Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയോ?

emergency.jpg

എന്‍.ഡി.ടി.വി ചാനലിന് ഒരു ദിവസം വിലക്കേര്‍പ്പെടുത്തിയ വാര്‍ത്ത രാജ്യം ഞെട്ടലോടെയാണ് ശ്രവിച്ചത്. ഒരു പ്രമുഖ ചാനലിനോടാണ് സംപ്രേഷണം നിര്‍ത്തിവെക്കാന്‍ ഗവണ്‍മെന്റ് ആവശ്യപ്പെട്ടത്. പത്താന്‍ക്കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് രാജ്യ സുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ സംപ്രേഷണം ചെയ്തു എന്നതായിരുന്നു അവര്‍ക്കെതിരെയുള്ള കുറ്റം. അതേസമയം പാകിസ്ഥാന്‍ അധികൃതരെ അതേ പത്താന്‍കോട്ട് വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ഈ സര്‍ക്കാര്‍ അനുവാദം നല്‍കുകയും ചെയ്തിരുന്നു. സംപ്രേഷണം ചെയ്യുന്ന പരിപാടികളുടെ കാര്യത്തില്‍ തങ്ങള്‍ വളരെയധികം സന്തുലിതത്വം കാത്തുസൂക്ഷിക്കുന്നുണ്ടെന്ന് ചാനല്‍ അധികൃതര്‍ സര്‍ക്കാറിനെ ബോധ്യപ്പെടുത്തി. സര്‍ക്കാറിന് അനിഷ്ടകരമായ വിഷയങ്ങള്‍ എന്‍.ഡി.ടി.വി ചര്‍ച്ച ചെയ്യുന്നുണ്ട് എന്ന കാര്യം വളരെ വ്യക്തമാണ്. വ്യാപക പ്രതിഷേധ തുടര്‍ന്ന് ചാനലിന് മേല്‍ ഏര്‍പ്പെടുത്തിയ വിലക്ക് സര്‍ക്കാറിന് താല്‍ക്കാലികമായെങ്കിലും പിന്‍വലിക്കേണ്ടി വന്നു.

മോദി സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ക്ക് രാഷ്ട്രീയരംഗത്ത് ഒരു ഗുണപരമായ മാറ്റം ദൃശ്യമായിട്ടുണ്ട്. തുടക്കത്തില്‍ ചര്‍ച്ചുകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ക്ക് നാം സാക്ഷികളായി. പിന്നീട് എഫ്.ടി.ഐ.ഐ, ഐ.ഐ.ടി, ജെ.എന്‍.യു, എച്ച്.സി.യു തുടങ്ങിയ ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളില്‍ അവര്‍ ഇടപെടുന്നത് നാം കണ്ടു. കഴിവിന് പകരം ‘വലത് പക്ഷ’ത്തോടുള്ള ചായ്‌വിന്റെ അടിസ്ഥാനത്തില്‍ യോഗ്യതയില്ലാത്തവരെ പ്രസ്തുത സ്ഥാപനങ്ങളിലെ കുഞ്ചികസ്ഥാനങ്ങളില്‍ അവരോധിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവര്‍ പ്രത്യേകം ലക്ഷ്യമിട്ടു. ജെ.എന്‍.യുവിന് മേല്‍ രാജ്യദ്രോഹികളുടെ സങ്കേതം എന്ന മുദ്രചാര്‍ത്തി. ഹൈദരാബാദ് സര്‍വകലാശാലയില്‍ രോഹിത് വെമുല ആത്മഹത്യ ചെയ്തു. രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന അസഹിഷ്ണുതയില്‍ പ്രതിഷേധിച്ചു കൊണ്ട് പ്രമുഖര്‍ അവാര്‍ഡുകള്‍ തിരികെ നല്‍കി. ബീഫ് പ്രശ്‌നം ഉയര്‍ത്തി കൊണ്ടു വന്നതിനെ തുടര്‍ന്നുണ്ടായ ഭ്രാന്താവസ്ഥയില്‍ മുഹമ്മദ് അഖ്‌ലാക്ക് കൊല്ലപ്പെട്ടു. ഗുജറാത്തിലെ ഉനയില്‍ ദലിതര്‍ ക്രൂരമായി ആക്രമിക്കപ്പെട്ടു. അതേസമയം മുഖ്യധാരാ മാധ്യമങ്ങളില്‍ ഭൂരിഭാഗവും ഹിന്ദു ദേശീയവാദികളെ സൈ്വര്യവിഹാരം നടത്താന്‍ അനുവാദിച്ചു കൊണ്ട്, മതേതരവാദികളെ അടിച്ചിരുത്തുകയാണ് ചെയ്യുന്നത്.

ഇതിന്റെ പിന്നാലെ ഭീകരവാദികളെന്ന് ആരോപിക്കപ്പെടുന്ന എട്ട് മുസ്‌ലിം യുവാക്കള്‍ ഭോപ്പാലില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. പോലിസ് ഭാഷ്യത്തില്‍ ഒരുപാട് വൈരുദ്ധ്യങ്ങള്‍ ഉണ്ടായിരുന്നു. നജീബ് എന്ന വിദ്യാര്‍ത്ഥിയെ ജെ.എന്‍.യുവില്‍ നിന്നും കാണാതായിട്ട് മൂന്നാഴ്ച്ചയായി. നജീബിന്റെ ഉമ്മയെ പോലിസ് നിലത്ത്കൂടി വലിച്ചിഴച്ചു കൊണ്ടാണ് കൊണ്ടുപോയത്. മനുഷ്യാവകാശങ്ങളും ജനാധിപത്യാവകാശങ്ങളും ലംഘിക്കപ്പെടുന്ന കേവലം അടിയന്തരാവസ്ഥ മാത്രമാണോ ഇത്?

കോര്‍പ്പൊറേറ്റുകളുടെ ആധിപത്യം, തൊഴിലാളികളുടെയും കര്‍ഷകരുടെയും അവകാശങ്ങള്‍ എടുത്തുകളയല്‍, ഭക്ഷണത്തിനും, ആരോഗ്യത്തിനും, വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള അവകാശങ്ങളെ അവഗണിക്കല്‍ തുടങ്ങിയവ വന്‍കിട മുതലാളിമാരുമായാണ് ഈ സര്‍ക്കാറിന്റെ കൂട്ട് എന്ന് വ്യക്തമാക്കുന്നുണ്ട്. ഹിന്ദു ദേശീയവാദത്തിന് നല്‍കുന്ന പ്രോത്സാഹനമാണ് ഈ പ്രതിഭാസത്തിന്റെ മറ്റൊരു സവിശേഷത. ‘ഞാന്‍ ദേശീയവാദിയാണ്, ഞാനൊരു ഹിന്ദു കുടുംബത്തിലാണ് ജനിച്ചത്’ എന്ന മോദിയുടെ വാക്കുകള്‍ വരാനിരിക്കുന്നത് എന്താണെന്നതിലേക്ക് വ്യക്തമായ സൂചന നല്‍കുന്നുണ്ട്. ഇതിലൂടെ ഏകസിവില്‍ കോഡ് വിഷയത്തിലും ബീഫ് വിഷയത്തിലും ന്യൂനപക്ഷങ്ങളെ കൃത്യമായും ലക്ഷ്യംവെക്കുന്നുണ്ട്. കാശ്മീര്‍ വിഷയം കൈകാര്യം ചെയ്യുന്നതിലും പ്രത്യേകിച്ച് പാകിസ്ഥാനുമായുള്ള ബന്ധത്തിലും തീവ്രദേശീയവാദം പ്രകടമായിരുന്നു. ഉറി ആക്രമണവും തുടര്‍ന്നുണ്ടായ സര്‍ജിക്കല്‍ സ്‌ട്രൈക്കും പ്രസ്തുത രാഷ്ട്രീയത്തിന് കൊഴുപ്പേകുന്നതിന് സമര്‍ത്ഥമായി ഉപയോഗിക്കപ്പെട്ടു.

സാമൂഹിക സേവനരംഗത്ത് പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ആയിരക്കണക്കിന് വരുന്ന എന്‍.ജി.ഓകളുടെ പ്രവര്‍ത്തനാനുമതി റദ്ദാക്കി. വിഭാഗീയ ദേശീയതയുടെ കുത്തൊഴുക്കിന്റെ മറ്റൊരു ഉദാഹരണമാണ് പാകിസ്ഥാനി കലാകാരന്‍മാര്‍ക്ക് നേര്‍ക്കുണ്ടായ ആക്രമണം. പാകിസ്ഥാനുമായി ആയിരകണക്കിന് കോടി രൂപയുടെ കച്ചവട ബന്ധം നമുക്കുണ്ട് എന്ന കാര്യം ഓര്‍ക്കണം. അതേ പോലെ തന്നെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണം എന്ന് ആഹ്വാനം ചെയ്യപ്പെടുകയുണ്ടായി. അതേസമയം സര്‍ദാര്‍ പട്ടേലിന്റെ പ്രതിമയുടെ നിര്‍മാണത്തിന് ആയിരകണക്കിന് കോടി രൂപ ഇന്ത്യ ചൈനക്ക് നല്‍കി കഴിഞ്ഞു. അയല്‍ രാജ്യങ്ങള്‍, മതന്യൂനപക്ഷങ്ങള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെ വെറുപ്പിന്റെ പൊതുജനവികാരം ഇളക്കിവിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ഭരണകക്ഷിയുടെ അജണ്ടകള്‍ക്ക് വേണ്ടി ആര്‍ത്തുവിളിക്കുന്ന ഭ്രാന്തന്‍ജനകൂട്ടത്തെ ഉല്‍പ്പാദിപ്പിക്കുന്നതിന് സമാന്തരമായി ജനാധിപത്യാവകാശങ്ങളും, പിന്നോക്കക്കാരുടെ ഉന്നമനവും അമര്‍ച്ച ചെയ്യപ്പെടുകയും, ന്യൂനപക്ഷങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തകരും ഭയപ്പെടുത്തപ്പെടുകയും ചെയ്യുന്നു. ഭരണകൂടത്തെ ചോദ്യം ചെയ്യുന്നവര്‍ പ്രതികൂട്ടില്‍ നിര്‍ത്തപ്പെടും. ജനാധിപത്യ വ്യവസ്ഥയില്‍ ജനങ്ങളുടെ ചോദ്യത്തിന് ഭരണകൂടമാണ് മറുപടി പറയേണ്ടത്. ഈ സമവാക്യം ഇന്ന് അട്ടിമറിക്കപ്പെട്ടു കഴിഞ്ഞു. ജനാധിപത്യ വ്യവസ്ഥിതിയില്‍ അധികാരത്തെ ചോദ്യം ചെയ്യുന്നതാണ് ഭരണഘടനയുടെ ആണിക്കല്ല്. ജനാധിപത്യത്തെ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്ന കാര്യങ്ങളെല്ലാം നിയമവിധേയമാക്കുകയും ആഘോഷിക്കുകയുമാണ് ഭരണകക്ഷിയും മാതൃസംഘടനയും ചെയ്യുന്നത്.

നിലവിലെ പ്രത്യേക സാഹചര്യം ഫാസിസമല്ലെന്നും ഇത് കേവലം അതോറിറ്റേറിയനിസമാണെന്നും സി.പി.എം നേതാവ് പ്രകാശ് കാരാട്ട് അടുത്തിടെ പറഞ്ഞിരുന്നു. അത് രണ്ടും തമ്മിലുള്ള വ്യത്യാസം ചരിത്രപരമായ സംവാദ വിഷയമാണ്. ജനങ്ങള്‍ക്ക് മേലുള്ള സമഗ്രാധിപത്യം, ഏകാധിപതിയായ നേതാവ്, കുത്തകകളുടെ ആധിപത്യം, പാവപ്പെട്ടവരുടെ അവകാശങ്ങള്‍ എടുത്ത് കളയല്‍, ന്യൂനപക്ഷവേട്ട, തീവ്രദേശീയത, അയല്‍രാജ്യങ്ങള്‍ക്കെതിരെയുള്ള അക്രമോത്സുക നയങ്ങള്‍ തുടങ്ങിയവയാണ് ഫാസിസത്തിന്റെ മുഖ്യസവിശേഷതകള്‍. അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് സാമൂഹികവും രാഷ്ട്രീയവുമായ സഖ്യങ്ങല്‍ രൂപീകരിച്ച് വെറുപ്പിന്റെ വിഭാഗീയ ദേശീയതക്കെതിരെ പോരാടുക മാത്രമാണ് ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവര്‍ക്ക് മുന്നിലുള്ള ഏക വഴി.

1990-കളില്‍, ‘വ്യത്യസ്തതയാര്‍ന്നൊരു പാര്‍ട്ടി’ എന്ന പേരിലാണ് ബി.ജെ.പി സ്വയം അവതരിപ്പിച്ചിരുന്നത്. അത് വളരെയധികം ശരിയുമാണ്. ഹിന്ദു ദേശീയവാദികളായ ആര്‍.എസ്.എസിനാല്‍ നയിക്കപ്പെടുന്ന അജണ്ടയുള്ള ഏക പാര്‍ട്ടിയാണ് ബി.ജെ.പി. പാശ്ചാത്യ ഇറക്കുമതിയാണെന്ന പേരില്‍ ജനാധിപത്യത്തെയും മതേതരത്വത്തെയും നിഷേധിക്കുന്നവരാണ് അവര്‍. ഹൈന്ദവ വേദഗ്രന്ഥങ്ങളിലെ നിയമങ്ങളാണ് ഇന്ത്യയില്‍ നടപ്പാക്കേണ്ടത് എന്നാണ് അവരുടെ ആവശ്യം. അതേ വേദഗ്രന്ഥങ്ങള്‍ തന്നെയാണ് അവയിലെ ജാതിശ്രേണി വ്യവസ്ഥയോടും, ബ്രാഹ്മണ മൂല്യങ്ങളോടുമുള്ള പ്രതിഷേധ സൂചകമായി ഡോ. അംബേദ്കര്‍ അഗ്നിക്കിരയാക്കിയത്. സംവാദങ്ങള്‍ തുടരാം, പക്ഷെ ഇന്ത്യന്‍ ഭരണഘടനയുടെ സംരക്ഷണാര്‍ത്ഥമുള്ള രാഷ്ട്രീയ മുന്നേറ്റത്തിന് ഇനിയും വൈകിക്കൂടാ!

അവലംബം: scratchmysoul.com
വിവ:  ഇര്‍ഷാദ് കാളാച്ചാല്‍

Related Articles