Current Date

Search
Close this search box.
Search
Close this search box.

ആവിഷ്‌കാര സ്വാതന്ത്ര്യവും അതിനപ്പുറവും

freedom.jpg

ബഹുസ്വരസമൂഹത്തിലാണ് നാമെല്ലാവരും ജീവിച്ചു കൊണ്ടിരിക്കുന്നത്. ബഹുസ്വരതയും സാംസ്‌കാരിബഹുത്വവുമാണ് ഇന്നിന്റെ നിയമം. മതം, ഭാഷ, വംശം എന്നിവയുടെ കാര്യത്തില്‍ അപരനുമായുള്ള പരസ്പര ബഹുമാനത്തോടെയുള്ള പങ്കുവെക്കലുകളും തിരിച്ചറിയലുകളുമാണ് സമൂഹത്തെ ഒരുമിച്ച് നിര്‍ത്തുന്ന നിയാമകശക്തി. സ്വാതന്ത്ര്യം, ആദരവ്, പരസ്പരം മനസ്സിലാക്കല്‍ എന്നിവക്ക് യോജിച്ച് കൈകോര്‍ത്ത് പോകാന്‍ എങ്ങിനെ സാധിക്കുന്നു എന്നതിനെ കുറിച്ചാണ് ചോദ്യം. ഈ പരസ്പരബന്ധം എപ്പോള്‍ മുറിഞ്ഞുപോകുന്നോ, അപ്പോഴാണ് കുഴപ്പങ്ങള്‍ ഉണ്ടാവുന്നത്. മറ്റുള്ളവരുടെ അവകാശങ്ങള്‍ ആരംഭിക്കുന്നിടത്ത് വെച്ച് എന്റെ സ്വാതന്ത്ര്യം അവസാനിക്കുന്നു.

മറ്റുള്ളവരുടെ അന്തസ്സും അഭിമാനവും ഹനിക്കുന്ന തരത്തിലുള്ള സ്വാതന്ത്ര്യം ആര്‍ക്കും അവകാശപ്പെടാന്‍ സാധിക്കില്ല. വിമര്‍ശിക്കാനും, എതിര്‍ക്കാനും മറ്റുള്ളവരുടെ ആചാരങ്ങളും വിശ്വാസങ്ങളും പരിവര്‍ത്തിപ്പിക്കാനും നിങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്; പക്ഷെ, ആ സ്വാതന്ത്ര്യം അപരനെ ഉപദ്രവിക്കാനും, അപമാനിക്കാനും, വ്യക്തിഹത്യ നടത്താനുമാണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍, തീര്‍ച്ചയായും നിങ്ങള്‍ അപരന്റെ അവകാശങ്ങള്‍ക്ക് മേല്‍ കടന്നുകയറുകയാണെന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല. ഏതൊരു ബഹുസ്വര, ബഹുസാംസ്‌കാരിക സമൂഹത്തിലും സമാധാനം, സഹവര്‍ത്തിത്വം എന്നിവ ദൃശ്യമാവണമെങ്കില്‍, പരസ്പരം വെറുപ്പും വിദ്വേഷവും ഇളക്കിവിടാന്‍ ഇടയാക്കുന്ന കാര്യങ്ങള്‍ക്കെതിരെ ആ സമൂഹത്തിലെ ഓരോ അംഗവും പ്രതിരോധസജ്ജരായി നിലകൊള്ളേണ്ടത് അനിവാര്യമാണ്. കേവലം ഒരു വാക്ക്, ഒരു ചിത്രം, ഒരു വാചകം ഇവക്കെല്ലാം തന്നെ അക്രമത്തിലേക്കുള്ള ഒരു വന്‍ പൊട്ടിത്തെറിയായി മാറാന്‍ നിമിഷനേരം കൊണ്ട് സാധിക്കും.

ഉദാഹരണത്തിന്, നിങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നത് ശരിതന്നെ, പക്ഷെ തെരുവിലൂടെ പൂര്‍ണ്ണനഗ്നനായി നടക്കാനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കുണ്ടോ? ഇല്ല, കാരണം? പൂര്‍ണ്ണനഗ്നനായി നടക്കുന്നതിലൂടെ നിങ്ങള്‍ മറ്റുള്ളവരുടെ മനോവികാരങ്ങള്‍ വൃണപ്പെടുത്തുകയാണ് ചെയ്യുന്നത്. അതുകൊണ്ടു തന്നെ സ്വാതന്ത്ര്യത്തിന് അതിന്റേതായ പരിധികളുണ്ട്. കുറച്ച് കാലങ്ങള്‍ക്ക് മുമ്പ്, സ്ത്രീകള്‍ക്ക് മാറുമറക്കാതെ പൊതുനിരത്തിലൂടെ സഞ്ചരിക്കാന്‍ കഴിയുമോ എന്ന വിഷയത്തില്‍ ഒരു സംവാദം നടന്നിരുന്നു. സ്വാതന്ത്ര്യത്തിന്റെ പേരില്‍ എത്ര പേര്‍ അത് അംഗീകരിച്ചു കൊടുത്തു? സ്വാതന്ത്ര്യത്തിന് പരിധികളുണ്ടെന്ന് തന്നെയാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. അതിന് അതിന്റേതായ ധാര്‍മിക അതിരുകളുണ്ട്. വോള്‍ട്ടെയര്‍, റൂസ്സോ എന്നിവരടക്കമുള്ള സ്വതന്ത്ര്യത്തിന്റെ അപ്പോസ്തലന്‍മാരൊന്നും തന്നെ കടിഞ്ഞാണില്ലാത്തതും, അനിയന്ത്രിതവുമായ വ്യക്തി സ്വാതന്ത്ര്യത്തിന് വേണ്ടി വാദിച്ചിട്ടില്ല. കാരണം അത് അപ്രായോഗികവും മനുഷ്യനെ സംബന്ധിച്ചിടത്തോളം അസാധ്യവുമാണ്.

ശരീരത്തിലെ സ്വകാര്യസ്ഥലങ്ങള്‍ മറച്ചു വെക്കാന്‍ തുടങ്ങിയെന്നതാണ് മനുഷ്യരാശി കൈവരിച്ച ഏറ്റവും വലിയ സാംസ്‌കാരിക പുരോഗതി. നഗ്നത സാര്‍വ്വലൗകിക നിയമമായിരുന്ന ആ കാലഘട്ടത്തിലേക്ക് തന്നെ ‘സ്വാതന്ത്ര്യം’ നമ്മെ തിരികെ കൊണ്ടുപോകുമോ?

ഹോളണ്ടിലുള്ള ഒരു കാര്‍ട്ടൂണിസ്റ്റ് പ്രവാചകന്‍ മുഹമ്മദിനെ ഭീകരവാദിയായി ചിത്രീകരിച്ചു കൊണ്ട് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു കാര്‍ട്ടൂണ്‍ വരച്ചിരുന്നു. മുസ്‌ലിംകളാവട്ടെ വളരെ അക്രമാസക്തമായിട്ടാണ് ഇതിനോട് പ്രതികരിച്ചത്. കൂടാതെ ആ കാര്‍ട്ടൂണിസ്റ്റിനെ വധിക്കാനും ചിലര്‍ ശ്രമിക്കുകയുണ്ടായി. മുസ്‌ലിം സമൂഹത്തിലെ ഒരു വിഭാഗം നടത്തിയ ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ക്കുള്ള മറുപടിയെന്ന നിലക്ക് ‘ Mercy: Prophet Muhammad’s Legacy to All Creation’ എന്ന പേരില്‍ ഞാനൊരു പുസ്തകമെഴുതിയിരുന്നു. അതില്‍ ഞാന്‍ വ്യക്തമായി പറഞ്ഞ ഒരു കാര്യമിതാണ്.

‘പ്രവാചകനെ എല്ലാ വിധത്തിലുള്ള ആക്രമണങ്ങളില്‍ നിന്നും സംരക്ഷിച്ചു കൊണ്ടു തന്നെയാണ് നാം പ്രവാചക സ്‌നേഹം പ്രകടിപ്പിക്കേണ്ടത്. അദ്ദേഹം തന്റെ സമശീര്‍ഷരോടൊപ്പം ജീവിച്ചിരുന്ന കാലത്ത് സംഭവിച്ചിരുന്നത് പോലെതന്നെ, മരണശേഷവും അദ്ദേഹം എതിരാളികളുടെ ഉപദ്രവത്തിനും, തെറിവിളിക്കും, മാനഹാനിക്കും, അപമാനത്തിനും ഇരയായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് പ്രത്യേകിച്ച്.. പക്ഷെ എങ്ങനെയാണ് നാം പ്രവാചകനെ സംരക്ഷിക്കേണ്ടത്? അദ്ദേഹത്തെ അപഹസിച്ചവരെ വധിച്ചു കൊണ്ടാണോ നാം പ്രവാചക സ്‌നേഹം പ്രകടിപ്പിക്കേണ്ടത്? അത്തരക്കാരുടെ സ്വത്തുവകകള്‍ നശിപ്പിച്ചും, അവര്‍ക്ക് ഭീഷണികത്തുകള്‍ അയച്ചുകൊണ്ടുമാണോ പ്രവാചകനെതിരെയുള്ള അക്രമങ്ങളെ പ്രതിരോധിക്കേണ്ടത്? ഒരിക്കലുമല്ല. കാരണം അത്തരം വിദ്വംസക പ്രവര്‍ത്തനങ്ങളൊന്നും തന്നെ തിരുനബിയുടെ കുലീന സ്വഭാവത്തിന്റെ ഭാഗമായിരുന്നില്ല.’

പ്രവാചകന് വേണ്ടിയെന്ന പേരില്‍ പ്രവാചക അധ്യാപനങ്ങള്‍ക്ക് വിരുദ്ധമായി ചില മുസ്‌ലിംകള്‍ അക്രമാസക്തമായി പ്രതികരിച്ചിട്ടുണ്ടെന്നത് ശരിതന്നെയാണ്. പരിശുദ്ധ ഖുര്‍ആന്‍ എന്താണ് പറയുന്നതെന്ന് നോക്കൂ:
‘ഒരാത്മാവിനു പകരമായോ അല്ലെങ്കില്‍ നാശംവിതച്ചതിന്റെ പേരിലോ അല്ലാതെ ആരെങ്കിലും ഒരു മനുഷ്യനെ വധിച്ചാല്‍, അവന്‍ മുഴുവന്‍ മനുഷ്യരെയും വധിച്ചതുപോലെയാകുന്നു. ഒരുവന്‍ ആര്‍ക്കെങ്കിലും ജീവിതം നല്‍കിയാല്‍ അവന്‍ മുഴുവന്‍ മനുഷ്യര്‍ക്കും ജീവിതം നല്‍കിയതുപോലെയുമാകുന്നു.’ (5:32)

മറ്റു മതസംഹിതകളുടെ വേദഗ്രന്ഥങ്ങളില്‍ നിന്നും പോലും കണ്ടെടുക്കാന്‍ സാധിക്കാത്തതും, മനുഷ്യജീവിതത്തിന് മുഴുവന്‍ സംരക്ഷണവും വാഗ്ദാനം ചെയ്യുന്നതുമായ ഒരു മഹത്തായ പ്രഖ്യാപനമാണ് ഖുര്‍ആന്‍ ഇവിടെ നടത്തുന്നത്. ജൂതന്‍, ക്രിസ്ത്യന്‍, ഹിന്ദു, ബുദ്ധിസ്റ്റ്, മുസ്‌ലിം എന്നിങ്ങനെ ആരുമായിക്കൊള്ളട്ടെ, മനുഷ്യജീവന്‍ പവിത്രമാണ്. മനുഷ്യജീവന്റെ പരിശുദ്ധിയെ കളങ്കപ്പെടുത്തുന്നവരാരായാലും ശരി അവന്‍ കുറ്റവാളിയാണെന്ന കാര്യത്തില്‍ സംശയമില്ല. പാരീസ് കൂട്ടക്കൊല നടത്തിയ ആ മുസ്‌ലിം നാമധാരികള്‍ കുറ്റവാളികള്‍ തന്നെയാണ്.

പാരീസ് കൂട്ടക്കൊല നടത്തിയ ആ മുസ്‌ലിംകളുടെ മനുഷ്യത്വരഹിതവും, അത്യന്തം ക്രൂരവുമായ ചെയ്തികളെ അപലപിക്കുന്നതോടൊപ്പം തന്നെ, കാര്‍ട്ടൂണിസ്റ്റുകളോട് വളരെ വിനീതമായി ഞങ്ങള്‍ക്ക് ചോദിക്കാനുള്ളത് ഇത്രമാത്രമാണ്, ഒരാളെ നഗ്നനായി ചിത്രീകരിച്ചു കൊണ്ട് എന്ത് സന്ദേശമാണ് നിങ്ങള്‍ സമൂഹത്തിന് നല്‍കാന്‍ ആഗ്രഹിക്കുന്നത്? ലോകത്തുള്ള ഒരു ബില്യണിലധികം വരുന്ന മനുഷ്യര്‍ ആദരവോടെ മാത്രം നോക്കികാണുന്ന ഒരു ചരിത്രപുരുഷന്റെ നഗ്നചിത്രം പ്രസിദ്ധീകരിച്ചു കൊണ്ട് എന്താണ് നിങ്ങള്‍ നേടാന്‍ ആഗ്രഹിക്കുന്നത്? സ്വാതന്ത്ര്യത്തിന്റെ സര്‍വ്വപരിധികളുടെയും വ്യക്തമായ ലംഘനം തന്നെയല്ലെയിത്? ബഹുസ്വരവും, സാംസ്‌കാരികബഹുത്വമാര്‍ന്നതുമായ സമൂഹങ്ങളില്‍ ഇത്തരത്തിലുള്ള സ്വാതന്ത്ര്യങ്ങള്‍ക്ക് സമാധാനവും സഹവര്‍ത്തിത്വവും കൊണ്ടുവരാന്‍ സാധിക്കുമോ?

കടിഞ്ഞാണില്ലാത്ത സ്വാതന്ത്ര്യം നിരവധി മാനുഷിക മൂല്യങ്ങളോട് ഏറ്റുമുട്ടുന്നത് പോലെതന്നെ സ്വാതന്ത്ര്യത്തിന്റെ സത്തയോടു തന്നെയാണ് യഥാര്‍ഥത്തില്‍ സംഘര്‍ഷത്തിലേര്‍പ്പെടുന്നത്. ആ കാര്‍ട്ടൂണുകള്‍ പുനഃപ്രസിദ്ധീകരിച്ചാല്‍ ഫ്രാന്‍സിലെ സമാധാനാന്തരീക്ഷം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുന്നവരോട് ഞാന്‍ പറയും : നിര്‍ത്തൂ! നിങ്ങള്‍ പ്രവാചകനെ സ്‌നേഹിക്കുകയല്ല ചെയ്യുന്നത്, മറിച്ച് ശത്രുവിനോടും മിത്രത്തോടും എങ്ങനെ മാന്യമായി പെരുമാറണമെന്ന് പഠിപ്പിച്ച അദ്ദേഹത്തിന്റെ മഹത്തായ അധ്യാപനങ്ങളെ കളങ്കപ്പെടുത്തുകയാണ് നിങ്ങള്‍ യഥാര്‍ഥത്തില്‍ ചെയ്യുന്നത്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു :
‘പ്രവാചകാ, നന്മയും തിന്മയും തുല്യമാവുകയില്ല. നീ തിന്മയെ ഏറ്റം ഉല്‍കൃഷ്ടമായ നന്മകൊണ്ട് തടുക്കുക. അപ്പോള്‍ നിന്നോട് വൈരത്തില്‍ വര്‍ത്തിക്കുന്നവന്‍ ഒരു ആത്മമിത്രമായിത്തീരുന്നത് നിനക്ക് കാണാം.’ (41:34)

അവസാനമായി പറയാനുള്ളത്, ആരോഗ്യമുള്ള ഒരു ബഹുസ്വരസമൂഹത്തിന് സ്വാതന്ത്ര്യമെന്ന മൂല്യം അത്യന്താപേക്ഷിതം തന്നെയാണ്. അതോടൊപ്പം തന്നെ പരസ്പരബഹുമാനവും, സഹജീവിയെ മനസ്സിലാക്കാനുള്ള സന്നദ്ധതയും നമുക്കുണ്ടാവേണ്ടതുണ്ട്. മനുഷ്യാന്തസ്സ്, പൊതുനന്മ എന്നിവ കൊണ്ട് വ്യക്തിയുടെയും സമൂഹത്തിന്റെയും അവകാശങ്ങളെയും സ്വാതന്ത്ര്യങ്ങളെയും പരിധിവിട്ടു പോകാതെ സന്തുലിതമായി കാത്തുസൂക്ഷിക്കേണ്ടതുണ്ട്. അല്ലായെങ്കില്‍ നാമറിഞ്ഞത് പോലെതന്നെ അത് സമൂഹത്തിന്റെ അന്ത്യത്തിന് കാരണമായിത്തീരുമെന്ന കാര്യത്തില്‍ സംശയത്തിനിടമില്ല.

Related Articles