Current Date

Search
Close this search box.
Search
Close this search box.

ആശയപ്രചരണം ഔദാര്യമല്ല, അവകാശമാണ്

wisdom-worker.jpg

വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ. വ്യത്യസ്ത സംസ്‌കാരങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും നിലനില്‍ക്കുന്ന രാജ്യം. ഈ വൈവിധ്യമാണ് ഇന്ത്യയുടെ എക്കാലത്തെയും മുഖ്യ ആകര്‍ഷകം. നാനാത്വത്തില്‍ ഏകത്വമെന്ന ആശയമുയര്‍ത്തിയാണ് നമ്മുടെ ഭരണഘടനാ ശില്‍പികള്‍ ഈ വൈവിധ്യത്തെ സംരക്ഷിക്കാനുള്ള നിയമങ്ങളാവിഷ്‌കരിച്ചത്. മതേതരത്വതമെന്നത് മതനിരാസത്തെ പ്രത്യക്ഷത്തില്‍ സൂചിപ്പിച്ച കാലത്താണ് ഇന്ത്യ സ്വതന്ത്രമാകുന്നത്. മതനിരപേക്ഷത എന്ന പുതുനിര്‍വചനം നല്‍കിയത് സെക്യുലറിസത്തെ രാജ്യശില്‍പികള്‍ ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തത്. ഒരു മതത്തെയും നിരസിക്കുകയല്ല, എല്ലാ മതങ്ങളെയും ഉള്‍ക്കൊള്ളുകയാണ്  ഇതിലൂടെ ഭരണഘടന ചെയ്തത്. ഭൂരിപക്ഷ-ന്യൂനപക്ഷ വ്യത്യാസമില്ലാതെ ഏവര്‍ക്കും തങ്ങളുടെ സ്വാതന്ത്ര്യവും പൗരന്റെ മൗലികാവകാശങ്ങളില്‍ ഉള്‍പ്പെടുത്തിയാണ് നൂറ്റാണ്ടുകളായി ഇന്ത്യയില്‍ നിലനിന്നു പോന്ന സാംസ്‌കാരിക വൈവിധ്യത്തിന്റെയും പരസ്പരമുള്ള ആശയകൈമാറ്റങ്ങളുടെയും തുടര്‍ച്ച ഭരണഘടനാ ശില്‍പികള്‍ ഉറപ്പുവരുത്തിയത്.

ഭാരതീയ സംസ്‌കാരത്തിന്റെ മുഖ്യസവിശേഷതയായ ഈ വൈവിധ്യത്തെ സംഘടനാ രൂപീകരണ കാലം തൊട്ടേ എതിര്‍ക്കുന്നവരാണ് സംഘ്പരിവാര്‍. അവര്‍ സ്വയം അതിരും അതിര്‍ത്തിയും നിര്‍ണയിച്ച് നിര്‍വചിച്ച ‘ആര്‍ഷഭാരത സംസ്‌കാര’മെന്ന ഒരൊറ്റ ചട്ടക്കൂട്ടിലേക്ക് ഇന്ത്യയെ ചുരുക്കികെട്ടാനാണവരുടെ ശ്രമം. രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യത്തെയും അവ തമ്മിലുള്ള സംവാദങ്ങളെയും പരസ്പര പങ്കുവെപ്പുകളെയും അസഹിഷ്ണുതയോടെയാണവര്‍ എന്നും നേരിട്ടിട്ടുള്ളത്. ഗാന്ധി വധം തന്നെ ഈ അസഹിഷ്ണുതയുടെ ജീവിക്കുന്ന ഉദാഹരണമാണ്. എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നു എന്നതായിരുന്നല്ലോ ഗാന്ധിക്കെതിരായ സംഘ്പരിവാറിന്റെ കുറ്റപത്രങ്ങളില്‍ ഒന്നാമത്തേത്. ആശയ പ്രചരണം സംഘ്പരിവാര്‍ അവരുടെ സ്വാധീന മേഖലയില്‍ ഒരിക്കലും അനുവദിച്ച ചരിത്രമില്ല. അത് നിര്‍വഹിക്കുന്നവര്‍ മുസ്‌ലിംകളോ, ക്രിസ്ത്യാനികളോ, യുക്തിവാദികളോ, കമ്മ്യൂണിസ്റ്റുകളോ ആര് തന്നെയായാലും ആക്രമിക്കപ്പെട്ടിട്ടുണ്ട്. ചുട്ടുകരിക്കപ്പെട്ട ക്രിസ്ത്യന്‍ മിഷനറിമാരും കല്‍ബുര്‍ഗിയും ഭഗവാനും സാകിര്‍ നായികും ഇതിന്റെ സമീപകാല ഇന്ത്യന്‍ ഉദാഹരണങ്ങളാണ്. ഈ സംഘ്പരിവാര്‍ അസഹിഷ്ണുതയുടെ തുടര്‍ച്ചയായി വേണം പറവൂരിര്‍ ലഘുലേഖകള്‍ വിതരണം ചെയ്ത മുജാഹിദ് വിസ്ഡം പ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആര്‍.എസ്.എസ് കയ്യേറ്റത്തെ വിലയിരുത്താന്‍.

ആക്രമിക്കപ്പെട്ടത് മുസ്‌ലിം ഗ്രൂപ്പില്‍ പെട്ടവരായതിനാല്‍ മതേതരപാര്‍ട്ടികളും ഇടതു സാംസ്‌കാരിക പ്രവര്‍ത്തകരും പുലര്‍ത്തുന്ന മൗനമാവും സംഘ്പരിവാറിന് ഇത്തരം അസഹിഷ്ണുതയുമായി കേരളത്തില്‍ മുന്നോട്ട് പോകാനുള്ള ഏറ്റവും വലിയ ഊര്‍ജ്ജമായി തീരുക. നമ്മുടെ പൊതുസമൂഹത്തെ പിടികൂടിയ ഇസ്‌ലാമോഫോബിയ എന്ന തിമിരം ചിലതെല്ലാം കണ്ടില്ലെന്ന് നടിക്കുമെന്ന് സംഘ്പരിവാര്‍ അടുത്തകാലത്തായി തിരിച്ചറിയുന്നുണ്ട്. ഇടതു ഭരണത്തിന് കീഴിലെ പോലീസ് സംവിധാനം സംഘ്പരിവാര്‍ ഉള്‍പ്പെട്ട കേസുകളോട് സ്വീകരിക്കുന്ന മൃദുസമീപനമാണ് അവര്‍ക്ക് നല്‍കുന്ന മറ്റൊരു കരുത്ത്.

നാളെ സംഘ്പരിവാര്‍ ശക്തികേന്ദ്രങ്ങളില്‍ യുക്തിവാദവും നിരീശ്വരവാദവും കമ്മ്യൂണിസവും പരിചയപ്പെടുത്തുന്ന ലഘുലേഖ വിതരണം ചെയ്താലും ഈ കയ്യേറ്റം ആവര്‍ത്തിക്കും. ഭാരത സംസ്‌കാരത്തെയും ഭൂരിപക്ഷ മതവികാരത്തെയും നിരാകരിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന ഉള്ളടക്കമാണ് ആ നോട്ടീസുകളില്‍ ഉണ്ടായിരുന്നതെന്ന് അന്നും പ്രചാരണമുണ്ടാകും. ഇന്ന് മൗനം പാലിക്കുന്നവര്‍ അന്ന് ഖേദിക്കുക തന്നെ ചെയ്യും.

പിന്‍കുറി: ബഹുസ്വര സമൂഹത്തിലെ മതപ്രബോധനത്തിലും ആശയ പ്രചരണത്തിലും വിമര്‍ശനത്തിലുമെല്ലാം എല്ലാവരും വിവേകം പുലര്‍ത്തണം. സമയവും സന്ദര്‍ഭവും സ്ഥലവുമെല്ലാം വിസ്മരിക്കുന്ന പ്രബോധന പ്രചരണങ്ങളും രൂക്ഷമായ സംഘടനാ വിമര്‍ശനങ്ങളും വിപരീത ഫലമേ ചെയ്യൂവെന്ന് എല്ലാ ‘വിവേകമതികളും’ തിരിച്ചറിയുന്നതും നല്ലതാണ്.

Related Articles