്. പാശ്ചാത്യലോകത്ത് മനസ്സിലാക്കപ്പെടുന്നത് പോലെ ശരീഅത്ത് എന്നാല്‍ നിയമമല്ല. വിസ്‌കോന്‍സിന്‍ യൂണിവേഴ്‌സിറ്റിയിലെ (wisconsin university) നിയമ പഠനവിഭാഗത്തിലെ ആസിഫ ഖുറൈശി അതിനെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്: സിവില്‍ നിയമത്തിന് പകരമായല്ല മുസ്‌ലിംകള്‍ ശരീഅത്തിനെ മനസ്സിലാക്കുന്നത്. ശരീഅത്തിന്റെ ഒരു പ്രധാനപ്പെട്ട തത്വം തന്നെ മുസ്‌ലിംകള്‍ അവര്‍ ജീവിക്കുന്ന രാഷ്ട്രനിയമങ്ങളെ പിന്തുടരണം എന്നാണ്.

ശരീഅത്ത് ഒരു നിയമപുസ്തകമോ ഒരു ഗവണ്‍മെന്റ് അടിച്ചേല്‍പ്പിക്കുന്ന കോടതിവിധികളോ അല്ല. കോടതിയില്‍ തീര്‍പ്പുകല്‍പ്പിക്കുന്ന നിയമനിര്‍ദേശങ്ങളും നിയന്ത്രണങ്ങളുമല്ല അത്. മുസ്‌ലിംകളെ ദൈവത്തിലേക്ക് അടുപ്പിക്കുക എന്ന ലക്ഷ്യത്തെ മുന്‍ നിര്‍ത്തി ഖുര്‍ആനെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയ മാര്‍ഗനിര്‍ദേശമാണത്. ഒരു രാഷ്ട്രമല്ല ശരീഅത്ത് നിര്‍മ്മിക്കുന്നത്. ഒരു പുസ്തകത്തിലടങ്ങിയ നിയമനിര്‍ദേശങ്ങളുമല്ല അത്. ആരുടെ മേലും ശരീഅത്ത് അടിച്ചേല്‍പ്പിക്കാനല്ല മുസ്‌ലിംകള്‍ ശ്രമിക്കുന്നത്. ശരീഅത്തിന്റെ ഒരു കേന്ദ്ര ആശയം തന്നെ ഇസ്‌ലാം ആരുടെ മേലും അടിച്ചേല്‍പ്പിക്കാന്‍ പാടില്ല എന്നാണ്.

6 എന്തുകൊണ്ടാണ് മുസ്‌ലിംകള്‍ ഭീകരവാദത്തെ അപലപിക്കാത്തത്?
ഞങ്ങള്‍ അപലപിക്കാറുണ്ട്. council on american-islamic relations (CAIR), muslim public affairs council (MPAC) തുടങ്ങിയ സ്ഥാപനങ്ങളിലൂടെയെല്ലാം മുസ്‌ലിംകള്‍ ഭീകരതയെ അപലപിക്കാറുണ്ട്. കൂടാതെ പള്ളികളില്‍ നിന്ന് ഭീകരതക്കെതിരായ പ്രസ്താവനകളും നല്‍കാറുണ്ട്. എന്നാല്‍ അതെല്ലാം മാധ്യമങ്ങളില്‍ വരുന്നുണ്ടോ എന്നതും ആവശ്യമുള്ളവര്‍ ശ്രദ്ധിക്കുന്നുണ്ടോ എന്നതും വേറെ വിഷയമാണ്.

എന്നാല്‍ ഭീകരാക്രമണങ്ങളെയെല്ലാം മുസ്‌ലിംകള്‍ അപലപിക്കണം എന്ന ആവശ്യത്തോട് എനിക്ക് ചില പ്രശ്‌നങ്ങളുണ്ട്. ഇതര മതങ്ങളില്‍ പെട്ട വ്യക്തികള്‍ നടത്തുന്ന ആക്രമണങ്ങളെയെല്ലാം ആ മതങ്ങളെ പ്രതിനിധീകരിക്കുന്നവര്‍ അപലപിക്കണം എന്ന് ആരും ആവശ്യപ്പെടാറില്ല. അതിനാല്‍ തന്നെ മുസ്‌ലിംകള്‍ മാത്രം ഭീകരതയെ അപലപിക്കണം എന്ന ആവശ്യം അസംബന്ധമാണ്.

7. നിങ്ങളെ സഹായിക്കാന്‍ എനിക്കെന്താണ് ചെയ്യാന്‍ കഴിയുക?
ഓരോ സമുദായത്തിന്റെയും പ്രദേശത്തിന്റെയും ആവശ്യങ്ങള്‍ വ്യത്യസ്തമാണ്. നിങ്ങളുടെ അടുത്തുള്ള പള്ളിയെ സമീപിച്ച് കൊണ്ട് എന്ത് സഹായമാണ് അവര്‍ക്ക് വേണ്ടത് എന്നന്വേഷിക്കുക. ചിലപ്പോള്‍ പള്ളിയിലെ നിങ്ങളുടെ സാന്നിധ്യം തന്നെ വെറുപ്പിന്റെ ഈ കാലത്ത് മുസ്‌ലിം സമൂഹം നിങ്ങളില്‍ നിന്ന് ആവശ്യപ്പെടുന്ന വളരെ ശക്തമായ ഐക്യദാര്‍ഢ്യ സന്ദേശമാകാം. ഇസ്‌ലാമിനെക്കുറിച്ച് ധാരാളം പഠിക്കുകയും നിങ്ങളുടെ ചക്രവാളങ്ങള്‍ വികസിപ്പിക്കുകയും ചെയ്യുക. ധാരാളം ഖുര്‍ആന്‍ വിവര്‍ത്തന ഗ്രന്ഥങ്ങള്‍ ഇപ്പോള്‍ ഓണ്‍ലൈനായും പ്രിന്റായും ലഭ്യമാണ്. നിങ്ങള്‍ വായിക്കുകയും നിങ്ങളുടെ കുട്ടികളെയും ബന്ധുക്കളെയും വായിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുക. അവരുടെ തെറ്റിദ്ധാരണകള്‍ നീക്കിക്കൊടുക്കുകയും ചെയ്യുക.

മുസ്‌ലിംകള്‍ക്ക് ശാരീരകവും മാനസികവും സാമ്പത്തികവുമായ സഹായങ്ങള്‍ നല്‍കുക. ACLU, CAIR, MPAC തുടങ്ങിയ മുസ്‌ലിം അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതിക്കൊണ്ടിരിക്കുന്ന സംഘടനകള്‍ക്ക് സാമ്പത്തികസഹായം നല്‍കുക. പ്രാദേശിക മുസ്‌ലിം ഹോട്ടലുകളിലും ബിസിനസ്സ് സ്ഥാപനങ്ങളിലും നിങ്ങളുടെ പണം ചെലവഴിക്കുക. അനീതി കാണുമ്പോഴും കേള്‍ക്കുമ്പോഴുമെല്ലാം അതിനെതിരെ പ്രതികരിക്കുക.

വിവ: സഅദ് സല്‍മി

Related Articles