Current Date

Search
Close this search box.
Search
Close this search box.

ഇര്‍ഷാദ് അലി ഒരു പോലിസ് ഇന്‍ഫോര്‍മര്‍ ആയിരുന്നു

irshad-ali.jpg

അങ്ങനെ 2005-ാം ആണ്ടിന്റെ അവസാനത്തില്‍, നാല് വര്‍ഷത്തെ രഹസ്യാന്വേഷണ ജോലിക്ക് ശേഷം, അവസാന ശമ്പളം കൈപറ്റുന്നതിന് വേണ്ടി തന്റെ തൊഴില്‍ദാതാവായ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥനെ കാണാന്‍ പോവുകയായിരുന്നു ഇര്‍ഷാദ് അലി. തനിക്ക് ഇനി ഈ ജോലിയില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് ഇര്‍ഷാദ് അലി ഇതിനോടകം തന്നെ അദ്ദേഹത്തോട് പറഞ്ഞിരുന്നു.

അലിക്ക് ഇപ്പോള്‍ 40 വയസ്സുണ്ട്. 30-ാം വയസ്സ് മുതല്‍ക്കാണ് പോലിസിന് വിവരങ്ങള്‍ നല്‍കുന്ന ഇന്‍ഫോര്‍മറായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. ഇന്റലിജന്‍സിന്റെ ആഹാരശൃംഖലയില്‍, ചെറുമീനുകളെ പിന്തുടരുന്ന മറ്റൊരു ചെറുമീന്‍ മാത്രമാണ് ഒരു പോലിസ് ഇന്‍ഫോര്‍മര്‍. അങ്ങോട്ട് കാണിക്കുന്ന കൂറ് ഇങ്ങോട്ട് പ്രതീക്ഷിക്കാന്‍ കഴിയാത്തവര്‍. ഈ ജോലിയില്‍ ഇനി മുതല്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് പോലും പറയാന്‍ അവകാശമില്ലാത്തവര്‍. ഇനി അവര്‍ അങ്ങനെയെങ്ങാനും പറഞ്ഞാല്‍, അതിന്റെ അനന്തരഫലങ്ങള്‍ സുനിശ്ചിതമാണ്.

2005 ഡിസംബര്‍ 12-ന് ഡല്‍ഹിയിലെ ആഢംബര ഹോട്ടലുകളില്‍ ഒന്നിന് മുന്നില്‍ ഒരു കാര്‍ വന്ന് നിര്‍ത്തി. കാത്തുനില്‍ക്കുകയായിരുന്ന അലി അതില്‍ കയറി. 2000 ആണ്ട് മുതല്‍ക്ക് താന്‍ വിവരങ്ങള്‍ നല്‍കി കൊണ്ടിരുന്ന ഐ.ബി ഓഫീസറെ അലി അഭിവാദ്യം ചെയ്തു. കാറിലുണ്ടായിരുന്ന രണ്ട് പേരുടെ നടുവില്‍ ഇരിക്കാന്‍ അലിയോട് പറയപ്പെട്ടു. ഒരു നിമിഷം അലിക്ക് എന്തോ പന്തികേട് തോന്നിയെങ്കിലും, അവര്‍ക്ക് വിന്‍ഡോ സീറ്റില്‍ ഇരിക്കാനായിരിക്കും താല്‍പര്യം എന്ന് വിചാരിച്ചു. അടുത്ത നിമിഷം, ഒരു കറുത്ത മുഖംമൂടി അലിയുടെ തലക്ക് മുകളിലൂടെ ഇടപ്പെട്ടു. റെഡ് ഫോര്‍ട്ടിന് നേര്‍ക്ക് കാര്‍ ചീറിപ്പാഞ്ഞു.

‘ഞങ്ങള്‍ തിന്നാന്‍ തന്നിട്ട് നീയങ്ങ് തടിച്ച് കൊഴുത്തല്ലോ. നീ ഇപ്പോള്‍ മാറി ചിന്തിച്ച് തുടങ്ങിയിരിക്കുന്നു!’ ഐ.ബി ഓഫീസറുടെ വാക്കുകള്‍ അലിയുടെ കാതില്‍ വന്ന് തറച്ചു. അതിന് ശേഷം രണ്ട് മാസത്തോളം ഐ.ബിയും, സ്‌പെഷ്യല്‍ സെല്ലും ചോദ്യംചെയ്യല്‍ റൂമുകളായി ഉപയോഗിച്ചിരുന്ന നഗരത്തിലെ വീടുകളിലാണ് അലിയെ തടങ്കലില്‍ പാര്‍പ്പിച്ചത്. ഐ.ബി അലിയെ സ്‌പെഷ്യല്‍ സെല്ലിന് കൈമാറി. 2006 ഫെബ്രുവരി 9-ന്, അലിയുടെ ബന്ധുവും, മറ്റൊരു പോലിസ് ഇന്‍ഫോര്‍മറുമായിരുന്ന ഖംറാനെയും, അലിയെയും വടക്കന്‍ ഡല്‍ഹിയില്‍ നിന്നും പിടിക്കപ്പെട്ട അല്‍ബദര്‍ ഭീകരവാദികള്‍ എന്ന പേരില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജറാക്കി.

2006 മുതല്‍ 2009 വരെ അലി തീഹാര്‍ ജയിലിലായിരുന്നു. സ്‌ഫോടക വസ്തു വകുപ്പ്, ഐ.പി.സി 120 B, 121, 122 വകുപ്പുകള്‍, ആംഡ് ആക്ടിന്റെ സെക്ഷന്‍ 25 എന്നിവ പ്രകാരം ചുമത്തപ്പെട്ടിരുന്ന എല്ലാ കുറ്റങ്ങളില്‍ നിന്നും 2016 ഡിസംബറില്‍ അലി കുറ്റവിമുക്തനാക്കപ്പെട്ടു. അവര്‍ക്കെതിരെ സ്‌പെഷ്യല്‍ സെല്‍ ഉന്നയിച്ച ഭീകരവാദ ആരോപണങ്ങളെല്ലാം തെറ്റാണെന്ന് തെളിയിച്ച് കൊണ്ട് സി.ബി.ഐ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2009-ല്‍ ഹൈകോടതി അലിക്കും, ഖംറാനും ജാമ്യം അനുവദിച്ചിരുന്നു.

അന്വേഷണ സംഘത്തിലെ ഒരു ഉദ്യോഗസ്ഥന്‍ അലിയുടെ ഹാന്‍ഡ്‌ലറെ (അലിയെ വിവരശേഖരണത്തിനായി നിയോഗിച്ച ഐ.ബി ഉദ്യോഗസ്ഥന്‍) ചോദ്യം ചെയ്തിരുന്നു. ‘അലി തന്റെ ഏജന്റായിരുന്നുവെന്നും, പക്ഷെ കുറ്റം കെട്ടിച്ചമച്ചിട്ടില്ലെന്നും’ അദ്ദേഹം സമ്മതിച്ചതായി പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ആ അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പോലിസ് സമ്മതിക്കുന്ന പ്രകാരം അലി ഒരു രഹസ്യ ഏജന്റായിരുന്നെങ്കില്‍ അലി എങ്ങനെയാണ് ഭീകരവാദിയാവുക. ‘ഒരു കുറ്റവും ചെയ്യാതെയാണ് എന്നെ ശിക്ഷിച്ചതെങ്കില്‍, എന്നെ ജയിലഴികള്‍ക്കുള്ളില്‍ ആക്കിയവരെ കുറ്റക്കാരെന്ന് വിധിക്കണം.’ അലി പറയുന്നു.

നല്ല പോലിസുകാര്‍ ചീത്ത പോലിസുകാരുടെ മേല്‍, അല്ലെങ്കില്‍ മറ്റേന്തെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ മേല്‍ അന്വേഷണം നടത്തുമ്പോള്‍ ‘മനോവീര്യം’ എന്ന് വിളിക്കപ്പെടുന്ന ഒന്നിനെ അഭിമുഖീകരിക്കേണ്ടി വരും. ‘ഒരു ഘട്ടത്തില്‍ അലി നിരപരാധിയാണെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെട്ടിരുന്നു. പക്ഷെ സ്‌പെഷ്യല്‍ സെല്ലിനെതിരെ കുറ്റാരോപണം ഉന്നയിക്കാന്‍ കഴിയില്ല. പോലിസിന്റെ മനോവീര്യം കാത്തുസൂക്ഷിക്കേണ്ടതുണ്ട്.’ ഒരു പോലിസുകാരന്റെ വാക്കുകളാണിത്.

ഒരു രഹസ്യ ഏജന്റാവാന്‍ ഇര്‍ഷാദ് അലി എന്തു കൊണ്ടാണ് സമ്മതിച്ചത്?

2001 മുതല്‍ 2006 വരെ അലി ഐ.ബിക്കും, സ്‌പെഷ്യല്‍ സെല്ലിനും വേണ്ടി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഒരു ടാക്‌സി ഡ്രൈവറായ അദ്ദേഹത്തിന് കുടുംബം നോക്കേണ്ടതുണ്ടായിരുന്നു. റിതാലക്ക് അടുത്തുള്ള ചപ്പുചവറുകള്‍ നിറഞ്ഞ ചേരിയിലെ ഒറ്റമുറി വീട്ടിലായിരുന്നു ആ കുടുംബം കഴിഞ്ഞിരുന്നത്.

‘എനിക്ക് ആറ് സഹോദരിമാരുണ്ട്. ജീവപര്യന്തം തടവില്‍ കഴിയുന്ന എന്റെ സഹോദരന്‍ ജയിലിനകത്തിരുന്നാണ് പോലിസുകാര്‍ക്ക് വേണ്ടി ജോലി ചെയ്തിരുന്നത്. ഞാന്‍ ജയിലിന് പുറത്ത് നിന്നും പോലിസുകാര്‍ക്ക് വേണ്ടി ജോലി ചെയ്തു,’ അലി പറഞ്ഞു. ‘ഈ ജോലിയില്‍ ഞങ്ങള്‍ വളരെയധികം സമ്മര്‍ദ്ദം അനുഭവിച്ചിരുന്നു. ജയിലിനകത്തുള്ള കുറ്റവാളികളുടെ കത്തുകള്‍ എന്റെ സഹോദരന്‍ എനിക്ക് കൈമാറും, ഞാനത് പോലിസുകാര്‍ക്ക് നല്‍കും.’

ഇന്റലിജന്‍സ് ഏജന്റായി ജോലി ചെയ്യുന്നതില്‍ വളരെയധികം അപകടമുണ്ട്. പക്ഷെ പോലിസുകാര്‍ ഒപ്പമുള്ളത് കാരണം സുരക്ഷിതനായിരിക്കുമെന്നാണ് അലി കരുതിയത്. തന്റെ ഏതാനും ചില കൂട്ടുകാരെയും, ഖംറാനെ പോലെയുള്ള ചില കുടുംബാംഗങ്ങളെയും അലി ഇന്റലിജന്‍സ് ജോലിയിലേക്ക് കൊണ്ടുവന്നിരുന്നു. മാധ്യമങ്ങളോട് സംസാരിക്കാന്‍ ഖംറാന്‍ ആഗ്രഹിച്ചിരുന്നില്ല.

കാര്യം വിളിച്ച് പറയുന്നതില്‍ തനിക്കൊരു കുഴപ്പവുമില്ലെന്നാണ് കുറ്റവിമുക്തനായ അലി പറയുന്നത്. എന്നാല്‍ അലിയുടെ സുരക്ഷയില്‍ ആശങ്കയുള്ള കൂട്ടുകാര്‍ ‘അധികം സംസാരിക്കേണ്ട’ എന്ന് അലിയോട് ഉപദേശിക്കുന്നുണ്ട്. ‘എനിക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല’ അലി പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഉറച്ചതായിരുന്നു. സംസാരത്തിനിടെ അലി ഒരു നിമിഷം നിര്‍ത്തി, ചായക്കടയുടെ ഒരു മൂലയില്‍ ഇരുന്ന ഒരാളെ ചൂണ്ടി കൊണ്ട് പറഞ്ഞു, ‘എനിക്ക് അയാളോട് സംസാരിക്കാന്‍ കഴിയും, അയാള്‍ എന്നോട് എല്ലാം തുറന്ന് പറയുകയും ചെയ്യും. അത് എങ്ങനെയാണ് ചെയ്യുകയെന്ന് ഞാന്‍ പഠിച്ചിട്ടുണ്ട്. എനിക്ക് ചങ്കൂറ്റമുള്ളത് കൊണ്ടാണ് ഏജന്റിന്റെ ജോലിക്കായി അവര്‍ എന്നെ തെരഞ്ഞെടുത്തത്.’

ഒരുപാട് തരത്തില്‍ അലിയുടെ കേസ് വിരോധാഭാസങ്ങള്‍ കൊണ്ട് നിറഞ്ഞതാണ്. ആളു മാറിയല്ല പോലിസ് അലിയെ അറസ്റ്റ് ചെയ്ത്. അലി ഐ.ബിയുടെ ആളായിരുന്നു. അലിയെ നിയമിച്ച ഐ.ബി ഉദ്യോഗസ്ഥര്‍ക്കും, സ്‌പെഷ്യല്‍ സെല്ലിനും അത് വളരെവ്യക്തമായി അറിയാമായിരുന്നു എന്ന് ഈ കേസ് അന്വേഷിച്ച ഒരു പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ‘തന്നെ ഏല്‍പ്പിക്കുന്ന ദൗത്യങ്ങള്‍ ചെയ്യാന്‍ അലി വിസമ്മതിച്ചു, അതിര്‍ത്തി കടന്ന് തീവ്രവാദ ക്യാമ്പുകളില്‍ പങ്കെടുക്കാനും, അവരുടെ ഉന്നതതലങ്ങളിലേക്ക് നുഴഞ്ഞ് കയറാനും അലി തയ്യാറായില്ല. അതിനാല്‍ ഉദ്യോഗസ്ഥര്‍ അലിയെ വെറുതെവിടാന്‍ ഒരുക്കമായിരുന്നില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഐ.ബിക്കും സ്‌പെഷ്യല്‍ സെല്ലിനും വേണ്ടി ഞാന്‍ ജോലി ചെയ്തു. 7000 രൂപയായിരുന്നു എന്റെ മാസശമ്പളം.’ പക്ഷെ ചെയ്യുന്നത് തെറ്റാണെന്ന് അലിക്ക് തോന്നാന്‍ തുടങ്ങി. ഒരു മദ്രസ്സയില്‍ നിന്നും മൗലവി ബിരുദ പഠനം പകുതി മാത്രം പൂര്‍ത്തിയാക്കിയ അലിയോട്, ആളുകളില്‍ തീവ്രവാദ ആശയങ്ങള്‍ കുത്തിവെക്കാനും, കുത്തിവെപ്പ് ഏല്‍ക്കുന്നവരെ കുറിച്ച് പോലിസിന് വിവരം നല്‍കാനും അലിയോട് പറയപ്പെട്ടു. ‘കെണി ഒരുക്കിയതിന് ശേഷം എന്നെ രക്ഷപ്പെടാന്‍ അനുവദിക്കുമെന്ന് പോലിസുകാര്‍ എന്നോട് പറഞ്ഞിരുന്നു. പോലിസുകാര്‍ക്ക് മെഡല്‍ ലഭിക്കുന്നതിന് സഹായഹസ്തമായി പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല.’ മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, അലിക്ക് മനസാക്ഷികുത്ത് അനുഭവപ്പെടാന്‍ തുടങ്ങി.

‘ഞാന്‍ ഇന്ത്യയുടെ അതിര്‍ത്തി കടന്ന് പോകുന്നതിന് എന്റെ ഭാര്യ ശബാന എതിരായിരുന്നു. ഞങ്ങള്‍ മാതാപിതാക്കളായി മാറികഴിഞ്ഞിരുന്നു,’ രണ്ട് മക്കളുടെ പിതാവായ അലി പറഞ്ഞു. അലി ജയിലിലായിരിക്കെ അദ്ദേഹത്തിന്റെ മകള്‍ മരണപ്പെട്ടിരുന്നു.

2005-ലെ ഡല്‍ഹി സ്‌ഫോനടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച യഥാര്‍ത്ഥ പ്രതികളെ പിടിക്കാന്‍ പോലിസിന് കഴിയാതിരുന്നതിനെ തുടര്‍ന്ന് താന്‍ ബലിയാടാവുകയായിരുന്നു എന്നാണ് അലി വിശ്വസിക്കുന്നത്.

‘കുറച്ച് ഭീഷണി, കുറച്ച് സമ്മര്‍ദ്ദം’ ഇതായിരുന്നു ഇന്റലിജന്‍സ് ഓഫീസര്‍മാരുടെ തന്നോടുള്ള സമീപനമെന്ന് അലി പറയുന്നു. ‘നിങ്ങള്‍ ഒരുപാട് പേരുടെ ജീവന്‍ രക്ഷിച്ചു, നിങ്ങള്‍ നല്‍കിയ വിവരങ്ങള്‍ കാരണം ഒരുപാട് ദുരന്തങ്ങളും, ഭീകരാക്രമണങ്ങളും തടയാന്‍ സാധിച്ചു എന്നൊക്കെയാണ് എന്നെ പോലെയുള്ള ഇന്‍ഫോര്‍മര്‍മാരോട് അവര്‍ പറഞ്ഞിരുന്നത്. ഞാന്‍ എന്തോ വലിയ കാര്യം ചെയ്തത് പോലെയൊക്കെ എനിക്ക് അനുഭവപ്പെടാന്‍ തുടങ്ങി…’ പക്ഷെ അവര്‍ അലിക്ക് മേലുള്ള കുരുക്ക് മുറുക്കുകയായിരുന്നു. ഇതൊക്കെ മനസ്സിലാക്കാന്‍ അലിക്ക് നാല് വര്‍ഷം ജയിലില്‍ കിടക്കേണ്ടി വന്നു.

അലിക്കെതിരെ സ്‌പെഷ്യല്‍ സെല്‍ ചുമത്തിയ കുറ്റങ്ങള്‍ക്ക് ആധാരമായ തെളിവുകള്‍ അപര്യാപ്തമാണെന്നും, അലിയെ മോചിപ്പിക്കണമെന്ന് ശുപാര്‍ശ ചെയ്തു കൊണ്ടും സി.ബി.ഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്ന് 2009-ല്‍ അലിക്ക് ജാമ്യം ലഭിച്ചു. ‘സി.ബി.ഐ അന്വേഷണ ഉദ്യോഗസ്ഥനായ സന്തോഷ് കുമാര്‍ കാരണമാണ് ഇന്ന് ഞാന്‍ സ്വതന്ത്രനായത്,’ അലി പറയുന്നു. സ്‌പെഷ്യല്‍ സെല്ലിന്റെ ആരോപണങ്ങള്‍ അന്വേഷിച്ച എട്ടംഗ അന്വേഷണസംഘത്തിന്റെ ഭാഗമായിരുന്നു സന്തോഷ് കുമാര്‍.

2017 ജനുവരിയില്‍, അലിയെ കള്ളകേസില്‍ കുടുക്കിയ പോലിസ് ഓഫീസര്‍മാര്‍ക്കെതിരെ ക്രിമിനല്‍ ഗൂഡാലോചനയുടെ പേരില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെടുന്ന സി.ബി.ഐ റിപ്പോര്‍ട്ട് റീഓപ്പണ്‍ ചെയ്യാന്‍ സി.ബി.ഐയോട് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഡല്‍ഹി ഹൈകോടതിയില്‍ അലി ഒരു കേസ് ഫയല്‍ ചെയ്തു. ഈ കേസില്‍ മാര്‍ച്ചില്‍ വാദം കേള്‍ക്കും. ഇത് വ്യക്തിപരമമല്ല, മറിച്ച് നീതിയാണ് വിഷയമെന്ന് അലി പറയുന്നു.

ഇന്റലിജന്‍സ് ഓപ്പറേഷനുകളെ മൂടിനില്‍ക്കുന്ന പുകമറയില്‍ വിള്ളലുണ്ടാക്കി കടന്ന് ചെല്ലുന്ന ഇത്തിരിവെട്ടമാണ് അലിയുടെ വെളിപ്പെടുത്തല്‍. ‘ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള പുരുഷന്‍മാരെ ആദ്യം നിര്‍ബന്ധിച്ച് ഏജന്‍സികളുടെ കാലാള്‍ പട്ടാളമാക്കി മാറ്റും, പിന്നീട് ആവശ്യം കഴിയുമ്പോള്‍ വലിച്ചെറിയുകയും ചെയ്യും,’ ജാമിഅ ടീച്ചേഴ്‌സ് സോളിഡാരിറ്റി അസോസിയേഷന്റെ (ജെ.ടി.എസ്.എ) മനീഷ സേഥി പറഞ്ഞു. കഴിഞ്ഞ രണ്ട് ദശാബ്ദകാലത്തിനിടെ ഭീകരതക്കെതിരെയുള്ള പോരാട്ടത്തിന്റെ പേരില്‍ മുസ്‌ലിംകള്‍ക്കെതിരെ, പ്രത്യേകിച്ച് കാശ്മീരികള്‍ക്കെതിരെ വ്യവസ്ഥാപിതമായി കള്ളത്തെളിവുകള്‍ കെട്ടിച്ചമച്ചുണ്ടാക്കിയ സ്‌പെഷ്യല്‍ സെല്ലിന്റെ നടപടികള്‍ ജെ.ടി.എസ്.എ റിപ്പോര്‍ട്ടുകള്‍ (2012-ലും, 2015-ലും) വെളിച്ചത്ത് കൊണ്ടുവന്നിരുന്നു. ‘ഈ നിര്‍ഭാഗ്യവാന്‍മാരായ മനുഷ്യരെ വര്‍ഷങ്ങള്‍ക്ക് ശേഷം കോടതികള്‍ നിരപരാധികളെന്ന് കണ്ട് വെറുതെവിടുന്നത് വരേക്കും, പോലിസ് ഭാഷ്യങ്ങളെ ചോദ്യംചെയ്യാതെ അവ സത്യമാണെ പേരില്‍ ആവര്‍ത്തിച്ച മാധ്യമങ്ങളിലേക്കും പ്രസ്തുത റിപ്പോര്‍ട്ടുകള്‍ വിരല്‍ചൂണ്ടുന്നുണ്ട്,’ മനീഷ സേഥി പറഞ്ഞു.

കോപം അടക്കിപിടിച്ചാണ് അലി സംസാരിച്ചത്. ഇതെല്ലാം കോടതിയില്‍ അദ്ദേഹം വിളിച്ച് പറഞ്ഞിരുന്നോ? ‘നിയമത്തിന്റെ കണ്ണില്‍ ഞാനൊരു കുറ്റവാളിയായിരുന്നു. നിങ്ങള്‍ സംസാരിക്കാന്‍ ശ്രമിച്ചാല്‍, അത് കോടതിയലക്ഷ്യമായി കണക്കാക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ വക്കീലിലൂടെ മത്രമേ നിങ്ങള്‍ക്ക് സംസാരിക്കാന്‍ കഴിയുകയുള്ളു.’ ഒരു അതിവേഗ കോടതിയില്‍ വെച്ച്, ഒരു സെഷന്‍സ് ജഡ്ജി ഒരിക്കല്‍ അലിയോട് പറഞ്ഞു: ‘നിങ്ങള്‍ കുറ്റം സമ്മതിച്ചാല്‍, നിങ്ങളെ ഞാനിപ്പോള്‍ മോചിപ്പിക്കാം..’

‘ആളുകള്‍ക്ക് ഇഷ്ടമില്ലെങ്കില്‍ അവരെ രഹസ്യ വിവരശേഖരത്തിന് നിര്‍ബന്ധിക്കരുത് എന്ന മുന്നറിയപ്പല്ലെ അലിയുടെ കേസ് പോലിസുകാര്‍ക്ക് നല്‍കുന്നത്?’ എന്ന് കേസുമായി ബന്ധപ്പെട്ട് ഞാന്‍ മറ്റൊരു പോലിസുകാരനോട് ചോദിക്കുകയുണ്ടായി.
‘തീര്‍ച്ചയായും, ബലംപ്രയോഗിക്കാന്‍ പാടില്ല, അല്ലെങ്കില്‍, അലിയുടെ പോലെയുള്ള കേസുകള്‍ നിങ്ങള്‍ക്ക് നേരിടേണ്ടി വരും.’ അദ്ദേഹം സമ്മതിച്ചു.
ഞാന്‍ ചോദിച്ചു, ‘ജനങ്ങളുടെ ഭാഗത്ത് നിന്നും പ്രതിഷേധങ്ങള്‍ ഉണ്ടാകില്ലെ?’
അദ്ദേഹം പറഞ്ഞു, ‘ഇല്ല. ജനങ്ങള്‍ ഇതെല്ലാം മറക്കും.’

മൊഴിമാറ്റം:  Irshad shariati
അവലംബം: ഹിന്ദുസ്ഥാന്‍ ടൈംസ്‌

Related Articles