Current Date

Search
Close this search box.
Search
Close this search box.

ഇസ്ഹാര്‍ ഖാന്റെ അവസാനത്തെ ഫോണ്‍കോള്‍

izhar-khan.jpg

ജയിലില്‍ ഇസ്ഹാറിന് എല്ലാ മാസവും ഫോണ്‍ വിളിക്കാന്‍ കിട്ടിയിരുന്നത് ഇരുപത് മിനുറ്റ് സമയമായിരുന്നു. പറഞ്ഞറിയിക്കാനാവാത്ത കാരണം കൊണ്ട് ആ ഫോണ്‍വിളികള്‍ക്ക് വേണ്ടി കാത്തുകാത്തിരിക്കുമായിരുന്നു. കുടുംബത്തിലെ പുരുഷന്മാരെല്ലാം സൗദിയിലായിരുന്നു. മറ്റേതൊരു ഉത്തരേന്ത്യന്‍ കുടുംബത്തിലെയും സ്ത്രീകളെയും പോലെ കുടുംബത്തിലെ സ്ത്രീകള്‍ക്കും ഇസ്ഹാര്‍ തടവില്‍ കഴിഞ്ഞിരുന്ന അഹ്മാദാബാദ് ജയിലില്‍ സന്ദര്‍ശിക്കാന്‍ സാധിക്കുമായിരുന്നില്ല. സ്ഥിതിവിവരങ്ങള്‍ അറിഞ്ഞിരുന്നത് മാസംതോറുമുള്ള ഫോണ്‍വിളിയിലൂടെ മാത്രമായിരുന്നു.

എന്നാല്‍ അവരെ അവന്‍ അവസാനം വിളിച്ചത് ഹൈദരാബാദില്‍ നിന്നായിരുന്നു. ഹോളി കഴിഞ്ഞ് മൂന്നാം ദിവസമായിരുന്നു അവനെ അഹ്മദാബാദ് ജയിലില്‍ നിന്ന് അങ്ങോട്ടേക്ക് കൊണ്ടുപോയത്. ‘അവന് ഹോളി ആഘോഷങ്ങള്‍ ഇഷ്ടമായിരുന്നു’, അനിയത്തി റുക്‌സാന ഖാത്തൂന്‍ പറയുന്നു. ആ ദിവസം അവന്‍ വല്ലാത്ത പിരിമുറുക്കത്തിലായിരുന്നു. എന്നിട്ടും ആദ്യം ചോദിച്ചത്, ആപ, നിങ്ങള്‍ നിറങ്ങള്‍ കൊണ്ട് കളിച്ചോ’ എന്നാണ്. ഇടുങ്ങിയ മുറിയിലിരുന്ന് ഇസ്ഹാറിന് വേണ്ടി ദുആകള്‍ ചൊല്ലിയിരിക്കുന്ന തന്റെയും സഹോദരന്റെയും കുട്ടികളെ നോക്കി അവള്‍ പറയുന്നു.

ഏപ്രില്‍ ഏഴിന് തെലങ്കാനയിലെ നാല്‍ഗോണ്ട ജില്ലയില്‍ തീവ്രവാദ ആരോപണങ്ങള്‍ ചാര്‍ത്തപ്പെട്ട അഞ്ച് പേര്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. വാറങ്കല്‍ ജയിലില്‍ നിന്നും ഹൈദരാബാദിലേക്ക് കൊണ്ട് പോകും വഴി പൊലീസിന്റെ ആയുധം തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ബസില്‍ 17 പൊലീസുകാരുണ്ടായിരുന്നു. അഞ്ച് വിചാരണാതടവുകാരുടെയും ഒരു കൈ സീറ്റുകളില്‍ ചങ്ങലക്കിട്ടിരുന്നു. എന്നിട്ടും പൊലീസ് അവരെ വെടിവെച്ചു. അവരില്‍ ഒരാളായിരുന്നു ഇസ്ഹാര്‍.

ഹൈദരാബാദിലേക്ക് അവരെ മാറ്റിയ ദിവസം ഓടിരക്ഷപ്പെടാന്‍ പൊലീസ് അവരെ പ്രേരിപ്പിച്ചു. പക്ഷെ അവര്‍ വഴങ്ങിയില്ല, റുക്‌സാന തുടരുന്നു. ഒരു ഏറ്റുമുട്ടലിലൂടെ അവരെ കൊല്ലാനുള്ള തന്ത്രമാണതെന്ന് അവര്‍ക്കറിയാമായിരുന്നു. ഇത്തരം കാര്യങ്ങളൊന്നും ഇസ്ഹാര്‍ ഞങ്ങളോട് പങ്ക് വെക്കാറില്ലായിരുന്നു. പക്ഷെ, അന്ന് അതൊക്കെ അവന്‍ പറഞ്ഞു. പൊലീസ് എന്തൊക്കെയോ ആസൂത്രണം ചെയ്യുന്നുണ്ടെന്ന തോന്നല്‍ അവനുണ്ടായിരുന്നു. എന്നാല്‍ അവര്‍ എന്താണ് ചെയ്യുക എന്നവനറിയില്ലായിരുന്നു.’ അവസാനമായി വീട്ടിലേക്ക് വിളിച്ചതിന് തൊട്ടടുത്ത ദിവസം, തങ്ങളുടെ ജീവന്‍ അപകടത്തിലാണെന്ന് കാണിച്ച് ഇസ്ഹാറും മറ്റു രണ്ട് യുവാക്കളും ഹൈദരാബാദ് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. അന്ന് അധികം സംസാരിച്ചില്ല. വാറങ്കലിലേക്ക് മാറ്റിയതിനാല്‍ ഇനി രണ്ട് മൂന്ന് ആഴ്ചത്തേക്ക് വിളിക്കാന്‍ കഴിഞ്ഞെന്ന് വരില്ലെന്ന് ഇസ്ഹാര്‍ അന്ന് പറഞ്ഞു.

എപ്പോഴും പറയുന്നത് പോലെ അന്നും പറഞ്ഞു, പേടിക്കരുത്.

ഏപ്രില്‍ ഏഴിന് ഒരു ഏറ്റുമുട്ടല്‍ കൊലയെക്കുറിച്ചുള്ള വിവരം ലഭിച്ചയുടന്‍ കുടുംബക്കാര്‍ക്കെല്ലാം അത് ഇസ്ഹാര്‍ അല്ലെന്ന് ഉറപ്പ് വരുത്താനുള്ള തിടുക്കമായിരുന്നു. ടിവിയിലും, ഓണ്‍ലൈനിലുമെല്ലാം ഞങ്ങള്‍ പരതി, പക്ഷെ ഒരു വിവരവും കണ്ടില്ല, ഇസ്ഹാറിന്റെ അനന്തിരവന്‍ സിയ പറയുന്നു. ആ ദിവസം കോടതിയില്‍ വിചാരണയൊന്നുമുണ്ടായിരുന്നില്ല. വാര്‍ത്ത വിശ്വസിക്കാനാവാത്തതായി. പൊലീസ് പ്രസിദ്ധപ്പെടുത്തിയ അഞ്ച് ഫോട്ടോകളില്‍ ഇസ്ഹാറിന്റെ പടമുണ്ടായിരുന്നില്ല. എന്നാല്‍ വാര്‍ത്താമാധ്യമങ്ങളിലെല്ലാം ഇസ്‌റാര്‍ എന്നൊരാള്‍ കൊല്ലപ്പെട്ടതായി പറയുന്നുണ്ടായിരുന്നു.

തൊട്ടടുത്ത ദിവസം രാവിലെ ഒരു പരിചയക്കാരനാണ് കൊല്ലപ്പെട്ടവരില്‍ ഇസ്ഹാറുമുണ്ടെന്ന് തെളിഞ്ഞതായി വിളിച്ചറിയിച്ചത്. ഇന്നേവരെ, പൊലീസ് രേഖകളില്‍ ഇസ്‌റാറിന്റെ ഫോട്ടോയില്ല. അതിന്റെ സ്ഥാനത്ത് ഇസ്‌റാര്‍ എന്ന അജ്ഞാതനായ ഒരാളുടെ പേരാണ്.

പഴയ ലക്‌നോവിലെ യുവരക്തം
ഇലക്ട്രിക് ഉപകരണങ്ങളും, ഹാര്‍ഡ് വെയറുകളും തോക്കുകളുമെല്ലാം ലഭിക്കുന്ന ഓള്‍ഡ് ലക്‌നോവിലെ ആമിനാബാദ് ബസാറില്‍ നയാ ഗാണ്‍ എന്ന തിരക്കേറിയ തെരുവിലാണ് ഇസ്ഹാര്‍ അഹ്മദ് ഖാന്‍ ജനിച്ച് വളര്‍ന്നത്. ‘അവന്‍ ആളൊരു ദബാങ്ങായിരുന്നു എന്ന കാര്യം ശരിയല്ലെന്ന് പറയുന്നില്ല’, മൂത്ത സഹോദരന്‍ തന്‍വീര്‍ പറയുന്നു. അല്‍പം പൊട്ടിത്തെറികളുമായി നടക്കുന്ന യുവാക്കളെ ഉത്തരേന്ത്യക്കാര്‍ വിശേഷിപ്പിക്കുന്നതാണ് ദബാങ്ങ്. ലാളിച്ചു വളര്‍ത്തിയതായിരുന്നെങ്കിലും ഉത്തരവാദിത്തബോധമുള്ളവന്‍ ആയിരുന്നു. ഞങ്ങളാരും വീട്ടിലില്ലാതിരുന്ന നാളുകളില്‍ എല്ലാവരുടെയും പ്രശ്‌നങ്ങള്‍ ഏറ്റെടുത്തിരുന്നത് അവനായിരുന്നു. ഏത് പ്രശ്‌നവും പരിഹരിക്കാനുള്ള എല്ലാ പണിയുമെടുക്കും.

അവദ് കി പുകാര്‍ എന്ന ഉര്‍ദുപത്രം നടത്തിയിരുന്ന ശംസുദ്ധീന്‍ അഹ്മദ് ഖാന്‍ ആയിരുന്നു അവരുടെ പിതാവ്. അദ്ദേഹം രോഗിയായി കിടപ്പിലായിരുന്നു. മൂന്ന് മൂത്ത സഹോദരന്മാര്‍ സൗദിയില്‍ വ്യത്യസ്ത തൊഴില്‍ ചെയ്ത് ജീവിച്ചു. അന്ന് യുപിയിലെ മറ്റേതൊരു ചെറുപ്പക്കാരനെയും പോലെ ഇസ്ഹാറും ചെത്ത് വസ്ത്രങ്ങളെല്ലാം ധരിച്ച് വിലസി നടന്നു.

വിദ്യാന്ത് ഹിന്ദു പിജി കോളേജില്‍ നിന്നും ബിരുദം പൂര്‍ത്തിയാക്കിയ ഇസ്ഹാര്‍ കുറച്ച് കാലം റിയല്‍ എസ്റ്റേറ്റില്‍ കളിച്ചു. കോളേജില്‍ നവരാത്രി അവസരത്തില്‍ ദുര്‍ഗ പൂജ സ്റ്റാളുകള്‍ സ്ഥാപിക്കുന്നതില്‍ മുന്‍പന്തിയിലുണ്ടായിരുന്ന ആളായിരുന്നു. ഇടുങ്ങി തിങ്ങിനിറഞ്ഞ ഓള്‍ഡ് ലക്‌നോവിലെ ഹിന്ദു-മുസ്‌ലിം ജനങ്ങള്‍ ഫ്‌ലാറ്റുകളുടെ മോഡിയില്‍ ഭ്രമിച്ചു തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ. റിയല്‍ എസ്‌റ്റേറ്റ് മുതലാളിമാര്‍ക്ക് പഴയ വീടുകളുടെ സ്ഥാനത്ത് ആധുനികരീതിയിലുള്ള ബഹുനില കെട്ടിടങ്ങള്‍ ഉയര്‍ത്താന്‍ അവര്‍ തങ്ങളുടെ സ്ഥലങ്ങള്‍ ലേലം വിളിച്ച് വില്‍ക്കാന്‍ തുടങ്ങി. അപ്പോഴേക്കും നിയമപഠനത്തിന് ചേര്‍ന്നിരുന്ന ഇസ്ഹാറും 2010 ആഗസ്റ്റില്‍ ഒരു കരാറെടുത്തു. അറുപത് ലക്ഷത്തിന്റെ ആ കരാര്‍ എടുത്തതിന് ശേഷമാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്ന് തന്‍വീര്‍ പറയുന്നു. കരാറിനുമേല്‍ സംഘട്ടനമുണ്ടായി അവനും മറ്റ് അഞ്ച് പേരും അഞ്ചു ദിവസത്തേക്ക് അറസ്റ്റിലായി.

ആദ്യ അറസ്റ്റിന് ശേഷം 2010 ഒക്ടോബര്‍ 20ന്, ഇസ്ഹാര്‍ വീണ്ടും അറസ്റ്റിലായി. ഇത്തവണ ഗുജറാത്തിലെ ആന്റി ടെറര്‍ സ്‌ക്വാഡ് ആണ് അറസ്റ്റ് ചെയ്തത്. 2002 ഗുജറാത്ത് കലാപത്തിന് പ്രതികാരമെന്ന നിലയില്‍ പോലീസുകാരനെ കൊന്നുവെന്ന ആരോപണത്തിന്മേല്‍ പിടിയിലായ വിഖാര്‍ എന്നയാള്‍ക്ക് തോക്ക് വിറ്റ കേസിലായിരുന്നു അറസ്റ്റ്. പിന്നീട് 2011-ല്‍ എസ്.ഐ.ടിയും അവിഭക്ത ആന്ധ്രയിലെ ഭീകരവിരുദ്ധ സംഘവും ചേര്‍ന്ന് പുറപ്പെടുവിച്ച കുറ്റപത്രത്തില്‍ 2008ലും 2009ലുമായി മക്ക മസ്ജിദ് സ്‌ഫോടനങ്ങളുടെ പ്രതികാരമെന്ന നിലയില്‍ പോലീസുകാരെയും ഹോം ഗാര്‍ഡുകളെയും കൊന്ന കേസില്‍ ഇസ്ഹാറും മറ്റു ഏഴ് പേരും ഉള്‍പ്പെട്ടു.

അറസ്റ്റിന് ഏതാനും മാസങ്ങള്‍ക്കു ശേഷം ഡിഎസ്പിക്ക് മുമ്പാകെ ഇസ്ഹാര്‍ നടത്തിയ കുറ്റസമ്മത മൊഴി രേഖപ്പെടുത്തിയതായി പൊലീസ് അവകാശപ്പെട്ടു. 2004ല്‍ ലഖ്‌നോവിലാണ് വിഖാര്‍ സലീം, ശാരിഖ് എന്നിവര്‍ മുഖേന ഇസ്ഹാറിനെ കണ്ടതെന്ന് മൊഴിയിലുണ്ടായിരുന്നു. നസീര്‍ എന്നായിരുന്ന വിഖാര്‍ സ്വയം പരിചയപ്പെടുത്തിയത്. 20,000 രൂപക്ക് ഇസ്ഹാര്‍ നസീര്‍ എന്ന വിഖാറിന് തോക്ക് വിറ്റത് അന്നായിരുന്നത്രേ. അതുപോലെ, 2007ലും 2008ലുമായി 20,000 രൂപക്കും 22,000 രൂപക്കും ഫാക്ടറി നിര്‍മിത തോക്കുകള്‍ വിറ്റു. ആയുധങ്ങള്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് തനിക്ക് ധാരണയുണ്ടായിരുന്നില്ലെന്ന് ഇസ്ഹാര്‍ പറഞ്ഞതായും മൊഴിയിലുണ്ടായിരുന്നതായി പറയുന്നു.

ഏറ്റുമുട്ടലില്‍ വിഖാറും കൊല്ലപ്പെട്ടു.

കൊല്ലപ്പെട്ടെന്ന് തെളിയും വരെ കുറ്റവാളി
അഹ്മദാബാദ് ജയിലില്‍ ഞങ്ങള്‍ അവനെ സന്ദര്‍ശിച്ചപ്പോള്‍ ജയിലില്‍ പീഡിക്കപ്പെട്ടിട്ടില്ലെന്ന് സത്യം ചെയ്യാന്‍ ഞാന്‍ അവനോട് പറഞ്ഞു, സിയ പറയുന്നു. തനിക്ക് മര്‍ദ്ദനമേറ്റെന്നും ഇലക്ട്രിക് ഷോക് വെച്ചെന്നും അപ്പോള്‍ അവന്‍ എന്നോട് പറഞ്ഞു. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത് പോലീസ് ഏറ്റുമുട്ടലില്‍ നിന്ന് രക്ഷപ്പെടാന്‍ സ്വന്തം കൈത്തണ്ടയും കഴുത്തും അവന് കീറേണ്ടി വന്നു. കൈത്തണ്ടയില്‍ അതിന്റെ പാടുകള്‍ ഞാന്‍ കണ്ടതോര്‍ക്കുന്നു. ആ പോലീസുകാര്‍ക്ക് മുന്നില്‍ ഇസ്ഹാര്‍ മാമു കുറ്റം സമ്മതിച്ച് മൊഴിനല്‍കിയെന്ന് ഞങ്ങള്‍ വിശ്വസിക്കണമെന്നോ?

വിഖാറുമായുള്ള ബന്ധത്തിനോ ആരോപിക്കപ്പെട്ട ഭീകരാക്രമങ്ങളുമായോ ഇസ്ഹാറിനുള്ള പങ്ക് തെളിയിക്കാന്‍ യാതൊരു തെളിവുമുണ്ടായിരുന്നില്ലെന്ന് ഇസ്ഹാറിന്റെ വക്കീല്‍ ശഫത്തുള്ള ഖാന്‍ പറയുന്നു. ഇസ്ഹാറിനെ വിഖാറിന് പരിചയപ്പെടുത്തിയ സലീം, ശാരിഖ് എന്നിവരെ പൊലീസിന് ഇനിയും കണ്ടെത്താനായിട്ടില്ല. പൊലീസിന് മുമ്പാകെ നടത്തിയ മൊഴി കോടതിയില്‍ സ്വീകാര്യമല്ലെന്ന് വക്കീല്‍ പറയുന്നു.

രോഗിണിയായ ഉമ്മ നജ്മ മകന്‍ ഇസ്ഹാര്‍ മരണപ്പെട്ടത് ഏറ്റുമുട്ടലിലാണെന്ന് ഇനിയുമറിഞ്ഞിട്ടില്ല. ജയിലില്‍ ഒരു അപകടത്തില്‍ പെട്ട് മരിക്കുകയായിരുന്നു എന്നാണ് അവരോട് പറഞ്ഞിട്ടുള്ളത്.

അവന്റെ ഉപ്പ ജീവിച്ചിരിന്നിരുന്നുവെങ്കില്‍ ഇത്രയും വര്‍ഷം ഇസ്ഹാര്‍ ജയിലില്‍ നരകിക്കില്ലായിരുന്നു. 2010ല്‍ ഇസ്ഹാര്‍ അറസ്റ്റിലായി രണ്ടര വര്‍ഷം കഴിഞ്ഞാണ് അവരുടെ ഉപ്പ മരിക്കുന്നത്. എന്റെ മോന്‍ പോയ എനിക്ക് ജീവിക്കാന്‍ എങ്ങനെ ആഗ്രഹമുണ്ടാവാനാണ്. എന്താണുണ്ടായതെന്ന് ആരുമെന്നോട് പറയുന്നുമില്ല. തൊണ്ടയിടറി നജ്മ പറയുന്നു. അവര്‍ക്ക് കരച്ചില്‍ നിറുത്താനാവുന്നില്ല. ചെറുപ്പം തൊട്ടേ ഇഷ്ടത്തിലായിരുന്ന പെണ്‍കുട്ടിയുമായി കല്യാണമുറപ്പിക്കട്ടെ എന്ന് ഞാന്‍ അവനോട് ഒരിക്കല്‍ ചോദിച്ചു. തനിക്ക് വേണ്ടി കാത്ത് നില്‍ക്കാന്‍ അവര്‍ക്ക് ഇടവരുത്തരുത്, ഞാന്‍ മോചിതനാവുന്നതിന് മുമ്പ് മറ്റൊരു ബന്ധം കിട്ടിയാല്‍ അവരോട് അതുമായി മുന്നോട്ട് പോകാന്‍ പറയണമെന്നായിരുന്നു അവന്റെ മറുപടി. മറ്റേതെങ്കിലും ഒരു ആണ്‍കുട്ടി അങ്ങനെ പറയുമോ?

അവസാനമായി വിളിച്ചപ്പോള്‍ കേസിന്റെ ഊഴമായെന്നും തനിക്ക് ജാമ്യം കിട്ടുമെന്നും ഇസ്ഹാര്‍ റുക്‌സാനയോട് പറഞ്ഞിരുന്നു. വിചാരണയില്‍ 52ല്‍ 38 സാക്ഷികള്‍ക്കും അവനെ തിരിച്ചറിയാനായില്ല. നിരപരാധിയായ ഒരാളെ അഞ്ചു വര്‍ഷത്തോളം തടങ്കല്ലിലിട്ട പൊലീസ് ഭയപ്പെട്ടു കാണണം. അതുകൊണ്ടായിരിക്കും അവര്‍ അവനെ കൊന്നത്.

ഈ മൊഹല്ലയിലെ ഹിന്ദുവും മുസ്‌ലിമും ഒരു പോലെ ഇസ്ഹാറിന്റെ മരണത്തില്‍ തേങ്ങി. ഗുജറാത്തില്‍ കൊല്ലപ്പെട്ട മുസ്ലിങ്ങള്‍ക്ക് വേണ്ടി പ്രതികാരം ചെയ്യുകയായിരുന്നു അവന്‍ എന്നാണവര്‍ പറയുന്നത്. ലക്‌നോവിന് പുറത്ത് ജീവിതത്തില്‍ രണ്ട് തവണ മാത്രമേ അവന്‍ പോയിട്ടുള്ളൂ. അതും യുപിയിലെ തന്നെ കാണ്‍പൂരിലേക്ക്.

വിധിയുടെ നാളുകള്‍
ഏറ്റുമുട്ടലിന്റെ വാര്‍ത്തകള്‍ എല്ലാ ഭാഷകളിലുമുള്ള പത്രങ്ങളിലും പ്രത്യക്ഷപ്പെട്ടു. ഭീകരവാദികള്‍ എന്നായിരുന്നു എല്ലാ പത്രങ്ങളും കൊല്ലപ്പെട്ടവരെ കുറിച്ചെഴുതിയത്. ഹിന്ദി പത്രം ഹിന്ദുസ്ഥാനില്‍ ലഖ്‌നോ ഭീകരവാദി തെലങ്കാനയില്‍ കൊല്ലപ്പെട്ടു എന്നായിരുന്നു വാര്‍ത്ത. ഭീകരവാദികള്‍ ലഖ്‌നോവില്‍ അവരുടെ കുലം വളര്‍ത്തുന്നു എന്നും ഗുജറാത്തില്‍ ഇസ്ഹാര്‍ ശൃംഖലയുണ്ടാക്കിയിരുന്നുവെന്നും ദൈനിക് ജാഗരണ്‍ എഴുതി. ഇംഗ്ലീഷ് പത്രങ്ങളും ഒട്ടും പിറകിലായിരുന്നില്ല. അഞ്ച് ഇസ്‌ലാമിസ്റ്റ് തീവ്രവാദികള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നായിരുന്നു ദി ഹിന്ദു എഴുതിയത്. രക്ഷപ്പെടാന്‍ ശ്രമിച്ച അഞ്ച് തീവ്രവാദികള്‍ കൊല്ലപ്പെട്ടെന്നായിരുന്നു ടൈംസ് ഓഫ് ഇന്ത്യ എഴുതിയത്.

ഇസ്‌റാര്‍ ഒരുപാട് സ്വത്തും സമ്പാദ്യങ്ങളും വാരിക്കുട്ടിയെന്നും ഒരു റിപ്പോര്‍ട്ടര്‍ എഴുതി. അത് സത്യമായിരുന്നെങ്കില്‍ ഈ ഇടുങ്ങിയ സ്ഥലത്ത്, അതിഥികളെ സല്‍കരിക്കാന്‍ പോലും നല്ലൊരു മുറിയില്ലാത്ത ഇടിഞ്ഞുപൊളിയാറായ ഈ വീട്ടില്‍ കഴിയേണ്ടിവരുമായിരുന്നോ ഞങ്ങള്‍ക്ക്?

ഇസ്ഹാറിനെ ഭീകരവാദിയെന്ന് മുദ്രകുത്തിയതിന് മാപ്പ് പറയണമെന്നാവശ്യപ്പെടാന്‍ ഇസ്ഹാറിന്റെ കുടുംബത്തിന് പദ്ധതികളുണ്ട്. ഇസ്ഹാറിനോട് ചെയ്തതിനോടൊന്നും ഞങ്ങള്‍ക്ക് പ്രതികാരമില്ല. പക്ഷെ ഈ വ്യാജാരോപണം നീക്കണമെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ട്. മുഹമ്മദ് ശുഹൈബ് എന്ന അഡ്വക്കറ്റിന് കീഴില്‍ വ്യാജ കുറ്റാരാപോണങ്ങളിന്മേല്‍ തടവിലായവരുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന റിഹായി മഞ്ച് എന്ന സംഘത്തിന്റെ പിന്തുണയുമിവര്‍ക്കുണ്ട്. വ്യാജ ഭീകരകേസുകള്‍ മീഡിയ എങ്ങനെയാണ് പെരുപ്പിക്കുന്നതെന്നതിന് കൗസര്‍ എന്നയാളുടെ കേസ് മുഹമ്മദ് ശുഹൈബ് ചൂണ്ടിക്കാട്ടുന്നു . ‘ഒരു വലിയ വീടിന്റെ ചിത്രം പ്രസിദ്ധീകരിച്ച് കൗസറിന്റേതാണെന്ന് എഴുതി. യഥാര്‍ത്ഥില്‍ അതൊരു പൊലീസുകാരന്റെ വീടായിരുന്നു.’

‘പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട അഞ്ചുപേര്‍ക്കുമെതിരെ സിമി, ഇന്ത്യന്‍ മുജാഹിദ്ദീന്‍, ലശ്കറെ ത്വയിബ എന്നിവരുമായ ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടായിരുന്നതിന് ഒരു തെളിവുമില്ല. 2014ലെ സുപ്രീംകോടതി ഉത്തരവ് പ്രകാരം ഏറ്റുമുട്ടലില്‍ ജുഡിഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കുറ്റം ചെയ്തവരെ ശിക്ഷിക്കും’ എന്നാണ് തെലങ്കാന ജിഡിപി അനുരാഗ് ശര്‍മ പറയുന്നത്.

ഇസ്ഹാറിന്റെ സംഭവത്തിനു പിന്നില്‍ മതപരമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന ചോദ്യത്തിന് തന്‍വീറിന്റെ പ്രതികരണം: ‘ദയവായി ഇതിനെ മതത്തിന്റെ പ്രശ്‌നമാക്കാതിരിക്കുക. ഇസ്ഹാറിനെ എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു. എന്നാല്‍ മറ്റൊന്നെനിക്ക് പറയാനുണ്ട്. അവന്റെ അന്ത്യകര്‍മങ്ങള്‍ക്ക് ഒരാളൊഴിവില്ലാതെ എല്ലാ അമുസ്‌ലിം സുഹൃത്തുക്കളും പങ്കെടുത്തു. പക്ഷേ, മുസ്‌ലിം സുഹൃത്തുക്കളില്‍ ഒരാള്‍ പോലും വന്നില്ല. ഒരു വ്യാജ ആരോപണത്തിന് ഒരു സമുദായത്തോടൊന്നടങ്കം ചെയ്യാനാവുന്നത് ഇതാണ്.’

മൊഴിമാറ്റം: മുഹമ്മദ് അനീസ്

(ന്യൂഡല്‍ഹിയില്‍ വസിക്കുന്ന സ്വതന്ത്രമാധ്യമ പ്രവര്‍ത്തകായണ് നെഹ ദീക്ഷിത്. സാമൂഹ്യനീതി, ദക്ഷിണേഷ്യന്‍ രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളില്‍ എഴുതാറുണ്ട്.)

Related Articles