Current Date

Search
Close this search box.
Search
Close this search box.

ഇറാഖ് കത്തിയെരിയുമ്പോള്‍ വീണ വായിച്ചവര്‍

iraq.jpg

ഐസിസ് ഭീകരര്‍ ജോര്‍ദാന്‍ ഫൈറ്റര്‍ ജെറ്റ് പൈലറ്റ് മുആദ് കസാസിബയെ അതിക്രൂരമായി കൊല്ലപ്പെടുത്തിയതിനെ തുടര്‍ന്ന് ജീവനോടെ ചുട്ടുകൊല്ലല്‍, തലയറുക്കല്‍ തുടങ്ങിയ കിരാതകൃത്യങ്ങളെ കുറിച്ച് ആളുകള്‍ ധാരാളമായി ചര്‍ച്ച ചെയ്യുന്നത് നാം കണ്ടതാണ്. കഴിഞ്ഞ 13 വര്‍ഷക്കാലത്തെ ഇറാഖിലെ കുറിച്ച് പഠിക്കാനും, മുഖ്യധാരാ മാധ്യമങ്ങള്‍ നമുക്ക് കാണിച്ചു തന്നതിനുപ്പുറത്തെ യഥാര്‍ത്ഥ വസ്തുതകളിലേക്ക് ഇറങ്ങിചെല്ലാനും ആരെങ്കിലും തയ്യാറാവുകയാണെങ്കില്‍ മേല്‍പറഞ്ഞ മനുഷ്യത്വരഹിതമായ കാടന്‍ ഹിംസാ രീതികള്‍ക്ക് ഒരുപാടുകാലത്തെ പഴക്കമുണ്ടെന്ന് കണ്ടെത്താന്‍ സാധിക്കും. അക്കാലമത്രയും ഐസിസ്, അല്‍ഖാഇദ പോലെയുള്ള സംഘങ്ങള്‍ എന്തെടുക്കുകയായിരുന്നു എന്നതിനെ കുറിച്ചുള്ള വെളിപ്പെടുത്തലുകളല്ല ഈ കുറിപ്പു കൊണ്ട് ഉദ്ദേശിക്കുന്നത്. മറിച്ച് മറഞ്ഞിരിക്കുന്ന ‘മറ്റുള്ള’-  ലോകം മനപ്പൂര്‍വ്വം മറക്കാന്‍ ശ്രമിക്കുന്ന യഥാര്‍ത്ഥ കൊലയാളികള്‍ ആരൊക്കെയെന്നതിലേക്ക് വെളിച്ചം വീശുന്നതാണ് ഈ ലേഖനം.

എന്റെയും സമാധാനപ്രിയരായ എല്ലാ ഇറാഖികളുടെയും ഉള്ളം പൊള്ളിക്കുന്നതും, അസ്വസ്ഥപ്പെടുന്നതുമായ ഒരുപാട് ചിത്രങ്ങളും, വാര്‍ത്താശകലങ്ങളും ഉണ്ടെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. തങ്ങള്‍ സാക്ഷികളായ മനുഷ്യത്വരഹിതമായ ആക്രമണങ്ങളും ക്രൂരതകളും ഇറാഖിലെ വളര്‍ന്നുവരുന്ന ചെറുതലമുറയുടെ മനസ്സിനേല്‍പ്പിച്ച ഗുരുതരമായ ആഘാതങ്ങളിലെ വിശദീകരിച്ചു കൊണ്ടുള്ള ലേഖനങ്ങള്‍ മാനസികാരോഗ്യ മാഗസിനുകളിലും, ചില പത്രങ്ങളിലും അച്ചടിച്ചു വന്നുകഴിഞ്ഞതാണ്. ആ മാനസികാഘാതം ഇറാഖിലെ കുട്ടികളില്‍ മാത്രം പരമിതപ്പെടുന്നില്ല. തങ്ങളുടെ പ്രിയപ്പെട്ടവരുടെ കൊലപാതക ദൃശ്യങ്ങള്‍ നേരില്‍ കാണാന്‍ വിധിക്കപ്പെട്ട ഇറാഖിലെ ഉമ്മമാരും, ഉപ്പമാരും, സഹോദരികളും, സഹോദരന്മാരും, അടുത്ത സുഹൃത്തുകളും കടുത്ത മനോവേദനയില്‍ നീറിത്തന്നെയാണ് ഇന്നും കഴിഞ്ഞു പോകുന്നത്.

ഇറാഖിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം അഗ്നിയും, മറ്റു രാസായുധങ്ങളും ഉപയോഗിച്ച് ഇരകളെ ചുട്ടുകൊല്ലുന്ന സംഭവം പുതുമയുള്ള കാര്യമല്ല. മോചനദ്രവ്യം കൊടുക്കാത്തതിന്റെ പേരില്‍ ഇറാന്‍ തീറ്റിപോറ്റി വളര്‍ത്തുന്ന ശിയാ മരണസ്‌ക്വാഡുകള്‍ (ഇന്നവര്‍ക്ക് പ്രത്യേക യൂണിഫോമുണ്ട്. ഇറാഖി സെക്യൂരിറ്റി സര്‍വ്വീസ് എന്നാണ് അവരുടെ ഇപ്പോഴത്തെ പേര്) പീഢിപ്പിച്ചും രാസവസ്തുക്കള്‍ ഉപയോഗിച്ച് കത്തിച്ചുമാണ് എന്റെ സ്വന്തം അമ്മാവനെ വധിച്ചത്. കത്തിച്ചു കൊല്ലല്‍ ഈ ശിയാ മരണ സ്‌ക്വാഡുകളെ സംബന്ധിച്ചിടത്തോളം നിസ്സാര കാര്യമാണ്. ഞാനിനി വിശദീകരിക്കാന്‍ പോകുന്നത് തീര്‍ച്ചയായും വായനക്കാരെ അസ്വസ്ഥപ്പെടുത്തുന്ന കാര്യങ്ങള്‍ തന്നെയാണ്. ഇരകളുടെ കണ്ണും നഖങ്ങളും ചൂഴ്‌ന്നെടുക്കല്‍, ശരീരത്തിലെ പേശികളും എല്ലുകളും ഡ്രില്ലറുകള്‍ ഉപയോഗിച്ച് തുളക്കുക, ശരീരത്തിലൂടെ വൈദ്യുതി കടത്തിവിടുക, വലിയ സിമന്റ് ബ്ലോക്കുകള്‍ ഉപയോഗിച്ച് തലക്കടിക്കുക തുടങ്ങിയ ക്രൂരകൃത്യങ്ങള്‍ ഈ ശിയാ സ്‌ക്വാഡുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. പക്ഷെ ശിയാ മരണസ്‌ക്വാഡുകളെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറം ലോകമറിയാറില്ല.

ഈ കുറ്റകൃത്യങ്ങള്‍ തടയേണ്ടതുണ്ട്. എന്തു കൊണ്ടാണ് അവരെയാരും തടയാത്തത്? മനുഷ്യരാശിക്കെതിരെ വളരെ കാലമായി തുടര്‍ന്ന് കൊണ്ടിരിക്കുന്ന ഈ അക്രമങ്ങളെ തുറന്ന് കാട്ടിയിട്ടുള്ള ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്, ആാംനസ്റ്റി ഇന്റര്‍നാഷണല്‍ തുടങ്ങിയ സംഘടനകള്‍ പറയുന്ന കാര്യങ്ങളോട് തികച്ചും പക്ഷപാതപരമായ സമീപനമാണ് അന്താരാഷ്ട്രസമൂഹം വെച്ചുപുലര്‍ത്തുന്നത്. മനസ്സ് മരവിക്കുന്ന ക്രൂരകൃത്യങ്ങള്‍ക്കാണ് ദിനംപ്രതിയെന്നോണം ശിയാ സക്വാഡുകള്‍ സുന്നികളെ വിധേയമാക്കുന്നത്. കഴിഞ്ഞ ജനുവരിയില്‍ ദിയാലയില്‍ നടന്ന കൂട്ടക്കൊല ഇത്തരത്തിലുള്ള ഒന്നായിരുന്നു. ബഖൂബയില്‍ സുന്നി സിവിലിയന്‍മാരെ കൊന്നതിന് ശേഷം മൃതദേഹങ്ങള്‍ പൊതുസ്ഥലത്ത് വൈദ്യുതി വിളക്കുകളില്‍ കെട്ടിതൂക്കിയിട്ടു. സുന്നികളെ അവരുടെ പള്ളികളില്‍ വെച്ച് തന്നെ കൊന്നുതള്ളി. ഇറാഖിലെ സുന്നികളുടെ ദുരിതങ്ങള്‍ മനുഷ്യാവകാശ പ്രശ്‌നമായി ഉയര്‍ത്തികൊണ്ടുവരാന്‍ മാധ്യമങ്ങളും രാഷ്ട്രീയവൃത്തങ്ങളും പേരിന് പോലും തയ്യാറായിട്ടില്ല. കാരണം അങ്ങനെ ചെയ്താല്‍ ഇറാഖിലേക്കുള്ള ജനാധിപത്യത്തിന്റെ ഇറക്കുമതി ദയനീയമായ പരാജയമായിരുന്നെന്ന് അവര്‍ക്ക് സമ്മതിക്കേണ്ടിവരും. കൂടാതെ ഫ്രാങ്കസ്റ്റീന്‍ ഭൂതം കണക്കെയുള്ള ഒരു സര്‍ക്കാര്‍ സംവിധാനം ഇറാഖില്‍ സ്ഥാപിച്ച അമേരിക്കയും അതിന്റെ സഖ്യകക്ഷികളും ചെയ്തുകൂട്ടിയ കുറ്റകൃത്യങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ അതുമുഖേന ഉത്തരവിടേണ്ടി വരുമെന്ന് അവര്‍ക്കറിയാം.

ശത്രുക്കളെ ജീവനോടെ ചുട്ടെരിക്കുന്ന കാര്യത്തില്‍ അമേരിക്ക ഏതറ്റം വരെ പോയിയെന്ന് വ്യക്തമാക്കുന്ന ഒരു ഇറ്റാലിയന്‍ ഡോക്യുമെന്ററി 2005 ല്‍ റിലീസ് ചെയ്തിരുന്നു. പിന്നീട് 2008-ല്‍ ‘ഓപ്പറേഷന്‍ കാസ്റ്റ് ലീഡ്’ എന്ന് പേരിട്ട് രാസായുധങ്ങള്‍ ഉപയോഗിച്ച് ഗസ്സ ചുട്ടെരിച്ച ഇസ്രായേലിന്റെ ചെയ്തിയോളം തന്നെ അതും വരും; ഇറാഖിലെ അമ്പാര്‍ പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന ജനസാന്ദ്രതയേറിയ പട്ടണമായ ഫല്ലൂജയില്‍ വൈറ്റ് ഫോസ്ഫറസ് ബോംബുകള്‍ ഉപയോഗിച്ചാണ് അമേരിക്ക അവിടെയുള്ള സിവിലിയന്‍മാരെ കൊന്നൊടുക്കിയത്. 2004-ല്‍ അമേരിക്കയുടെ രാസായുധം ഉപയോഗിച്ചുള്ള ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വെപ്രാളപ്പെട്ട് ഒളിക്കാന്‍ ശ്രമിച്ച നിരപരാധികളായ ഇറാഖി സിവിലിയന്‍മാര്‍ ക്രൂരമായി ജീവനോടെ കത്തിയെരിയപ്പെട്ടതിന്റെ നേര്‍ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. കുട്ടികളും സ്ത്രീകളുമടങ്ങുന്ന അവര്‍ നിരായുധരായ സിവിലിയന്‍മാര്‍ മാത്രമായിരുന്നു. സിവിലിയന്‍മാര്‍ തിങ്ങിതാമസിക്കുന്ന പ്രദേശങ്ങളില്‍ ഇത്തരത്തിലുള്ള രാസായുധങ്ങള്‍ ഉപയോഗിക്കരുതെന്ന് ഐക്യരാഷ്ട്രസഭ കര്‍ശനമായി വിലക്കിയതാണ്. സിവിലിയന്‍മാര്‍ താമസിക്കുന്നിടത്താണ് ശത്രുവെങ്കില്‍ കൂടി അവ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് അന്താരാഷ്ട്ര നിയമം അനുശാസിക്കുന്നത്.

തീര്‍ച്ചയായും ഇറാഖില്‍ അമേരിക്ക നടത്തിയതൊക്കെ യുദ്ധകുറ്റകൃത്യങ്ങള്‍ തന്നെയാണ്. ഫല്ലൂജയിലെ സിവിലിയന്‍മാരെ കൊന്നൊടുക്കുക മാത്രമല്ല അമേരിക്ക ചെയ്തത്. ഭാവിയില്‍ ഇറാഖില്‍ പ്രസവിച്ച് വീഴുന്ന ഓരോ കുഞ്ഞിനും അംഗവൈകല്യങ്ങളും, കാന്‍സറും, പ്രസവമരണവും അമേരിക്ക ഉറപ്പ് വരുത്തിയിരുന്നു. 1945-ല്‍ ഹിരോഷിമയിലും നാഗസാക്കിയിലും വര്‍ഷിച്ച ആണവായുധങ്ങളില്‍ നിന്നും പുറത്തേക്കൊഴുകിയ അണുവികരണങ്ങള്‍ സൃഷ്ടിച്ച അനന്തരഫലങ്ങളേക്കാള്‍ എത്രയോ ഇരട്ടിമടങ്ങ് ദുരിതങ്ങളാണ് അമേരിക്ക ഫല്ലൂജയിലും ഇറാഖിലെ മറ്റു പട്ടണങ്ങളിലും വീണ്ടും അണുബോംബുകള്‍ വര്‍ഷിച്ചതിലൂടെ വരുത്തിവെച്ചിരിക്കുന്നതെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. പാശ്ചാത്യര്‍ വിന്യസിച്ച ‘പുതിയ ആയുധം’ ആണ് ഇറാഖില്‍ ഇന്ന് കാണുന്ന വര്‍ദ്ധിച്ച തോതിലുള്ള ജനിതക വൈകല്യങ്ങള്‍ക്ക് കാരണമെന്ന് പ്രസ്തുത പഠന റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയ ശാസ്ത്രജ്ഞന്‍ വ്യക്തമാക്കിയിരുന്നു. ജപ്പാനില്‍ വര്‍ഷിച്ച രണ്ട് അണുബോംബുകളേക്കാള്‍ മാരകമായ അനന്തരഫലങ്ങളുണ്ടാക്കിയ അമേരിക്കയുടെ ഇറാഖിലെ ബോംബിങ്ങിനെ ലോകം അനായാസം അവഗണിച്ചു തള്ളിയത് ഒരുപാട് ഇറാഖികള്‍ക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. അതേസമയം ഒരു പൈലറ്റിനെ കൊന്നപ്പോഴേക്ക് ഐസിസിനെതിരെയുണ്ടായ രോഷ പ്രകടനം നാം കണ്ടതാണ്. ഐസിസ് ചെയ്തതു പോലെയുള്ള കുറ്റകൃത്യങ്ങള്‍ തന്നെയാണ് അമേരിക്കയും ചെയ്തിട്ടുള്ളത്. അടുത്തകാലത്തിറങ്ങിയ ‘അമേരിക്കന്‍ സ്‌നൈപ്പര്‍’ എന്ന ഫിലിം വ്യക്തമാക്കിയത് പോലെ, ഒരു ജനസമൂഹത്തിന് മേല്‍ അവര്‍ പ്രയോഗിച്ച രാസായുധങ്ങളുടെ ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന അനന്തരഫലങ്ങളേയും, അതുമുഖേനയുണ്ടായ നാശനഷ്ടങ്ങളെയും ഐസിസിന്റെ ക്രൂരകൃത്യങ്ങളേക്കാള്‍ വളരെ നിസ്സാരമായാണ് അവര്‍ ചിത്രീകരിച്ചത്.

അമേരിക്കന്‍ സൈന്യം നടത്തിയ ജീവനോടെ ചുട്ടുകൊല്ലല്‍, ബലാത്സംഗം, ക്രൂരമായ കൊലപാതകങ്ങള്‍ തുടങ്ങിയവ വ്യക്തമാക്കുന്ന മറ്റൊരു സംഭവം കൂടിയുണ്ട്. 2006 മാര്‍ച്ചില്‍ യൂസുഫിയയില്‍ നടന്നതാണിത്. പോള്‍ കോര്‍ട്ടസ്, ജെയിംസ് ബാര്‍ക്കര്‍, ജെസ്സെ സ്പീല്‍മാന്‍, ബ്രയാന്‍ ഹൊവാര്‍ഡ്, സ്റ്റീവന്‍ ഗ്രീന്‍ എന്നീ പേരുകള്‍ നമ്മുടെ ഓരോരുത്തരുടേയും മനസ്സില്‍ ആഴത്തില്‍ കൊത്തിവെക്കേണ്ടവ തന്നെയാണ്. മാനവകുലത്തിന്റെ കണ്ണില്‍ അവര്‍ എന്നും ശപിക്കപ്പെട്ടവരായിക്കും. ഐസിസിന്റെ അത്രതന്നെ നീചന്‍മാരായ ഇവര്‍, നിരായുധരായ ഇറാഖീ കുടുംബങ്ങളുടെ ജന്മഗേഹം അശുദ്ധമാക്കിയവരാണ്. ഓരോ ഇറാഖീ പൗരന്റെയും അഭിമാനത്തിന്റെ മേല്‍ കടന്നാക്രമണം നടത്തിയവരാണ് ഇവര്‍. അബീര്‍ ഖാസിം അല്‍ജനബി എന്ന 14 കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ നരാധമന്‍മാരാണ് ഇവര്‍. അവളുടെ മാതാപിതാക്കളെയും ഇളയ സഹോദരിയെയും അവര്‍ തൊട്ടടുത്ത മുറിയില്‍ വെച്ച് ക്രൂരമായി വധിച്ചു. അവളുടെ കുടുംബാംഗങ്ങളെ വധിച്ച അതേ സൈനികന്‍ അവളെ വീണ്ടും ബലാത്സംഗത്തിന് ഇരയാക്കി. അവളുടെ തലയിലേക്ക് തന്റെ തോക്കിലെ വെടിയുണ്ട കയറ്റുമ്പോഴും ആ ചെറുബാല്യത്തിന്റെ മാതാപിതാക്കളുടെ ചുടുചോര അയാളുടെ കൈകളില്‍ ചൂടോടെ തന്നെയായിരുന്നു. എന്നിട്ടവര്‍ അവളുടെ മൃതദേഹവും ആ വീടും ചുട്ടുചാമ്പലാക്കി. ആ പെണ്‍കുട്ടിയുടെ പേരും അവളുടെ കുടുംബത്തെയും മറവിയുടെ ആഴങ്ങളിലേക്ക് വലിച്ചെറിയാതെ നമുക്ക് മനസ്സില്‍ കൊണ്ടുനടക്കാം. ഓര്‍ക്കുക, ഇറാഖികള്‍ക്ക് നീതി ലഭിക്കേണ്ടതുണ്ട്. ആ ബലാത്സംഗ വീരന്‍മാര്‍ ഇന്ന് ഇറാഖില്‍ ശക്തിയാര്‍ജ്ജിരിക്കുകയാണ്. അവരാണ് ഇന്ന് നമുക്ക് ധാര്‍മികതയെ കുറിച്ചുള്ള പാഠങ്ങള്‍ പകര്‍ന്നു തരുന്നത്.

ഐസിസിന്റെ ക്രൂരകൃത്യങ്ങളെ കുറിച്ചാണ് ഓരോ ദിവസവും നാം കേട്ടുക്കൊണ്ടിരിക്കുന്നത്. അമേരിക്കയുടെയും, അവര്‍ പിന്തുണക്കുന്ന ഇറാഖ് സര്‍ക്കാറിന്റെയും, ഇറാന്റെ പിന്തുണയുള്ള ശിയാ മരണ സ്‌ക്വാഡുകളുടെയും കൊടുംക്രൂരതകളെ കുറിച്ചും, സുന്നി വിഭാഗത്തില്‍ പെട്ട സ്ത്രീകള്‍ക്ക് നേരെ കേട്ടാല്‍ അറക്കുന്ന അതിക്രമങ്ങള്‍ ചെയ്തു കൂട്ടുന്ന യസീദി സായുധ സംഘങ്ങളെ കുറിച്ചും നാം എന്നാണ് കേട്ടുതുടങ്ങുക? അതിനേക്കാള്‍ പ്രധാനമായി, ഇന്ന് ഇറാഖില്‍ സജീവമായി രംഗത്തുള്ള അന്താരാഷ്ട്ര ബ്രിഗേഡ് മുകളില്‍ പറഞ്ഞ സംഭവങ്ങള്‍ നടക്കുമ്പോള്‍ എവിടെയായിരുന്നു? ഇന്ന് ഇറാഖില്‍ നടക്കുന്നുവെന്ന് പറയുന്ന ക്രൂരകൃത്യങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഭീകരവാദികള്‍ എന്ന് വിളക്കപ്പെടുന്ന കൂട്ടര്‍ തഴച്ച് വളരുന്നതിന് ആവശ്യമായ എല്ലാ സാഹചര്യങ്ങളും അമേരിക്ക സൃഷ്ടിക്കുന്ന സമയത്ത് ഇപ്പറഞ്ഞ അന്താരാഷ്ട്ര ബ്രിഗേഡ് ഒന്നും കാണാത്തത് പോലെ മണലില്‍ തലപൂഴ്ത്തി കിടക്കുകായിരുന്നു.

ക്രൂരകൃത്യങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നതിലും, അവയെ അപലപിക്കുന്നതിലും നാം വെച്ചുപുലര്‍ത്തുന്ന പക്ഷപാതിത്വം അമേരിക്കയുടെ വളര്‍ച്ചയെ സഹായിക്കുന്നതാണ്. ഇതിങ്ങനെ തുടരുകയും, നീതി നടപ്പിലാവുകയും ചെയ്യാത്ത കാലത്തോളം ‘ഭീകരവാദം’ തുടരുക തന്നെ ചെയ്യും.

മൊഴിമാറ്റം : ഇര്‍ഷാദ് കാളാച്ചാല്‍

Related Articles