Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലിന്റെ തന്നെ സന്താനങ്ങളാണ് ‘ജൂത തീവ്രവാദികള്‍’

jewish.jpg

ആഗസ്റ്റ് മാസത്തിന്റെ തുടക്കത്തില്‍, ഒരു അസാധാരണ കാര്യം സംഭവിച്ചിരുന്നു: ഇസ്രായേല്‍ സര്‍ക്കാര്‍ ഒരു ജൂത തീവ്രവാദിയെ ‘അഡ്മിനിസ്‌ട്രേറ്റീവ് തടങ്കലില്‍’ പിടിച്ചുവെച്ചു. കുറ്റംചാര്‍ത്തലോ വിചാരണയോ കൂടാതെയുള്ള ഈ തടങ്കല്‍ രീതി, ബ്രിട്ടന്‍ ഫലസ്തീന്‍ അധിനിവേശം നടത്തിയ സമയത്ത് നിലവിലുണ്ടായിരുന്നു. പിന്നീടിത് ഇസ്രായേല്‍ അധിനിവേശ സര്‍ക്കാര്‍ ഫലസ്തീനികള്‍ക്കെതിരെ ഉപയോഗിച്ചു പോന്നു.

പക്ഷെ ഒരു ജൂത പൗരനെ ഇത്തരത്തില്‍ ‘അഡ്മിനിസ്‌ട്രേറ്റീവ് തടങ്കലില്‍’ പാര്‍പ്പിക്കുന്നത് വളരെ അപൂര്‍വ്വമാണ്. 24 വയസ്സുകാരനായ, ജൂതകുടിയേറ്റ അനുകൂലിയും, കടുത്ത മതഭ്രാന്തനുമായ മീര്‍ എറ്റിംഗറിനാണ് തടങ്കലില്‍ കിടക്കേണ്ടി വന്നത്. കുപസിദ്ധ റബ്ബി മീര്‍ കഹാനെയുടെ പേരമകനാണ് മീര്‍ എറ്റിംഗര്‍.

1969-ല്‍ ന്യൂയോര്‍ക്കില്‍ വെച്ച് രൂപംനല്‍കപ്പെട്ട ഭീകരവാദ സംഘടനയായ ‘ജ്യൂയിഷ് ഡിഫന്‍സ് ലീഗ്’ (ജെ.ഡി.എല്‍)-ന്റെ സ്ഥാപകനാണ് കഹാനെ. 1970-കളിലും 1980-കളിലും ഫലസ്തീന്‍, ഈജിപ്ത്, സോവിയറ്റ് പൗരന്‍മാര്‍ക്കെതിരെ നടന്ന ആക്രമണങ്ങള്‍ക്കും, ബോംബ് സ്‌ഫോടന പരമ്പരകള്‍ക്കും ഉത്തരവാദികള്‍ പ്രസ്തുത സംഘടനയായിരുന്നു. അതുപോലെ തന്നെ, ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ജെ.ഡി.എല്‍ അംഗങ്ങള്‍ നേതൃത്വവുമായി നിരന്തരം കലഹിച്ചിരുന്നു.

പിന്നീട് കച്ച് (KACH) പാര്‍ട്ടി രൂപവല്‍ക്കരിക്കുന്നതിന് വേണ്ടി കഹാനെ ഇസ്രായേലിലേക്ക് മടങ്ങി. എങ്കിലും അമേരിക്കയിലെ ജെ.ഡി.എല്ലിന് മേലുള്ള തന്റെ സ്വാധീനം കഹാനെ നിലനിര്‍ത്തി പോന്നു. ജെ.ഡി.എല്ലിന്റെ ഇസ്രായേലിലെ ബ്രാഞ്ചാണ് കച്ച് എന്ന് ഒരിക്കല്‍ അദ്ദേഹം എഴുതുകയുണ്ടായി. തന്റെ ഗ്രൂപ്പിന്റെ മേല്‍ ഭീകരവാദ മുദ്ര പതിയുന്നതിന് മുമ്പായി തന്നെ, അദ്ദേഹം ഇസ്രായേല്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ‘ഇസ്രായേല്‍ ഭൂമി’യില്‍ നിന്നും എല്ലാ ഫലസ്തീനികളെയും ബലംപ്രയോഗിച്ച് തന്നെ പുറത്താക്കണമെന്ന് കഹാനെ വാദിച്ചു. വെസ്റ്റ്ബാങ്കും, ഗസ്സ മുനമ്പും ഉള്‍പ്പെടുന്നതായിരുന്നു അദ്ദേഹത്തിന്റെ ‘ഇസ്രായേല്‍ ഭൂമി’ എന്ന സ്വപ്നം.

കഹാനെയെയും ഇസ്രായേല്‍ അധികൃതര്‍ തടങ്കലില്‍ പാര്‍പ്പിച്ചിട്ടുണ്ട്. ഇസ്രായേല്‍ സര്‍ക്കാറിനെതിരെയുള്ള അദ്ദേഹത്തിന്റെ പ്രതിഷേധങ്ങളെ ഒരു ഭീഷണിയായിട്ടാണ് അധികൃതര്‍ കണ്ടത്. ഭീകരവാദ സംഘടനകളെ കുറിച്ചുള്ള തങ്ങളുടെ പുതിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍, വിദേശ ഭീകരവാദ സംഘടനകളുടെ കൂട്ടത്തില്‍ കച്ചിന്റെ ആധുനിക രൂപമായ ‘കഹാനെ ചായ്’-യെയും അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കഹാനെയുടെ പേരമകന്‍ അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്ര പിന്‍ഗാമിയായി മാറിയതിലേക്കാണ് ഇസ്രായേല്‍ പത്രങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ വിരല്‍ചൂണ്ടുന്നത്. ‘ദി റിവോള്‍ട്ട്’ എന്ന് പേരുള്ള തീവ്രജൂതമതചിന്താഗതിക്കാരുടെ ഒരു ചെറുസംഘത്തെ നയിക്കുന്നത് എറ്റിംഗറാണെന്ന് ഇസ്രായേല്‍ രഹസ്യപോലീസായ ‘ശിന്‍ ബേത്ത്’ വ്യക്തമാക്കിയിരുന്നു. അവരുടെ ‘ജൂതരാഷ്ട്ര’ സങ്കല്‍പ്പപ്രകാരം, ഇന്നത്തെ ഇസ്രായേല്‍ എന്ന രാജ്യത്തെ ഇല്ലാതാക്കി, കൂടുതല്‍ തീവ്രമായ മതചിന്തയുടെ അടിസ്ഥാനത്തില്‍ ഒരു രാഷ്ട്രം കെട്ടിപ്പടുക്കേണ്ടതുണ്ട് – എന്നുവെച്ചാല്‍ ഒരു ‘ജൂതസാമ്രാജ്യം’.

”ദി റിവോള്‍ട്ട്’-ന്റെ ആശയം വളരെ ലളിതമാണ്’ 2013-ല്‍ പുറത്തിറക്കിയ പ്രകടനപത്രികയില്‍ എറ്റിംഗര്‍ എഴുതി. ദി ന്യൂയോര്‍ക്കര്‍ റിപ്പോര്‍ട്ട് പ്രകാരം, ‘ഇസ്രായേലിന് ഒരുപാട് ദൗര്‍ബല്ല്യങ്ങളുണ്ട്: ചുറ്റിലും നടക്കുന്ന പ്രശ്‌നങ്ങള്‍, കേവലം കലഹങ്ങള്‍ ഉണ്ടാക്കനല്ല സൃഷ്ടിച്ചിട്ടുള്ളത്. സ്‌ഫോടക വസ്തുക്കള്‍ക്ക് തിരികൊളുത്തുത്തണമെന്നാണ് ഞങ്ങളുടെ ആവശ്യം’.

കഴിഞ്ഞ ജൂലൈയില്‍ നാബുലസില്‍ വെച്ച് 18 മാസം മാത്രം പ്രായമായ കുഞ്ഞും, കുഞ്ഞിന്റെ പിതാവും അതിക്രൂരമായി കൊലചെയ്യപ്പെട്ടിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് ലോകമാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇസ്രായേല്‍ ഒരു പൊതുദുഃഖാചരണ സ്റ്റേജ് ഷോ നടത്തി. ഫലസ്തീന്‍ പൗരന്‍മാര്‍ക്കെതിരെ വര്‍ഷങ്ങളായി നടന്നുവരുന്ന ജൂതകുടിയേറ്റക്കാരുടെ ഭീകരപ്രവര്‍ത്തനങ്ങള്‍ അതിന്റെ പരമകാഷ്ഠയിലെത്തി എന്നാണ് പ്രസ്തുത ദാരുണ സംഭവം തെളിയിക്കുന്നത്. വസ്തുവകകള്‍ നശിപ്പിക്കുന്നതും, ചുമര്‍ ചിത്രങ്ങള്‍ വരക്കുന്നതും മുതല്‍ തീവെപ്പും കൊലപാതകവും വരെ ജൂതകുടിയേറ്റക്കാര്‍ ഫലസ്തീനികള്‍ക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്നു. തീവ്രജൂതമത ചിന്താഗതിക്കാര്‍ താമസിക്കുന്ന വെസ്റ്റ്ബാങ്കിലെ കുടിയേറ്റകേന്ദ്രങ്ങളില്‍ ഒന്നായ യിറ്റസ്ഹറിലെ ജൂതതീവ്രവാദികള്‍, ഒരിക്കല്‍ അടുത്തുള്ള ഫലസ്തീന്‍ ഗ്രാമത്തിന് നേര്‍ക്ക് പ്രദേശികമായി നിര്‍മിച്ച റോക്കറ്റ് വിക്ഷേപിക്കുകയുണ്ടായി.

അത്തരം ‘ഭീകരവാദികള്‍’ ഇപ്പോള്‍ പിടിയിലാവുമെന്നാണ് കഴിഞ്ഞ മാസം നെതന്യാഹു തറപ്പിച്ചു പറഞ്ഞിരുന്നു. അതിന്റെ ഭാഗമാണ് എറ്റിംഗറെ പരസ്യമായി അറസ്റ്റ് ചെയ്തതും, തടങ്കലില്‍ പാര്‍പ്പിച്ചതും. പക്ഷെ, ഇത് ഇസ്രായേലിന്റെ കാപട്യം നിറഞ്ഞ പ്രവര്‍ത്തനം മാത്രമാണ്. ഇസ്രായേലില്‍ ഇസ്രായേല്‍ സര്‍ക്കാര്‍ തന്നെ സാമ്പത്തികസഹായം നല്‍കി വളര്‍ത്തിയെടുത്ത തീവ്രവാദചിന്താഗതിയുടെയും, കുടിയേറ്റകേന്ദ്രങ്ങളുടെയും ഒരു ഉല്‍പ്പന്നമാണ് എറ്റിംഗര്‍.

തീവ്രജൂതമത ചിന്താഗതിക്കാരനായ റബ്ബി ഡോവ് ലയര്‍ അടക്കമുള്ള തീവ്രവാദികളെ നെതന്യാഹു നേരിട്ട് പ്രശംസിച്ചതായി ഇസ്രായേല്‍ പത്രം ഹാരെറ്റ്‌സിന്റെ കോളമിസ്റ്റ് സെഫി റാഷ്‌ലെവ്‌സ്‌കി ചൂണ്ടികാട്ടുന്നു. ഫലസ്തീനികളെ വംശീയമായി ഉന്മൂലനം ചെയ്യണമെന്ന് പരസ്യമായി ആഹ്വാനം ചെയ്യാന്‍ തന്റെ റബ്ബി സ്ഥാനം ഉപയോഗിക്കുന്ന വ്യക്തിയാണ് റബ്ബി ഡോവ് ലയര്‍. ‘ഫലസ്തീനികളെ പൂര്‍ണ്ണമായും രാജ്യത്തു നിന്നും ഇല്ലാതാക്കാന്‍ ഇസ്രായേല്‍ കഠിനമായി പരിശ്രമിക്കേണ്ടതുണ്ട്’ കഴിഞ്ഞ വര്‍ഷം ഡോവ് ലയര്‍ പറഞ്ഞു. 1994-ല്‍ അല്‍ഖലീലില്‍ വെച്ച് മസ്ജിദില്‍ നമസ്‌കരിച്ചു കൊണ്ടിരുന്ന 29 മുസ്‌ലിംകളെ അതിക്രൂരമായി വെടിവെച്ച് കൊന്ന കൊലയാളി ബറൂച്ച് ഗോള്‍ഡ്‌സ്റ്റീനെ, ‘ഹോളോകോസ്റ്റില്‍ രക്തസാക്ഷിത്വം വരിച്ച മുഴുവന്‍ ആളുകളേക്കാളും പരിശുദ്ധന്‍’ എന്നാണ് ലയര്‍ വിശേഷിപ്പിച്ചത്.

എന്നിട്ടും ഈ സംഭവങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന പോലെയാണ് ഇസ്രായേല്‍ സര്‍ക്കാറിന്റെ നാട്യങ്ങള്‍. നിലവിലെ ഇസ്രായേല്‍ വിദ്യാഭ്യാസ മന്ത്രി നഫ്താലി ബെന്നറ്റ് നേതൃത്വം നല്‍കുന്ന ‘ജ്യൂയിഷ് ഹോം’ പാര്‍ട്ടിയുടെ സമുന്നത ആത്മീയ നേതാവാണ് ഡോവ് ലയര്‍. ജ്യൂയിഷ് ഹോം പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടികയിലേക്ക് യൂറി ഏരിയലിന്റെ പേര് നിര്‍ദ്ദേശിച്ചത് ലയറായിരുന്നു. ഒരു ജൂതകുടിയേറ്റക്കാരനായ ഏരിയല്‍, നിലവിലെ മന്ത്രിസഭയിലെ കാര്‍ഷിക മന്ത്രിയാണ്. കഴിഞ്ഞ മന്ത്രിസഭയിലെ ഹൗസിംഗ് മന്ത്രിയായിരുന്നു.)

അതിനേക്കാളുപരി, ജ്യൂയിഷ് ഹോം പാര്‍ട്ടിയിലെ ഒട്ടുമിക്ക ഉന്നതതല ഉപദേശകരും ഒരിക്കല്‍ ‘ജ്യൂയിഷ് അണ്ടര്‍ഗ്രൗണ്ട്’ എന്ന സംഘടനയിലെ അംഗങ്ങളായിരുന്നു. 1980-കളില്‍ ഫലസ്തീന്‍ പൗരന്‍മാര്‍ക്കെതിരെ കാര്‍ ബോംബാക്രമണം അടക്കമുള്ള ഭീകരാക്രമണങ്ങള്‍ സംഘടിപ്പിച്ചിരുന്ന സംഘമായിരുന്നു അത്.

എറ്റിംഗറെ ബലിയാടാക്കാന്‍ ഇസ്രായേലി അധികൃതരെ സംബന്ധിച്ചിടത്തോളം വളരെ എളുപ്പം സാധിക്കുമെങ്കിലും, എറ്റിംഗര്‍ അവരുടെ സ്വന്തം ഓമന സന്താനമാണെന്നതാണ് വസ്തുത.

(ദി ഇലക്ട്രോണിക് ഇന്‍തിഫാദ’യുടെ അസോസിയേറ്റ് എഡിറ്ററായ അസാ വിന്‍സ്റ്റാന്‍ലി, ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ് കൂടിയാണ്.)

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles