Current Date

Search
Close this search box.
Search
Close this search box.

ഇരട്ട നീതി; സാധ്വി പ്രഗ്യാ സിംഗും റുബീന മേമനും

pragya-sing-takur.jpg

ഒരു രാജ്യത്ത് തന്നെ രണ്ട് തരത്തിലുള്ള നീതി നടപ്പാക്കല്‍ സാധ്യമാണോ? ഒരുപാട് ഹിന്ദു പേരുള്ള ആളുകള്‍ ഉള്‍പ്പെട്ട ഭീകരവാദകേസുകളില്‍ ദേശീയ അന്വേഷണ ഏജന്‍സി നടത്തിയ മലക്കംമറിച്ചില്‍ കാണുന്ന ഒരാളുടെ മനസ്സിലേക്ക് വരുന്ന ചോദ്യമാണിത്. പ്രഗ്യാ സിംഗ് താക്കൂറിന് എതിരെയുള്ള എല്ലാ കേസുകളും ഒഴിവാക്കുകയും, കേണല്‍ പുരോഹിതിനും മറ്റു പലര്‍ക്കും എതിരെയുണ്ടായിരുന്ന കേസുകള്‍ ഒന്ന് ലഘൂകരിക്കുകയും ചെയ്തു കൊണ്ടുള്ള പുതിയ കുറ്റപത്രമാണ് (മെയ് 13, 2016) എന്‍.ഐ.എ-യുടെ കൈയ്യിലിപ്പോള്‍ ഉള്ളത്. പ്രസ്തുത കേസുകളില്‍ ഹേമന്ദ് കാര്‍ക്കരെ നടത്തിയ അന്വേഷണം കാര്യക്ഷമമായിരുന്നില്ലെന്നും, കേണല്‍ പുരോഹിതിനെ കേസില്‍ കുടുക്കാന്‍ വേണ്ടി എ.ടി.എസ് തന്നെയാണ് അദ്ദേഹത്തിന്റെ വീട്ടില്‍ ആര്‍.ഡി.എക്‌സ് കൊണ്ടുവെച്ചതെന്നുമാണ് എന്‍.ഐ.യുടെ ഇപ്പോഴത്തെ കണ്ടെത്തല്‍. മുന്‍ യു.പി.എ ഗവണ്‍മെന്റിന്റെ ഉത്തരവ് പ്രകാരമാണത്രെ അവരെയെല്ലാം കേസില്‍ കുടുക്കിയത്.

മഹാരാഷ്ട്ര പ്രത്യേകിച്ചും, രാജ്യത്തെ മറ്റുപല സ്ഥലങ്ങളും ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷിയാണ്. ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകനായ രാജ് കോണ്ടവാറിന്റെ വീട്ടില്‍ വെച്ച് ബോംബ് നിര്‍മിക്കുന്നതിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ (മെയ് 2006) രണ്ട് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതോടെ ഈ പ്രതിഭാസം വ്യാപക ശ്രദ്ധനേടുകയുണ്ടായി. ആ വീടിന് മുകളില്‍ ഒരു കാവി കൊടി പാറുന്നുണ്ടായിരുന്നു, കൂടാതെ ബജ്‌റംഗ് ദളിന്റെ ഒരു ബോര്‍ഡ് വീടിന് മുന്നില്‍ സ്ഥാപിച്ചിട്ടുണ്ടായിരുന്നു. സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്നും, വെപ്പുതാടി, വെപ്പുമീശ, പൈജാമ-കുര്‍ത്ത എന്നിവ കണ്ടെടുക്കയുണ്ടായി. ഇതിന് ശേഷമാണ് പര്‍ബാനി, ജല്‍ന, താനെ, പന്‍വേല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ബോംബ് സ്‌ഫോടനങ്ങള്‍ നടന്നത്. ഇത്തരം പ്രവര്‍ത്തനങ്ങളുടെ പേരില്‍ പൊതുവെ മുസ്‌ലിംകളെ പ്രതികൂട്ടില്‍ നിര്‍ത്തുന്ന രീതിയിലാണ് ഈ കേസുകള്‍ അധികവും പോലിസ് അന്വേഷിച്ചത്. ഓരോ സ്‌ഫോടനത്തിന് ശേഷവും അറസ്റ്റ് ചെയ്യപ്പെടുന്ന മുസ്‌ലിം ചെറുപ്പക്കാരെ, ഒരുപാട് കാലത്തെ കോടതി വ്യവഹാരങ്ങള്‍ ശേഷം, തെളിവുകളൊന്നും തന്നെയില്ലെന്ന് പറഞ്ഞ് വിട്ടയക്കുകയാണ് പതിവ്.

സാധ്വിയുടെ പങ്ക് പുറത്ത് വന്ന മാലേഗാവ് സ്‌ഫോടനം നടക്കുന്നത് 2008-ലാണ്. പള്ളിയില്‍ നിന്നും നമസ്‌കാരം കഴിഞ്ഞ് പുറത്തേക്ക് വരികയായിരുന്ന ഒരുപാട് പേര്‍ കൊല്ലപ്പെടുകയും, ഒട്ടനവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് സാധാരണഗതിയില്‍ സംശയിക്കപ്പെടുന്നവരായ മുസ്‌ലിംകള്‍ തന്നെയാണ് അന്നും അറസ്റ്റ് ചെയ്യപ്പെട്ടത്. സ്‌ഫോടനം നടത്തുന്നതിന് ഉപയോഗിച്ച മോട്ടോര്‍ സൈക്കിള്‍ മുന്‍ എ.ബി.വി.പി പ്രവര്‍ത്തക സാധ്വി പ്രഗ്യാ സിംഗ് താക്കൂറിന്റേതാണെന്ന് അന്നത്തെ മഹാരാഷ്ട്രാ എ.ടി.എസ് ചീഫ് ഹേമന്ദ് കാര്‍ക്കരെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സ്വാമി ദയാനന്ദ് പാണ്ഡെ, റിട്ട. മേജര്‍ ഉപാധ്യായ, റാംജി ക്ലാസ്‌നഗര, സ്വാമി അസിമാനന്ദ എന്നിവരേക്കും അന്വേഷണം നീണ്ടു. ഇവരെല്ലാം തന്നെ വലതുപക്ഷ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താക്കളാണ്. ഒരുപാട് തെളിവുകള്‍ ശേഖരിക്കപ്പെട്ടു. സ്വാമി അസീമാനന്ദ നടത്തിയ കുറ്റസമ്മതമാണ് സുപ്രധാനമായ തെളിവുകളില്‍ ഒന്ന്. മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെച്ചായിരുന്നു അസീമാനന്ദ കുറ്റസമ്മതം നടത്തിയത്.

കുറ്റസമ്മതത്തില്‍ സ്വാമി ഒരുപാട് രഹസ്യങ്ങള്‍ വെളിപ്പെടുത്തുകയുണ്ടായി. 2002-ലെ സങ്കത് മോചന്‍ സ്‌ഫോടനത്തിന് ശേഷം, ബോംബിന് ബോംബു കൊണ്ടു തന്നെ മറുപടി പറയണമെന്ന് തങ്ങള്‍ തീരുമാനിച്ചതായി സ്വാമി പറഞ്ഞു. അന്ന് ദംഗ്‌സിലെ വിശ്വഹിന്ദു പരിഷത്തിന്റെ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം സ്വാമി അസീമാനന്ദക്കായിരുന്നു. മുഴുവന്‍ സംഭവങ്ങളെ കുറിച്ചുമുള്ള വിശദമായ വിവരങ്ങള്‍ സ്വാമി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് മറ്റുള്ളവരിലേക്ക് അന്വേഷണം നീണ്ടതും, അവരെല്ലാം എന്‍.ഐ.എയുടെ കുറ്റപത്രത്തില്‍ ഇടംപിടിക്കുകയും ചെയ്തത്.

കാര്‍ക്കരെ കേസ് അന്വേഷിക്കുകയും, ഒരുപാട് ഹിന്ദു പേരുകള്‍ മറനീക്കി പുറത്ത് വരാനും തുടങ്ങിയപ്പോള്‍, ‘കാര്‍ക്കരെയുടെ മുഖത്ത് ഞങ്ങള്‍ കാര്‍ക്കിച്ച് തുപ്പുന്നു’ എന്നാണ് ശിവസേനയുടെ മുഖപത്രമായ ‘സാംന’യില്‍ ബാല്‍ താക്കറെ എഴുതിയത്. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി കാര്‍ക്കരയെ ദേശദ്രോഹി എന്ന് വിളിച്ചു. എല്‍.കെ അദ്വാനിയും കാര്‍ക്കരയെ ആക്ഷേപിച്ചു. ഇത്തരത്തില്‍ ഹിന്ദുത്വ രാഷ്ട്രീയ സംഘടനകളുടെ ഭാഗത്ത് നിന്നുള്ള സമ്മര്‍ദ്ദം കനത്തപ്പോള്‍, തന്റെ ഗുരുതുല്ല്യനായ ജൂലിയോ റെബീറോയെ കാര്‍ക്കരെ പോയി കണ്ടിരുന്നു. ഉദ്യോഗതലത്തില്‍ വലിയ നേട്ടങ്ങള്‍ കൈവരിച്ച വ്യക്തിയാണ് റെബീറോ. അദ്ദേഹം കാര്‍ക്കരയെ മുക്തകണ്ഠം പ്രശംസിച്ചു. എന്റെ സ്ഥാനത്ത് താങ്ങളാണെങ്കില്‍ രാഷ്ട്രീയക്കാരില്‍ നിന്നുള്ള ഇത്തരത്തിലുള്ള സമ്മര്‍ദ്ദങ്ങളോട് എന്ത് നിലപാടാണ് താങ്ങള്‍ സ്വീകരിക്കുകയെന്ന് കാര്‍ക്കരെ അദ്ദേഹത്തോട് ചോദിക്കുകയുണ്ടായി. സത്യസന്ധമായി ജോലി നിര്‍വഹിക്കാനും, ഇത്തരം കുത്തുവാക്കുകളെ അവഗണിക്കാനുമായിരുന്നു ആ മുതിര്‍ന്ന ഓഫീസറുടെ ഉപദേശം.

അതിനിടെയാണ് ഭീകരാക്രമണം മുംബൈയെ പിടിച്ചുകുലുക്കിയത്. 26/11-ന്, സര്‍വ്വായുധസജ്ജരായ പത്ത് ഭീകരവാദികള്‍ മുംബൈയെ ആക്രമിച്ചു. ഈ സംഭവത്തിലാണ് വെടിയേറ്റ് കാര്‍ക്കരെ കൊല്ലപ്പെടുന്നത്. കാര്‍ക്കരെയുടെ കൊലപാതകത്തിലും ഒരുപാട് ദുരൂഹതകള്‍ നിലനില്‍ക്കുന്നുണ്ട്. ഭീകരവാദത്തെ കൂടാതെ മറ്റുപലതും കാര്‍ക്കരെയുടെ കൊലപാതകത്തിന് പിന്നില്‍ ഉണ്ടെന്ന് അന്നത്തെ ന്യൂനപക്ഷകാര്യ മന്ത്രി എ.ആര്‍ ആന്തുലെ പറഞ്ഞിരുന്നു. നേരത്തെ കാര്‍ക്കരെയെ രാജ്യദ്രോഹി എന്ന് വിളിച്ച നരേന്ദ്ര മോദി, മുംബൈയില്‍ വിമാനമിറങ്ങി, കാര്‍ക്കരെയുടെ വിധവക്ക് ഒരു കോടി രൂപയുടെ ചെക്ക് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. കാര്‍ക്കരെയുടെ ഭാര്യ ആ തുക സ്വീകരിക്കാന്‍ വിസമ്മതിച്ചു.

കാര്‍ക്കരെയുടെ മരണം ശേഷം, അദ്ദേഹം തെളിച്ച വഴിയിലൂടെയാണ് കേസന്വേഷണം മുന്നോട്ട് പോയത്. കുറ്റപത്രം തയ്യാറായിരുന്നു. ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കുള്ള എല്ലാവരെയും കോടതിക്ക് മുമ്പാകെ ഹാജറാക്കാനും ഇരിക്കുകയായിരുന്നു. അതിനിടക്കാണ് കേന്ദ്രത്തില്‍ ഭരണം മാറിയത്. കാര്യങ്ങള്‍ ഇന്നത്തെ അവസ്ഥയിലേക്ക് എത്തുന്ന വിധത്തിലുള്ള നിലപാട് എന്‍.ഐ.എ സ്വീകരിച്ചു. സാധ്വിയെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ വളരെ വേഗത്തിലാണ് നടന്നുകൊണ്ടിരിക്കുന്നത്. പബ്ലിക്ക് പ്രോസിക്യൂട്ടര്‍ രോഹിനി സാല്യന്റെ വാക്കുകളില്‍ എന്‍.ഐ.എ-യുടെ പ്രവര്‍ത്തനരീതിയില്‍ വന്ന മാറ്റം വളരെ വ്യക്തമായി പ്രതിഫലിച്ചിരുന്നു. ഹിന്ദുത്വര്‍ ഉള്‍പ്പെട്ട കേസുകളോട് മൃദുസമീപനം പുലര്‍ത്താന്‍ തന്നോട് ആവശ്യപ്പെട്ടതായി അവര്‍ വ്യക്തമാക്കി. അതിന് വഴങ്ങാതിരുന്ന അവരെ ജോലിയില്‍ നിന്നും പിരിച്ചുവിടുകയാണ് ചെയ്തത്.

1992-93 മുംബൈ കലാപത്തില്‍ ആയിരത്തിലധികം മനുഷ്യര്‍ മരിച്ചുവീണത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും. ഈ കൂട്ടക്കൊലയെ തുടര്‍ന്നാണ് ഇരുനൂറിലധികം ആളുകള്‍ കൊല്ലപ്പെട്ട ബോംബ് സ്‌ഫോടനങ്ങള്‍ അരങ്ങേറിയത്. വര്‍ഗീയ കലാപത്തിന്റെ പേരില്‍ അധികമാരുമൊന്നും ശിക്ഷിക്കപ്പെട്ടിട്ടില്ല, ആര്‍ക്കും വധശിക്ഷയോ, ജീവപര്യന്തം തടവോ വിധിച്ചിട്ടില്ല. ബോംബ് സ്‌ഫോടനങ്ങളുടെ പേരില്‍ ഒരുപാട് പേര്‍ക്ക് വധശിക്ഷ വിധിക്കപ്പെട്ടു, ഒരുപാട് പേര്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ഇപ്പോഴും ജയിലില്‍ കഴിയുന്ന ആളുകളില്‍ ഒരാളാണ് റുബീന മേമന്‍. സ്‌ഫോടക വസ്തുക്കള്‍ കടത്തിയ കാര്‍ അവരുടെ പേരിലായിരുന്നു എന്നതാണ് അവര്‍ ചെയ്ത കുറ്റം. സ്‌ഫോടകവസ്തുക്കള്‍ വഹിച്ച് കൊണ്ട് ഒരിക്കലും അവര്‍ കാര്‍ ഓടിച്ചിട്ടില്ല.

മാലേഗാവ് ബോംബ് സ്‌ഫോടനത്തിന് ഉപയോഗിച്ച മോട്ടോര്‍ സൈക്കിളിന്റെ ഉടമസ്ഥ സാധ്വി പ്രഗ്യാ സിംഗ് താക്കൂര്‍ ആണ്; അടുത്തു തന്നെ സാധ്വി ജയില്‍ മോചിതയാവും. കാറിന്റെ ഉടമസ്ഥ റുബീനയാണ്; ജീവിതകാലം മുഴുവന്‍ അവര്‍ ജയിലില്‍ തന്നെ കിടക്കും. മുംബൈയില്‍ നടന്ന കൂട്ടക്കൊലയില്‍ ഒരുപാട് പേര്‍ കൊല്ലപ്പെട്ടിരുന്നു. അതിന്റെ പേരില്‍ ആരും തന്നെ വധശിക്ഷ പോയിട്ട്, കഠിന തടവിന് പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല. എന്നാല്‍, ബോംബ് സ്‌ഫോടന കേസില്‍ ഒരുപാട് പേര്‍ക്ക് വധശിക്ഷയും ജീവപര്യന്തം തടവും!

അപ്പോള്‍ എവിടെയാണ് നമ്മുടെ ജനാധിപത്യം എത്തിനില്‍ക്കുന്നത്? രണ്ട് തരത്തിലുള്ള നീതി നടപ്പാക്കല്‍ വ്യവസ്ഥ ഇവിടെ നിലനില്‍ക്കുന്നുണ്ട് എന്ന പോലെയാണ് കാര്യങ്ങളുടെ കിടപ്പ്. സാധ്വിയെ സംരക്ഷിച്ചു കൊണ്ടും, തെറ്റായ കേസന്വേഷണത്തിന്റെ പേരില്‍ കാര്‍ക്കരെയെ അധിക്ഷേപിച്ചു കൊണ്ടും ടെലിവിഷന്‍ ചാനലുകളില്‍ ചര്‍ച്ചകള്‍ നടക്കുമ്പോള്‍, അവിടെ മാലേഗാവില്‍ ജനങ്ങളുടെ പ്രതിഷേധാഗ്നി ആളികത്തുകയാണ്. എന്‍.ഐ.എ-യുടെ നിലപാട് മാറ്റത്തിനെതിരെ കോടതിയില്‍ പോകാനുള്ള ഒരുക്കത്തിലാണ് അവരിപ്പോള്‍. കാര്‍ക്കരെയുടെ അഭിമാനം കാത്തുരക്ഷിക്കാനും, അദ്ദേഹം ശേഖരിച്ച തെളിവുകള്‍ ആത്മാര്‍ത്ഥമായി പരിശോധിക്കാന്‍ സമ്മര്‍ദ്ദം ചെലുത്താനുമുള്ള തയ്യാറെടുപ്പിലാണ് രണ്ട് രാഷ്ട്രീയപാര്‍ട്ടികള്‍.

കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുകയും, നിരപരാധികള്‍ സംരക്ഷിക്കപ്പെടുകയും ചെയ്യുമെന്ന് ഒരാള്‍ പ്രതീക്ഷിച്ചേക്കാം. പക്ഷെ, ഇപ്പോഴത്തെ സാഹചര്യങ്ങളിലേക്കും, സ്ഥിതിവിശേഷങ്ങളിലേക്കും കണ്ണോടിക്കുമ്പോള്‍ ആ പ്രതീക്ഷകള്‍ അസ്ഥാനത്താണെന്ന് പറയേണ്ടി വരും.!

വിവ: ഇര്‍ഷാദ് കാളാച്ചാല്‍
അവലംബം: countercurrents.org

Related Articles